25 April Thursday

നാഗ്‌പുർ വഴിയാണോ വരവ്‌

വിനോദ്‌ പായംUpdated: Friday Oct 28, 2022


കേരളത്തിലെ വിസിമാരെ നീക്കണമെന്ന ഗവർണറുടെ കത്ത്‌ പുറത്തുവന്നതിന്‌ പിറ്റേന്നാൾ, മുതിർന്ന യുഡിഎഫ്‌ നേതാവ്‌ പി  കെ കുഞ്ഞാലിക്കുട്ടി പറഞ്ഞൊരു വാക്കുണ്ട്‌. ‘‘പകരം വയ്‌ക്കുന്ന വിസിമാർ ആരാണെന്ന്‌ നിങ്ങൾക്കറിയാമോ. അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച്‌ ബോധമുണ്ടോ’’–- കെ സുധാകരനും വി ഡി സതീശനും അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾക്ക്‌ അക്കാദമിക രംഗത്തെ കാവിമുക്കലിൽ ആശങ്കയില്ലെങ്കിലും ഗവർണർ വഴി; സംഘപരിവാർ വഴി വരുന്ന വിസിമാർ ആരായിരിക്കുമെന്നതിന്റെ നേർചിത്രം ഇങ്ങുവടക്കുണ്ട്‌; അതാണ്‌ കാസർകോട്ടെ കേരള കേന്ദ്രസർവകലാശാല.

ഇപ്പോൾ അവിടത്തെ വിസി അന്തിമ പാനലിൽപ്പോലും ഇടംപിടിക്കാത്ത ആളാണെന്നത്‌ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ആരെങ്കിലും പറഞ്ഞോ; ചർച്ചയാക്കിയോ. വിസി നിയമനത്തിനെതിരെ ഇപ്പോൾ ഹൈക്കോടതിയിൽ കേസ്‌ എത്തിയപ്പോൾ കോടതി റിപ്പോർട്ടിങ്ങിന്റെ ഭാഗമായി മാത്രം ആ ക്രമക്കേട്‌ (വെറും ക്രമക്കേടെന്ന്‌) സിംഗിൾ കോളം വാർത്തയായി വന്നൂവെന്ന്‌ മാത്രം.

കാസർകോട്‌ പെരിയയിലുള്ള കേരള കേന്ദ്രസർവകലാശാല അഴിമതിയുടെ താമരക്കുണ്ടിലാണ്‌ ഇപ്പോൾ വിരിയുന്നതും ജീവിക്കുന്നതും. ഏറ്റവും ഉന്നതമായ വൈസ്‌ ചാൻസലർ നിയമനംമുതൽ സെക്യൂരിറ്റി അടക്കമുള്ള ലാസ്റ്റ്‌ ഗ്രേഡ്‌ കരാർ നിയമനംപോലും സംഘപരിവാർ ഉപശാലകളിലാണ്‌ വിരിയിക്കുന്നത്‌. പ്രതിഷേധത്തിന്റെ ചെറുകനൽ പോലും ഉയരാത്തവണ്ണം സംഘടിതമായ അക്കാദമിക്‌ അടിച്ചമർത്തലാണ്‌ ക്യാമ്പസിൽ. അഴിമതിയുടെ മഞ്ഞുകണംതേടി, ഇതര സംസ്ഥാനങ്ങളിലെ അക്കാദമീഷ്യന്മാരും അപേക്ഷകരും സർവകലാശാലയിൽ എത്തുമ്പോൾ തെളിയുന്നത്‌ അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ വലിയ വലിയ മഞ്ഞുപർവതങ്ങൾ.

ആന്ധ്രയിലെ ഉന്നതൻ ലിസ്റ്റിട്ടു
ഉന്നതപദവി വഹിച്ച ആന്ധ്രയിലെ സംഘപരിവാർ നേതാവാണ്‌ കേരള കേന്ദ്രസർവകലാശാലയുടെ ഉന്നതപദവികൾ കഴിഞ്ഞതവണ പങ്കിട്ടെടുത്തത്‌. രാഷ്‌ട്രീയ ലക്ഷ്യത്തിനൊപ്പം കോടികളുടെ മണികിലുക്കവും ഉപശാലകളിൽ പറഞ്ഞുകേൾക്കുന്നു. വിസി നിയമനത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച സെർച്ച്‌ ആൻഡ്‌ സെലക്‌ഷൻ കമ്മിറ്റി നൽകിയ പേരുകൾ അപ്പാടെ അട്ടിമറിച്ചാണ്‌ ഇപ്പോഴത്തെ വിസി എച്ച്‌ വെങ്കിടേശ്വർലു നിയമിതനായത്‌. 

സെർച്ച്‌ കമ്മിറ്റി പ്രാഥമിക റൗണ്ടിൽത്തന്നെ തള്ളിയയാളാണ്‌  വെങ്കിടേശ്വർലു എന്ന വിവരാവകാശ തെളിവുകൾവച്ച്‌ ഹൈക്കോടതിയിൽ രണ്ട്‌ കേസ്‌ നടക്കുകയാണ്‌ ഇപ്പോൾ. 2019 ജൂണിലാണ്‌ പുതിയ വിസിക്കായി സെർച്ച്‌ കമ്മിറ്റിയെ വയ്‌ക്കുന്നതും അപേക്ഷ ക്ഷണിക്കുന്നതും. ബിലാസ്‌പുർ ഗുരു ഗാസിദാസ്‌ കേന്ദ്ര സർവകലാശാലാ ചാൻസലർ അശോക്‌ ഗജാനനൻ മോഡക്ക്‌ കൺവീനറായ സമിതി 223 അപേക്ഷകരിൽനിന്ന്‌ 16 പേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കി. ഈ ലിസ്റ്റിലും ഇപ്പോഴത്തെ വിസി ഉണ്ടായിരുന്നില്ല. പിന്നീട്‌ ഇതേ സമിതി അഞ്ചുപേരുടെ പട്ടിക തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു സമർപ്പിച്ചു. ബറോഡ സർവകലാശാലയിലെ മലയാളിയായ ഡോ. ടി എസ്‌ ഗിരീഷ്‌ കുമാറും ഈ പട്ടികയിൽ ഉണ്ടായിരുന്നു. ഇതേ ലിസ്റ്റാണ്‌ രാഷ്ട്രപതിക്ക്‌ സമർപ്പിക്കേണ്ടത്‌. എന്നാൽ, ഈ ലിസ്റ്റ്‌ അപ്പാടെ അട്ടിമറിച്ചു. ലിസ്റ്റിൽപ്പെട്ടവർക്ക്‌ സംഘാടന മികവോ നേതൃശേഷിയോ ഇല്ലെന്ന വിചിത്ര കാരണംകാട്ടി രാഷ്‌ട്രപതിക്ക്‌ പോകുംവഴി തള്ളി. ആദ്യ 223 അപേക്ഷകരിൽ പ്രാഥമിക റൗണ്ടിൽത്തന്നെ തള്ളിയ ലിസ്റ്റിൽനിന്ന്‌ വീണ്ടും അഞ്ചുപേരെ കണ്ടെത്തി അതിലെ അവസാന പേരുകാരനെയാണ്‌ ഇപ്പോൾ വൈസ്‌ ചാൻസലറാക്കിയത്‌. ഇദ്ദേഹം സമർപ്പിച്ച അപേക്ഷയിൽ എല്ലാ കോളംപോലും പൂരിപ്പിച്ചതായി കാണുന്നില്ല. ഈ നിയമനത്തിനെതിരെ ശബ്ദമുയർത്തിയ ആദ്യ ലിസ്റ്റിലെ ഒന്നാം പേരുകാരനായ  പ്രൊഫ. ബട്ടു സത്യനാരായണനെ കർണാടക കേന്ദ്ര സർവകലാശാലയിൽ വിസിയാക്കി സംഘപരിവാറുകാർ പ്രശ്‌നം തീർത്തു.      ഉത്തരാഖണ്ഡ്‌ സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. നവീൻ പ്രകാശ്‌ നൊട്ടിയാൽ, ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്ന ഡോ. ടി എസ്‌ ഗിരീഷ്‌ കുമാർ എന്നിവരാണ്‌ ഇപ്പോൾ ഹെക്കോടതിയിൽ  വിസിക്കെതിരെ വെവ്വേറെ കേസ്‌ കൊടുത്തിട്ടുള്ളത്‌.

സംഘമിത്രത്തിന്‌ ബോണസ്‌ പോയിന്റ്‌
എബിവിപി തമിഴ്‌നാട്‌ മുൻ സംസ്ഥാന സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്ര വൈസ്‌ പ്രസിഡന്റ്‌, ആർഎസ്‌എസ്‌ ഉന്നതവിദ്യാഭ്യാസ സംഘടനാ ഭാരവാഹികൾ, ഗുജറാത്ത്‌  ഭരണപരിഷ്‌കാരത്തിൽ ഗവേഷണം നടത്തിയയാൾ, ജന്മഭൂമി പത്രത്തിന്റെ ജില്ലാ ലേഖകൻ, വൈസ്‌ ചാൻസലറെ വാഴ്‌ത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടയാൾ, ഒപ്പംനിന്ന്‌ ഫോട്ടോ എടുത്തവർ... കേന്ദ്ര സർവകലാശാലയിൽ ഉന്നതനിയമനത്തിനുള്ള മെറിറ്റ്‌ ലിസ്റ്റ്‌ ഇങ്ങനെ നീളുന്നു. നിയമനം പ്രതീക്ഷിച്ച യോഗ്യതയുള്ളവർ പലരും ഇതിനെല്ലാമെതിരെ കോടതിയെ സമീപിക്കുമ്പോഴാണ്‌ പല അവിഹിത ഇടപാടും പുറത്തറിയുന്നത്‌.

യുജിസി ചട്ടമാണ്‌ കേരളത്തിലെ സർവകലാശാലകളിൽ പരമപവിത്രമെന്ന്‌ വാദിച്ചാണല്ലോ, ഗവർണറുടെ സർവകലാശാലാ ഇടപെടലിനെ വി ഡി സതീശനെ പോലുള്ളവർ ന്യായീകരിക്കുന്നത്‌. കോൺഗ്രസുകാരുടെ രണ്ടാം യുപിഎ കാലത്ത്‌ അവസാനം നിയോഗിച്ച ജി ഗോപകുമാർ വിസി ആയിരിക്കുമ്പോഴാണ്‌ കേന്ദ്ര സർവകലാശാലയിൽ ക്രമക്കേടുകളുടെ അയ്യരുകളി തുടങ്ങിയത്‌ എന്നത്‌ മറ്റൊരു കൗതുകം. കേരളത്തിൽ യുഡിഎഫ്‌ നിയമിച്ച മുൻ വിസിമാരായ കെ എസ്‌ രാധാകൃഷ്‌ണനും ഡോ. അബ്ദുൾ സലാമും ഇപ്പോൾ ബിജെപി നേതാക്കളാണ്‌ എന്നതിൽ ആർക്കും അത്ഭുതം തോന്നാത്തതും മറ്റൊന്നും കൊണ്ടല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top