20 April Saturday
ഇന്ന്‌ വരദരാജൻനായരുടെ
സ്‌മൃതിദിനം

സ്‌മൃതിപഥങ്ങളിലെ ഗാന്ധിയൻ തേജസ്സ്

രാമചന്ദ്രൻ കടന്നപ്പള്ളിUpdated: Thursday Oct 14, 2021

കോൺഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയ്ക്ക് വരദരാജൻനായരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ എന്നും ആവേശമാണ്. തൊഴിലാളി സംഘാടകനെന്ന നിലയ്‌ക്ക് തൊഴിലാളി പ്രസ്ഥാനങ്ങൾക്കെല്ലാം മാതൃകയായിരുന്നു ആ നേതൃത്വം. രാജകീയ കുടുംബപശ്ചാത്തലം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പോരാട്ടം സ്വാതന്ത്ര്യസമരസേനാനി, തൊഴിലാളി നേതാവ് എന്നീ നിലകളിലായിരുന്നു. തനതായ സംഭാവനകൾ സമൂഹത്തിന് നൽകുകയും ചെയ്തു. തിരുവനന്തപുരം നഗരസഭയുടെ മേയർ, സംസ്ഥാന ധനമന്ത്രി എന്നീ നിലകളിൽ ഭരണരംഗത്തും അദ്ദേഹം തിളങ്ങി. സന്തതസഹചാരികളും നേതാക്കളുമായിരുന്ന പലരും രാഷ്ട്രീയമായി കൈക്കൊണ്ട തീരുമാനത്തോട് വിയോജിച്ചുകൊണ്ട് കോൺഗ്രസ് എസിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും രാഷ്ട്രീയനിലപാടുകൾക്ക്‌ ഒപ്പം നിൽക്കാൻ അദ്ദേഹത്തിന് ഒരിക്കലും പ്രയാസം ഉണ്ടായിട്ടില്ല. ഗാന്ധിയൻ ആദർശങ്ങളും മൂല്യങ്ങളും തന്റെ ജീവിതത്തിൽ കൈവിടാതെ അന്ത്യകാലംവരെ നിലയുറപ്പിച്ച അജയ്യനായി അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി ഇന്നും ജീവിക്കുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, മതനിരപേക്ഷ, പരമാധികാര രാഷ്ട്രം സങ്കീർണവും അപകടകരവുമായ സാഹചര്യംകൊണ്ട് ഭയവിഹ്വലമാണ്‌. രാഷ്ട്രത്തിന്റെ ചരിത്രവും ചരിത്രം സൃഷ്ടിച്ച മഹാരഥന്മാരെയും വികലമാക്കി, വികൃതമാക്കി മറ്റൊരു ചരിത്രം രേഖപ്പെടുത്താനുള്ള ദേശീയവിരുദ്ധമായ നീക്കമാണ് ഇന്ന് കേന്ദ്ര ഭരണാധികാരികൾ നടത്തുന്നത്‌. ലോകാരാധ്യനായ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഘാതകനെ ചരിത്രപുരുഷനായി ചിത്രീകരിക്കാനും നാട്ടിലുടനീളം പ്രതിമകളും ക്ഷേത്രങ്ങളും പണിയാനും  ലോക്‌സഭയിൽ ഭരണകക്ഷി എംപി പറഞ്ഞപ്പോൾ പ്രതിഷേധമുയർത്തിയത് ഇടതുപക്ഷ കക്ഷികൾമാത്രം. കോൺഗ്രസ് ഐ സുഹൃത്തുകൾ കാണിച്ച നിസ്സംഗത ഗാന്ധിജിയെ നിന്ദിക്കുന്നവർക്ക്‌ സഹായകമായി.

ഉത്തരേന്ത്യയിൽ ഗാന്ധിവധം വർഗീയ സംഘടനകൾ ആഘോഷിച്ചു. ഗാന്ധിജിയുടെ കോലംകെട്ടി നിറയൊഴിച്ചു. മധുരപലഹാര വിതരണം ചെയ്തു. അവർക്കെതിരെ പ്രതിഷേധം പോകട്ടെ അപലപിക്കാൻപോലും പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. എന്നാൽ, ഗാന്ധി രക്തസാക്ഷിദിനം രക്തസാക്ഷ്യം എന്ന പേരിൽ ഒരു വർഷം ഗാന്ധിയൻമൂല്യങ്ങൾ പ്രചരിപ്പിച്ചത്‌ കേരളവും മുഖ്യമന്ത്രി പിണറായി വിജയനുമാണ്‌.

ദേശാഭിമാനികളെ വേദനിപ്പിക്കുന്ന തരത്തിൽ നിരവധി കാര്യങ്ങൾ വർഗീയവാദികൾ നടത്തിവരുന്ന ഈ വർത്തമാനകാലത്ത് ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര കാഹളംകേട്ട്‌ രംഗത്തിറങ്ങിയ വരദരാജൻനായരുടെ സ്‌മരണകൾ നമുക്ക്‌ കരുത്ത്‌ പകരട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top