20 April Saturday

വക്കം മൗലവി ; നിർഭയനായ പത്രാധിപർ

കെ ശ്രീകണ്‌ഠൻUpdated: Wednesday Dec 28, 2022

വക്കം മൗലവി എന്ന പേരിൽ പ്രശസ്‌തനായ അബ്ദുൽ ഖാദർ മൗലവിയുടെ  ജീവിതവും സാമൂഹ്യസമർപ്പണവും കേരളീയ നവോത്ഥാന ചരിത്രത്തിലെ ഒരു കാലഘട്ടംകൂടിയാണ്‌. കറതീർന്ന പരിഷ്‌കരണവാദി, നിർഭയനായ പത്രാധിപർ, അഗാധമായ പാണ്ഡിത്യത്തിന്‌ ഉടമ ഇങ്ങനെ ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്‌ താലൂക്കിൽപ്പെട്ട വക്കത്ത്‌ 1873ൽ ജനിച്ച വക്കം മൗലവി ചുരുങ്ങിയ കാലത്തെ പരിശ്രമംകൊണ്ടുതന്നെ ജനജീവിതത്തിന്റെയും പുരോഗതിയുടെയും പാതയിൽ ശക്തമായ സാന്നിധ്യമായി മാറി. വലിയ സമ്പന്ന കുടുംബത്തിൽ പിറന്നെങ്കിലും അദ്ദേഹം തന്റെ സമ്പാദ്യം പൊതുപ്രവർത്തനത്തിന്‌ വിനിയോഗിച്ചാണ്‌ വിടവാങ്ങിയത്‌. വക്കം മൗലവിയുടെ 150–-ാം ജന്മദിനത്തിൽ നാം ഒന്നു തിരിഞ്ഞുനോക്കിയാൽ അദ്ദേഹത്തിന്റെ കർമപഥത്തിലെ ചുവടുവയ്‌പുകളിൽ മിക്കവയും ഇന്ന്‌ വിസ്‌മയകരമായി  തോന്നിയേക്കാം. അത്രയേറെ നിസ്വാർഥതയും പ്രതിബദ്ധതയും നിറഞ്ഞതായിരുന്നു ആ ജീവിതവും പ്രവർത്തനവും. പക്ഷേ, വക്കം മൗലവിക്ക്‌ അർഹമായ പരിഗണന കിട്ടിയോ എന്ന ചോദ്യം നൊമ്പരപ്പെടുത്തുന്ന ചരിത്രത്തിന്റെ നീതികേട്‌ ആയേ വിശേഷിപ്പിക്കാനാകൂ.

‘സ്വദേശാഭിമാനി’ എന്ന പത്രം തുടങ്ങിയ വക്കം മൗലവി കേരളത്തിൽ അച്ചടിയുടെയും പ്രസിദ്ധീകരണങ്ങളുടെയും കുലപതിമാരിൽ ഒരാൾ കൂടിയായിരുന്നു. 1905 ജനുവരി പത്തൊമ്പതിനാണ്‌ സ്വദേശാഭിമാനിയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്‌. അന്ന്‌ ലോകത്ത്‌ ലഭിക്കാവുന്നതിൽ വച്ച്‌ ഏറ്റവും അത്യാധുനികമായ അച്ചടിയന്ത്രം ഇംഗ്ലണ്ടിൽനിന്ന്‌ ഇറക്കുമതി ചെയ്‌താണ്‌ പത്രം അച്ചടിച്ചത്‌. 1906 ജനുവരി 17നു സ്വദേശാഭിമാനിയുടെ രണ്ടാം വോള്യം പത്രാധിപർ കെ രാമകൃഷ്‌ണപിള്ളയുടെ കാർമികത്വത്തിൽ പുറത്തിറങ്ങി. വക്കം മൗലവി എന്ന പത്രംഉടമ ഇല്ലായിരുന്നെങ്കിൽ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള എന്ന പത്രാധിപർ ഉണ്ടാകുമായിരുന്നില്ല. ‘ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ’ എന്നതായിരുന്നു സ്വദേശാഭിമാനിയുടെ മുഖമുദ്ര. മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും നീതിനിഷേധത്തിനും രാജഭരണത്തിലെ കൊള്ളരുതായ്‌മകൾക്കുമെതിരെ പത്രം നിശിതമായി പൊരുതി.

ശ്രീമൂലം തിരുനാൾ രാജാവിന്റെ മറവിൽ ദിവാൻ പി രാജഗോപാലാചാരിയും മാടമ്പിമാരും കിങ്കരന്മാരും നടത്തിയ അതിക്രമങ്ങളെയും അഴിമതിയെയും സ്വദേശാഭിമാനി ചോദ്യംചെയ്‌തു. ചുരുക്കത്തിൽ രാജഭരണത്തിന്റെ ഉറക്കം കെടുത്തുന്ന നാളുകളായിരുന്നു അത്‌. ഇതിന്റെ അനന്തരഫലമായി പത്രം കണ്ടുകെട്ടി പത്രാധിപരെ നാടുകടത്തി രാജഭരണം പ്രതികാരംവീട്ടി. പത്രാധിപരെ തള്ളിപ്പറഞ്ഞാൽ പ്രസ്‌ തിരികെ നൽകാമെന്ന്‌ ഭരണാധികാരികൾ വാഗ്‌ദാനം ചെയ്‌തെങ്കിലും മൗലവി അത്‌ ചെവിക്കൊണ്ടില്ല. തന്നെ തള്ളിപ്പറഞ്ഞ്‌ പത്രം വീണ്ടെടുക്കാൻ രാമകൃഷ്‌ണപിള്ള പറഞ്ഞെങ്കിലും സത്യം എഴുതാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു പത്രത്തിന്‌ പ്രസക്തി ഇല്ലെന്നായിരുന്നു മൗലവിയുടെ മറുപടി. രാജഭരണം അവസാനിച്ചെങ്കിലും തിരുവിതാംകൂറിലും തിരു‐ കൊച്ചിയിലും മാറിമാറി വന്ന സർക്കാരുകൾ കണ്ടുകെട്ടിയ പ്രസ്‌ വിട്ടുകൊടുക്കാൻ കൂട്ടാക്കിയില്ല.  ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ  ആദ്യത്തെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തിൽ വന്നശേഷം 1958ലെ റിപ്പബ്ലിക്‌ ദിനത്തിലാണ്‌ മൗലവിയുടെ അനന്തരാവകാശികൾക്ക്‌ പ്രസ്‌ കൈമാറിയത്‌. 1905ൽ 10,000 രൂപ മുടക്കി ഇറക്കുമതി ചെയ്‌ത പ്രസ്‌ അപ്പോഴേക്കും തുരുമ്പെടുത്ത്‌ നശിച്ചിരുന്നു.

സമുദായത്തിലെ വലിയൊരു വിഭാഗത്തിന്‌ മലയാളത്തോടുള്ള വിപ്രതിപത്തി മാറ്റിയെടുക്കുകയാണ്‌ ആദ്യം വേണ്ടതെന്ന്‌ അദ്ദേഹം കരുതി. മുസ്ലിം സ്‌ത്രീകളെ കൈയെഴുത്ത്‌ പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്നും  ‘മലയാളം നരകത്തിന്റെ ഭാഷയല്ലെ’ന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണം നിലച്ചതിനുശേഷം മുസ്ലിം സമുദായത്തിന്റെ സാംസ്‌കാരികവും സാമൂഹ്യവുമായ ഉന്നതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വക്കം മൗലവി മുഴുകി. യാഥാസ്ഥിതികത്വം കൊടികുത്തിവാണിരുന്ന അക്കാലത്ത്‌ സ്വന്തം സമുദായത്തെ വെളിച്ചത്തിലേക്ക്‌ നയിക്കാനുള്ള പരിശ്രമം ഏറ്റെടുത്തു. ഇതിനായി 1906ൽ ‘മുസ്ലീം’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം തുടങ്ങി. 1918ൽ അൽ ഇസ്ലാം അറബി എന്നപേരിൽ മറ്റൊരു സമുദായ പ്രസിദ്ധീകരണം മലയാള ഭാഷയിൽ തുടങ്ങി. അക്കാലത്ത്‌ കൈയെഴുത്തുപോലും സ്‌ത്രീകൾക്ക്‌ വിലക്കിയിരുന്നു. എന്നാൽ, മലയാളം വശമാക്കേണ്ടതിന്റെയും വിദ്യാഭ്യാസത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സമുദായത്തിലെ വലിയൊരു വിഭാഗത്തിന്‌ മലയാളത്തോടുള്ള വിപ്രതിപത്തി മാറ്റിയെടുക്കുകയാണ്‌ ആദ്യം വേണ്ടതെന്ന്‌ അദ്ദേഹം കരുതി. മുസ്ലിം സ്‌ത്രീകളെ കൈയെഴുത്ത്‌ പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്നും  ‘മലയാളം നരകത്തിന്റെ ഭാഷയല്ലെ’ന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.  കൂടാതെ നിരവധി സാമുദായിക സംഘടനകൾക്കും അദ്ദേഹം തുടക്കമിട്ടു. കൊടുങ്ങല്ലൂരിലെ ‘ഐക്യസംഘം’, ചിറയിൻകീഴ്‌ താലൂക്ക്‌ ‘മുസ്ലിം സമാജം’ തുടങ്ങിയവ ഇതിന്റെ ഭാഗമായി നിലവിൽവന്നവയായിരുന്നു. എന്നാൽ, അവയിൽ പലതും പലവിധ കാരണത്താൽ  ലക്ഷ്യത്തിലെത്തിയില്ല.

മതമൗലിക വാദത്തെ ഒരു നൂറ്റാണ്ടുമുമ്പുതന്നെ തള്ളിപ്പറഞ്ഞതാണ്‌ വക്കം മൗലവിയെ ഏറെ ശ്രദ്ധേയനാക്കുന്നത്‌. അദ്ദേഹത്തിന്റെ പ്രവർത്തനം അക്കാലത്ത്‌ സമുദായത്തിൽ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വഴിയൊരുക്കിയെന്നതും ഇന്ന്‌ ബോധ്യമാകും. മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസരംഗത്ത്‌ മുന്നാക്കം വരണമെന്ന്‌ അന്നുതന്നെ അദ്ദേഹം നിഷ്‌കർഷിച്ചു. യാഥാസ്ഥിതിക വാദികൾ അതിനെ എതിർത്തെങ്കിലും ഇക്കാര്യത്തിൽ കൈവരിക്കാൻ കഴിഞ്ഞ പുരോഗതി എത്രമാത്രം വലുതാണെന്ന്‌ കാണാൻ കഴിയും.

മലയാളത്തിലും അറബിയിലും മാത്രമല്ല, ഇംഗ്ലീഷ്‌, സംസ്‌കൃതം, ഹിന്ദി, ഉറുദു, തമിഴ്‌ തുടങ്ങിയ ഭാഷകളിൽ വക്കം മൗലവി പ്രാവീണ്യം നേടിയിരുന്നു. അദ്ദേഹത്തിന്റെ പിതാവ്‌ മുഹമ്മദുകുഞ്ഞ്‌ സാഹിബ്‌ പ്രമുഖരായ അധ്യാപകരെ വീട്ടിലേക്ക്‌  ക്ഷണിച്ചുവരുത്തി താമസിപ്പിച്ചാണ്‌ മകന്‌ വിദ്യാഭ്യാസം നൽകിയത്‌.  അറബ്‌ രാജ്യങ്ങളിലും മറ്റുമുള്ള സാഹചര്യം മനസ്സിലാക്കുന്നതിലും മൗലവി ശ്രദ്ധാലുവായിരുന്നു. സാമുദായികമായും അല്ലാതെയും ഒരിക്കലും സ്ഥാനമാനങ്ങൾക്ക്‌ പിറകെ അദ്ദേഹം പോയിരുന്നില്ല. രാജഭരണത്തിന്‌ കുഴലൂത്തുനടത്തി നേട്ടം കൊയ്യാനുള്ള അവസരവും നിഷേധിച്ചു.

സ്വദേശാഭിമാനി കണ്ടുകെട്ടിയപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ പത്രം ആ നടപടിയെ ശ്ലാഘിച്ചതും ചരിത്രത്തിലെ വൈകൃതമാണ്‌. വക്കത്തെ ഒരു ‘പ്രമാണി’ പണം മുടക്കി രാമകൃഷ്‌ണപിള്ളയെ ഉപയോഗിച്ച്‌  രാജാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നായിരുന്നു ആ പത്രാധിപരുടെ വിലാപം. അതിനു പ്രതിഫലമായി രാജാവിൽനിന്ന്‌ അദ്ദേഹത്തിന്‌ പട്ടും വളയും ലഭിക്കുകയും ചെയ്‌തു. പക്ഷേ, വക്കം മൗലവിയുടെ കർമകാണ്ഡം അദ്ദേഹത്തിന്റെ 150–-ാം ജന്മദിനത്തിലും ജാജ്വല്യമായി നിലകൊള്ളുന്നു എന്നതാണ്‌ ആവേശം പകരുന്ന വസ്‌തുത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top