29 March Friday

ഇന്ത്യയുടെ ഹൃദയംതൊട്ട 
മഹാസമരം

അഡ്വ. 
പി കെ ഹരികുമാർUpdated: Saturday Apr 1, 2023

“സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഈ സമരം. ഇന്ത്യയിൽ ആസകലം അടിമകളാണ്. മൂന്നരക്കോടി ജനങ്ങളുള്ള ഒരു രാജ്യം 32 കോടി ജനങ്ങളുള്ള രാജ്യത്ത് അധികാരം ചെലുത്തുന്നു. 6000 മൈൽ ദൂരെനിന്ന് വന്ന് ഇന്ത്യയെ ഭരിക്കുന്നു. അയിത്തം ഉച്ചനീചത്വം കാരണം ഹിന്ദുമതം നശിക്കും’’. വൈക്കം സത്യഗ്രഹകാലത്തെ ഇ വി രാമസ്വാമി നായ്ക്കരുടെ ഈ ഒരു പ്രസംഗം മതി  ആ പ്രക്ഷോഭം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മഹാനിർമിതികളിൽ ഒന്നായിരുന്നുവെന്ന് തെളിയിക്കാൻ. നിശ്ചയമായും വൈക്കം സത്യഗ്രഹത്തിന് ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽനിന്നും വേറിട്ടൊരു അസ്‌തിത്വമില്ല. അത് സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ കേരളം എഴുതിയ നീണ്ട അധ്യായമാണ്.

സ്വാതന്ത്ര്യസമരധാര
വൈക്കം സത്യഗ്രഹകാലത്ത് രാജ്യം സ്വാതന്ത്ര്യസമരത്തിൽ ആപാദം മുങ്ങിനിൽക്കുകയായിരുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന ചെറുതും വലുതുമായ അവകാശ പോരാട്ടങ്ങൾ നവോത്ഥാന മുന്നേറ്റങ്ങൾ, പൗരാവകാശ സമരങ്ങൾ, സ്വതന്ത്ര ഭാരതത്തിനുവേണ്ടിയുള്ള കാഹളങ്ങൾ എല്ലാം ചേർന്നതായിരുന്നു സ്വാതന്ത്ര്യസമരം. ഈ ദേശീയ പശ്ചാത്തലം, 1924മാർച്ച് 30നു തുടങ്ങി 1925 നവംബർ 23ന്‌ അവസാനിച്ച വൈക്കം സത്യഗ്രഹസമരത്തിനു പിന്നിൽ ഇഴപാകി കിടപ്പുണ്ടായിരുന്നു.

ഈ സമരം ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള സമരമായിരുന്നില്ല.അതിനുള്ള ആദ്യഘട്ടമെന്നനിലയിൽ ക്ഷേത്രത്തിന്‌ നാലു പുറവുമുള്ള വഴികളിലൂടെ സ്വതന്ത്ര സഞ്ചാരത്തിനുവേണ്ടിയായിരുന്നു.  ഇത് വൈക്കത്തെ മാത്രം സമരമല്ല,  കന്യാകുമാരിമുതൽ കശ്മീർവരെയുള്ള സമരമാണെന്ന് 1924ൽ എസ്‌എൻഡിപി യോഗം ഒരു പ്രമേയത്തിൽ പറഞ്ഞതിന്റെ കാരണവും ഇതൊക്കെത്തന്നെ.

മഹാസമരത്തിന്റെ ചരിത്രയേടുകൾ
1865ലും 1884ലും എല്ലാ പൊതുറോഡുകളും ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കുമായി തുറന്നുകൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നിരുന്നു. അതിനെതിരെ വന്ന ഒരു ഹർജിയിൽ വാദംകേട്ട് ഹൈക്കോടതി സർക്കാർ ഉത്തരവ് ശരിവയ്‌ക്കുകയും ചെയ്തു. ഗ്രാമവീഥികളും രാജവീഥികളും എല്ലാ ജാതിക്കാർക്കും തുറന്നുകൊടുത്തിട്ടും വീണ്ടും 65  കൊല്ലംകൂടി വൈക്കത്തെ ക്ഷേത്രവീഥികളിൽ വിലക്കും തീണ്ടലും  തുടർന്നു. തീണ്ടൽപ്പലക ഒരുകാലത്ത് നിലനിന്ന മനുഷ്യവിരുദ്ധതയുടെയും ജാതി വിഭജനത്തിന്റെയും അയിത്തത്തിന്റെയും പ്രാകൃതമായ ചിഹ്നമായിരുന്നു. മേൽപ്പറഞ്ഞ വിജ്ഞാപനം വരുന്നതുവരെ ‘ഇവിടംമുതൽ ക്ഷേത്ര സങ്കേതമാകയാൽ ഈഴവർ, പുലയർ മുതലായ തീണ്ടൽ ജാതിക്കാർ പ്രവേശിക്കാൻ പാടില്ല’ എന്നാണ്‌ എഴുതിവച്ചിരുന്നത്‌. അതിനുശേഷം തീണ്ടൽ ജാതിക്കാർക്ക് പകരം പൊതുജനങ്ങൾ പ്രവേശിക്കാൻ പാടില്ല എന്നാക്കി. എഴുത്തങ്ങനെ മാറ്റിയെങ്കിലും തീണ്ടൽ ജാതിക്കാർക്ക്  നിരോധനം തുടർന്നു, സത്യഗ്രഹത്തിന്റെ പരിസമാപ്തിവരെ. 

കുമാരനാശാനും മറ്റും 1905ൽ തിരുവിതാംകൂർ അസംബ്ലിയിൽ ഈ അനീതിക്കെതിരെ പ്രമേയം കൊണ്ടുവന്നു, അത്‌ തള്ളിപ്പോയി. പിന്നീട് ടി കെ  മാധവൻ ക്ഷേത്രപ്രവേശനത്തിനുവേണ്ടി വാദിച്ചു. ഒന്നുംനടന്നില്ല. ഗുരുവിനും ആശാനും ക്ഷേത്രവീഥികളിൽ വിലക്ക് നേരിടേണ്ടിവന്നു. ഒടുവിൽ സർദാർ കെ എം പണിക്കരാണ് ടി കെ മാധവനോട് കോൺഗ്രസിനെ സമീപിക്കാൻ പറയുന്നത്. ടി കെ മാധവൻ 1921 സെപ്തംബർ 23ന് തിരുനെൽവേലിയിൽ ഗാന്ധിജിയെ കാണുന്നു. ഗാന്ധിജി സ്റ്റേറ്റ് കോൺഗ്രസിന് എഴുതാമെന്ന് സമ്മതിക്കുന്നു. 1923ൽ കാക്കിനാഡ എഐസിസിയിൽ ടി കെ മാധവൻ വിഷയം കൊണ്ടുവന്നു. തുടർന്ന്‌ കെ കേളപ്പൻ, ടി കെ മാധവൻ,  കുറൂർ നീലകണ്ഠൻ നമ്പൂതിരി, ടി ആർ കൃഷ്ണസ്വാമി, കെ വേലായുധ മേനോൻ എന്നിവർ വൈക്കത്ത് വന്ന് സത്യഗ്രഹം തുടങ്ങാൻ തീരുമാനിച്ചു. ആദ്യ ദിവസത്തെ സമരഭടന്മാർ പുലയനായ കുഞ്ഞപ്പിയും ഈഴവനായ ബാഹുലേയനും നായരായ വെണ്ണിയിൽ ഗോവിന്ദ പണിക്കരുമായിരുന്നു. ഓരോ ദിവസത്തെയും സമരഭടന്മാർ അറസ്റ്റുവരിച്ചു, ജയിലിൽ പോയി. ഗുണ്ടകളുടെ ഭീകരമർദനത്തിന് വിധേയരായി. കെ പി കേശവമേനോനും ടി കെ മാധവനും ഇ വി രാമസ്വാമി നായ്ക്കരും ജയിലിലായി. സമരം കൊടുമ്പിരിക്കൊണ്ടു. ശ്രീനാരായണ ഗുരു സ്ഥാപിച്ച വേലൂർ മഠത്തിലായിരുന്നു സമര ക്യാമ്പ്. ഇന്ന് ആ സ്ഥലത്ത് സത്യഗ്രഹസ്മാരക ഹയർ സെക്കൻഡറി സ്കൂളാണ്. ഈ സത്യഗ്രഹസമരമാണ് പിൽക്കാലത്ത് ഗാന്ധിജി ഉടനീളം എടുത്തുപയോഗിച്ച സമരമാർഗത്തിന്റെ പരീക്ഷണശാല ആയത്. ഗാന്ധിജിക്കുതന്നെ സത്യഗ്രഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പ്രയോഗം ബോധ്യമായത് വൈക്കം സത്യഗ്രഹം വഴിയാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അവിടെ എല്ലാവരും ജാതി, മത ഭേദമില്ലാതെ ഭക്ഷണം കഴിച്ചും ഉറങ്ങിയും അയിത്തത്തെ വെല്ലുവിളിച്ച് ഒരുമിച്ചു കഴിഞ്ഞുകൂടി. അതും ഒരു സമരംതന്നെ ആയിരുന്നു.

ഗാന്ധിജിയുടെ വരവ്‌
ഗാന്ധിജി കേരളത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച സ്ഥലം വൈക്കമാണ്. 1925 മാർച്ച് ഒമ്പതിനാണ് അരൂക്കുറ്റിയിൽ വന്ന ഗാന്ധിജിയെ ബോട്ട് മാർഗം ചെറുവള്ളങ്ങളിൽ ജനങ്ങൾ അനുഗമിച്ച് വൈകിട്ട്‌ ആറിന്‌ വൈക്കം ബോട്ട് ജട്ടിയിൽ എത്തിച്ചത്. പഴയ ആ ബോട്ട് ജട്ടി ഇന്നുമുണ്ട്. അവിടെ ആയിരുന്നു സത്യഗ്രഹപ്പന്തൽ. മൂന്ന്‌ ഫർലോങ് ദൂരെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വാതിൽവരെ ജനങ്ങൾ തിങ്ങിക്കൂടി. സ്വീകരണം, നിവേദനം. കൂടെ സി രാജഗോപാലാചാരി, ഗാന്ധിജിയുടെ മകൻ രാംദാസ് ഗാന്ധി, മഹാദേവ ദേശായി എന്നിവർ. അന്ന് ഗാന്ധിജി ഒന്നും മിണ്ടിയില്ല മൗനവ്രതം. പിറ്റേന്ന് ഇണ്ടംതുരുത്തി മനയിൽച്ചെന്ന് സവർണ അധികാരി നമ്പ്യാതിരിയും കൂട്ടരുമായി മനയുടെ മുറ്റത്തിട്ട പന്തലിൽ മൂന്നര മണിക്കൂർ നീണ്ട സംവാദം. തലേദിവസം നമ്പ്യാതിരിയും ജാതി ഹിന്ദുസംഘവും ഗാന്ധിജിയെ കാണണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടത്‌ അനുസരിച്ചായിരുന്നു ആ വിവാദ കൂടിക്കാഴ്ച.

ഗാന്ധി മൂന്നു നിർദേശം മുന്നോട്ടുവച്ചു. ഒന്നിനും അവർ വഴങ്ങിയില്ല. കീഴ് ജാതിക്കാർ അനുഭവിക്കുന്നത് അവരുടെ കഴിഞ്ഞ ജന്മത്തിലെ പാപം കൊണ്ടാണ്‌ എന്നായിരുന്നു എതിർവാദം. ഗാന്ധിജിയോട് പുനർജന്മത്തിൽ വിശ്വാസമുണ്ടോ എന്ന്‌ നമ്പ്യാതിരി ചോദിക്കുന്നുണ്ട്, ഉണ്ടെന്ന് ഗാന്ധിജിയുടെ മറുപടിയും. പോരാൻനേരം ഗാന്ധിജി ഗീതയിലെ ഒരു ശ്ലോകം ചൊല്ലി. ഉടൻതന്നെ നമ്പ്യാതിരി മറു ശ്ലോകവും ചൊല്ലി. ചരിത്രത്തിലെ രസാവഹമായ ഒരു ഇടവേള. ഇന്ന് ഇണ്ടംതുരുത്തി മന ചെത്തുതൊഴിലാളി യൂണിയൻ ഓഫീസാണ്. ചരിത്രത്തിന്റെ അതിശയിപ്പിക്കുന്ന മറ്റൊരു അറിവ്. അന്നു വൈകിട്ട്‌ ബോട്ട് ജട്ടിയിൽ മഹാസമ്മേളനം. ഇരുപതിനായിരത്തിലധികം ആളുകളോട് ഗാന്ധിജി പ്രസംഗിച്ചു. ഇപ്പോൾ അതിനടുത്താണ് സത്യഗ്രഹസ്മാരകം. ഗാന്ധിജി പ്രസംഗിച്ചിടത്ത് ജട്ടി മൈതാനം. ധാരാളം പ്രസംഗങ്ങൾ ഇന്നും നടക്കുന്നുണ്ട്. സത്യഗ്രഹ സമരകാലത്തും നീണ്ട പ്രസംഗങ്ങൾക്ക് ഒരു കുറവുമില്ലായിരുന്നു. അങ്ങനെയൊരു പ്രസംഗത്തിനിടയിലാണ് ഇ വി ആറിന്റെ ഭാര്യ, ‘പട്ടിക്കു നടക്കാവുന്ന വഴിയിലൂടെ മനുഷ്യന് നടന്നുകൂടെ’ എന്ന ചോദ്യം എറിഞ്ഞുപിടിപ്പിച്ചത്. ശ്രീനാരായണഗുരു മൂന്നു ദിവസമാണ് സത്യഗ്രഹ ആശ്രമത്തിൽ വന്ന്‌ താമസിച്ചത്.

സത്യഗ്രഹ സമരഭൂമിയിലൂടെ ശിരസ്സ്‌ ഉയർത്തിപ്പിടിച്ച്, അധികാര ഗർവിന്റെ കോട്ടകൾക്കുനേരെ നടന്നുപോയവർ എത്രയെത്ര. ചിറ്റേടത്ത് ശങ്കുപ്പിള്ള രക്തസാക്ഷിയായി. ബാരിസ്റ്റർ ജോർജ് ജോസഫ്, ബാരിസ്റ്റർ എ കെ പിള്ള, ആമചാടി തേവൻ, രാമൻ ഇളയത്, സാധു എം പി നായർ എന്നിവർ സമരനിരയിൽ ഉണ്ടായിരുന്നു. രാമനിളയത് സ്വാതന്ത്ര്യഭ്രാന്ത് മൂത്ത് സത്യഗ്രഹത്തിന്‌ എത്തി. സമരത്തെ എതിർത്തവർ ആ സാധുവിന്റെ കണ്ണിൽ ബലമായി ചുണ്ണാമ്പെഴുതി പൂർണ അന്ധനാക്കി. ഗാന്ധിജിയുടെ നിർദേശപ്രകാരം വൈക്കത്തുനിന്ന് 500 പേരടങ്ങുന്ന ഒരു സവർണ ഹിന്ദുജാഥ 1924 നവംബർ ഒന്നിന് സത്യഗ്രഹപ്പന്തലിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് ഒരുലക്ഷം പേർ ഒപ്പിട്ട മെമ്മോറിയൽ രാജ്ഞിയെ കണ്ട് സമർപ്പിക്കുകയുണ്ടായി. ഈ ജാഥയുടെ കമാൻഡർ മന്നത്ത് പത്മനാഭപിള്ളയായിരുന്നു. പഞ്ചാബിൽനിന്ന് അകാലികൾ വന്ന് ധർമഭോജനശാല തുറന്ന് സമരക്കാർക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങി. പാചകത്തിന് നാട്ട് ദേഹണ്ഡക്കാരും, സിഖുകാരും.

മുസ്ലിം, ക്രിസ്‌ത്യൻ പ്രാതിനിധ്യം
ഈ സഹനസമരത്തിലെ മുസ്ലിം, ക്രിസ്ത്യൻ പങ്കാളിത്തം അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. അവരും വളന്റിയർമാരായിരുന്നു. ഹസ്സൻ കോയ പൂമല്ല, കേരള ചന്ദ്രിക എഡിറ്റർ അബ്ദുൾ റഹ്മാൻ കുട്ടി, കേരള ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അബ്ദുൾ റഹ്മാൻ, ഫാദർ വെട്ടിക്കാപ്പിള്ളി, കുരുവിള മാത്യു അങ്ങനെ എത്രയോപേർ.

സ്ത്രീകൾ എല്ലാത്തരം പീഡാനുഭവങ്ങളുടെയും ഇരകളായ കാലം. സ്ത്രീയെക്കുറിച്ചുള്ള നിസ്സാരതാബോധം എന്ന അബദ്ധധാരണ നിറഞ്ഞുനിന്ന കാലത്തായിരുന്നു ഈ സമരം നടന്നത്. എന്നിട്ടും സ്ത്രീകൾ സമരമുഖത്തേക്ക് കുതിച്ചെത്തി. മിസിസ് ടി കെ മാധവൻ, നാണിയമ്മ, മംഗലമ്മാൾ, ഇ വി ആറിന്റെ  ഭാര്യ, ഇളയമ്മ, ഭാഗിനേയി, ആലുംമൂട്ടിൽ ചാന്നാരുടെ ഭാര്യ, എം ഇ നായിഡുവിന്റെ ഭാര്യ, ഗാന്ധിദാസിന്റെ ഭാര്യ, താണുമലയ പെരുമാൾ പിള്ളയുടെ ഭാര്യ എന്നിവർ അവരിൽ ഉൾപ്പെടുന്നു. അക്കാലത്ത് കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചിരുന്നില്ല.  ഇന്ത്യയിൽ പാർടി രൂപപ്പെട്ടുവരുന്നതേയുള്ളൂ. സമരസേനാനികളിൽ പലരും പിന്നീട് കമ്യൂണിസ്റ്റുകാരായി. പി  കൃഷ്ണപിള്ളയ്‌ക്ക് അന്ന് ചെറുപ്രായം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പങ്ക് എന്താകുമായിരുന്നെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. പി കൃഷ്ണപിള്ളയുടെ പിൽക്കാല ജീവിതം അതിന്റെ നിറഞ്ഞ തെളിവാണ്‌.

ഒന്നരക്കൊല്ലത്തിലേറെ നീണ്ടുനിന്ന സമരം 1925 നവംബർ 23ന് അവസാനിച്ചു. സ്വാതന്ത്ര്യസമരത്തിലെ വർണാഞ്ചിതമായ കാലത്തെ ഈ സമരം പിന്നീട് എന്തെന്ത് മാറ്റങ്ങളാണ് വരുത്തിയത്. പ്രത്യക്ഷത്തിൽത്തന്നെ മുൻപറഞ്ഞ വഴിഭാഗങ്ങളൊഴികെ എല്ലാ വഴികളും എല്ലാവർക്കുമായി തുറന്നു . മനുഷ്യാവസ്ഥയ്‌ക്കെതിരെ വിലക്കുകൾ തീർത്ത് പല്ലിളിച്ച് നിന്നിരുന്ന തീണ്ടൽപ്പലകകൾ എടുത്തുമാറ്റി. കേരളത്തിലാകെയും പുറത്തും സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെ ഉയർന്നുനിന്ന വിലക്കുകൾ നീക്കാൻ ഈ സമരം വഴിവച്ചു. അതിന്റെ തുടർച്ചയായിരുന്നു അല്ല വളർച്ചയായിരുന്നു  പാലിയം, ഗുരുവായൂർ സത്യഗ്രഹങ്ങൾ. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ എത്രയോ പ്രക്ഷോഭങ്ങൾ നടന്നു. 1936ലെ ക്ഷേത്രപ്രവേശനവിളംബരം ഈ സമരത്തിന്റെകൂടി ഔദ്യോഗിക ഫലപ്രഖ്യാപനമായിരുന്നു. വൈക്കം സത്യഗ്രഹം ആവശ്യപ്പെട്ടത് ജനാധിപത്യമാണ്, സ്വാതന്ത്ര്യമാണ്. "വരിക വരിക സഹജരെ പതിതരില്ല മനുജരിൽ’ അതായിരുന്നു സത്യഗ്രഹ ഗാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top