24 April Wednesday

ആഹ്ലാദത്തോടെ, പ്രതീക്ഷയോടെ - വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 30, 2021

കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മവിശ്വാസത്തോടെ, ആഹ്ലാദത്തോടെ തിരികെ സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളെയും വിദ്യാഭ്യാസ  വകുപ്പിനുവേണ്ടി സ്വാഗതം ചെയ്യുന്നു. ഈ സന്തോഷം, ആനന്ദം കുട്ടികളുടേത് മാത്രമല്ല, നാടിന്റെയാകെയാണ്.  20 മാസമായി ലോകം കോവിഡിന്റെ പിടിയിലാണ്. രോഗവാഹകർ മനുഷ്യർതന്നെയായതിനാൽ അതിജീവനത്തിന്റെ ഭാഗമായി പലതരത്തിലുള്ള കരുതൽ നടപടി കൈക്കൊള്ളേണ്ടിവന്നു.  ഏറ്റവും പ്രധാനപ്പെട്ടത് സഞ്ചാരവിലക്കായിരുന്നു. മുതിർന്നവർക്ക് പല നിബന്ധനകളും പാലിച്ച് തൊഴിലിനും മറ്റുമായി പുറത്തേക്ക് പോകാമായിരുന്നു. എന്നാൽ, കുട്ടികൾക്ക് ഇതിനുള്ള ഒരവസരവും ലഭിച്ചില്ല.

പ്രതിസന്ധിഘട്ടത്തിൽ പകച്ചുനിൽക്കാതെ മുഴുവൻ കുട്ടികളെയും  കർമനിരതരാക്കാനും പഠനവഴിയിൽ നിലനിർത്താനും കഴിയുംവിധം ഡിജിറ്റൽ ക്ലാസുകൾ 2020 ജൂണിൽത്തന്നെ ആരംഭിക്കാൻ  കഴിഞ്ഞു. ഡിജിറ്റൽ പ്രാപ്യതപ്രശ്നം നേരിടുന്ന കുട്ടികൾക്ക് അതു പരിഹരിക്കാൻ സഹായിക്കണമെന്ന  മുഖ്യമന്ത്രിയുടെ അഭ്യർഥന  കേരളം സ്വീകരിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അതിൽ പങ്കാളിയായി. മലയോരപ്രദേശങ്ങളിലും മറ്റും പഠനവീടുകൾ സജ്ജമാക്കി. കണക്ടിവിറ്റി പ്രശ്നമുള്ള ഇടങ്ങളിൽ  സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുചെന്ന്  ക്ലാസുകൾ വീക്ഷിക്കാനുള്ള അവസരമൊരുക്കി. ഇതൊക്കെയാണെങ്കിലും ഡിജിറ്റൽ ക്ലാസുകൾ ഔപചാരിക ക്ലാസ് മുറി പഠനത്തിന് ബദലാകില്ലെന്ന നിലപാട് കേരളം കൈക്കൊണ്ടു. ഡിജിറ്റൽ ക്ലാസുകളോടൊപ്പം തുടർച്ചയായി കുട്ടികൾക്കാവശ്യമായ പഠനപിന്തുണ അധ്യാപകർ ഒരുക്കുകയുണ്ടായി.

മഹാമാരി പൂർണമായും ഒഴിവായിട്ടില്ലെങ്കിലും സ്കൂളുകൾ പടിപടിയായി  തുറക്കാൻ ആരംഭിച്ചു.  സ്കൂളുകൾ  തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനുള്ള എല്ലാ പ്രവർത്തനവും സമൂഹ സഹകരണത്തോടെ ചെയ്തിട്ടുണ്ട്.  ഇരുപത് മാസത്തോളം സ്കൂളുകൾ അടഞ്ഞുകിടക്കുകയായിരുന്നു. കളിച്ചും ചിരിച്ചും കൂട്ടുകൂടിയും പഠിച്ചും കഴിഞ്ഞിരുന്ന ഘട്ടത്തിലാണ്  പരിചിതമല്ലാത്ത ഒരവസ്ഥയിലേക്ക് കൊറോണ വൈറസ് നമ്മെ തള്ളിവീഴ്ത്തിയത്. കൂട്ടം കൂടുന്നതും സഞ്ചരിക്കുന്നതുമെല്ലാം രോഗം വ്യാപിപ്പിക്കുന്നതിന് ഇടവരുന്നെന്ന അവസ്ഥ സംജാതമായി. വീടുകളിൽമാത്രം കഴിയുക എന്നത് കുട്ടികളുടെ സഹജ ശീലവുമായി ഒത്തുപോകുന്നതായിരുന്നില്ല.  കോവിഡ് മാനദണ്ഡങ്ങൾ കുട്ടികൾ ഇഷ്ടപ്പെടാത്ത ഒരവസ്ഥയിൽ കഴിഞ്ഞുകൂടാൻ നിർബന്ധിതരാക്കി. അതിൽനിന്നുള്ള മോചനമാണ്   ലഭിക്കുന്നത്. സ്കൂളുകൾ സാധാരണ നിലയിലാക്കാൻ ഇനിയും സമയമെടുത്തേക്കും. കോവിഡ്  പൂർണമായും വിട്ടുപോയിട്ടില്ല. അതുകൊണ്ട് വളരെയേറെ കരുതൽ അനിവാര്യമാണ്. ഈ കരുതൽ എങ്ങനെയെന്ന് വിശദമാക്കുന്ന മാർഗരേഖ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


 

ഇതിൽ കുട്ടികൾ സ്കൂളുകളിൽ എത്തുന്നതിന്റെ മുന്നോടിയായി എന്തെന്ത് കാര്യങ്ങൾ ചെയ്യണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സ്കൂളിനെ സജ്ജമാക്കൽ, ഫർണിച്ചർ അറ്റകുറ്റപ്പണി,  ഇഴജന്തുക്കളും മറ്റും ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കൽ, അണുനശീകരണം  തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ  ചെയ്തിട്ടുണ്ട്. സ്കൂൾ വാഹനങ്ങൾ കഴിയാവുന്ന ഇടങ്ങളിലെല്ലാം  സജ്ജമാക്കി. യാത്ര സംബന്ധിച്ച കൃത്യമായ മാർഗരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. സ്കൂളിൽ പാലിക്കേണ്ട ചിട്ടകൾ - മാസ്ക് ധരിക്കുക, കൂട്ടംകൂടാതിരിക്കുക, ജലസ്രോതസ്സ്, മൂത്രപ്പുര തുടങ്ങിയ ഇടങ്ങളിലൊന്നും കൂട്ടമുണ്ടാകാതിരിക്കുക  തുടങ്ങിയ കാര്യങ്ങൾ നേരത്തേതന്നെ  നിർദേശങ്ങളായി അറിയിച്ചു. എല്ലാ കുട്ടികളും ഒരുമിച്ച് സ്കൂളിലെത്തുന്നത് ഒഴിവാക്കാൻ  ക്ലാസുകൾ ബാച്ചുകളായി തിരിച്ച്  ക്രമീകരിച്ചു. രക്ഷിതാക്കളെ കാര്യങ്ങൾ മുൻകൂട്ടി അറിയിച്ചു, അധ്യാപകരെ സജ്ജീകരിക്കാൻ പരിശീലനങ്ങൾ നൽകി, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരെല്ലാം ചേർന്ന് ഒരുക്കുന്ന ജനകീയാന്തരീക്ഷം വഴി കുട്ടികൾക്ക് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായുള്ള ക്രമീകരണങ്ങൾ ചെയ്തു.

കോവിഡ് തുടങ്ങിയ ഘട്ടംമുതൽ ജനകീയപക്ഷംചേർന്നുള്ള നിലപാടുകളാണ് കേരള സർക്കാർ കൈക്കൊണ്ടത്. ഒരൊറ്റ വ്യക്തിയും കുടുംബവും പട്ടിണികിടക്കരുതെന്ന്  സർക്കാരിന് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടുന്ന സൗകര്യങ്ങൾ ഉറപ്പാക്കിയിരുന്നു.  കുട്ടികളെ സ്കൂളിലേക്കയക്കാൻ ആവശ്യമായ ആത്മവിശ്വാസമുളവാക്കാൻ വേണ്ട പ്രവർത്തനങ്ങൾ സാമൂഹ്യമായി ചെയ്യുകയും അതിന്‌ രക്ഷിതാക്കളെ സജ്ജമാക്കാനുമാണ് നാം ശ്രദ്ധിച്ചത്. ആദിവാസി ഗോത്രവർഗ ഊരുകളിലെ കുടുംബങ്ങളെ സജ്ജമാക്കാനുള്ള കാര്യങ്ങൾ നടന്നിട്ടുണ്ട്. അത് ഇനിയും തുടരണം.  അങ്ങനെ എല്ലാ കുട്ടികളെയും ചേർത്തുപിടിച്ചുള്ള വിദ്യാഭ്യാസ പ്രവർത്തനമാണ് നാം ആഗ്രഹിക്കുന്നത്. മഹാമാരിക്കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസം  തീരുമാനിച്ചപ്പോൾ കേരളീയസമൂഹം ചെയ്ത പ്രവർത്തനങ്ങൾ നമുക്ക് ആത്മവിശ്വാസം തരുന്നതാണ്.  ചില രക്ഷിതാക്കൾക്കെങ്കിലും ആശങ്ക ഉണ്ടാകാം. ഇതും പരിഹരിക്കുന്നതിനാവശ്യമായ കരുതൽ എല്ലാവരും ചെയ്യുന്നുവെന്ന്   ഉറപ്പാക്കാൻ കഴിയണം. രക്ഷിതാക്കളെ പൂർണമായും വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്ക ഒഴിവാക്കാൻ ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ ഇടപെടൽ തുടരും. 



 

ഭീതി ആവശ്യമില്ല, കരുതൽ ഉണ്ടായാൽ മതി. കോവിഡ് വ്യാപനം ഉണ്ടായാൽ  അഭിമുഖീകരിക്കാനുള്ള കോവിഡ് പ്രോട്ടോകോൾ നമുക്കുണ്ട്. ഏത് അടിയന്തര  സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള സൗകര്യവും സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. കേരള സമൂഹത്തിന്റെ ശുഭാപ്തി വിശ്വാസവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയും ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്മവിശ്വാസം നൽകുന്നു. പ്രളയം വന്ന ഘട്ടത്തിലും നിപാ വൈറസ്, കോവിഡ് കാലഘട്ടങ്ങളിലും കേരളീയ സമൂഹം പ്രസിസന്ധികളെ ഒന്നുചേർന്ന് അഭിമുഖീകരിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്.  മാത്രമല്ല, വിദ്യാഭ്യാസ വകുപ്പും 1.80 ലക്ഷം അധ്യാപകരും സജ്ജരായിട്ടുമുണ്ട്.

കുട്ടികളുടെ ജീവിതശീലങ്ങളിലും ജീവിതരീതികളിലും പെരുമാറ്റരീതികളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. അവരെ മാനസികമായി സ്കൂൾ പഠനത്തിന് സജ്ജമാക്കാനുള്ള മാനസിക, സാമൂഹ്യ പിന്തുണയാണ് ആദ്യം നൽകേണ്ടത്. സ്കൂൾ എന്നത് സന്തോഷകരമായി പഠനത്തിൽ ഇടപെടാനുള്ള ഇടമാക്കിമാറ്റാനാവശ്യമായ അന്തരീക്ഷ സൃഷ്ടിയും അനിവാര്യമാണ്.  പാഠപുസ്തകത്തിന്റെ നേരിട്ടുള്ള പഠനമല്ല വലിയ ഒരു കാലയളവിന്റെ വ്യത്യാസത്തിൽ തുറക്കുന്ന ഘട്ടത്തിൽ വേണ്ടത്.  കുട്ടികളെ ഔപചാരിക പഠനത്തിന് സജ്ജമാക്കുന്നതിനായുള്ള പ്രതലം ഒരുക്കുക എന്നതായിരിക്കും സ്കൂൾ തുറക്കുന്ന ഘട്ടത്തിൽ ചെയ്യാൻ ശ്രമിക്കുക. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന അക്കാദമിക മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളും നൽകി.

ബഹുസ്വരവും വൈവിധ്യപൂർണവുമായ  സമൂഹത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്ന് പരിശീലിപ്പിക്കുന്ന ഇടമാണ് സ്കൂൾ.  അറിവ് അതിനിർണായകമായ സ്ഥാനം കൈവരിച്ച ലോകസമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിജീവനത്തിനാവശ്യമായ അറിവും കഴിവും നൈപുണിയും നേടുക എന്നത് പരമപ്രധാനമാണ്. ഇതിനുള്ള ഇടംകൂടിയാണ് സ്കൂളുകൾ. അറിവാർജിക്കുന്നതിനും വൈകാരിക സാമൂഹ്യ വികാസത്തിനും പ്രായത്തിനനുഗുണമായ പ്രവർത്തനങ്ങളിലൂടെ നിരന്തരം കുട്ടികൾ കടന്നുപോകേണ്ടതുണ്ട്. ഇതിനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുംവിധം സ്കൂളുകളെ സജ്ജമാക്കാൻ നമുക്കെല്ലാം ഒത്തുചേർന്ന് പ്രവർത്തിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top