29 March Friday

മുന്നണി രാഷ്ട്രീയത്തിലെ 
പാഠപുസ്തകം - മുൻ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ
 അനുസ്മരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

മുന്നണി രാഷ്‌ട്രീയത്തിന്റെ സുഗമമായ നടത്തിപ്പിൽ ഉദാത്തമായ മാതൃകയാണ്‌‌ കോടിയേരി ബാലകൃഷ്‌ണൻ കേരളത്തിനു നൽകിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ വലിയ കക്ഷി, ചെറിയ കക്ഷി പരിഗണനയാെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും സ്വാധീനിച്ചിട്ടില്ല. മുന്നണിയിലെ കക്ഷികളുടെ വലുപ്പച്ചെറുപ്പം ഒരുതരത്തിലും തീരുമാനങ്ങളെ സ്വാധീനിക്കാൻ പാടില്ലെന്ന ഉറച്ച നിലപാട്‌ എല്ലാക്കാലത്തും കോടിയേരി ഉയർത്തിപ്പിടിച്ചു. തന്റെ പാർടിയുടെ വലുപ്പം മറ്റുള്ളവരിൽ സ്ഥാപിച്ചെടുക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല.  ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ  ഓരോരുത്തരിലും ഈ  മുന്നണി എന്റെ മുന്നണിയെന്ന തോന്നൽ വളർത്താൻ ഇത്‌ സഹായിച്ചു. താൻ എൽഡിഎഫിന്റെ നേതാവാണെന്ന്‌ ഏവരിലും ഊട്ടിയുറപ്പിക്കാൻ അദ്ദേഹത്തിനായി. എല്ലാവരും തുല്യരായി പരിഗണിക്കപ്പെടേണ്ടവരാണെന്ന ആത്മാർഥമായ സമീപനം അദ്ദേഹം സ്വീകരിച്ചു. ഇതാണ്‌ ഒരു ഉത്തമ നേതാവിനാവശ്യമായ ഗുണഗണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്‌ എന്ന പാഠം എല്ലാവരിലേക്കും പകർത്താനും അദ്ദേഹം ശ്രമിച്ചു.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെയും  ഇപ്പോഴത്തെ സർക്കാരിന്റെയും പ്രവർത്തനങ്ങളെ അദ്ദേഹം വളരെയേറെ ശ്രദ്ധയോടെ നോക്കിയിരുന്നു. ചില ഘട്ടങ്ങളിൽ സർക്കാർ നടപടികളുമായി ബന്ധപ്പെട്ട്‌ സിപിഐ എം, സിപിഐ തലത്തിൽ അഭിപ്രായവ്യത്യാസങ്ങളും ഉയർന്നുവന്നു. ഇവിടെയാണ്‌ കോടിയേരിയുടെ നയചാതുരി വെളിപ്പെട്ട മറ്റൊരു അവസരം. പരസ്‌പര ചർച്ചകളിലൂടെ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകൈയെടുത്തതും കോടിയേരിയായിരുന്നു. ഇപ്പോൾ പലർക്കും  പ്രത്യേകിച്ച്‌ ഒരുവിഭാഗം മാധ്യമങ്ങൾക്ക്‌,  സിപിഐ സർക്കാരിനെതിരെ പരസ്യമായി വിമർശം നടത്താത്തതിൽ വലിയ പരിഭവമുണ്ട്‌. അതിനുള്ള അവസരമില്ലതാക്കിയത്‌ കോടിയേരിയുടെ മുൻകൈയാണ്‌. പരസ്‌പരം മനസ്സിലാക്കി കാര്യങ്ങളിൽ ഇടപെടാനുള്ള സംവിധാനം അദ്ദേഹം ഉറപ്പാക്കി. ഈ രീതി‌ കോടിയേരിയുടെ  പ്രത്യേകതയായിരുന്നു‌.

സമചിത്തതയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. തന്നോടു പറയാൻ ശ്രമിക്കുന്ന കാര്യങ്ങളെ സാകൂതം കേൾക്കാനുള്ള ആ വൈഭവം പുതിയ തലമുറയ്‌ക്ക്‌ അനുകരണീയമാണ്‌. തന്നോടു പറയുന്ന കാര്യങ്ങളുടെ ന്യായവും പ്രായോഗികതയുമെല്ലാം പതിഞ്ഞ സ്വരത്തിൽ അദ്ദേഹം സംസാരിക്കും. എന്നാൽ, പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ കൃത്യമായി മറുപടിയുണ്ടാകും. അത്‌ ഉയർത്തുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരിക്കും. കാര്യങ്ങൾ പറയുന്നത്‌ കേൾക്കാനും മനസ്സിലാക്കാനുമുള്ള ശേഷി അപാരമായിരുന്നു.

നിയമസഭാ നടപടികളിലെ ഇടപെടലുകളാണ്‌ മറ്റൊരു മാതൃക. ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരുന്ന്‌ മുന്നണിയെ ഫലവത്തായി നയിക്കുന്നതിൽ കോടിയേരി ബാലകൃഷ്‌ണൻ ഒരു പാഠപുസ്‌തകമാണ്‌. വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കി അവതരിപ്പിക്കും. ക്ലിഷ്ടമായ ഭാഷ അദ്ദേഹം പൂർണമായും ഒഴിവാക്കിയിരുന്നു. ലളിതമായ രീതിയിൽ, യുക്തിഭദ്രമായി, വജ്രസൂചി ഉപയോഗിച്ച്‌ മുറിക്കുന്നരീതിയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. എതിരാളികളിൽപ്പോലും ബഹുമാനം ജനിപ്പിക്കുന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗങ്ങൾ. അത്‌ ഒരിക്കലും എതിർപക്ഷത്തുള്ളവരെ നോവിച്ചിരുന്നില്ല. അതേസമയം, അദ്ദേഹത്തിന്റെ സംസാരത്തിലോ, ആശയത്തിലോ ഒരുതരത്തിലുള്ള വിട്ടുവീഴ്‌ചയ്ക്കും തയ്യാറായിട്ടുമില്ല. ഇത്‌ പൊതുപ്രവർത്തകർ പഠിക്കേണ്ട മാതൃകയാണ്‌.

ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥനയിൽ പ്രതിപക്ഷ വിമർശത്തിന്റെ വാൾമുനയിൽ കരൾ കീറിമുറിയാത്ത ഒരു സർക്കാരും  ആഭ്യന്തര മന്ത്രിയും ഉണ്ടായിട്ടില്ല. എന്നാൽ, കോടിയേരിയുടെ പൊലീസിനെക്കുറിച്ച്‌ പ്രതിപക്ഷത്തിന്‌ ആഞ്ഞടിക്കാനായില്ല. വിമർശം വന്നാൽ നേരിടുന്ന ശൈലി അനുപമമായിരുന്നു. എറിയുന്ന കല്ലിനെ പൂവാക്കി സ്വീകരിക്കാൻ അദ്ദേഹത്തിനായി. മന്ത്രിയുടെ മറുപടി കേൾക്കുമ്പോൾ കല്ലെറിയാൻ ശ്രമിച്ചയാൾ താൻ പൂവാണോ എടുത്തെറിഞ്ഞതെന്ന സംശയത്തിലാകും.

സഭയിൽ അംഗങ്ങൾക്കിടയിൽ അദ്ദേഹം ഒരിക്കലും കക്ഷിവ്യത്യാസം കാട്ടിയിരുന്നില്ല. മുന്നണിയിലെ എല്ലാ കക്ഷിയിലെയും അംഗങ്ങളെ ഒരുപോലെ പരിഗണിച്ചു. സഭയുള്ള ദിവസങ്ങളിൽ, ഓരോ ദിവസവും രാവിലെയാണ്‌ സഭയ്‌ക്കകത്ത്‌ സ്വീകരിക്കേണ്ട നിലപാട്‌ തീരുമാനിക്കുക. എല്ലാത്തിലും ഇടപെട്ട്‌ പക്വമായ സമീപനങ്ങൾ ഉറപ്പാക്കാൻ കോടിയേരി ബദ്ധശ്രദ്ധാലുവായിരുന്നു. തൻ അടക്കമുള്ള പിന്മുറക്കാരോട്‌ വലിയ വത്സല്യം കാട്ടിയിരുന്നു. അടിയന്തരപ്രമേയ അവതരണ ഘട്ടത്തിലെല്ലാം കക്ഷി ഏതെന്നായിരുന്നില്ല കോടിയേരിയുടെ പരിഗണന. അവതരിപ്പിക്കാൻ പറ്റിയ ആൾ ആര്‌‌ എന്നതായിരുന്നു ആദ്യപരിഗണന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top