19 April Friday

പോർമുഖങ്ങളിൽ ധീരജ്‌ - വി പി സാനു എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

ഇടുക്കി എൻജിനിയറിങ് കോളേജിൽ പുറത്തുനിന്ന്‌ എത്തിയ കെഎസ്‌യു –-യൂത്ത് കോൺഗ്രസ്‌ ഗുണ്ടാസംഘം എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ ജീവൻ അപഹരിക്കുകയും മറ്റു രണ്ട് വിദ്യാർഥികളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. സർഗാത്മക രാഷ്‌ട്രീയ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥി ഹൃദയങ്ങളിലേക്ക് ആഴ്‌ന്നിറങ്ങുന്ന എസ്എഫ്ഐയെ നേരിടാനായി എന്നത്തെയുംപോലെ ‘ക്യാമ്പസുകളെ ചോരക്കളമാക്കുക’ എന്ന പദ്ധതി നടപ്പാക്കുകയാണ് യൂത്ത് കോൺഗ്രസ്. 

സമാധാനം പുലർന്ന ക്യാമ്പസിനെ വിദ്യാർഥിയുടെ ജീവനെടുത്തുകൊണ്ട് ഇത്തരത്തിൽ ഭീകരതയിലേക്ക് തള്ളിയിട്ടതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കോൺഗ്രസ് നേതൃത്വത്തിന് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ല. മൂന്നു വർഷംമുമ്പാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ മഹാരാജാസിൽ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയത്.  ധീരജിനെ യൂത്ത് കോൺഗ്രസുകാർ അരുംകൊല ചെയ്തതും ഒറ്റക്കുത്തിനാണ്. കേരളത്തിലെ ക്യാമ്പസിനകത്ത് പുരോഗമനാശയങ്ങളോട് ചേർന്നുനിൽക്കുന്ന വിദ്യാർഥികളെ കൊന്നുതള്ളാൻ പരിശീലനം ലഭിച്ച ഗുണ്ടാസംഘങ്ങൾ ക്യാമ്പസ് ഫ്രണ്ടിൽ മാത്രമല്ല, കോൺഗ്രസിലും യൂത്ത്‌ കോൺഗ്രസിലും ഉണ്ടെന്നത് ആശങ്കാജനകമാണ്. ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങളെ ഊട്ടിവളർത്തുന്നത്‌ എന്തിനാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ഈ അടുത്തകാലങ്ങളിൽ എസ്ഡിപിഐയുമായും ആർഎസ്എസുമായും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ടിലെത്തിയ കോൺഗ്രസ്‌ അവരിൽനിന്ന് ആയുധ പരിശീലനവും നേടുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

കൊലക്കത്തി കൊണ്ടുനടക്കുക, എതിർക്കുന്നവരെ കൊന്നുതള്ളുക, ഇതൊന്നും ഇക്കൂട്ടർക്ക് പുത്തരിയല്ല. എന്നാൽ, ക്യാമ്പസുകൾ സൗഹൃദപരവും സർഗാത്മകവുമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്ന ഇക്കാലത്ത്, എന്നോ കേരളത്തിലെ ക്യാമ്പസുകൾ തള്ളിക്കളഞ്ഞിട്ടുള്ള കൊലപാതക രാഷ്ട്രീയത്തിന് സർവപിന്തുണയും പ്രോത്സാഹനവും നൽകുന്നത് കെപിസിസി പ്രസിഡന്റായി  ചുമതലയേറ്റ കെ സുധാകരന്റെ ആഹ്വാനങ്ങളാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിൽ ‘തനിക്ക് ആർഎസ്എസിലേക്ക് പോകാൻ തോന്നിയാൽ പോകു’മെന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയാണ് കെ സുധാകരൻ. കോൺഗ്രസിനെ ഒരു സെമി കേഡർ സംവിധാനമാക്കി മാറ്റുമെന്നാണ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റയുടനെ സുധാകരൻ പ്രഖ്യാപിച്ചത്. ആർഎസ്എസിൽ ആകർഷണം തോന്നിയ സുധാകരൻ സെമി കേഡർ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ആർഎസ്എസ് മാതൃകയിലുള്ള ആക്രമണസംഘമായി കോൺഗ്രസിനെ ഒരുക്കുക എന്നതാണെന്നാണ് അതിനുശേഷമുള്ള സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

ജീവിതം തുടങ്ങിവരുന്ന ഇരുപതുകാരനെ ക്യാമ്പസിനകത്ത് കൊന്നുതള്ളിയ കൊലപാതകികളെ മനുഷ്യത്വത്തിന്റെ കണിക ഉള്ളിൽ ബാക്കിനിൽക്കുന്ന ആർക്കും സംരക്ഷിക്കാൻ കഴിയില്ല. എന്നാൽ, പ്രതികളെ തള്ളിപ്പറയുന്നതിനു പകരം പെരുംനുണകൾകൊണ്ട് കൊലയാളികൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്. ക്യാമ്പസുകളിൽ കെഎസ്‌യു ആക്രമണം നടത്തിയിട്ടില്ലെന്നും എസ്എഫ്ഐക്കാരാണ് എന്നും ആക്രമണകാരികൾ എന്നുമുള്ള ചൊല്ലിപ്പഴകിയ പച്ചക്കള്ളം വീണ്ടും ആവർത്തിച്ചിരിക്കുകയാണ് കെ സുധാകരൻ. കേരളത്തിൽ മാത്രം 35 ധീരരക്തസാക്ഷിത്വങ്ങളുടെ ഓർമകൾ ആവേശംപകരുന്ന സംഘടനയാണ് എസ്എഫ്ഐ. ഇവരിൽ പലരെയും കൊലപ്പെടുത്തിയത് കോൺഗ്രസും കെഎസ്‌യുവും ആണെന്ന വസ്തുത നിലനിൽക്കെയാണ് സുധാകരന്റെ ഈ പ്രസ്താവന. എന്നാൽ, ആക്രമണത്തിന് പ്രത്യാക്രമണമെന്നത് ഒരുകാലത്തും എസ്എഫ്ഐയുടെ നിലപാടായിരുന്നില്ല. എല്ലാ ആക്രമണത്തെയും അതിജീവിച്ചുകൊണ്ട് പുരോഗമന രാഷ്ട്രീയം ഉറക്കെ സംസാരിച്ച് വിദ്യാർഥികളെ അണിനിരത്തി കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും ആക്രമണരാഷ്ട്രീയത്തെ എതിർക്കാനാണ് എസ്എഫ്ഐ എന്നും ശ്രമിച്ചത്. എന്തൊക്കെ സംഭവിച്ചിട്ടും എസ്എഫ്ഐ പ്രവർത്തകരാൽ കെഎസ്‌യു പ്രവർത്തകർ കൊല്ലപ്പെടുന്ന സ്ഥിതി ഒരിക്കലും ഉണ്ടായിട്ടില്ലെന്നതു തന്നെയാണ് ഇതിനേറ്റവും വലിയ തെളിവ്.

1973ൽ തലശേരി ബ്രണ്ണൻ കോളേജിൽ കോളേജ് യൂണിയൻ ജനറൽ ക്യാപ്റ്റൻ ആയിരുന്ന അഷറഫിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയാണ് കെഎസ്‌‌യു കേരളത്തിലെ കലാലയങ്ങളിൽ കഠാര രാഷ്ട്രീയത്തിനു തുടക്കംകുറിച്ചത്. 1979ൽ തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന പി കെ രാജന്റെ ജീവനെടുത്തതും കെഎസ്‌യുവിന്റെ ഇതേ കഠാര രാഷ്ട്രീയമായിരുന്നു. 1977ൽ പന്തളം എൻഎസ്എസ് കോളേജിൽ വച്ചായിരുന്നു മുൻ പൊതുമരാമത്തു മന്ത്രിയായ ജി സുധാകരന്റെ സഹോദരൻ ജി ഭുവനേശ്വരനെ കെഎസ്‌യു ഗുണ്ടാപ്പട കൊലപ്പെടുത്തിയത്.

1988ൽ മണർക്കാട് സെന്റ് മേരീസ് കോളേജ് വിദ്യാർഥിയായിരുന്ന സാബുവിനെയും 2012ൽ എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജനെയും കൊലപ്പെടുത്തിയത് ഇക്കൂട്ടർ തന്നെയായിരുന്നു. ആർഎസ്എസ് ഗുണ്ടാപ്പടയുമായി ചേർന്നുകൊണ്ടാണ് 1994ൽ മടപ്പള്ളി ഗവ. കോളേജ് വിദ്യാർഥിയായിരുന്ന പി കെ രമേശനെ കെഎസ്‌യുക്കാർ കൊന്നുവീഴ്ത്തിയത്. 1982ലാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന സി വി ജോസിനെ കോൺഗ്രസ് സംഘം കുത്തിക്കൊലപ്പെടുത്തിയത്. ആ കേസിലെ പ്രധാന സാക്ഷിയായിരുന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വിദ്യാർഥി യൂണിയൻ ചെയർമാനും എസ്എഫ്ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന എം എസ് പ്രസാദ്. കേസിൽ സാക്ഷി പറഞ്ഞാൽ ജീവനെടുക്കുമെന്നുള്ള കോൺഗ്രസ് ഭീഷണിക്കുമുമ്പിൽ വഴങ്ങാതിരുന്ന പ്രസാദിനെ കൊല്ലാൻ ഇവർ തെരഞ്ഞെടുത്തത് 1984ലെ തിരുവോണനാളാണ്. വിദ്യാർഥികൾ ആകാംക്ഷയോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന കലോത്സവ വേദിയെപ്പോലും ചോരക്കളമാക്കി മാറ്റാൻ മടിയില്ലാത്തത്ര നിഷ്ഠുരമായ ഒരു സംഘടനയിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലല്ലോ. 1992-ൽ ഇന്റർ സോൺ കലോത്സവവേദിയിലാണ് എസ്എഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിയംഗമായിരുന്ന ആർ കെ കൊച്ചനിയനെ കെഎസ്‌യു ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത്.

സമാധാനത്തിന്റെ മുഖംമൂടിയണിഞ്ഞ കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും രക്തംപുരണ്ട ദംഷ്ട്രകൾ കേരള സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെട്ട സംഭവങ്ങളായിരുന്നു ഇതെല്ലാം. എന്നാൽ, കെഎസ്‌യുവോ കോൺഗ്രസോ ആക്രമണകാരികളായി അവതരിപ്പിക്കപ്പെടേണ്ടതില്ല എന്നതായിരുന്നു കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ തീരുമാനം. അതിനായവർ ആത്മാർഥമായി പണിയെടുത്തു.

തൊണ്ണൂറുകൾക്കുശേഷം കെഎസ്‌യുവിന്റെ ഗുണ്ടാ രാഷ്ട്രീയത്തിന് കേരളത്തിലെ ക്യാമ്പസുകളിൽ ആധിപത്യം നഷ്ടപ്പെടാൻ തുടങ്ങിയതോടെ, വിദ്യാർഥികൾ തമ്മിലുണ്ടാകുന്ന ചെറിയ തർക്കംപോലും കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് മുറവിളി കൂട്ടിക്കൊണ്ട് ഈ മാധ്യമങ്ങൾ പെരുപ്പിച്ചുകാണിച്ചു. കേരളത്തിലെ ക്യാമ്പസുകളെ അരാഷ്ട്രീയവൽക്കരിച്ചുകൊണ്ട്, എസ്എഫ്ഐ ഉയർത്തിപ്പിടിക്കുന്ന പുരോഗമനാശയങ്ങളിൽനിന്ന് വിദ്യാർഥികളെ അകറ്റിനിർത്തുകയെന്ന വലതുപക്ഷ അജൻഡ നടപ്പാക്കാൻ ഇതേ മാധ്യമങ്ങൾ കൊണ്ടുപിടിച്ചു ശ്രമിച്ചു.  വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന എസ്എഫ്ഐക്കാരുടെ തല ലാത്തികൊണ്ട് തല്ലിപ്പൊളിക്കുക എന്നതാണ് കേരളം ഭരിക്കുമ്പോഴൊക്കെ കോൺഗ്രസ് സർക്കാർ സ്വീകരിച്ച നയം. വിദ്യാർഥികളുടെ തലയിൽനിന്ന് വാർന്നുവീഴുന്ന രക്തംകൊണ്ട് ഇക്കൂട്ടർ താണ്ഡവമാടുമ്പോഴും അടിയേറ്റ് അവശരായിക്കിടക്കുന്ന വിദ്യാർഥികളെ നോക്കി ആക്രമണകാരികളാണെന്ന് ആക്രോശിക്കുകയാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ ചെയ്തിരുന്നത്. ഒരുവശത്ത് ക്യാമ്പസുകളിൽ തുടരെത്തുടരെ കൊലപാതകം നടത്തിയ കെഎസ്‌യുവിനും കോൺഗ്രസിനുംനേരെ കണ്ണടയ്ക്കുന്ന മാധ്യമങ്ങൾ, കേരളത്തിന്റെ ക്യാമ്പസുകളുടെ ചരിത്രത്തിൽ എസ്എഫ്ഐക്കാരാൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന വസ്തുത ഇപ്പോഴും സൗകര്യപൂർവം മറച്ചുപിടിക്കുന്നു. എന്നിട്ട് എസ്എഫ്ഐയെ ആക്രമണകാരികളായി ചിത്രീകരിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

വലതുപക്ഷ മാധ്യമങ്ങളുടെ നിർലോഭമായ ഈ പിന്തുണയാണ് കോൺഗ്രസിനും ബിജെപിക്കും ആർഎസ്എസ്, -ജമാ അത്തെ ഇസ്ലാമി, -എസ്ഡിപിഐ  ഉൾപ്പെടെയുള്ള സംഘങ്ങൾക്കും ഇടതുപക്ഷത്തിനുനേരെ ആക്രമണങ്ങൾ നടത്തുന്നതിന് സഹായകരമാകുന്നത്. ഇടതുപക്ഷത്തിന്റെ ചെറിയ തെറ്റുപോലും സൂക്ഷ്മമായി അടർത്തിയെടുത്ത്‌ പെരുപ്പിച്ചുകാണിക്കുന്ന ഈ മാധ്യമങ്ങൾ, കോൺഗ്രസിന്റെയും ആർഎസ്എസിന്റെയും നിഷ്ഠുരമായ ആക്രമണങ്ങൾക്ക് നിശ്ശബ്ദതയുടെ തണലൊരുക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ കൊലപാതക രാഷ്ട്രീയങ്ങളുടെ ചോരക്കറകൾ വലതുപക്ഷ പാർടികളോടൊപ്പം വലതുപക്ഷ മാധ്യമങ്ങളിലും പുരണ്ടിട്ടുണ്ടെന്നുള്ളത് നിഷേധിക്കാനാകില്ല.

കേരളത്തിന്റെ ക്യാമ്പസുകളിൽനിന്നും വിദ്യാർഥി മനസ്സുകളിൽനിന്നും എന്നോ പുറന്തള്ളപ്പെട്ടതാണ് കെഎസ്‌‌യു. ഓരോ വർഷം കഴിയുന്തോറും എസ്എഫ്ഐ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും സർഗാത്മകതയുടെയും തുല്യനീതിയുടെയും രാഷ്ട്രീയത്തിന്റെ കീഴിൽ കൂടുതൽ കൂടുതൽ വിദ്യാർഥികൾ അണിചേരുകയാണ്. അഷറഫിന്റെയും എം എസ് പ്രസാദിന്റെയും സി വി ജോസിന്റെയും ഭുവനേശ്വരന്റെയും കൊച്ചനിയന്റെയും കലാലയങ്ങൾ മാത്രമല്ല, കേരളത്തിലെ ഭൂരിഭാഗം കലാലയവും മുഴുവൻ സർവകലാശാലയും നയിക്കുന്ന പ്രസ്ഥാനമായി എസ്എഫ്ഐ മാറി. ധീരരക്തസാക്ഷികൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ കേരളത്തിലെ വിദ്യാർഥി സമൂഹമൊന്നാകെ നെഞ്ചേറ്റി. എന്നാൽ, ഒരിഞ്ചുപോലും മുന്നോട്ടുപോകാതെ കൊലക്കത്തികൊണ്ടു മാത്രം വിദ്യാർഥികളെ അടക്കിഭരിക്കാമെന്ന മിഥ്യാബോധത്തിലാണ് കെഎസ്‌യുവും അവർക്ക് എല്ലാ ഒത്താശയും ചെയ്യുന്ന കോൺഗ്രസും.

ഓരോ സഖാവിനെയും കൊന്നുതള്ളുമ്പോൾ എസ്എഫ്ഐ തളർന്നുപോകുമെന്നാണ് ആക്രമണകാരികൾ പ്രതീക്ഷിക്കുന്നത്. അവരുടെ സഖാക്കൾ ഭയപ്പെട്ട് ഈ പ്രസ്ഥാനത്തിൽനിന്ന് മാറിനിൽക്കുമെന്നും. എന്നാൽ, 40 വർഷംമുമ്പ് കെഎസ്‌യുക്കാരുടെ കത്തിമുനയിൽ ചക്രക്കസേരയിലായ ജീവിതം, മരിക്കുന്നതുവരെ രാജ്യമെമ്പാടുമുള്ള വിദ്യാർഥിസമൂഹത്തിന് പോരാട്ടവീര്യം പകരാൻ നീക്കിവച്ച സൈമൺ ബ്രിട്ടോയുടെ സഖാക്കൾ എങ്ങനെ തളരാനാണ്? സാക്ഷി പറഞ്ഞാൽ കൊന്നുകളയുമെന്ന ഗുണ്ടകളുടെ ഭീഷണിക്കുമുമ്പിൽ ഒരിഞ്ചുപോലും പതറാതെ തന്റെ സഖാവിന്റെ ജീവനെടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോരാടി രക്തസാക്ഷിത്വം വരിച്ച എം എസ് പ്രസാദിന്റെ പിന്മുറക്കാർ എന്തിനെ ഭയപ്പെടാനാണ്? ധീരരക്തസാക്ഷികളുടെ ഓർമകൾ ക്യാമ്പസുകളൊട്ടാകെ തീജ്വാലയായി ആളിപ്പടരുകയാണ്. അവർ പിടിച്ച ശുഭ്രപതാക കൂടുതൽ ഉയരത്തിൽ പറക്കുകയാണ്. അവർ വിളിച്ച മുദ്രാവാക്യങ്ങൾ കൂടുതൽ ഉച്ചത്തിൽ മുഴങ്ങുകയാണ്.

  സഖാവ് ധീരജിന്റെ ഓർമകളെ എസ്എഫ്ഐ മുറുകെ പിടിക്കും. കേരളത്തിലെ ക്യാമ്പസുകളിൽനിന്ന് കഠാര രാഷ്ട്രീയത്തെ പൂർണമായും പുറന്തള്ളാനുള്ള പ്രവർത്തനങ്ങൾ എസ്എഫ്ഐ സംഘടിപ്പിക്കും. ആ പോരാട്ടത്തിന് സഖാവ് ധീരജിന്റെ ഓർമകൾ കരുത്തുപകരും. പ്രിയ സഖാവിന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top