29 March Wednesday

‘ അംബാാാാാ.... സഡർ ’

സികെഡിUpdated: Friday Dec 23, 2022

ക്രിക്കറ്റിൽ പന്ത്‌ അടിച്ച്‌ ഓടുന്ന ബാറ്റ്‌സ്‌മാനെ ‘അടിയോടി’ എന്നും ബൗളറെ ‘ഏറാടി’ എന്നും വിളിച്ച വികെഎൻ പാരമ്പര്യമുള്ള മലയാളത്തിന്‌ നർമനിലവാരം ശ്ശി കൂടും.

രാജ്യസഭയിലും കഴിഞ്ഞദിവസം ഒരെണ്ണം എരമ്പി; ‘അംബാസഡർ’ എന്ന അംഗ്രേസിക്ക്‌ കിടിലൻ മലയാളം –- വി മുരളീധരൻ! കണ്ടാൽ തോന്നില്ലെങ്കിലും അത്യാവശ്യം ‘സരസത്വം’ കൈയിലുണ്ട്‌ വഹാബദ്യത്തിന്‌. ambassador ന്‌ ശ്രീകണ്‌ഠേശ്വരം മുതൽപേരുടെ അർഥങ്ങൾ രാജ്യപ്രതിനിധി, സ്ഥാനപതി, ദൂതൻ, രാജദൂതൻ എന്നൊക്കെയാണ്‌.

എന്നാൽ, മുരളീധരനാകുമ്പോൾ ഒന്ന്‌ മാറ്റിപ്പിടിക്കാം. റോഡുകളിൽ അനവധി അത്യന്താധുനി ‘കാർ’ കുതിച്ചുപായുമ്പോൾ ഇടയ്ക്ക്‌ പുകയുംതള്ളി കെട്ടുവള്ളംപോലെ ഒരെണ്ണം മുന്നിൽവരും; പ്രേത സിനിമകളിലൊക്കെ കാണാറുള്ള കറുത്ത അംബാസഡർ! ഡ്രൈവർമാർ വിളിക്കുക ‘വഴിമുടക്കി’ എന്ന്‌. കിം ബഹുന? ഇതിലും നല്ല വിശേഷണമുണ്ടോ? മോദിയുടെ പിന്നിൽവന്ന്‌ ഇടയ്‌ക്കിടെ തല പുറത്തിട്ട്‌ ക്യാമറയെ വന്ദിക്കുന്ന മന്ത്രി എന്ന്‌ ടി ജി മോഹൻദാസ്‌ വിളിച്ച അതേ വിദ്വാനെ ‘അംബാാാ...സഡർ’ എന്ന്‌ നീട്ടിവിളിക്കാം.

കേരളം ഒരു ഗതിയും പരഗതിയും പിടിക്കരുത്‌ എന്നാണ്‌ ചിന്ത. എല്ലാ ദേശീയപാതകൾക്കും 25 ശതമാനം വിഹിതം നൽകാൻ  ബുദ്ധിമുട്ടാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ ക്യാബിനറ്റ്‌ മന്ത്രിയായ നിതിൻഗഡ്‌കരിക്ക്‌ അത്‌ മനസ്സിലായി; ‘നമുക്ക്‌ ഒന്നിച്ച്‌ പരിഹരിക്കാം’ എന്ന്‌ മറുപടി. സാക്ഷാൽ മോദിജിയാണെങ്കിലും അങ്ങനെയേ പറയൂ (ചെയ്ത്ത്‌ എന്തുമാകട്ടെ). എന്നാൽ, മലയാളിയായ ഈ മന്ത്രി അടുത്ത ബിമാനം പിടിച്ചു. ദേശീയപാതകൾക്ക്‌ പണം കൊടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക വായിക്കാൻ തുടങ്ങി. ഏതെങ്കിലും വകുപ്പിൽ എന്തെങ്കിലും സ്വന്തംനാടിന്‌ കിട്ടട്ടെ എന്നല്ല, മുടക്കാനാണ്‌ തത്രപ്പാട്‌.

സിൽവർ ലൈൻ ഒരു കാരണവശാലും കൊടുക്കരുതെന്ന നിവേദനം കണ്ട്‌  ക്യാബിനറ്റ്‌ മന്ത്രി തന്നെ ഞെട്ടി; ‘നാട്ടുകാരോട്‌ നല്ല സ്‌നേഹമുള്ള മന്ത്രി’ എന്ന്‌ ആത്മഗതവും. സ്വയം ഒരു വിശ്വാസം പോരാത്തതുകൊണ്ട്‌ ഇ ശ്രീധരൻജിയെയും കൂട്ടിയിരുന്നു. അന്ന്‌ ക്യാബിനറ്റ്‌ മന്ത്രിയും ഏറ്റു: ‘‘ശരി കൊടുക്കില്ല’’! തുടർന്ന്‌ കഴക്കൂട്ടത്തെത്തി വി മുരളീധരൻ സിൽവർ ലൈനിന്‌ ഭൂമി തടയലായി.  ആദ്യവീട്ടിലെ ദമ്പതികൾ ആധാരമുയർത്തി കാട്ടി പറഞ്ഞു: ‘‘എത്ര ഭൂമിയും കൊടുക്കാൻ തയ്യാറാണ്‌, പദ്ധതി വരട്ടെ.’’ പിന്നെ രണ്ട്‌ മാസത്തേക്ക്‌ ആളെ കണ്ടില്ല. 

ചാനൽ പരിപാടിയിൽ എം കെ സ്‌റ്റാലിൻ മഹാഅഴിമതിക്കാരനാണെന്ന്‌ തട്ടിവിട്ടു. അതിനുശേഷം വിമാനത്തിൽ പോലും തമിഴ്‌നാടിന്റെ മുകളിലൂടെ പോകില്ല. പെട്രോൾ വിലന്യായീകരണ ഭാഷ മലയാള സിലബസിൽ ഉൾപ്പെടുത്തണമെന്ന്‌ ഭാഷാപണ്ഡിതർ.  തരൂർ പണ്ടൊരു ‘തേപ്പ്‌’ കൊടുത്തതോടെ ആ വഴിക്കും പോകാതായി. ‘മോദിയുടെ താടിയും ജിഡിപിയും താഴേക്ക് -’ എന്ന്‌ തരൂർ ട്വീറ്റ്‌ ചെയ്തു. അതിന്‌ വഴിമുടക്കി മന്ത്രിയുടെ മറുപടി: ‘താങ്കളുടെ അസുഖത്തിന് ആയുഷ്ഭാരത് ആശുപത്രിയിൽ ചികിത്സയുണ്ട് -’. അപ്പോൾ തരൂർ: ‘ഒരു തമാശ പോലും ആസ്വദിക്കാൻ കഴിയാത്ത പ്രശ്‌നം താങ്കളെ പോലുള്ള സംഘികൾക്ക് മാറാരോഗം ’ !

ഇങ്ങനെ മേടിച്ചുകൂട്ടുന്നതിന്റ കൂടെ ഇരിക്കട്ടെ ഒരു ‘അംബാസഡറും’ !


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top