23 September Thursday

പരീക്ഷണകാലത്തെ പരീക്ഷാവിജയം - വി മധുസൂദനൻ നായർ എഴുതുന്നു

വി മധുസൂദനൻ നായർUpdated: Thursday Jul 15, 2021

പതിവില്ലാത്തൊരു രീതിയിലാണ് ഈ വർഷം നമ്മുടെ കുഞ്ഞുങ്ങൾക്ക് പഠനവും പരീക്ഷയെഴുത്തും നിർവഹിക്കേണ്ടിവന്നത്. ഈ അനുഭവം അവർക്ക് സൗകര്യമോ അസൗകര്യമോ ഏതാണ് കൂടുതലുണ്ടാക്കിയതെന്ന്‌ നിശ്ചയമില്ല. ഗുണമോ ദോഷമോ ഏതാണ് കൂടുതലെന്നും ചിന്തിക്കേണ്ടതുണ്ട്. ശീലിച്ചുവന്ന ക്രമങ്ങളിൽനിന്നുള്ള മാറ്റം കുഞ്ഞുങ്ങളുടെ ബോധത്തിന്റെയും വിജ്ഞാനത്തിന്റെയും തലങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കാം? അവരുടെ ആത്മവിശ്വാസത്തെ എങ്ങനെ ഉലച്ചിരിക്കാം! എന്നാലും അവർക്ക് പരമാവധി സഹായം ചെയ്യാൻ സർക്കാരും വിദ്യാഭ്യാസ അധികൃതരും രക്ഷിതാക്കളുമെല്ലാം ശ്രമിച്ചല്ലോ. അതിന്റെ പ്രതിഫലനം ഈ വർഷത്തെ പരീക്ഷാഫലങ്ങളിലൂടെ കുഞ്ഞുങ്ങളിലുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

എത്ര മികച്ച രീതിയിൽ മാർക്കും ഗ്രേഡും നേടി എന്നതിനനുസരിച്ചാകുമല്ലോ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും ആശ്വാസവും അസ്വസ്ഥതയും. അടുത്ത കോഴ്സിലേക്കുള്ള പ്രവേശനം, സമൂഹത്തിലുള്ള അഭിമാനം തുടങ്ങിയവ ഉൽക്കണ്ഠകൾ വർധിപ്പിക്കാനിടയുണ്ട്. കോവിഡ് വ്യാപനം പോലുള്ള വെല്ലുവിളികൾ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും പ്രതികൂലതകളെ തരണം ചെയ്യാൻ പുതിയ ശക്തി പകരുമെന്നാണ് കരുതുന്നത്. ഇത്തരം ബാധകൾ പുതിയ പരീക്ഷണങ്ങളിലേക്കും സ്വയംപര്യാപ്തിയിലേക്കും തളരാത്ത കർമങ്ങളിലേക്കും കുരുന്നുകളെ നയിക്കുമാറാകണം. തന്റെ ഫോൺ കൂടുകളിലൊതുങ്ങി അറിവിന്റെ ലോകത്തെ യാന്ത്രികമായി സമീപിക്കുന്നതിനപ്പുറം, മഹാസമൂഹത്തെ മനസ്സുകൊണ്ടും സമ്പർക്കംകൊണ്ടും അനുഭവിച്ചറിയാനുള്ള വിശാലതയിലേക്ക് അവർ വീണ്ടും പ്രവേശിക്കുമാറാകണം. മഹാപുരുഷന്മാർ അങ്ങനെയായിരുന്നു. ക്ലേശിക്കാനും ക്ലേശം ഫലിപ്പിക്കാനും കഴിയുമ്പോൾ കൗമാരവും യൗവനവും നാടിനു മാതൃകയും സമ്പത്തുമായി തീരുന്നു.

അങ്ങനെ നവയുവത്വത്തെ സൃഷ്‌ടിക്കാനാകുംവിധമാണ്‌ ഈയിടെ നമ്മുടെ പൊതുവിദ്യാലയങ്ങളെ ഉജ്ജീവിപ്പിച്ചത്‌. അവയിൽ കുഞ്ഞുങ്ങളിലൂടെ സമൂഹജീവിതവും സഹകരണവും സൗഹാർദവുമാണ്‌ വളരുവാൻ തുടങ്ങിയത്‌. കോവിഡ്‌ വിദ്യാലയങ്ങളെ സ്‌തംഭിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും തമ്മിലുണ്ടാകേണ്ട ആത്‌മബന്ധം അതോടെ ഒട്ടൊക്കെ അടഞ്ഞു. ദൃശ്യമാധ്യമ സങ്കേതം സ്വീകരിക്കാതെ വയ്യെന്നായി. അതുകൊണ്ട്‌ അധ്യാപകർക്കും വിദ്യാർഥികൾക്കുമുണ്ടായ ക്ലേശങ്ങളും കുറവുകളും ചില്ലറയല്ലെന്നൂഹിക്കുന്നു. ഏറെയേറെ സമയം ചെറിയ ഫോണിൽ നിഴൽപ്പടം ദ്വിമാനവിതാനത്തിൽ നോക്കിയിരിക്കുകയും തീരെച്ചെറിയ അക്ഷരങ്ങൾ വായിക്കുകയും ചെയ്യുമ്പോൾ കണ്ണിനും മനസ്സിനും തലച്ചോറിനുമുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന്‌ ആരെങ്കിലും പഠിച്ചിട്ടുണ്ടോ എന്നറിയില്ല. അവരുടെ ധാരണാശേഷികളിലും വൈകാരികതയിലും വരുന്ന വ്യത്യാസങ്ങളെയും ശാരീരിക ഭദ്രതയ്‌ക്കുണ്ടാകുന്ന ദോഷങ്ങളെയും കൂടെ പഠിക്കാവുന്നതാണ്‌. ഒരു വിപത്‌സന്ധിയിൽ എന്തായാലും ഈ വിധമുള്ള പോംവഴികൾ അത്യാവശ്യമാണ്‌. ഈ സംഘർഷങ്ങൾക്കും അസൗകര്യങ്ങൾക്കുമിടയിൽ മനഃശരീരങ്ങളുടെ ആരോഗ്യത്തെ അധികം ബാധിക്കാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ തയ്യാറായ കുഞ്ഞുങ്ങൾ മിടുക്കരാണ്‌. 

കുഞ്ഞുങ്ങളെ പരീക്ഷയ്‌ക്കു തയ്യാറെടുപ്പിക്കുന്നതിൽ അധ്യാപകർ സഹിച്ച കഷ്‌ടപ്പാടുകളെയും ശ്രദ്ധിക്കണം. രാത്രിയെന്നോ പകലെന്നോ ശ്രദ്ധിക്കാതെ യന്ത്രത്തിനുമുന്നിൽ കുത്തിയിരിക്കുന്ന അധ്യാപകരുടെ അവസ്ഥ ആലോചിക്കാം. ‘പാസ്‌പോർട്ട്‌ സൈസിൽ കുട്ടികളെ കണ്ടുകണ്ട്‌ കണ്ണ്‌ ചെറുതായി’ എന്നാണ്‌ അധ്യാപകരിലൊരാൾ പറഞ്ഞത്‌. ഈ അനുഭവത്തിൽ ഒരുപാട്‌ ദോഷങ്ങളുടെ സൂചനകളുണ്ട്‌. എന്തായാലും കുട്ടികളുടെ പഠനത്തിൽ ഏറെ കഷ്‌ടപ്പെടുകയും ആത്‌മാർഥതയോടെ അധ്വാനിക്കുകയും ചെയ്‌ത അധ്യാപകരെ അഭിനന്ദിക്കണം; സാങ്കേതികവിദ്യയും ഭൗതിക സാഹചര്യവും ഒരുക്കിയവരെയും.

പുതിയ സംവിധാനത്തിൽ എല്ലാ സൗകര്യങ്ങളും പര്യാപ്‌തമാംവിധം കിട്ടാത്ത കുറെ കുഞ്ഞുങ്ങളുണ്ട്‌. അവരുടെ മാനസികാവസ്ഥയും നിസ്സഹായതയും സംഭ്രാന്തിയും രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥയും മനസ്സിലാക്കാനും അവരെ ആകുന്നത്ര തുണയ്‌ക്കാനും സർക്കാരും സമൂഹവും ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നു. വിദ്യാലയങ്ങൾ മിക്കവാറും സമത്വകേന്ദ്രങ്ങളാണ്‌. അവിടെ കുഞ്ഞുങ്ങൾ പൊതുവേ വേർതിരിക്കപ്പെടുന്നില്ല. വ്യക്‌തിബന്ധവും അധ്യാപക ശ്രദ്ധയും അന്യോന്യ സഹകരണവും വിദ്യാലയങ്ങളിൽ കുട്ടികൾക്ക്‌ വലിയൊരളവോളം തുല്യതാബോധം പകരും. അങ്ങനെ സ്വഭാവ രൂപീകരണകേന്ദ്രങ്ങൾ കൂടിയാണ്‌ വിദ്യാലയങ്ങൾ. വീട്ടിൽ തനിയേ ആകുമ്പോൾ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ ലഭ്യതയും അലഭ്യതയും മറ്റും ചിലപ്പോൾ കുഞ്ഞുങ്ങളിൽ അപകർഷതയോ വേദനയോ നൈരാശ്യമോ ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെന്നു തോന്നുന്നു. (ഇത്‌ സമൂഹത്തിലുണ്ടാകുന്ന മറ്റൊരു പകർച്ച വ്യാധിയാണ്‌). ഇതിനെയും അതിജീവിക്കുന്ന കുട്ടികളുണ്ടാകാം; ഉണ്ടാകണം. അവരാണ്‌ ലോകത്തിന്റെ കരുത്ത്‌. കോവിഡ്‌ താണ്ഡവങ്ങൾക്കിടയിലും കുട്ടികളെ വീട്ടിൽച്ചെന്നു പഠിപ്പിക്കുകയും അടുത്തടുത്ത വീടുകളിലുള്ളവരെ ഒരിടത്തുചേർത്തുവച്ചു പഠിപ്പിക്കുകയും ചെയ്യാൻ തയ്യാറായ അധ്യാപകരെക്കുറിച്ചും അറിയാൻ കഴിഞ്ഞു. അവരെ എത്ര നമസ്‌കരിച്ചാലും മതിയാകില്ല. അവരെക്കണ്ടിട്ട്‌ അവരെപ്പോലെ അധ്യാപകരായിത്തീരണം എന്നാഗ്രഹിക്കുന്ന എത്ര കുട്ടികൾ ഇനിയത്തെ തലമുറയിലുണ്ടാകും.

മാരകമായ കൊടുങ്കാറ്റുകൾക്കിടയിലും ഇരുട്ടുകടഞ്ഞ്‌ വെളിച്ചമുദിപ്പിക്കാൻ വ്രതമെടുത്തവരാണ്‌ ആ അധ്യാപകരും വിദ്യാർഥികളും. ഒരു വർഷത്തിലേറെക്കാലം നീണ്ട ഉപവാസം അവരെ അതിന്‌ ശക്‌തിയുള്ളവരാക്കിയല്ലോ. അതാണ്‌ നിശ്‌ചയദാർഢ്യം. മഹാമാരിക്കാലം നമുക്ക്‌ അനധ്യായ കാലമായില്ല. അവനവന്റെ വിജയത്തിനും കർത്തവ്യനിർവഹണത്തിനും വേണ്ടി മാത്രമാകാം ചിലർക്കിത്‌. എങ്കിലും നമുക്ക്‌ ലഭിക്കുന്ന ഭൂരിപക്ഷ പാഠം, കോളിളക്കങ്ങളിൽ തകരാതെ വഞ്ചി മുന്നോട്ടു തുഴയാൻ കഴിയുമെന്നതുതന്നെയാണ്‌, നമ്മുടെ കുഞ്ഞുങ്ങൾ അതിനു സന്നദ്ധരാകുമെന്ന്‌ തന്നെയാണ്‌.

ആപൽക്കാലത്തുണ്ടാക്കിയ ഈ അധ്യയന പരീക്ഷാ സംവിധാനം നാളത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലും സാമൂഹ്യ വ്യക്‌തിജീവിതത്തിലും ജ്ഞാന വിജ്ഞാന പോഷണത്തിലും മൂല്യ സങ്കൽപ്പങ്ങളിലും എന്തൊക്കെയോ പരിവർത്തനങ്ങൾ വരുത്തിയേക്കാം; സമ്പത്തിന്റെ രംഗത്തുപോലും. എങ്ങനെയായാലും നമ്മുടെ പൊതു വിദ്യാഭ്യാസരംഗത്തുള്ള തുടർ പ്രവർത്തനങ്ങളെയും അതുമൂലം കൈവരാവുന്ന സാമൂഹ്യ സമത്വത്തെയും ആ പരിവർത്തനങ്ങൾ ദോഷകരമായി ബാധിക്കാതിരിക്കണം. ഈ പരീക്ഷ ഒരു വൈതരണി പരീക്ഷണം തന്നെയായിരുന്നു. അത്‌ വിജയകരമായി തരണം ചെയ്‌ത കുഞ്ഞുങ്ങളെയും അവർക്കു തുണയായ അധ്യാപകരെയും അഭിനന്ദിക്കുന്നു. കുഞ്ഞുങ്ങൾക്ക്‌ വയറിന്റെയും മനസ്സിന്റെയും അന്നം മുടക്കാതെ, അവരുടെ ആത്‌മബലം ചോരാതെ അവരെ പ്രകാശപന്ഥാവിലേക്ക്‌ കരുതലോടെ നയിച്ച സർക്കാരിന്‌, കുട്ടികളോടുള്ള സർക്കാരിന്റെ വാത്സല്യത്തിന്‌ പ്രത്യേക നമസ്‌കാരം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top