02 July Saturday

ഹിന്ദുത്വവർഗീയത ചെറുക്കും - വി ബി പരമേശ്വരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 11, 2022

ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുക, അതിനായി യോജിച്ച പോരാട്ടം ഉയർത്തിക്കൊണ്ടുവരിക, എന്ന സന്ദേശത്തോടെയാണ്‌ അഞ്ച്‌ ദിവസമായി കണ്ണൂരിൽ ചേർന്ന സിപിഐ എമ്മിന്റെ 23–-ാം പാർടി കോൺഗ്രസ്‌ സമാപിച്ചത്‌. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രമായ കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും മൊറാഴയുടെയും മണ്ണിൽവച്ചാണ്‌ വർഗീയതയ്‌ക്കെതിരായ ശക്തമായ പോരാട്ടത്തിന്‌ സിപിഐ എം ആഹ്വാനം ചെയ്‌തത്‌. സാമ്രാജ്യത്വത്തെ തോൽപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്‌ കമ്യൂണിസ്‌റ്റുകാരാണെങ്കിൽ വർഗീയതയെ തോൽപ്പിക്കുന്നതിലും അവർക്ക്‌ നേതൃപരമായ പങ്കുവഹിക്കാനുണ്ടെന്ന ആഹ്വാനമാണ്‌ പാർടി കോൺഗ്രസ്‌ നടത്തിയത്‌. മതനിരപേക്ഷ ഇന്ത്യയെ, ഭരണഘടനയെ സംരക്ഷിക്കുന്നതിനോടൊപ്പം ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കമ്യൂണിസ്‌റ്റുകാരുടെ കടമയാണ്‌. എല്ലാ ഭരണഘടനാസ്ഥാപനത്തെയും വർഗീയവൽക്കരിക്കാനുള്ള നീക്കം തടയുകയും വേണം. ഹിന്ദുത്വ വർഗീയതയെ ആശയപരമായും രാഷ്ട്രീയപരമായും സംഘടനാപരമായും പരാജയപ്പെടുത്താൻ കഴിയുന്ന ഏകശക്തി സിപിഐ എമ്മും ഇടതുപക്ഷവുമാണ്‌. മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്ന കോൺഗ്രസിന്‌ തീവ്രഹിന്ദുത്വത്തെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന്‌ മാത്രമല്ല, അതിനെ വളർത്താനേ കഴിയൂ. അതുകൊണ്ടാണ്‌, വർഗീയശക്തികൾ സിപിഐ എമ്മിനെ ഏറ്റവും പ്രധാനശത്രുവായിക്കണ്ട്‌ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്‌.

ത്രിപുരയിൽ ബിജെപി അധികാരം നേടിയപ്പോൾ പ്രധാനമന്ത്രി മോദി പറഞ്ഞത്‌ തങ്ങളുടേത്‌ പ്രത്യയശാസ്‌ത്ര വിജയമാണെന്നാണ്‌. ഏറ്റവും അപകടകാരിയായ രാഷ്ട്രീയശത്രു കമ്യൂണിസ്‌റ്റുകാരാണെന്ന്‌ അടുത്തിടെപോലും പ്രധാനമന്ത്രി പറയുകയുണ്ടായി. ഇതിന്‌ കാരണം അവരെ ഭയമേതുമില്ലാതെ, വിട്ടുവീഴ്‌ചയില്ലാതെ എതിർക്കുന്ന രാഷ്ട്രീയശക്തി കമ്യൂണിസ്‌റ്റുകാരാണെന്നതു കൊണ്ടാണ്‌. ഈ നിരീക്ഷണം ശരിവയ്‌ക്കുന്ന തീരുമാനമാണ്‌ 23–-ാം പാർടി കോൺഗ്രസ്‌ കൈക്കൊണ്ടതും. സമാനശക്തികളുമായി കൈകോർത്ത്‌ ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താനാണ്‌ പാർടി കോൺഗ്രസ്‌ ആഹ്വാനം ചെയ്‌തത്‌. ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുക മാത്രമല്ല, രാഷ്ട്രീയമായും പ്രത്യയശാസ്‌ത്ര തലത്തിലും തോൽപ്പിക്കണമെന്ന ആഹ്വാനമാണ്‌ പാർടി കോൺഗ്രസ്‌ നടത്തിയത്‌.

മോദി സർക്കാരിന്റെ സഹായത്തോടെ രാജ്യത്ത്‌ ശക്തിപ്പെടുന്ന ഹിന്ദുത്വ ഫാസിസ്‌റ്റ്‌ ശക്തികളെ പരാജയപ്പെടുത്തണമെങ്കിൽ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷം കരുത്താർജിക്കണം. അതിനുള്ള ചർച്ചകളും സമീപനങ്ങളുമാണ്‌ പാർടി കോൺഗ്രസിൽ ഉണ്ടായത്‌. ഇതിന്റെ ഭാഗമായാണ്‌ 17 പുതുമുഖങ്ങളെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്‌. വനിതകളുടെ പ്രാതിനിധ്യം 20 ശതമാനത്തോളമായി ഉയർത്തുകയും ചെയ്‌തു. കേരളത്തിൽനിന്ന്‌ പുതുതായി കേന്ദ്ര കമ്മിറ്റിയിൽ എത്തിയ നാല്‌ പേരിൽ രണ്ടുപേരും വനിതകളാണ്‌. സിപിഐ എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദളിത്‌ മുഖം പൊളിറ്റ്‌ബ്യൂറോയിൽ എത്തുകയും ചെയ്‌തു. അവശ ജനവിഭാഗങ്ങളുടെ പോരാട്ടഭൂമിയിൽ നടന്ന കോൺഗ്രസിലാണ്‌ ഇത്തരമൊരു സുപ്രധാന തീരുമാനവും ഉണ്ടായത്‌. കേന്ദ്ര കമ്മിറ്റിയിലെ അംഗസംഖ്യ കുറഞ്ഞെങ്കിലും കൂടുതൽ സജീവമായി പ്രവർത്തിക്കുന്ന ഒരു കമ്മിറ്റിയെയാണ്‌ പാർടി കോൺഗ്രസ്‌ വിഭാവനം ചെയ്‌തത്‌.

ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി യോജിച്ച സമരമുഖം തുറക്കാനും പാർടി കോൺഗ്രസ്‌ തീരുമാനിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ട സമരത്തിന്‌ സമാനമായ സമരങ്ങൾ ഭാവിയിലും വളർത്തിക്കൊണ്ടുവരാനാണ്‌ ആഹ്വാനം. കർഷകസമരത്തിന്‌ നാന്ദികുറിച്ച ലോങ്‌മാർച്ച്‌ നടത്തിയത്‌ അഖിലേന്ത്യാ കിസാൻസഭയായിരുന്നു. അടുത്ത വർഷം പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനവേളയിൽ ലക്ഷക്കണക്കിന്‌ വരുന്ന കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ട്രേഡ്‌യൂണിയനുകളുടെയും സംയുക്തമാർച്ച്‌ നടത്താനും സമ്മേളനം ആഹ്വാനം ചെയ്യുകയുണ്ടായി. കമ്യൂണിസ്‌റ്റ്‌ സമരശേഷിക്ക്‌ ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന്‌ തെളിയിക്കുന്നതായിരിക്കും ഈ പ്രക്ഷോഭം. പാർലമെന്റിലെ സീറ്റിന്റെ ബലത്തിലല്ല, ജനകീയ പോരാട്ടങ്ങൾ വളർത്തിക്കൊണ്ടുവരാനുള്ള ശേഷിയുടെ അടിസ്ഥാനത്തിലായിരിക്കണം കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കരുത്ത്‌ അളക്കേണ്ടത്‌ എന്നർഥം.

പാർടി കോൺഗ്രസ്‌ നൽകിയ മറ്റൊരു സന്ദേശം ഫെഡറലിസം സംരക്ഷിക്കുന്നതിന്‌ മറ്റ്‌ സംസ്ഥാനങ്ങളെ യോജിപ്പിച്ച്‌ സമരമുഖം തുറക്കുമെന്നതാണ്‌. പാർടി കോൺഗ്രസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സെമിനാർ അതിന്റെ ഭാഗമായി വേണം കരുതാൻ. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും എഐസിസി അംഗം കെ വി തോമസും ഈ സെമിനാറിൽ പങ്കെടുക്കുകയുണ്ടായി. കോൺഗ്രസ്‌ നേതൃത്വത്തിന്റെ വിലക്ക്‌ ലംഘിച്ചാണ്‌ കെ വി തോമസ്‌ സെമിനാറിൽ പങ്കെടുത്തത്‌. ദേശീയ മാധ്യമങ്ങളിൽപ്പോലും പ്രധാന വാർത്തയായ രാഷ്ട്രീയനീക്കമാണ്‌ കണ്ണൂരിൽ നടന്നത്‌. ഫെഡറലിസത്തിൽ ഊന്നുന്ന ഇന്ത്യൻ ഭരണഘടനയെ കേന്ദ്രീകൃത സംവിധാനത്തിലേക്ക്‌ മാറ്റി സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ അടിമകളാക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെയുള്ള സംസ്ഥാനങ്ങളുടെ രോഷമാണ്‌ കണ്ണൂരിലെ സെമിനാറിൽ കണ്ടത്‌. ദിനമെന്നോണം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുകയാണ്‌ കേന്ദ്രം. ഗവർണർമാർ കേന്ദ്രസർക്കാരിന്റെ ഏജന്റിനെപ്പോലെയാണ്‌ പ്രവർത്തിക്കുന്നത്‌. സംസ്ഥാന വിഷയങ്ങളിൽപ്പോലും കേന്ദ്രം നിയമനിർമാണം നടത്തുകയാണ്‌. എഫ്‌ആർബിഎം ആക്‌ടും ജിഎസ്‌ടിയും പെട്രോളിയം ഉൽപ്പന്നങ്ങളിൽ ചുമത്തുന്ന സെസുകളും ആസൂത്രണ കമീഷനെ ഇല്ലാതാക്കിയതുംമറ്റും സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൈകടത്തലല്ലാതെ മറ്റൊന്നുമല്ല.

പാർടി കോൺഗ്രസിന്റെ മറ്റൊരു പ്രത്യേകത കേരള മോഡൽ സജീവ ചർച്ചാ വിഷയമായി എന്നുള്ളതാണ്‌. ജനക്ഷേമത്തിലും വികസനത്തിലും അടിസ്ഥാനമാക്കിയുള്ള പിണറായി സർക്കാരിന്റെ നടപടികൾ ഇന്ത്യക്കുതന്നെ മാതൃകയാണെന്നും ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. സിപിഐ എം മുന്നോട്ടുവയ്‌ക്കുന്ന ബദൽ, കേരള മോഡലായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ ബദൽനയങ്ങൾ വിശദീകരിക്കുന്ന പുസ്‌തകങ്ങൾ, രേഖകൾ എന്നിവ എവിടെനിന്ന്‌ കിട്ടുമെന്ന അന്വേഷണവും പല പ്രതിനിധികളും നടത്തി. നവകേരള കാഴ്‌ചപ്പാട്‌ സംബന്ധിച്ച രേഖ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്‌തിരുന്നു. അതോടൊപ്പം ലെഫ്‌റ്റ്‌വേർഡ്‌ ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ച, ടി എം തോമസ്‌ ഐസക്‌ എഴുതിയ ‘കേരള അനദർ പോസിബിൾ വേൾഡ്‌’ എന്ന പുസ്‌തകത്തിനും വൻ ആവശ്യക്കാരായിരുന്നു. അതായത്‌ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനക്ഷേമ നടപടികളാണ്‌ രാജ്യത്ത്‌ കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ബദൽപ്പാതയെന്ന നിഗമനത്തിനാണ്‌ സമ്മേളനത്തിൽ പ്രാമുഖ്യം ലഭിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top