19 April Friday

ഗോദിമീഡിയയുടെ വർത്തമാനം-വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Wednesday Mar 22, 2023

ഫോട്ടോ: ബിനുരാജ്‌

മാധ്യമ ഉടമകളായ കോർപറേറ്റുകളും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരും തമ്മിൽ നല്ല യോജിപ്പാണ്‌.  കാരണം കോർപറേറ്റുകൾക്ക്‌ സൗജന്യങ്ങൾ വാരിക്കോരി നൽകുന്ന സർക്കാരാണ്‌ മോദിയുടേത്‌. അദാനിയുടെ വളർച്ചമാത്രം പരിശോധിച്ചാൽ ഇത്‌ മനസ്സിലാകും.

ജനുവരി അവസാനവാരമാണ്‌ അമേരിക്കയിലെ ഹിൻഡൻബർഗ്‌ റിസർച്ച്‌ അദാനിക്കെതിരെ ചില വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്‌. അദാനി കമ്പനികൾ ഓഹരിവില പെരുപ്പിച്ചുകാട്ടിയാണ്‌ ലോകത്തിലെ ഏറ്റവും സമ്പന്നനായ കോർപറേറ്റായതെന്നാണ്‌ ആക്ഷേപം. ‘ഇക്കോണമിസ്‌റ്റ്‌’ വാരികയുടെ വാക്കുകൾ കടമെടുത്താൽ അദാനി ‘ഇന്ത്യൻ റോക്ക്‌ ഫെല്ലറായി’ വളർന്നത്‌ വളഞ്ഞ വഴിയിലൂടെയായിരുന്നു. ഇതോടെ അദാനിയുടെ വീഴ്‌ച ആരംഭിച്ചു. ലോകമാധ്യമങ്ങളിലടക്കം ഇത്‌ പ്രധാനവാർത്തയായപ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ ഒരു സാധാരണ വാർത്തക്കപ്പുറമുള്ള ഒരു പ്രാധാന്യവ്യം ഇതിന്‌ നൽകിയില്ല. ഇന്ത്യൻ ബിസിനസ്സ്‌ പത്രങ്ങൾപോലും തുടർ വാർത്തകളോ വിശകലനങ്ങളോ നൽകാൻ തയ്യാറായില്ല.

അദാനിയാകട്ടെ ഒരു ദിവസംതന്നെ രണ്ട്‌ ഫുൾപേജ്‌ പരസ്യംകൊടുത്ത്‌ പത്രമാധ്യമങ്ങളെ സ്വാധീനിച്ചു. ചില ദേശീയ പത്രങ്ങൾ ഒന്നാംപേജിൽപ്പോലും ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ നൽകിയില്ല. സ്വാഭാവികമായും ഇത്തരമൊരു വാർത്ത വന്നാൽ തുടർ അന്വേഷണങ്ങളും ബ്രേക്കിങ് സ്‌റ്റോറികളും ഉണ്ടാവുമെന്ന്‌ എന്നെപ്പോലുള്ള വായനക്കാർ പ്രതീക്ഷിച്ചു. ബൊഫോഴ്‌സ്‌ അഴിമതി പുറത്തുവന്നഘട്ടത്തിലും ഹർഷദ്‌ മേത്തയുടെ ഓഹരി കുംഭകോണവേളയിലും ടു ജി സ്‌പെക്ട്രം, കൽക്കരി അഴിമതികൾ പുറത്തുവന്നവേളയിലും അന്വേഷണാത്മക വാർത്തകളും വിശകലനങ്ങളുംകൊണ്ട്‌ മാധ്യമങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്‌ക്കുന്നവിധം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്റെ തകർച്ച ദേശീയ മാധ്യമങ്ങൾക്കുപോലും വലിയ വാർത്തയായില്ല.

ഒരു ബിസിനസ്‌ സാമ്രാജ്യത്തിന്റെ വീഴ്‌ച മാത്രമായി ഇതിനെ ചുരുക്കിക്കാണാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വളർന്ന ബിസിനസുകാരനാണ്‌ അദാനി. എന്നിട്ടുപോലും ഒരു മാധ്യമവും ഈ വാർത്തക്കുപിന്നാലേ പോകാനോ അന്വേഷണം നടത്താനോ യാഥാർഥ വസ്‌തുതകൾ പുറത്തുകൊണ്ടുവരാനോ തയ്യാറായില്ല.  ഇന്ത്യൻ മാധ്യമങ്ങൾ നേരത്തേ ചെയ്‌തതുപോലെ അതിശക്തരായ വ്യക്തികളുടെ ചെയ്‌തികളെക്കുറിച്ച്‌ അന്വേഷണം നടത്താൻ ഇന്ന്‌ ഭയപ്പെടുകയാണ്‌’. അധികൃതർക്ക്‌ വിഷമമുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ മാധ്യമങ്ങൾ നന്നായി ശ്രദ്ധിക്കുന്ന കാലമാണിത്‌. മുൻ ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണ

എൻ വി രമണ

എൻ വി രമണ

പറഞ്ഞതുപോലെ അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്‌ ഇന്ത്യയിൽ തിരശ്ശീല വീണോ എന്ന സംശയം ആരിലും ജനിപ്പിക്കുന്ന അവസ്ഥയാണ്‌ സംജാതമായത്‌. എന്താണ്‌ ഈ മാധ്യമ നിശ്ശബ്‌ദതക്ക്‌ കാരണം?

അദാനി കമ്പനികളും മാധ്യമങ്ങളും തമ്മിലുള്ള ധനപരമായ ബന്ധമാണ്‌ ഈ വാർത്ത മുക്കുന്നതിന്‌ പ്രധാന കാരണമായതെന്നാണ്‌ ‘ന്യൂസ്‌ലോണ്ടറി’ പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ പറയുന്നത്‌. പണശക്തി ഉപയോഗിച്ച്‌ അദാനി കമ്പനിക്കെതിരായ വാർത്തകൾ തടയുന്നതിൽ അവർ വിജയിച്ചു (അദാനി കമ്പനികൾ വൻ പരസ്യം നൽകിയതിനെക്കുറിച്ച്‌ നേരത്തേ പരാമർശിച്ചിരുന്നല്ലോ).അദാനിക്കെന്നല്ല ഭൂരിപക്ഷം കോർപറേറ്റുകൾക്കും എതിരെ പഴയപോലെ വാർത്ത നൽകാൻ ഇപ്പോൾ മാധ്യമങ്ങൾ തയ്യാറാകില്ല. ഇതിന്‌ വിവിധ കാരണങ്ങളുണ്ട്‌. അതിലൊന്ന്‌ മാധ്യമങ്ങളുടെ ഉടമസ്ഥർ ഇന്ന്‌ ഭൂരിപക്ഷവും കോർപറേറ്റുകളാണ്‌ എന്നതാണ്‌. നിയോലിബറൽ കാലത്ത്‌ എഡിറ്ററുടെ താൽപ്പര്യത്തേക്കാൾ ഉടമകളുടെ താൽപ്പര്യമാണ്‌ ഇന്ന്‌ ഭൂരിപക്ഷം മാധ്യമവാർത്തകളിലും നിഴലിക്കുന്നത്‌.

മാധ്യമ ഉടമകളായ കോർപറേറ്റുകളും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരും തമ്മിൽ നല്ല യോജിപ്പാണ്‌.  കാരണം കോർപറേറ്റുകൾക്ക്‌ സൗജന്യങ്ങൾ വാരിക്കോരി നൽകുന്ന സർക്കാരാണ്‌ മോദിയുടേത്‌. അദാനിയുടെ വളർച്ചമാത്രം പരിശോധിച്ചാൽ ഇത്‌ മനസ്സിലാകും. അതായത്‌ കോർപറേറ്റുകളും തീവ്രഹിന്ദുത്വവാദികളാൽ നയിക്കപ്പെടുന്ന കേന്ദ്ര സർക്കാരും കൈകോർത്താണ്‌ ഇന്ത്യയിൽ മുന്നേറുന്നത്‌. അതുകൊണ്ടുതന്നെ സർക്കാരിന്‌ വിഷമം സൃഷ്ടിക്കുന്ന അദാനി കുംഭകോണത്തെക്കുറിച്ചുള്ള വാർത്തകൾ ഈ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കില്ല.

അദാനി

അദാനി

രണ്ടാമതായി മാധ്യമങ്ങളും കോർപറേറ്റുകളും തമ്മിലുള്ള ‘സീക്രട്ട്‌ ട്രീറ്റി’യും കോർപറേറ്റ്‌ വിരുദ്ധ വാർത്തകൾ നൽകുന്നതിൽനിന്നും മാധ്യമങ്ങളെ പിറകോട്ടടിപ്പിക്കുന്നുണ്ട്‌. കോർപറേറ്റുകൾ മാധ്യമങ്ങൾക്ക്‌ നൽകുന്ന പരസ്യങ്ങൾക്ക്‌ പണം നൽകുന്നതിനുപകരം പരസ്യം നൽകുന്ന കമ്പനികളിൽ ഓഹരിനൽകുന്ന രീതിയാണിത്‌. പ്രമുഖ ദേശീയ പത്രങ്ങൾക്ക്‌ നിരവധി കമ്പനികളിൽ ഇങ്ങനെ ഓഹരി നിക്ഷേപമുണ്ട്‌. ഇത്തരം കോർപറേറ്റുകൾക്കെതിരായ ഒരു വാർത്തയും ഈ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പ്‌.

ജനാധിപത്യത്തിന്റെ നാലാംതൂൺ എക്‌സിക്യുട്ടീവിന്റെ സഹതൂണായി മാറിയത്‌ എങ്ങനെയെന്ന്‌ ‘Modi’ s India-‐ Hindu Nationalism And The Rise of Ethnic Democracy എന്ന പുസ്‌തകത്തിൽ

Christophe Jaffrelot വിശദമാക്കുന്നുണ്ട്‌. 2002 ലെ ഗുജറാത്ത്‌ കലാപവേളയിൽ മോദിക്ക്‌ അതിലുള്ള പങ്ക്‌ വിളിച്ചുപറയാൻ മുഖ്യധാരാമാധ്യമങ്ങൾ ഒരു പരിധിവരെ തയ്യാറായിരുന്നു.

മാധ്യമങ്ങളുടെ ഈ സമീപനമാണ്‌ അധികാരം ലഭിച്ചപ്പോൾ മാധ്യമങ്ങളെ പൂർണമായും അവഗണിക്കാൻ മോദിയെ പ്രേരിപ്പിച്ചതെന്ന സൂചനയാണ്‌ പുസ്‌തകം നൽകുന്നത്‌. താൻ പറയുന്നത്‌ കേട്ടാൽ മതി ചോദ്യങ്ങൾ ചോദിക്കേണ്ട എന്ന സമീപനമാണ്‌ പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്കുള്ളത്‌. പറയാനുള്ളത്‌ ‘മൻ കി ബാത്തി’ലും ട്വീറ്ററിലൂടെയും പറയുന്ന രീതിയാണ്‌ മോദിക്കുള്ളത്‌.

വാജ്‌പേയി പ്രധാനമന്ത്രിയായ ഘട്ടത്തിൽപ്പോലും എൻഡിഎ യോഗം കഴിഞ്ഞാലും പ്രധാന മന്ത്രിസഭാ യോഗങ്ങൾക്കു ശേഷവും മാധ്യമങ്ങളെ കാണുന്ന പതിവുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, റേസ്‌ കോഴ്സിൽ  (ഇപ്പോൾ 7, ലോക്‌ കല്യാൺ മാർഗ്‌) നിരവധി വാർത്താസമ്മേളനങ്ങളിൽ ഈ ലേഖകൻതന്നെ പങ്കെടുത്തിട്ടുണ്ട്‌.

ക്രിസ്‌റ്റഫെ  ജാഫ്രലോ

ക്രിസ്‌റ്റഫെ ജാഫ്രലോ

എന്നാലിപ്പോൾ ഡൽഹിയിലെ മാധ്യമപ്രവർത്തകർക്ക്‌ പ്രധാനമന്ത്രി മോദിയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുക എന്ന അനുഭവമില്ല. അതുപോലെതന്നെ മുൻ പ്രധാനമന്ത്രിമാരെല്ലാം വിദേശയാത്ര നടത്തുമ്പോൾ മാധ്യമപ്രവർത്തകരെ കൂടെകൊണ്ടുപോകുന്ന രീതിയുണ്ടായിരുന്നു.

ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയായാപ്പോൾ ആസിയാൻ ഉച്ചകോടി റിപ്പോർട്ട്‌ ചെയ്യാൻ ‘ദേശാഭിമാനി’യുടെ പ്രതിനിധിയായി ഈ ലേഖകനും അനുഗമിച്ചിരുന്നു. വിമാനത്തിൽവച്ച്‌ പ്രധാനമന്ത്രി വാർത്താസമ്മേളനവും നടത്താറുണ്ടായിരുന്നു. എന്നാൽ മോദി പ്രധാനമന്ത്രിയായതോടെ ഇതെല്ലാം പഴങ്കഥയായി.

കോവിഡ്‌ വന്നതോടെ പാർലമെന്റിൽപ്പോലും മാധ്യമ പ്രവർത്തകർക്ക്‌ പ്രവേശനത്തിന്‌ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്‌. മാധ്യമങ്ങളോടുള്ള ഈ അവഗണന അവയെ കീഴ്‌പ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ്‌.  

ഇതിനുപുറമെ മാധ്യമങ്ങളെ കീഴ്‌പ്പെടുത്തി ‘മടിത്തട്ട്‌ മാധ്യമങ്ങളാക്കാൻ’ മോദി സർക്കാർ അഞ്ച്‌ കാര്യങ്ങളാണ്‌ പ്രധാനമായും ചെയ്യുന്നതെന്നതാണ്‌  Christophe Jaffrelo പറയുന്നത്‌. സർക്കാരിനെ, ഭരണകക്ഷിയെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക്‌ കേന്ദ്ര സർക്കാർ പരസ്യങ്ങൾ നിഷേധിക്കുക എന്നതാണ്‌ അതിലൊന്ന്‌. പരസ്യങ്ങൾ ഇല്ലാതെ പല മാധ്യമങ്ങൾക്കും നിലനിൽക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സർക്കാർ പരസ്യങ്ങൾ മാധ്യമങ്ങളുടെ പ്രധാന സാമ്പത്തിക സ്രോ തസ്സാണ്‌. അത്‌ പൂർണമായും നിലക്കുമ്പോൾ പല മാധ്യമങ്ങളും പിടിച്ചുനിൽക്കാൻ സർക്കാരിന്റെ വാഴ്‌ത്തുപാട്ടുകാരായി മാറുമെന്നാണ്‌ മോദി സർക്കാരിന്റെ കണക്കുകൂട്ടൽ. ‘ദ ഹിന്ദു’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾപോലും സർക്കാരിന്റെ ഈ നടപടിക്ക്‌ വിധേയമായിട്ടുണ്ട്‌.

ഫോട്ടോ: ജഗത്‌ലാൽ

ഫോട്ടോ: ജഗത്‌ലാൽ

സിബിഐ, ഇഡി, ആദായ നികുതി എന്നീ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ റെയ്‌ഡ്‌ നടത്തുക എന്നതാണ്‌ മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള മറ്റൊരു രീതി. കോവിഡ്‌ കാലത്ത്‌ രണ്ടാം തരംഗമുണ്ടായവേളയിൽ ഗംഗാനദിയിലൂടെ ശവങ്ങൾ ഒഴുകി നടന്നപ്പോൾ അതേക്കുറിച്ചുള്ള ചിത്രം പ്രധാന ഹിന്ദി പത്രമായ ദൈനിക്‌ ഭാസ്‌കർ പ്രസിദ്ധീകരിച്ചപ്പോൾ തൊട്ടടുത്ത ദിവസം തന്നെ ഇഡി ദൈനിക്‌ ഭാസ്‌കറിൻെറ ഓഫീസിലെത്തി.

കോടികണക്കിന്‌ രൂപയുടെ തിരിമറി കണ്ടെത്തിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഇതോടെ സർക്കാർ വിരുദ്ധ വാർത്തകളിൽ കുറവുണ്ടായി. ഏറ്റവും അവസാനമായി തമിഴ്‌നാട്ടിൽ ബിഹാറികൾ വേട്ടയാടപ്പെടുന്നുവെന്ന വ്യാജവാർത്ത നൽകി ബിജെപിയെ സഹായിച്ച പ്രമുഖ മാധ്യമങ്ങളിലൊന്ന്‌ ഈ ‘ദൈനിക്‌ ഭാസ്‌കറാണ്‌’.

സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന വെബ്‌പോർട്ടലായ ‘ന്യൂസ്‌ക്ലിക്കി’ന്റെ ചീഫ്‌ എഡിറ്റർ പ്രബീർ പുർകായസ്‌തയുടെ വീടും ഓഫീസും ഇഡി റെയ്‌ഡ്‌ ചെയ്യുകയുണ്ടായി.  വീട്ടിൽ 114 മണിക്കൂർ റെയ്‌ഡാണ്‌ നടന്നത്‌. അഞ്ച്‌ ദിവസത്തോളം നീണ്ടുനിൽക്കുന്ന റെയ്‌ഡാണ്‌ വീട്ടിൽ നടന്നതെങ്കിൽ ഒരു ദിവസത്തിലധികം നീണ്ട റെയ്‌ഡാണ്‌ ഓഫീസിൽ നടന്നത്‌. എന്നിട്ട്‌ ഒന്നും കണ്ടെത്താനായില്ല. മറ്റ്‌ മാധ്യമങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ‘ന്യൂസ്‌ ക്ലിക്ക്‌’ ഇന്നും ബിജെപി വിരുദ്ധ പ്ലാറ്റ്‌ഫോമിലാണ്‌ നിലയുറപ്പിച്ചിട്ടുള്ളത്‌. എൻഡിടിവിയുടെ ഓഫീസിലും റെയ്‌ഡ്‌ നടക്കുകയുണ്ടായി.

മാധ്യമങ്ങൾക്ക്‌ താൽക്കാലികമായി പ്രസിദ്ധീകരണ, പ്രക്ഷേപണ അനുമതി നിഷേധിച്ച്‌ അവരെ വരുതിയിലാക്കുക എന്നതാണ്‌ മറ്റൊരു രീതി. ഡൽഹി കലാപം റിപ്പോർട്ട്‌ ചെയ്‌ത രീതിയിൽ വിമർശനമുയർത്തിയാണ്‌ ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും പ്രക്ഷേപണാനുമതി ഒരുവേള നിഷേധിച്ചത്‌. ഏഷ്യാനെറ്റ്‌ മാപ്പിനപേക്ഷിച്ചതിനുശേഷമാണ്‌ പ്രസിദ്ധീകരണാനുമതി ലഭിച്ചത്‌. മീഡിയാവണ്ണിന്‌ പിന്നീടും ഇതേ അനുഭവം തന്നെയുണ്ടായി. എന്തിനാണ്‌ പ്രക്ഷേപണാനുമതി നിഷേധിച്ചത്‌ എന്നുപറയാൻ ഇതുവരെയും കേന്ദ്രം തയ്യാറായിട്ടില്ല.

അവസാനം കോടതി ഇടപെടൽ വേണ്ടിവന്നു മീഡിയാവണ്ണിന്‌ ജനങ്ങളുടെ മുമ്പിലെത്താൻ. പുൽവാമ ആക്രമണത്തിൽ സർക്കാറിന്റെ വീഴ്‌ചകളെക്കുറിച്ച്‌ പറഞ്ഞ എൻഡിടിവിക്കും പ്രക്ഷേപണാനുമതി നിഷേധിക്കുകയുണ്ടായി.

 മാധ്യമപ്രവർത്തനം ഗൗരവമായി കാണുന്ന മാധ്യമപ്രവർത്തകരെ പത്ര ഉടമകളെ സ്വാധീനിച്ച്‌ പുറത്താക്കുക എന്നതാണ്‌ മോദി സർക്കാർ സ്വീകരിക്കുന്ന മറ്റൊരു രീതി. നിരവധി ഉദാഹരണങ്ങൾ നിരത്താനാകും. അതിലൊന്ന്‌ ‘ഔട്ട്‌ലുക്ക്‌’ വാരികയുടെ എഡിറ്ററായിരുന്ന റുബേൻ ബാനർജിയെ പുറത്താക്കിയതാണ്‌.

 മാധ്യമപ്രവർത്തനം ഗൗരവമായി കാണുന്ന മാധ്യമപ്രവർത്തകരെ പത്ര ഉടമകളെ സ്വാധീനിച്ച്‌ പുറത്താക്കുക എന്നതാണ്‌ മോദി സർക്കാർ സ്വീകരിക്കുന്ന മറ്റൊരു രീതി. നിരവധി ഉദാഹരണങ്ങൾ നിരത്താനാകും. അതിലൊന്ന്‌ ‘ഔട്ട്‌ലുക്ക്‌’ വാരികയുടെ എഡിറ്ററായിരുന്ന റുബേൻ ബാനർജിയെ പുറത്താക്കിയതാണ്‌. ‘മിസ്സിങ് എഡിറ്റർ’ എന്ന പേരിൽ അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇതേക്കുറിച്ച്‌ വിശദമായി വിവരിക്കുന്നുണ്ട്‌.

റുബേൻ ബാനർജി

റുബേൻ ബാനർജി

കോവിഡ്‌ രണ്ടാം തരംഗവേളയിലാണ്‌ ഔട്ട്‌ലുക്ക്‌ വാരിക ‘മിസ്സിങ്’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയത്‌. കാണാതായത്‌ കേന്ദ്ര സർക്കാരിനെയാണെന്നും കണ്ടുകിട്ടുന്നവർ ഇന്ത്യൻ പൗരന്മാരെ അറിയിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള അതിശക്തമായ സന്ദേശം നൽകുന്ന കവറായിരുന്നു ഇത്‌. രോഗപ്പകർച്ച തടയാനും രോഗബാധിതരെ ചികിത്സിക്കാനും സർക്കാർ കാട്ടിയ അലംഭാവം വിളിച്ചുപറയുന്നതായിരുന്നു 2021 മെയ്‌ മാസം പ്രസിദ്ധീകരിച്ച  ഈ കവർസ്‌റ്റോറി. പ്രതാപ്‌ ഭാനുമേത്തയും ശശിതരൂരും മൊഹുവ മൊയ്‌ത്രയും മനോജ്‌ ഝായും മറ്റും ഈ വാരികയിൽ എഴുതുകയും ചെയ്‌തിരുന്നു.

ഈ കവർ വന്നത്‌ മോദി സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന്‌ തെളിയിക്കുന്നതായിരുന്നു. സ്വാഭാവികമായും ഈ കവർ സ്‌റ്റോറി മോദി സർക്കാരിനെ ചൊടിപ്പിച്ചു. ഔട്ട്‌ ലുക്ക്‌ വാരികയുടെ എഡിറ്ററായി ചുമതലയേൽക്കുമ്പോൾത്തന്നെ ഉടമയും വൻ ബിസിനസുകാരനുമായ രാജൻ രഹേജ റുബേൻ ബാനർജിക്ക്‌ ഒരു മുന്നറിയിപ്പ്‌ നൽകിയിരുന്നു. ‘മാഗസിൻ ഇനി നിങ്ങളുടേതാണ്‌. അതിനെ പൊന്നുപോലെ സംരക്ഷിക്കുക. ആ രണ്ടുപേരേ സൂക്ഷിക്കണം (മോദിയും അമിത്‌ ഷായും) നമ്മൾ പ്രശ്‌നത്തിലേക്ക്‌ വീഴരുത്‌’ എന്നായിരുന്നു അത്‌.

ഏതായാലും ‘മിസ്സിങ്’ കവർസ്‌റ്റോറി രഹേജ പറഞ്ഞ രണ്ടുപേരെയും ചൊടിപ്പിച്ചു. റുബേൻ ബാനർജിക്ക്‌ എഡിറ്റർ സ്ഥാനവും നഷ്ടമായി. ‘മിസ്സിങ്’ എന്ന കവർസ്‌റ്റോറി നൽകിയ എഡിറ്റർ മിസ്സിങ്ങായി.

ടൈംസ്‌ ഓഫ്‌ ഇന്ത്യയുമായി ഡൽഹിയിൽ കടുത്ത മത്സരത്തെ നേരിടുന്ന ഹിന്ദുസ്ഥാൻ ടൈംസിനെ കെട്ടിലും മട്ടിലും മാറ്റുന്നതിനായാണ്‌  ടൈം മാഗസിനിലും  മറ്റും പ്രവർത്തിച്ച അമേരിക്കയിൽ താമസിക്കുന്ന ബോബി ഘോഷിനെ, പത്ര ഉടമയും ബിർളാ കുടംബത്തിലെ അംഗവുമായ ശോഭന ഭാർതിയ, എഡിറ്റായി നിയമിക്കുന്നത്‌. ഈ ഘട്ടത്തിലാണ്‌ ഉത്തർപ്രദേശിലെ ദാദ്രിയിൽ അഖ്‌ലാക്കിനെ ബീഫ്‌ കൈവശംവെച്ചുവെന്ന്‌ പറഞ്ഞ്‌ സംഘപരിവാർ ഗുണ്ടകർ അടിച്ചുകൊല്ലുന്നത്‌.

ബോബി ഘോഷ്‌

ബോബി ഘോഷ്‌

ഇതോടെ ബോബി ഘോഷ്‌ ‘ഹിന്ദുസ്ഥാൻ ടൈംസിൽ’ ഹേറ്റ്‌ ട്രാക്ക്‌ എന്ന കോളം ആരംഭിച്ചു.

വിദ്വേഷം വളർത്തുന്ന സംഭവങ്ങളും പ്രസ്‌താവനകളും മറ്റും രാജ്യത്ത്‌ എവിടെ റിപ്പോർട്ട്‌ ചെയ്‌താലും അത്‌ നൽകാൻ ഒരിടം എന്ന രീതിയിലായിരുന്നു ഈ കോളം. സ്വാഭാവികമായും ഡൽഹിയിൽ ഏറെ പ്രചാരമുള്ള ഹിന്ദുസ്ഥാൻ ടൈംസിന്റെ ഈ നടപടി മോദി സർക്കാരിനെ ചൊടിപ്പിച്ചു. പത്രത്തിന്റെ ബിസിനസ്‌ കോൺക്ലേവിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കണമെങ്കിൽ ബോബിഘോഷ്‌ എന്ന എഡിറ്റർ അവിടെ ഉണ്ടാകരുതെന്ന്‌ മോദി സർക്കാർ പത്ര ഉടമ ശോഭനാ ഭാർതിയയെ അറിയിച്ചു.  താമസംകൂടാതെ പത്ര ഉടമ എഡിറ്ററെ പറഞ്ഞുവിട്ടു.

ഉത്തർപ്രദേശിലെ ഹാഥ്‌റാസിൽ

പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊലചെയ്യുകയും വീട്ടുകാരെപ്പോലും അറിയിക്കാതെ മൃതദേഹം മറവുചെയ്യുകയും ചെയ്‌ത പൈശാചിക കൃത്യം ലോകത്തെ അറിയിച്ച ഇന്ത്യ ടുഡേ ടെലിവിഷനിലെ തനുശ്രീ പാണ്ഡേക്കും ജോലി നഷ്ടപ്പെടുകയുണ്ടായി. എബിപിയിലെ അഭിഷാർ ശർമ തുടങ്ങി നിരവധിപേരുകൾ ഇനിയും പറയാൻ കഴിയും.

വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്യുകയും പലവിധത്തിലും പീഡിപ്പിക്കുകയും ചെയ്യുക എന്നിവയാണ്‌ മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താൻ സർക്കാർ സ്വീകരിക്കുന്ന മറ്റൊരു മാർഗം. ഹാഥ്‌റാസിൽ സംഭവം റിപ്പോർട്ട്‌ ചെയ്യാൻ പോയ മലയാളിയായ പത്രപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പൻ, അൾട്ട്‌ന്യൂസിന്റെ സ്ഥാപകരിലൊരാളായ മുഹമ്മദ്‌ സുബൈർ, കമ്യൂണലിസം കോമ്പാറ്റിന്റെ എഡിറ്റർ ടീസ്‌ത സെതൽവാദ്‌, കശ്‌മീരിലെ മനൻ ഗുൽസാർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ എന്നിവരെയെല്ലാം അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. ഒന്നരവർഷത്തിനുശേഷമാണ്‌ സിദ്ദിഖ്‌ കാപ്പന്‌ ജയിൽമോചനം സാധ്യമായത്‌. സുബൈറാകട്ടെ മൂന്നാഴ്‌ചയിലധികം ജയിലിൽ കിടന്നു. കോടതി ഇടപെടൽ വേണ്ടിവന്നു ടീസ്‌തക്ക്‌ ജയിലിൽനിന്നും പുറത്തുകടക്കാൻ. 2014ന്‌ ശേഷം മാത്രം നൂറിലധികം മാധ്യമപ്രവർത്തകരാണ്‌ അറസ്‌റ്റിലായത്‌. 40 ഓളം പേർ ജയിലിലുമാണ്‌.

സിദ്ദിഖ്‌ കാപ്പൻ

സിദ്ദിഖ്‌ കാപ്പൻ

ദി വയറിന്റെ എഡിറ്റർ സിദ്ധാർഥ്‌ വരദരാജൻ, കാരവന്റെ മുൻ എഡിറ്ററും മലയാളിയുമായ വിനോദ്‌ കെ ജോസ്‌, റാണാഅയൂബ്‌ തുടങ്ങി നിരവധി മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുകയാണ്‌. ഇത്തരം വേട്ടയാടലുകൾ മഹാഭൂരിപക്ഷം മാധ്യമ പ്രവർത്തകരെയും നിശ്ശബ്‌ദമാക്കി. ബിജെപിക്ക്‌, മോദി സർക്കാരിന്‌ രൂചിക്കാത്ത വാർത്തകളും ആഖ്യാനങ്ങളും വിശകലനങ്ങളും ന്യൂസ്‌ ഡസ്‌ക്കിൽനിന്നും ഒഴിവാക്കുന്ന സ്ഥിതി സംജാതമായി. ഈ സ്വയം സെൻസർഷിപ്പാണ്‌ മാധ്യമപ്രവർത്തനം നേരിടുന്ന ഏറ്റവും പ്രധാന ഭീഷണി.

ഈയൊരു പശ്ചാത്തലത്തിൽ

പ്രതിപക്ഷ ശബ്‌ദം ജനങ്ങളിലെത്തിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക്‌ അഥവാ ഡിജിറ്റൽ മാധ്യമങ്ങൾക്ക്‌ വലിയ പങ്കുവഹിക്കാൻ കഴിയുന്നുണ്ട്‌. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും ചില അതിശയോക്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ റോളിൽ നല്ല പങ്ക്‌ തന്നെ അവ വഹിക്കുന്നുണ്ട്‌. ഭരണകക്ഷിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നും സൃഷ്ടിക്കപ്പെടുന്ന പല വ്യാജവാർത്തകളും തുറന്നുകാണിക്കാൻ അവർക്ക്‌  കഴിയുന്നുണ്ട്‌.

പ്രതിപക്ഷ ശബ്‌ദം ജനങ്ങളിലെത്തിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക്‌ അഥവാ ഡിജിറ്റൽ മാധ്യമങ്ങൾക്ക്‌ വലിയ പങ്കുവഹിക്കാൻ കഴിയുന്നുണ്ട്‌. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും ചില അതിശയോക്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ റോളിൽ നല്ല പങ്ക്‌ തന്നെ അവ വഹിക്കുന്നുണ്ട്‌. ഭരണകക്ഷിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നും സൃഷ്ടിക്കപ്പെടുന്ന പല വ്യാജവാർത്തകളും തുറന്നുകാണിക്കാൻ അവർക്ക്‌  കഴിയുന്നുണ്ട്‌. എന്നാൽ ഇവയുടെ വായമൂടിക്കെട്ടാനും മോദി സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായാണ്‌ ഐടി റൂൾ 2021 ൽ  ഭേദഗതിവരുത്താനുള്ള നീക്കം.

പിഐബിയെ വസ്‌തുതാ പരിശോധനാ ഏജൻസിയായി നിശ്ചയിച്ച്‌ സാമൂഹ്യമാധ്യമങ്ങളുടെ ഉള്ളടക്കത്തെ നിർണയിക്കാനാണ്‌ പരിപാടി. പിഐബി വ്യാജമെന്ന്‌ നിർണയിക്കുന്ന വാർത്തകൾ പൂർണമായും നീക്കം ചെയ്യപ്പെടും. അതോടൊപ്പം ആകാശവാണിയും ദൂരദർശനും നൽകു ന്ന വാർത്തകൾ പൂർണമായും കാവിവൽക്കരിക്കുന്നതിന്റെ ഭാഗമായാണ്‌ പിടിഐ ഏജൻസിയെ ഒഴിവാക്കി ആർഎസ്‌എസിന്റെ വാർത്താ എജൻസിയായ ഹിന്ദുസ്ഥാൻ സമാചാറുമായി കരാറിലെത്തിയിട്ടുള്ളത്‌. ഇന്ത്യൻ മാധ്യമങ്ങൾ അക്ഷരാർഥത്തിൽ ഗോദിമീഡിയയായിരിക്കുന്നു. മാധ്യമങ്ങളുടെ ഈ കാവിവൽക്കരണം ഇന്ത്യൻ ജനാധിപത്യത്തെയും തകർക്കും  .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top