19 April Friday

ട്രംപിന്റെ ‘സമ്മാനം’ പ്രതിസന്ധികൾ - എ ശ്യാം എഴുതുന്നു

എ ശ്യാംUpdated: Thursday Jan 21, 2021


ബറാക്‌ ഒബാമയുടെ രണ്ടാം സർക്കാരിന്റെ രണ്ടാം പകുതിയിലാണ്‌ അമേരിക്കയുടെ യുദ്ധോത്സുകമായ സാമ്രാജ്യത്വ മുഖത്തിന്‌ അൽപ്പം അയവുവന്നത്‌. അതിന്‌ സഹായിച്ച പ്രധാന സംഭവം അവസാനവർഷം ഒബാമ ക്യൂബയിലേക്ക്‌ നടത്തിയ യാത്രയാണ്‌. അരനൂറ്റാണ്ടിലേറെ കാലത്തിനിടയ്‌ക്ക്‌ ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ ക്യൂബൻ സന്ദർശനമായിരുന്നു 2016 മാർച്ചിൽ ഒബാമയുടേത്‌. ക്യൂബൻ മണ്ണിൽനിന്ന്‌ ഒബാമ അന്ന്‌ പറഞ്ഞ വാക്കുകൾ ചരിത്രത്തിൽ ഇടം നേടി. ‘അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ശീതസമരത്തിന്റെ അവസാന അവശിഷ്ടങ്ങളെ നമുക്ക്‌ കുഴിച്ചുമൂടാം’ എന്നതായിരുന്നു അമേരിക്കയുടെ ആദ്യ കറുത്ത പ്രസിഡന്റിന്റെ ആഹ്വാനം. തൊട്ടുമുൻവർഷമാണ്‌ അമേരിക്കയും ഇറാനും തമ്മിലുണ്ടായ മഞ്ഞുരുക്കത്തിന്റെ ഫലമായി ഇറാനുമായി വൻശക്തികൾ ആണവ കരാറുണ്ടാക്കിയത്‌. 2015ൽ തന്നെയാണ്‌ ജീവജാലങ്ങളുടെ നിലനിൽപ്പിനുപോലും ഭീഷണിയായ കാലാവസ്ഥാ പ്രതിസന്ധിക്ക്‌ പരിഹാരമായി ലോകം പാരീസ്‌ ഉടമ്പടിയിലെത്തിയത്‌. അമേരിക്കയ്‌ക്ക്‌ പാശ്ചാത്യലോകത്തിന്‌ പുറത്ത്‌ അൽപ്പം സ്വീകാര്യത നൽകിയ ഈ തീരുമാനങ്ങളെല്ലാം അട്ടിമറിക്കുന്നതായിരുന്നു ഡോണൾഡ്‌ ട്രംപിന്റെ നാല്‌ വർഷത്തെ ഭരണം.

മുൻ അമേരിക്കൻ സർക്കാരുകളുടേതിൽനിന്ന്‌ വ്യത്യസ്ഥമായി സ്വീകരിച്ച ചില നിലപാടുകളാണ്‌ ഒബാമ സർക്കാരിന്‌ ലോകത്തിന്റെ അംഗീകാരം നേടിക്കൊടുത്തത്‌. ഒബാമയുടെ ഈ തീരുമാനങ്ങൾക്കെല്ലാം പിന്നിൽ അന്ന്‌ വൈസ്‌ പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ സ്വാധീനമുണ്ടായിരുന്നു. അമേരിക്കൻ സെനറ്റ്‌ അംഗമായി 36 വർഷം പ്രവർത്തിച്ച, സെനറ്റിന്റെ വിദേശബന്ധ സമിതിയുടെ തലവനായി മികവ്‌ പ്രകടിപ്പിച്ച ബൈഡന്റെ നയതന്ത്ര അനുഭവസമ്പത്താണ്‌ സുപ്രധാന തീരുമാനങ്ങളിലേക്ക്‌ ഒബാമയെ നയിച്ചത്‌. എന്നാൽ, ഇപ്പോൾ പ്രസിഡന്റായി അധികാരമേറ്റ ബൈഡന്‌ ആഭ്യന്തര കാര്യങ്ങളിൽ മാത്രമല്ല, വിദേശനയത്തിലും കനത്ത വെല്ലുവിളികൾ സൃഷ്ടിക്കുന്നതായിരുന്നു വെള്ളക്കൊട്ടാരത്തിലെ അവസാന ദിനങ്ങളിൽ ട്രംപ്‌ തിരക്കിട്ടെടുത്ത തീരുമാനങ്ങൾ. തെരഞ്ഞെടുപ്പിൽ തോറ്റ പ്രസിഡന്റിനെ അയാൾ ഒഴിയുന്നതുവരെയുള്ള രണ്ടരമാസത്തോളം അധികാരമില്ലാത്ത മുടന്തൻ താറാവായാണ്‌ അമേരിക്കക്കാർ കാണുന്നത്‌. എന്നാൽ, ഭ്രാന്തോളം വളർന്ന പകയോടെ ദിവസേന പ്രതിലോമകരമായ വിദേശനയ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്‌.

അവയിൽ ഏറ്റവും കുപ്രസിദ്ധമാണ്‌ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്യൂബയെ ട്രംപ്‌ വീണ്ടും ഉൾപ്പെടുത്തിയത്‌. അമേരിക്കകളിലെ ശീതയുദ്ധം അവസാനിപ്പിക്കാം എന്ന്‌ ഒബാമ പ്രഖ്യാപിച്ച്‌ അഞ്ചരവർഷം കഴിഞ്ഞ്‌, അധികാരമൊഴിയാൻ ഒരാഴ്‌ചമാത്രം ശേഷിക്കെയാണ്‌ ട്രംപ്‌ സർക്കാർ ക്യൂബയെ ‘ഭീകര’ പട്ടികയിൽ പെടുത്തിയത്‌. അതിനെതിരെ അമേരിക്കയുടെ സഖ്യരാഷ്‌ട്രങ്ങൾതന്നെ രംഗത്ത്‌ വന്നിട്ടുണ്ട്‌. 15ന്‌ ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധങ്ങളും അമേരിക്കൻ ആഭ്യന്തരവകുപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അമേരിക്കൻ ജനസംഖ്യയുടെ മുപ്പതിലൊന്ന്‌ മാനവശക്തിപോലുമില്ലാത്ത, വിസ്‌തീർണത്തിലും വിഭവശേഷിയിലും അമേരിക്കയുമായി താരതമ്യംപോലും അസാധ്യമായത്ര ചെറിയ രാജ്യമായ ക്യൂബയെ അമേരിക്കയിലെ തീവ്രവലതുപക്ഷം എത്ര ഭയക്കുന്നു എന്ന്‌ കാണിക്കുന്നതാണ്‌ ട്രംപിന്റെ തീരുമാനം.


 

അധികാരം ഒഴിയുന്നതിന്റെ തലേന്ന്‌ ചൊവ്വാഴ്‌ചയാണ്‌ ട്രംപ്‌ സർക്കാർ വെനസ്വേലയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്‌. മൂന്ന്‌ വ്യക്തികൾക്കും 14 ബിസിനസ്‌ സ്ഥാപനത്തിനും ആറ്‌ കപ്പലിനുമാണ്‌ യുഎസ്‌ ധനവകുപ്പ്‌ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്‌. വെനസ്വേലൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പിഡിവിഎസ്‌എയെ അമേരിക്കയുടെ മുൻ ഉപരോധങ്ങൾ നേരിടാൻ സഹായിച്ചു എന്നതാണ്‌ കാരണമായി പറയുന്നത്‌. എണ്ണസമ്പന്നമായ വെനസ്വേല അതിൽനിന്നുള്ള വരുമാനം ജനക്ഷേമത്തിന്‌ ഉപകരിക്കുന്നത്‌ തടയാനും അവിടത്തെ സോഷ്യലിസ്റ്റ്‌ സർക്കാരിനെ തകർക്കാനും രണ്ട്‌ പതിറ്റാണ്ടായി അമേരിക്കൻ സർക്കാരുകൾ ശ്രമിക്കുന്നു. ട്രംപ്‌ സർക്കാർ അട്ടിമറിശ്രമങ്ങൾ തീവ്രമാക്കുന്നതാണ്‌ കഴിഞ്ഞ രണ്ട്‌ വർഷമായി കാണുന്നത്‌. 2018ലെ വെനസ്വേലൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രതിപക്ഷ സ്ഥാനാർഥി ഹുവാൻ ഗുവായ്‌ദോയുമായി ചൊവ്വാഴ്‌ചയും യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ ഫോണിൽ സംസാരിച്ച്‌ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്‌. വെനസ്വേലൻ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്നാണ്‌ (ജോ ബൈഡന്റെ വിജയംപോലും കൃത്രിമത്തിലൂടെയാണ്‌ എന്ന്‌ ഇപ്പോഴും ആവർത്തിക്കുന്ന) ട്രംപിന്റെ ആരോപണം. ഇതേ ആരോപണം ഉന്നയിച്ചാണ്‌ 2019ൽ ബൊളീവിയയിൽ ഇവോ മൊറാലിസിന്റെ സോഷ്യലിസ്റ്റ്‌ സർക്കാരിനെ ട്രംപ്‌ സർക്കാരിന്റെ പിന്തുണയോടെ അട്ടിമറിച്ചത്‌. പിന്നീട്‌ കഴിഞ്ഞ വർഷം ബൊളീവിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ വർധിത ശക്തിയോടെ ഇടതുപക്ഷം അധികാരത്തിൽ തിരിച്ചെത്തിയത്‌ ലോകം കണ്ടു.

ചൈന, ക്യൂബ, റഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങൾ അമേരിക്കൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത്‌ തടയാനുള്ള നടപടികൾ ചൊവ്വാഴ്‌ച യുഎസ്‌ വാണിജ്യവകുപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കെതിരെയാണ്‌ അന്ത്യദിനങ്ങളിൽ ട്രംപ്‌ ഏറ്റവും പകയോടെ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്‌. ദിവസേനയെന്നോണം വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പ്രഖ്യാപിച്ച ഉപരോധങ്ങളുടെ ലക്ഷ്യം വ്യക്തമാണ്‌. പുതിയ ബൈഡൻ സർക്കാരിന്‌ മുന്നിൽ പ്രതിബന്ധങ്ങൾ സൃഷ്‌ടിക്കുക എന്നതാണ്‌ പ്രധാന ലക്ഷ്യമെന്ന്‌ ബൈഡന്റെ ഉപദേശകരിൽ ചിലർതന്നെ കാണുന്നുണ്ട്‌.

ഭീകരവാദത്തിന്റെ പ്രഖ്യാപിത ശത്രുവാണ്‌ അമേരിക്ക എന്ന്‌ അവകാശപ്പെടുമ്പോഴും സിറിയയിൽ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകരരെ അമേരിക്ക അവിടെ തങ്ങൾ അനധികൃതമായി സ്ഥാപിച്ച സേനാ താവളത്തിലേക്ക്‌ മാറ്റി സംരക്ഷിക്കുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്‌. സിറിയൻ സർക്കാരിനെതിരെ ഉപയോഗിക്കാനാണ്‌ ഇരുനൂറിൽപ്പരം ഐഎസ്‌ ഭീകരരെ ഹെലികോപ്‌റ്ററിൽ കിഴക്കൻ സിറിയയിലെ താനെഫിലെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌. ഹസാകെ പ്രവിശ്യയിൽ അമേരിക്ക അനുകൂലി സിറിയൻ വിഘടനവാദി സംഘടനയായ എസ്‌ഡിഎഫിന്റെ കസ്‌റ്റഡിയിലായിരുന്നു ഇവർ. അതേസമയം, ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്‌ സുന്നി ഭീകരസംഘടനയായ അൽ ഖായ്‌ദയുമായി ബന്ധമുണ്ടെന്നും ട്രംപിന്റെ പ്രധാന വക്താവായ പോംപിയോ പറയുന്നുണ്ട്‌.


 

ട്രംപിന്റെ ഭരണത്തിൽ അമേരിക്കയുടെ പ്രഖ്യാപിത നിലപാടിൽനിന്ന്‌ ഏറ്റവും വലിയ മാറ്റമുണ്ടായത് പശ്ചിമേഷ്യൻ നയത്തിലാണ്‌. യൂറോപ്യൻ കൂട്ടാളികളടക്കം മറ്റെല്ലാ രാജ്യങ്ങളും ഐക്യരാഷ്‌ട്ര സംഘടനയും എതിർത്തിട്ടും 2018ൽ ട്രംപ്‌ ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച്‌ യുഎസ്‌ എംബസി അവിടേക്ക്‌ മാറ്റി. കോവിഡ്‌ മരണങ്ങൾ പെരുകിയപ്പോൾ, തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ജൂതലോബിയുടെയും ക്രിസ്‌ത്യൻ യാഥാസ്ഥിതകരുടെയും പിന്തുണ ഉറപ്പാക്കാൻ ഇസ്രയേലിന്‌ നാല്‌ അറബ്‌ രാജ്യത്തിന്റെ അംഗീകാരം നേടിക്കൊടുത്തതും അമേരിക്കയുടെ മുൻനിലപാടുകൾ ഉപേക്ഷിച്ചാണ്‌. ഇതിനായി, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന്‌ സുഡാനെ ട്രംപ്‌ നീക്കിയപ്പോൾ മൊറോക്കോയ്‌ക്ക്‌ പടിഞ്ഞാറൻ സഹാറ പതിച്ചുനൽകി. ബഹ്‌റൈൻ, യുഎഇ എന്നീ രാജ്യങ്ങളെ കഴിഞ്ഞ ദിവസം തന്ത്രപ്രധാന പങ്കാളികളായി പ്രഖ്യാപിച്ചതും ഈ രാജ്യങ്ങൾ ട്രംപിന്റെ ആവശ്യമനുസരിച്ച്‌ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്‌ പ്രത്യുപകരമായാണ്‌. ഇസ്രയേലിനോടുചേർന്ന്‌ പലസ്‌തീൻരാഷ്‌ട്രം എന്ന, അമേരിക്കകൂടി അംഗീകരിച്ച യുഎൻ തീരുമാനത്തിന്‌ വിരുദ്ധമായി പലസ്‌തീൻരാഷ്‌ട്രം അസാധ്യമാക്കുന്ന നടപടികളെ പിന്തുണയ്‌ക്കുകയാണ്‌ ട്രംപ്‌ ചെയ്‌തത്‌.

ഇത്തരം കാര്യങ്ങളിലെല്ലാം കഴിഞ്ഞ നാല്‌ വർഷം അമേരിക്കൻ സർക്കാർ സ്വീകരിച്ച നടപടികളിൽനിന്ന്‌ എന്ത്‌ മാറ്റം ബൈഡന്റെ ഭരണത്തിൽ ഉണ്ടാകും എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്‌. നാല്‌ വർഷത്തിനുശേഷം വൈറ്റ്‌ഹൗസിൽ സൗഹാർദപൂർണമായ ഒരുസർക്കാർ വന്നതിൽ യൂറോപ്യൻ യൂണിയൻ ആശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ നാല്‌ വർഷം ട്രാൻസ്‌ അത്‌ലാന്റിക്‌ ബന്ധങ്ങൾ വഷളായി എന്നാണ്‌ യൂറോപ്യൻ കമീഷൻ അധ്യക്ഷ ഉർസുലവോൺ ദെർ ലെയനും യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ഷാൾസ്‌ മിഷേലും കരുതുന്നത്‌. അത്‌ മാറുമെന്ന്‌ ഇവർ പ്രത്യാശിക്കുന്നു. എന്നാൽ,പാശ്ചാത്യരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിനപ്പുറം മറ്റ്‌ രാജ്യങ്ങളിലെ ഇടപെടൽ നയത്തിൽ കാര്യമായ മാറ്റം ഉണ്ടാകുമോ എന്ന്‌ സംശയമാണ്‌. വെനസ്വേലയിലെ അട്ടിമറിനയത്തെ അനുകൂലിക്കുന്ന തരത്തിലാണ്‌ ബൈഡന്റെ നിയുക്ത സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ സെനറ്റ്‌ അംഗീകാരത്തിനുള്ള ഹിയറിങ്ങിൽ പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top