29 May Wednesday

അമേരിക്കൻ ദാസ്യത്തിന്റെ മോദി മാതൃക

വി ബി പരമേശ്വരൻUpdated: Saturday Jan 21, 2023


കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ്‌ ഉക്രയ്നിനെതിരെ റഷ്യ യുദ്ധം ആരംഭിച്ചത്‌. ഉടൻതന്നെ അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തി. എന്നാൽ, ഈ ഉപരോധം അംഗീകരിക്കുന്നില്ലെന്നും ‘സ്വതന്ത്ര വിദേശനയം’ ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നും അതിനാൽ അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ച്‌ റഷ്യയിൽനിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുമെന്നും വിദേശമന്ത്രാലയം പറഞ്ഞു. അമേരിക്കൻ ട്രഷറി വകുപ്പ്‌ ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകകൂടി ചെയ്‌തതോടെ ഇന്ത്യ ‘സ്വതന്ത്ര പാത’യിലാണ്‌ സഞ്ചരിക്കുന്നത്‌ എന്ന പൊതുസമ്മതനിർമിതിക്ക്‌ മുഖ്യധാര മാധ്യമങ്ങൾ ആക്കംകൂട്ടി. മുൻകാലങ്ങളിൽനിന്നും വ്യത്യസ്‌തമായി റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇതോടെ പതിന്മടങ്ങ്‌ വർധിപ്പിച്ചു. 2022 മാർച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തികവർഷത്തിൽ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമായിരുന്നു റഷ്യൻ എണ്ണ ഇറക്കുമതിയെങ്കിൽ  2022 ഡിസംബറോടെ അത്‌ 25–-30 ശതമാനമായി ഉയർന്നു. ഡിസംബറിൽ ദിനംതോറും 12 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ്‌ റഷ്യയിൽനിന്നും ഇറക്കുമതി ചെയ്‌തതെങ്കിൽ 2023 ജനുവരിയിൽ അത്‌ 17 ലക്ഷം ബാരലായി. ഉപരോധത്തെ മറികടക്കാൻ സബ്‌സിഡിയോടെ എണ്ണ നൽകാൻ റഷ്യ തയ്യാറായത്‌ ഇന്ത്യ നല്ലരീതിയിൽ ഉപയോഗപ്പെടുത്തുകയാണെന്നും മാധ്യമ വിശകലനങ്ങൾ നിറഞ്ഞു.

ജി ഏഴ്‌ രാഷ്ട്രങ്ങൾ റഷ്യൻ എണ്ണയ്‌ക്ക്‌ ബാരലിന്‌ 60 ഡോളറെന്ന പരിധി നിശ്ചയിച്ചിരുന്നു. കൃത്രിമ എണ്ണക്ഷാമമുണ്ടാക്കി എണ്ണ വിൽപ്പനയിലൂടെ വൻ ലാഭം കൊയ്യാനാണ്‌ അമേരിക്ക ഈ പരിധി നിർണയമെന്ന ആശയവുമായി മുന്നോട്ടുവന്നത്‌. സൗദിയെ സ്വാധീനിച്ച്‌ ഒപെക്‌ രാഷ്ട്രങ്ങളോട്‌ ഉൽപ്പാദനം കുറയ്‌ക്കാൻ അമേരിക്കൻ പ്രസിഡന്റ്‌ ഗൾഫിൽ എത്തി അഭ്യർഥന നടത്തിയെങ്കിലും അതാരും ചെവിക്കൊണ്ടില്ല. ഒരുവശത്ത്‌ എണ്ണവില കൂട്ടാൻ ശ്രമിച്ച അമേരിക്ക തന്നെയാണ്‌ റഷ്യയിൽനിന്ന്‌ വിലകുറഞ്ഞ എണ്ണ ലഭിക്കാൻ ഇന്ത്യയെ ഉപയോഗപ്പെടുത്തുന്നത്‌. ഫിൻലൻഡിലെ സെൻറർ -ഫോർ  റിസർച്ച്‌ ഓൺ എനർജി ആൻഡ്‌ ക്ലീൻ എയറും (സിആർഇഎ) ഡാറ്റ അനലിറ്റിക്കൽ സ്ഥാപനമായ കാപ്ലളറുമാണ്‌ റഷ്യയിൽനിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച്‌ അമേരിക്കയിലേക്ക്‌ ഒഴുകുകയാണെന്ന്‌ വെളിപ്പെടുത്തിയത്‌. അംബാനിയുടെ റിലയൻസ്‌ ഏനർജി, നയാര എനർജി (റഷ്യൻ കമ്പനിയായ റോസ്‌നെഫ്‌റ്റ്‌ കമ്പനിക്ക്‌ 49 ശതമാനം ഓഹരിയുള്ള കമ്പനികൂടിയാണ്‌ ഇത്‌) എന്നീ സ്വകാര്യ കമ്പനികളാണ്‌ പ്രധാനമായും അമേരിക്കയിലേക്ക്‌ എണ്ണ കൈമാറുന്നത്‌.

ലോകരാഷ്ട്രങ്ങളോട്‌ റഷ്യയിൽനിന്നും ഇന്ധനം വാങ്ങരുതെന്ന്‌ പറയുകയും ഉപരോധത്തിന്റെ വാളുയർത്തുകയും ചെയ്‌ത അമേരിക്ക തന്നെയാണ്‌ ഇന്ത്യയിൽനിന്ന്‌ ശുദ്ധീകരിച്ച റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിക്കൊണ്ടിരിക്കുന്നത്‌.

‘സ്വതന്ത്ര വിദേശനയ’ത്തിന്റെ മുഖംമൂടിയാണ്‌ ഇപ്പോൾ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നത്‌. ലോകരാഷ്ട്രങ്ങളോട്‌ റഷ്യയിൽനിന്നും ഇന്ധനം വാങ്ങരുതെന്ന്‌ പറയുകയും ഉപരോധത്തിന്റെ വാളുയർത്തുകയും ചെയ്‌ത അമേരിക്ക തന്നെയാണ്‌ ഇന്ത്യയിൽനിന്ന്‌ ശുദ്ധീകരിച്ച റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിക്കൊണ്ടിരിക്കുന്നത്‌. ജമാൽ ഖഷോഗി വധത്തെത്തുടർന്ന്‌ സൗദിയുമായും 2300 കോടി ഡോളറിന്റെ എഫ്‌–-15 വിമാനക്കരാറിൽനിന്ന്‌ യുഎഇ പിൻവാങ്ങിയതിനാൽ അവരുമായും ബന്ധം വഷളായതിനെത്തുടർന്നാണ്‌ അമേരിക്ക ഇന്ത്യയെ നടുക്കുനിർത്തി റഷ്യൻ എണ്ണ വാങ്ങാൻ തയ്യാറായത്‌. അമേരിക്കയുടെ ഇരട്ടത്താപ്പാണ്‌ ഇതിലൂടെ വെളിവാകുന്നത്‌. അതോടൊപ്പം ഇന്ത്യയുടെ നാണംകെട്ട അമേരിക്കൻ വിധേയത്വവും.

അമേരിക്കയ്‌ക്ക്‌ ലാഭം ഉണ്ടാക്കാനുള്ള ഈ കള്ളക്കച്ചവടത്തെക്കുറിച്ചുള്ള സൂചന ആദ്യം നൽകിയത്‌ അമേരിക്കൻ ബിസിനസ്‌ പത്രമായ ‘വാൾസ്‌ട്രീറ്റ്‌ ജേർണൽ’ ആണ്‌. 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലാണ്‌ ഇന്ത്യയിൽ ശുദ്ധീകരിക്കപ്പെട്ട റഷ്യൻ എണ്ണ ന്യൂയോർക്കിലും ന്യൂജഴ്‌സിയിലും കപ്പൽവഴി ഇറക്കുമതി ചെയ്‌തതായി സംശയിക്കുന്നുവെന്ന വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്‌. എന്നാൽ, ആഗസ്‌തിൽ റിസർവ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവർണർ മൈക്കിൾ പാത്ര സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ സംസാരിക്കവെ റഷ്യയിൽനിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച്‌ ന്യൂയോർക്കിലേക്ക്‌ അയക്കുകയാണെന്ന്‌ വെളിപ്പെടുത്തി. മൈക്കിൾ പാത്രയുടെ വെളിപ്പെടുത്തൽ ഒരുകാര്യം വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിൽ ചില അന്തർധാരകൾ ഉണ്ടെന്ന്‌. നവംബറിൽ അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ്‌ യെല്ലൻ ഡൽഹി സന്ദർശിച്ചവേളയിൽ അവർ നടത്തിയ പ്രസ്‌താവന ഇത്‌ സ്ഥിരീകരിക്കുന്നതായിരുന്നു. ജി ഏഴ്‌ നിശ്ചയിച്ച    വിലപരിധിക്കു മുകളിൽ റഷ്യയിൽനിന്നും എത്ര വേണമെങ്കിലും ഇന്ത്യക്ക്‌ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാമെന്നായിരുന്നു യെല്ലന്റെ പ്രസ്‌താവന. പലരെയും അത്ഭുതപ്പെടുത്തിയ ഈ പ്രസ്‌താവനയ്‌ക്ക്‌ കാരണം അങ്ങനെ ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച്‌ അമേരിക്കയ്‌ക്ക്‌ നൽകാമെന്ന്‌ അപ്പോഴേക്കും ബൈഡൻ സർക്കാരും മോദി സർക്കാരും ധാരണയിൽ എത്തിയിരുന്നുവെന്നതാണ്‌.

മോദി സർക്കാരിനെ സംബന്ധിച്ച്‌ സാമ്രാജ്യത്വ സേവയ്‌ക്കൊപ്പം കോർപറേറ്റ്‌ സേവയും ഒരേസമയം നടത്താൻ കഴിയുന്ന അസുലഭ അവസരമാണ്‌. അത്‌ പാഴാക്കുന്നത്‌ എങ്ങനെ?

മോദിയുടെ ഈ അമേരിക്കൻ ദാസ്യത്തിന്‌ കോർപറേറ്റ്‌ ദാസ്യത്തിന്റെ മറ്റൊരു മുഖംകൂടിയുണ്ട്‌. റഷ്യൻ എണ്ണ പൊതുമേഖലാ എണ്ണക്കമ്പനികളും വാങ്ങുന്നുണ്ടെങ്കിലും  പ്രധാനമായും വാങ്ങുന്നതും അമേരിക്കയ്‌ക്ക്‌ മറിച്ചുവിൽക്കുന്നതും റിലയൻസ്‌ എനർജിയും മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നയാര എനർജിയുമാണ്‌. റിലയൻസിൽനിന്നാണ്‌ അമേരിക്ക ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത്‌. ദിനംപ്രതി രണ്ടു ലക്ഷം ബാരൽ. റഷ്യയിൽനിന്ന്‌ ദിനംപ്രതി ആറു ലക്ഷം ബാരൽ എണ്ണയാണ്‌ റിലയൻസ്‌ ഇറക്കുമതി ചെയ്യുന്നത്‌. ഇതുവഴി കോടികളുടെ ലാഭമാണ്‌ റിലയൻസും അമേരിക്കയും കൊയ്യുന്നത്‌. മോദി സർക്കാരിനെ സംബന്ധിച്ച്‌ സാമ്രാജ്യത്വ സേവയ്‌ക്കൊപ്പം കോർപറേറ്റ്‌ സേവയും ഒരേസമയം നടത്താൻ കഴിയുന്ന അസുലഭ അവസരമാണ്‌. അത്‌ പാഴാക്കുന്നത്‌ എങ്ങനെ?  

ഇവിടെ വഞ്ചിക്കപ്പെട്ടത്‌ അമേരിക്കയുടെ ഏറാൻമൂളികളായ യൂറോപ്യൻ രാഷ്ട്രങ്ങളാണ്‌. റഷ്യക്കെതിരെ ഉപരോധം എർപ്പെടുത്തുന്നതോടൊപ്പം റഷ്യയിൽനിന്നു വാങ്ങുന്ന എണ്ണയുടെ അളവ്‌ കുറയ്‌ക്കണമെന്നും നിരന്തരം ആവശ്യപ്പെടുകയാണ്‌ അമേരിക്ക.  ജർമനിയും ഫ്രാൻസും മറ്റും അമേരിക്കൻ തീട്ടൂരം അക്ഷരംപ്രതി  അനുസരിക്കുകയുമാണ്‌. ഇതിന്റെ ഫലമായി യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയാകെ തകർന്നിരിക്കുകയാണ്‌. കോവിഡ്‌ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്‌ തകർത്തപ്പോൾ ഊർജപ്രതിസന്ധി യൂറോപ്പിനെ പിടിച്ചുലയ്‌ക്കുകയാണ്‌. അപ്പോഴാണ്‌ അമേരിക്ക റഷ്യയിൽനിന്ന്‌ ഇന്ത്യ വഴി വിലകുറഞ്ഞ എണ്ണ സ്വന്തമാക്കുന്നത്‌. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഈ കാട്ടുനീതി എന്നാണ്‌ സാമന്ത രാഷ്ട്രങ്ങൾ മനസ്സിലാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top