24 April Wednesday

അമേരിക്ക മടങ്ങിയ അഫ്ഗാനിസ്ഥാൻ - ഡോ. ജോസഫ് ആന്റണി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

രണ്ടുദശാബ്ദക്കാലം അഫ്ഗാനിസ്ഥാനെ ആയുധമുനയിൽനിർത്തിയ അമേരിക്ക അപമാനിതരായാണ്‌ പലായനം ചെയ്തത്‌. രണ്ടുതവണ പ്രസിഡന്റായ അഷ്റഫ് ഗനിയും നാടുവിട്ടു. അമേരിക്കയും ഗനിയും അരങ്ങൊഴിഞ്ഞ അഫ്ഗാനിസ്ഥാനിലേക്ക് വർധിതവീര്യത്തോടെ താലിബാന്റെ രണ്ടാംവരവും പൂർത്തിയായി. സുസ്ഥിര ഭരണം സ്ഥാപിക്കുക, ജനങ്ങളുടെ വിശ്വാസംനേടുക, തകർന്ന സമ്പദ്‌‌വ്യവസ്ഥ മെച്ചപ്പെടുത്തുക, അതിനായി വിദേശരാജ്യങ്ങളുടെയും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും അംഗീകാരം നേടുക എന്നതെല്ലാമാണ് താലിബാൻ ഇപ്പോൾ നേരിടുന്ന വെല്ലുവിളി.

താലിബാൻ ഏക ശിലാഖണ്ഡസ്വഭാവമുള്ള ഒരു പ്രസ്ഥാനമല്ല. വിവിധ വംശീയപ്രാദേശിക ഗ്രൂപ്പുകളായുള്ള വിഭജനം താലിബാനിൽ ശക്തമാണ്. അതിൽ ഏറ്റവും പ്രധാനം ജലാലുദീൻ ഹഖാനി സ്ഥാപിച്ച പാകിസ്ഥാൻ അനുകൂല, ഇന്ത്യാവിരുദ്ധ തീവ്രനിലപാടുകാരായ സിറാജുദീൻ ഹഖാനി വിഭാഗവും താരതമ്യേന മൃദുനിലപാടുകാരനായ അബ്ദുൽഗനി ബറാദർ നയിക്കുന്ന വിഭാഗവും തമ്മിലുള്ളതാണ്. അമേരിക്കയ്ക്കെതിരെ പോരാടിയത് താലിബാനാണെന്നും അതിനാൽ ദോഹ കരാറും അന്തർദേശീയ സമൂഹവും ആഗ്രഹിക്കുന്നതുപോലെ ന്യൂനപക്ഷങ്ങളായ ഹസാരകളും താജിക്കുകളും മുൻപ്രസിഡന്റ്‌ ഹമീദ് കർസായിയും ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല അബ്ദുള്ളയും അഹമ്മദ് മസൂദിന്റെ വടക്കൻ സഖ്യത്തിലെ പ്രതിനിധികളും അടങ്ങുന്ന ഒരു ഭരണകൂടം ആവശ്യമില്ലെന്നുമാണ് ഹഖാനി വിഭാഗത്തിന്റെ നിലപാട്. മുന്നോട്ടുപോക്കിന് അന്തർദേശീയ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സർക്കാരെന്ന അവരുടെ ആവശ്യം അംഗീകരിക്കണമെന്നുമാണ് ബറാദർ നിർദേശിക്കുന്നത്. എന്നാൽ, ഹഖാനിവിഭാഗത്തിന്റെ നിലപാടിനോടാണ് പാകിസ്ഥാന് താൽപ്പര്യം.

ഏഷ്യക്ക് ഭീഷണി
ആഗസ്‌ത്‌ 26ന് കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബു സ്ഫോടനം വരുംനാളുകളിൽ ഉണ്ടാകാനിടയുള്ള സംഘർഷങ്ങളുടെ വെടിയൊച്ചയാണ്. ഭീകരതയുടെ ആഗോളവ്യാപാരികളായിമാറിയ ഐഎസിന്റെ കാബൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്‌കെപി (കോറാസൻ പ്രൊവിൻസ്) യാണ് ബോംബുസ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ദക്ഷിണേഷ്യയും സെൻട്രൽ ഏഷ്യയും ഇസ്ലാമികഭരണത്തിൽ കൊണ്ടുവരികയെന്നതാണ് ഐഎസ്‌കെപി രൂപീകരിച്ചവരുടെ ലക്ഷ്യം. അവർക്കുപുറമെ, 2014ൽ ഇന്ത്യയിലെ കശ്മീരിലും ബംഗ്ലാദേശ്, മ്യാൻമർ മുതലായ രാഷ്ട്രങ്ങളിലും ഇസ്ലാമിക ഭരണം ഉറപ്പാക്കാൻ സ്ഥാപിതമായ എക്യൂഐഎസ് അഥവാ അൽഖായ്‌ദ ഇന്ത്യൻ സബ്കോണ്ടിനെന്റ്‌, ചൈനയിൽ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഈസ്റ്റ്‌ തർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്മെന്റ്‌(ഇടിഐഎം), കശ്മീരിലും ഇന്ത്യയിൽ പൊതുവെയും ഭീകരാക്രമണങ്ങൾക്കു നേതൃത്വംനൽകുന്ന ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തയ്ബ, പാകിസ്ഥാനിൽ ഇസ്ലാമികഭരണം സ്ഥാപിക്കാൻ നിലകൊള്ളുന്ന തെഹ്രി കെ താലിബാൻ പാകിസ്ഥാൻ(ടിടിപി) മുതലായവയും അഫ്ഗാനിസ്ഥാനിലെത്തിക്കഴിഞ്ഞു. ഈ ഭീകരസംഘങ്ങളുടെ പ്രവർത്തനം അയൽരാജ്യങ്ങൾക്ക് വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കാൻപോകുന്നത്.

ഈ രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് എല്ലാ ഒത്താശയും നൽകുന്നവരാണ് താലിബാൻ. അവർ ഒരു രാഷ്ട്രത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ഏഷ്യൻരാജ്യങ്ങളിൽ ഭീകരപ്രവർത്തനംനടത്തുന്ന സംഘടനകൾ കൂട്ടത്തോടെ അഫ്ഗാനിസ്ഥാനിൽ സുരക്ഷിതസ്ഥാനങ്ങളിൽ അഭയംതേടുകയും ചെയ്യുമ്പോൾ ഭീകരാക്രമണഭീഷണി വർധിക്കും. കശ്മീർപോലുള്ള പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നങ്ങളാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം അവർ പ്രസ്താവിച്ചിരിക്കുന്നു. ഒരുഘട്ടത്തിൽ താലിബാനുമായി ഒരു ചർച്ചയ്ക്കുമില്ലെന്നുപറഞ്ഞിരുന്ന ഇന്ത്യ ഇപ്പോൾ അവരുമായി ചർച്ചകൾ ആരംഭിച്ചിരിക്കയാണ്.

അമേരിക്കയുടെ ചൈനാപ്പേടി
ഇരുപതുവർഷക്കാലം അമേരിക്ക കീഴടക്കിവച്ച അഫ്ഗാനിസ്ഥാനെ, ഇപ്പോൾ ചൈന വിഴുങ്ങാൻപോകുന്നെന്ന് അലമുറയിടുകയാണവർ. അരാജകത്വത്തിലേക്കുതള്ളിവിട്ട അമേരിക്കയാണ് ചൈനപ്പേടിയിൽ കരയുന്നത്. റഷ്യയിലെ ചെച്ന്യയിലും ചൈനയിലെ ഷിൻജിയാങ്ങിലും ഇന്ത്യയിലെ കശ്മീരിലും പാകിസ്ഥാനിൽ പൊതുവെയും താലിബാൻ പിന്തുണയുള്ള ഭീകരസംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നത് യാഥാർഥ്യമാണ്. താലിബാന്റെ നേതൃത്വത്തിലുള്ള ഭരണകൂടവുമായുള്ള ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും മാത്രമേ അയൽരാജ്യങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനാകൂ. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിനാണ് ശ്രമിക്കുന്നത്. ഇതുകണ്ട് ഹാലിളകിയിരിക്കയാണ് അമേരിക്കയ്ക്ക്.

താലിബാനുപുറമെ അവരേക്കാൾ തീവ്രനിലപാടുകാരായ ഐഎസ്‌കെപിയും എക്യൂഐഎസും ടിടിപിയും മറ്റുള്ളവരും എത്തുന്നതും അഫ്ഗാനിസ്ഥാന്റെ ദുരിതം വർധിപ്പിക്കാൻമാത്രമേ കാരണമാകൂ. അമേരിക്കാനന്തര അഫ്ഗാനിസ്ഥാൻ വറചട്ടിയിൽനിന്ന്‌ എരിതീയിലേക്കു വീണുകഴിഞ്ഞു. നേരത്തെ താലിബാനായിരുന്നു അഫ്ഗാനിസ്ഥാനെ പീഡിപ്പിച്ചിരുന്നത്‌. ഇപ്പോൾ അമേരിക്കയുടെ പലായനത്തിലൂടെ ഭീകരസംഘടനകളുടെ സുരക്ഷിതകേന്ദ്രമായി അഫ്ഗാനിസ്ഥാൻ മാറ്റപ്പെട്ടു. ഈ സാഹചര്യം അഫ്ഗാനിസ്ഥാനു മാത്രമല്ല, ലോകത്തിനൊട്ടാകെ അശാന്തിയുടെ ദിനങ്ങളായിരിക്കും സമ്മാനിക്കുക.

(കേരള സർവകലാശാല അന്താരാഷ്ട്ര മാർക്സിയൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top