22 September Friday

തയ്‌വാനിലെ തീക്കളി തീരുമോ

ഡോ. ജോസഫ് ആന്റണിUpdated: Saturday Jul 30, 2022

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും അവരുടെ ആഗോളമേധാവിത്വവും അതീവ പ്രതിസന്ധിയെയാണ് നേരിടുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തളരുകയാണെന്ന് തിരിച്ചറിഞ്ഞതിനാലാണ്, ഇനി ആഗോള പൊലീസ് ചമയേണ്ട, സ്വന്തംകാര്യം നോക്കിയാൽ മതിയെന്ന ആശയം മുൻനിർത്തി "അമേരിക്കയെ വീണ്ടും മഹത്തരമാക്കുക" എന്ന മുദ്രാവാക്യമുയർത്തി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പല സാർവദേശീയ സംഘടനകളിൽനിന്നും കരാറുകളിൽനിന്നും പിന്മാറിയതും നാറ്റോ അംഗങ്ങളോടും ജപ്പാനോടും  മറ്റും അവരുടെ സുരക്ഷയുടെ ചെലവുകൾ വഹിക്കാൻ ആവശ്യപ്പെട്ടതും. ചൈനയ്‌ക്കെതിരായി വ്യാപാരയുദ്ധം ആരംഭിച്ചതും അതിന്റെ ഭാഗമായാണ്. പക്ഷേ, ട്രംപിനെ പരാജയപ്പെടുത്തി പ്രസിഡന്റായ ജോ ബൈഡൻ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തളരുകയാണെന്ന യാഥാർഥ്യം മറച്ചുവച്ച്‌ ആഗോളമേധാവിത്വം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ചൈനയുടെ ഭാഗമായ തയ്‌വാനിൽ തീകൊളുത്താനുള്ള ശ്രമവും അതിന്റെ ഭാഗമാണ്.

അധികാരത്തിൽ എത്തിയതുമുതൽ അദ്ദേഹം ഉയർത്തുന്ന മുദ്രാവാക്യം "മികച്ച ഒരു ലോകത്തെ നിർമിക്കുക’ എന്നതാണ്. ലളിതമായിപ്പറഞ്ഞാൽ ട്രംപിന്റെ നടപടികൾമൂലം കൈമോശംവന്ന സഖ്യരാജ്യങ്ങളുടെ വിശ്വാസം തിരികെപ്പിടിക്കുക, കൂടുതൽ രാജ്യങ്ങളെ അമേരിക്കയുടെ നേതൃത്വത്തിൻ കീഴിൽ കൊണ്ടുവരുക എന്നതാണ്. അതിനുവേണ്ടി അധികാരത്തിൽവന്നതിനുശേഷം കഴിഞ്ഞ പത്തൊമ്പതു മാസത്തിനിടയിൽ അമേരിക്ക നേതൃത്വം നൽകുന്ന എല്ലാ സൈനിക, സാമ്പത്തിക, തന്ത്രപര കൂട്ടായ്മകളുടെ ഉന്നതതലസമ്മേളനങ്ങൾ ഒന്നിലേറെത്തവണ അമേരിക്കയുടെ നേതൃത്വത്തിൽ നടന്നു.

നാറ്റോ, ജി-7, ക്വാഡ് ഉന്നതതലങ്ങൾ ഉദാഹരണം. അവയ്ക്കുപുറമെ, ആസിയാൻ രാജ്യങ്ങളുടെയും ദക്ഷിണ അമേരിക്കൻ രാജ്യങ്ങളുടെയും ഉന്നതതലസമ്മേളനങ്ങൾ അമേരിക്ക വിളിച്ചുകൂട്ടി. അതിലും തൃപ്തനാകാതെ പുതിയ കൂട്ടായ്മകളും സഖ്യങ്ങളും അമേരിക്കയുടെ നേതൃത്വത്തിൽ നിലവിൽവന്നു. നിലവിലുള്ളതോ പുതുതായി രൂപീകരിച്ചതോ ആയ സൈനിക -ഭൂതന്ത്ര-രാഷ്ട്രീയ സഖ്യങ്ങൾകൊണ്ടൊന്നും അമേരിക്കയുടെ തകരുന്ന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനോ ആഗോളമേധാവിത്വം അഭംഗുരം നിലനിർത്താനോ ആകില്ലെന്ന തിരിച്ചറിവിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ജോ ബൈഡൻ.


 

അതുമാത്രമല്ല,  ജോ ബൈഡൻ അധികാരത്തിൽ വന്നതിനുശേഷം ജൂലൈ 28ന് അഞ്ചാംതവണയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നേരിട്ടുള്ള സംഭാഷണത്തിൽ ഏർപ്പെടുന്നത്. ബൈഡൻ -–- ഷി ജിൻപിങ് സംഭാഷണം നടന്നത് അമേരിക്കൻ പാർലമെന്റ് സ്പീക്കർ നാൻസി പെലോസിയുടെ പ്രഖ്യാപിത തയ്‌വാൻ സന്ദർശനം, ഉക്രയിൻ-–- റഷ്യ യുദ്ധം, അമേരിക്കയിൽ രൂക്ഷമാകുന്ന നാണ്യപ്പെരുപ്പം, ബൈഡന്റെ ജനപ്രീതിയിൽ ഉണ്ടായിരിക്കുന്ന ഇടിവ്, നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ്.

ലോകത്തെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിൽ 2018 മുതൽ നിലനിൽക്കുന്ന വ്യാപാരയുദ്ധം ഇപ്പോൾ അമേരിക്കയിൽ രൂപപ്പെട്ടുവരുന്ന സാമ്പത്തികമാന്ദ്യത്തിന് ഒരുകാരണമാണ്. ഈ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള ഒരു മാർഗം ഏകദേശം 370 ബില്യൺ ഡോളർ മൂല്യം വരുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെമേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ചുങ്കം പിൻവലിക്കുകയെന്നതാണ്‌. അമേരിക്കൻ ധന സെക്രട്ടറിയായ ജാനെറ്റ് യെല്ലെൻ, ഉപരോധങ്ങളിൽ ഉടൻ അയവുവരുത്തണമെന്ന നിലപാടിലാണ്. അതിനുവേണ്ടി പരസ്പരബന്ധങ്ങൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ നടന്ന ഫോൺ സംഭാഷണമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. ഇതിനായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സള്ളിവൻ ചൈനയുടെ പൊളിറ്റ് ബ്യൂറോ അംഗവും മുൻവിദേശ മന്ത്രിയുമായിരുന്ന യാങ് ജീച്ചിയുമായി ഈ ജൂണിൽ ലക്സംബർഗിലും വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയുടെ വിദേശമന്ത്രി വാങ് യിയുമായി ജൂലൈയിൽ ഇൻഡോനേഷ്യയിലെ ബാലിയിലും ചർച്ചകൾ നടത്തുകയുണ്ടായി. അതിന്റെ തുടർച്ചയാണ് ജോ ബൈഡനും ഷി ജിൻപിങ്ങും തമ്മിൽ ഇപ്പോൾ നടന്ന ഫോൺ സംഭാഷണം.

പരസ്പരമുള്ള ആശയവിനിമയം നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുറമെ, തർക്കങ്ങൾ ഉത്തരവാദപൂർണമായി കൈകാര്യം ചെയ്യാനും പരസ്പരം യോജിക്കുന്ന മേഖലകളിൽ സഹകരിക്കാനുമുള്ള ബൈഡൻ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഫോൺ സംഭാഷണമെന്നാണ് അമേരിക്ക പ്രസ്താവിച്ചത്. നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശന പ്രഖ്യാപനം ഇരുപ്രസിഡന്റുമാരും ഗൗരവമായി കണ്ടുവെന്നാണ് ഫോൺ സംഭാഷണത്തിനുശേഷം അമേരിക്ക പുറപ്പെടുവിച്ച പ്രസ്താവന സൂചിപ്പിക്കുന്നത്. തയ്‌വാൻ  വിഷയത്തിൽ "ഒരു ചൈന’ എന്ന നയത്തിൽനിന്ന്‌ അമേരിക്ക മാറില്ലെന്ന് ബൈഡൻ പ്രസ്താവിച്ചു. ആ വിഷയത്തിൽ ചൈനയുടെ പ്രതികരണം അത്രത്തോളം ശക്തമായിരുന്നു. പെലോസിയുടെ പ്രഖ്യാപിത തയ്‌വാൻ  സന്ദർശനത്തെപ്പറ്റി  ബൈഡനുമായുള്ള സംഭാഷണത്തിൽ ഷി ജിൻപിങ് പറഞ്ഞത്, തീകൊണ്ടു കളിക്കുന്നവർക്കുതന്നെയാകും പൊള്ളലേൽക്കുകയെന്നാണ്. തയ്‌വാൻ വിഷയത്തിൽ തീക്കളിക്കില്ലെന്നു തന്നെയാണ്  ബൈഡന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ആ നിലപാട് തയ്‌വാൻ വിഷയത്തിൽ രൂപപ്പെട്ടുവന്ന സംഘർഷത്തിൽ അയവുവരുത്തിയേക്കാം. അതായിരിക്കും ഫോൺ സംഭാഷണത്തിന്റെ ഏറ്റവും വലിയ നേട്ടവും. എന്നാൽ, നിരവധി വിഷയങ്ങളിൽ തർക്കങ്ങൾ പരിഹാരമില്ലാതെ തുടരുകയുംചെയ്യുന്നു. തയ്‌വാൻ പ്രശ്നം  ഉന്നയിച്ചതോടൊപ്പം സാമ്പത്തികനയങ്ങൾ, ആഗോളതലത്തിലുള്ള ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം ആശയവിനിമയം നിലനിർത്തണമെന്നും ഷി ജിൻപിങ് ആവശ്യപ്പെട്ടു. പരസ്പര സംഭാഷണം നടന്നുവെന്നല്ലാതെ മറ്റുള്ള തർക്കവിഷയങ്ങളിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നുംതന്നെ ഉണ്ടായില്ല.

സിംഗപ്പൂരിന്റെ നയതന്ത്രപ്രതിനിധിയായി മൂന്നുദശാബ്ദത്തോളം പ്രവർത്തിച്ച എഴുത്തുകാരനും  പ്രമുഖ ചൈനാ വിദഗ്‌ധനുമാണ് കിഷോർ മഹ്ബൂബാനി. അദ്ദേഹം ചൈന–-- അമേരിക്ക ബന്ധത്തെക്കുറിച്ച് 2020ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ പേര് "ചൈന വിജയിച്ചോ?" എന്നാണ്. ട്രംപ് തുടങ്ങിവച്ചതും ഇപ്പോൾ ജോ ബൈഡൻ തുടരുന്നതുമായ ചൈനാ വിരുദ്ധതയുടെ മിഥ്യയും പിശകുകളും ചൂണ്ടിക്കാണിക്കുന്ന ആ ഗ്രന്ഥം പരസ്പരസംഘർഷങ്ങൾ അമേരിക്കയുടെയും ചൈനയുടെയും ബന്ധങ്ങൾ മാത്രമല്ല, ലോകത്തെത്തന്നെ അസ്വസ്ഥമാക്കുമെന്നാണ് സ്ഥാപിക്കുന്നത്. ഇപ്പോൾ ബൈഡനും ഷി ജിൻപിങ്ങും തമ്മിൽനടന്ന ചർച്ചകളിൽ തയ്‌വാനെ സംബന്ധിച്ച പരസ്യനിലപാട് അമേരിക്ക ആവർത്തിച്ചെങ്കിലും അവമാത്രം കൊണ്ട് പരസ്പരബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാനാകില്ല.

(കേരള സർവകലാശാല അന്താരാഷ്ട്ര മാർക്സിയൻ പഠനഗവേഷണകേന്ദ്രം ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top