15 August Monday

യു എസ് പിടിവാശിയിൽ പരാജയപ്പെട്ട കൂടിക്കാഴ്ച

ഡോ. ജോസഫ് ആന്റണിUpdated: Wednesday Nov 24, 2021

ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ന് നിലനിൽക്കുന്ന പരസ്പരബന്ധങ്ങളിൽ ഏറ്റവും നിർണായകമായതാണ് അമേരിക്ക–- ചൈന ബന്ധം. അവർ തമ്മിലുള്ള ബന്ധമാണ് ഇന്നത്തെ ലോകരാഷ്ട്രീയത്തെ നിർവചിക്കുന്നത്. അതുകൊണ്ടാണ് അമേരിക്കയുടെയും ചൈനയുടെയും പ്രസിഡന്റുമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുമ്പോൾ ലോകമാകെ അത് ശ്രദ്ധിക്കുന്നത്. സുപ്രധാനബന്ധമായതുകൊണ്ടുതന്നെ, ജോ ബൈഡൻ നേരത്തേ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ഇരുരാജ്യവും അവ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ഏറെ ചർച്ചചെയ്യപ്പെട്ട രണ്ട് പ്രധാനപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെയും ചൈനയുടെയും പ്രസിഡന്റുമാർ ഓൺലൈൻ ഉന്നതതലസമ്മേളനത്തിൽ പങ്കെടുത്തത്. ആദ്യത്തേത്, യുഎസ് പ്രതിരോധമന്ത്രാലയം ചൈനയെ സംബന്ധിച്ച് അമേരിക്കൻ പാർലമെന്റിനു സമർപ്പിച്ച 173 പേജുള്ള വാർഷികറിപ്പോർട്ടാണ്. റിപ്പോർട്ടിനു നൽകിയിരിക്കുന്ന ശീർഷകം, ‘ചൈന ഏർപ്പെട്ടിരിക്കുന്ന സൈനികസുരക്ഷാ വികസനപ്രവർത്തനങ്ങൾ’ എന്നാണ്. ഈ പഠനറിപ്പോർട്ടിലെ ആകെയുള്ള പതിമൂന്നധ്യായത്തിലായി വിവരിക്കുന്നത് ചൈനയുടെ രാഷ്ട്രീയ, സൈനികതന്ത്രങ്ങൾ, സേനയുടെ ആധുനികവൽക്കരണം എന്നിവയാണ്. തയ്‌വാൻ സംഘർഷം, ഇന്ത്യ–- ചൈന അതിർത്തിപ്രശ്നം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ വിദേശസൈനികനയങ്ങൾ അമേരിക്കയ്ക്ക് വലിയ ആപത്ത്‌ വരുത്തിവയ്ക്കാൻപോകുന്നുവെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.

രണ്ടാമത്തേത്, ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ പത്തൊൻപതാം കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ലീനത്തിന്റെ തീരുമാനങ്ങളാണ്. മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാഷ്ട്രമായി ചൈനയെ മാറ്റുമെന്നും, ആഗോളതലത്തിൽ പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കുമെന്നും, ‘ദേശീയപുനരുജ്ജീവനം' എന്ന മഹത്തായ സ്വപ്‌നത്തിലേക്ക് ചുവടുവയ്ക്കാൻ ചരിത്രത്തിൽനിന്ന്‌ പാഠം ഉൾക്കൊണ്ട് കഠിനമായി പ്രയത്‌നിക്കുമെന്നുമാണ് പ്ലീനം പ്രഖ്യാപിച്ചത്. ഷി ജിൻപിങ് മുന്നോട്ടുവച്ച, ‘പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ചൈനീസ് സവിശേഷതയോടുകൂടിയുള്ള സോഷ്യലിസം' എന്ന ചിന്താപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ചൈന ഇനി മുന്നോട്ടുപോവുക. ഈ തീരുമാനങ്ങളും, അതിൽ ഷി ജിൻപിങ്ങിന്റെ നേതൃത്വവും അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും ശക്തിപ്രാപിക്കുന്ന ചൈനയെ ഏതുവിധേനയും തടഞ്ഞേകഴിയൂ എന്ന്‌ നിർദശിക്കുന്ന അമേരിക്കൻ പ്രതിരോധവകുപ്പിന്റെ പാഠങ്ങളുമായാണ് ബൈഡൻ എത്തിയതെങ്കിൽ, കമ്യൂണിസ്റ്റ് പാർടിയും ജനതയും തന്നിൽ അർപ്പിച്ച വിശ്വാസം നൽകുന്ന ആത്മവിശ്വാസവുമായാണ് ബൈഡന്റെ ക്ഷണം സ്വീകരിച്ച് ഷി ജിൻപിങ് ചർച്ചയിൽ പങ്കെടുത്തത്.

ചൈനയെ സംബന്ധിക്കുന്ന രണ്ടു സുപ്രധാനകാര്യമാണ് അമേരിക്കയുടെ ഉറക്കംകെടുത്തുന്നത്. ഒന്നാമതായി, അമേരിക്കയും സഖ്യശക്തികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഉദാരവാദലോകക്രമത്തെ ചൈന വെല്ലുവിളിക്കുന്നു. രണ്ട്, സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും കരുത്താർജിച്ച്‌, അമേരിക്കയുടെ ആഗോളമേധാവിത്വത്തെത്തന്നെ ചൈന മറികടക്കാൻ ശ്രമിക്കുന്നു. ഈ രണ്ട് ഉൽക്കണ്ഠയാണ് ആദ്യം സൂചിപ്പിച്ച റിപ്പോർട്ടിലേക്കും ജനാധിപത്യം, മനുഷ്യാവകാശം, തുറന്നതും സ്വതന്ത്രവുമായ ലോകം എന്നൊക്കെയുള്ള പ്രഖ്യാപനങ്ങൾ നടത്താൻ അമേരിക്കയെയും സുഹൃത്തുക്കളെയും നിർബന്ധിക്കുന്നത്.

ഈ നിലപാടുകൾമൂലം അമേരിക്ക–- ചൈന ബന്ധങ്ങളിൽ തർക്കവിഷയങ്ങൾക്ക് ഒരു പഞ്ഞവുമില്ല. പ്രത്യയശാസ്ത്രപരം, രാഷ്ട്രീയം, സൈനികം, ഭൂതന്ത്രപരം, വ്യാപാരം, ശാസ്ത്രസാങ്കേതികം എന്നിങ്ങനെ നീണ്ടുപോകുന്നതാണ്‌ അവ. വിഭിന്നങ്ങളായ പ്രത്യയശാസ്ത്രനിലപാടുകൾ പിന്തുടർന്നിരുന്നെങ്കിലും ആഗോളതലത്തിൽ അമേരിക്കയും ചൈനയും സഹകരിച്ചാണ് നീങ്ങിക്കൊണ്ടിരുന്നത്. എന്നാൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധിമൂലം അമേരിക്ക തളരാൻ തുടങ്ങുകയും ചൈന ശക്തിപ്രാപിക്കാൻ തുടങ്ങിയതുമാണ് ചൈനയ്‌ക്കെതിരായി നീങ്ങാൻ അമേരിക്കയെ പ്രേരിപ്പിച്ച ഘടകങ്ങൾ. ഒബാമയുടെ കാലത്തുതന്നെ ചൈനാവിരുദ്ധ നീക്കങ്ങൾ ശക്തമായി ആരംഭിച്ചെങ്കിലും, കൂടുതൽ കടുത്ത നിലപാടുകളിലേക്ക്‌ നീങ്ങിയത് ട്രംപിന്റെ കാലത്താണ്. ചൈനയുടെ കയറ്റുമതി ഉൽപ്പന്നങ്ങളുടെ മേൽ ചുങ്കംചുമത്തിയും, ശാസ്ത്രസാങ്കേതിക ഉൽപ്പന്നങ്ങൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ നിരോധിച്ചും, ചൈനാവിരുദ്ധസഖ്യങ്ങൾ ശക്തിപ്പടുത്തിയും, ചൈനീസ് കമ്യൂണിസ്റ്റ് പാർടി നേതാക്കളുടെമേൽ ഉപരോധമേർപ്പെടുത്തിയുമാണ് ട്രംപ് തന്റെ ചൈനാവിരുദ്ധ നടപടി നടപ്പാക്കിയത്.

ട്രംപിന്റെ തീവ്രനിലപാടുകളിൽനിന്ന്‌ ജോ ബൈഡൻ മാറിനടക്കുമെന്നു കരുതിയെങ്കിലും, ട്രംപിന്റെ അതേ വഴിയിലൂടെതന്നെയാണ് ബൈഡനും നീങ്ങിക്കൊണ്ടിരിക്കുന്നത്. ബൈഡൻ ഭരണകൂടം അധികാരത്തിലെത്തിയതിനുശേഷം മുന്നൂറിലേറെ ചൈനാവിരുദ്ധ ബില്ലുകൾ പാസാക്കിയെന്നുമാത്രമല്ല, തൊള്ളായിരത്തോളം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരായി ഉപരോധങ്ങളുമേർപ്പെടുത്തി. ട്രംപിന്റെ കാലത്ത്, 2018ൽ പ്രസിദ്ധീകരിച്ച, ദേശീയസുരക്ഷാതന്ത്രത്തിൽ പറയുന്നതുപോലെ, ബൈഡൻ ഭരണകൂടം പുറത്തിറക്കിയ ദേശീയ സുരക്ഷാതന്ത്ര മാർഗരേഖയും ചൈനയെ വലിയ വെല്ലുവിളിയാണെന്നാണ് വിലയിരുത്തുന്നത്. എന്നുമാത്രമല്ല, സഖ്യശക്തികളെ അവഗണിച്ച്‌ അമേരിക്കയുടെമാത്രം വളർച്ചയാണ് ട്രംപ് പരിഗണിച്ചിരുന്നതെങ്കിൽ, സഖ്യശക്തികളെക്കൂടി കൂട്ടുപിടിച്ചാണ് ബൈഡൻ ചൈനയ്‌ക്കെതിരായി നീങ്ങുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ചേർന്ന് രൂപീകരിച്ച ‘ഔകസ്' കൂട്ടായ്മ.

അതിൽനിന്ന്‌ വ്യത്യസ്തമായി, ഇരുരാജ്യവും സഹകരിച്ചത് ഗ്ലാസ്‌ഗോയിൽ സമാപിച്ച കാലാവസ്ഥാ സമ്മേളനത്തിൽമാത്രമാണ്. കാർബൺ പുറന്തള്ളുന്ന ആദ്യത്തെ രണ്ടുരാജ്യമായ അമേരിക്കയും ചൈനയും കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതിൽ സഹകരിച്ചു പ്രവർത്തിക്കാനുള്ള കരാറിലാണ് ഒപ്പിട്ടത്. 2015ലെ പാരിസ് കാലാവസ്ഥാ കരാർ നടപ്പാക്കുന്നതിനായി കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള സഹകരണമാണ് ഇരുരാജ്യവും പ്രഖ്യാപിച്ചത്.

image credit wikimedia commons

image credit wikimedia commons


 

ജോ ബൈഡന്റെ ആഗ്രഹപ്രകാരമാണ് നേതാക്കൾ പരസ്പരം കൂടിക്കാണാൻ തീരുമാനിച്ചത്. അത്തരമൊരു നീക്കത്തിനു പിന്നിലെ ഒന്നാമത്തെ കാര്യം, അമേരിക്കയിൽ ബൈഡന്റെ ജനപ്രീതിയിൽ ഉണ്ടായിരിക്കുന്ന വലിയ ഇടിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പലതിലും ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥികൾ പരാജയപ്പെട്ടു. ഇതു തുടർന്നാൽ 2022ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിക്ക് വൻ പരാജയമുണ്ടാകും. അങ്ങനെ വന്നാൽ ബൈഡൻ ഭരണത്തിന്റെ രണ്ടാംപകുതി ദുർബലമാകും. മറ്റൊന്ന്, ഷി ജിൻപിങ്ങുമായി സംഭാഷണം നടത്തുന്നത് അടുത്തുതന്നെ നടക്കാൻപോകുന്ന ബൈഡൻ– -പുടിൻ ചർച്ചയുടെ പശ്ചാത്തലമൊരുക്കാനാണ്. റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടുതൽ മെച്ചപ്പെട്ട ബന്ധം സൃഷ്ടിച്ച് ചൈനയെ ഒറ്റപ്പെടുത്താൻ കഴിയുമോയെന്നാണ് ബൈഡൻ നോക്കുന്നത്. അമേരിക്ക– -ചൈന വ്യാപാരത്തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളും ഉടൻ ആരംഭിക്കും. ഇതെല്ലാം അമേരിക്കയുടെ സാമ്പത്തികരംഗം മുന്നോട്ടുപോകാൻ ചൈനയുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിൽനിന്നുണ്ടായ മാറ്റങ്ങളാണ്.

സമ്മേളനത്തിന്റെ ഒടുവിൽ, സാധാരണഗതിയിൽ നേതാക്കൾ പരസ്പരം കൂടിക്കാണുമ്പോഴുള്ള പരമ്പരാഗത സ്ഥിരംപദാവലികൾ ഇത്തവണയും ഉണ്ടായി. പക്ഷേ, മൂന്നരമണിക്കൂർനേരം ആശയവിനിമയം നടത്തിയിട്ടും ഇരുകൂട്ടർക്കുമിടയിൽ തർക്കവിഷയങ്ങൾ പരിഹരിക്കാനുള്ള നീക്കവുമുണ്ടായില്ലെന്നുമാത്രമല്ല, നിലപാടുകൾ ശക്തമായി ആവർത്തിക്കുകയും ചെയ്തു. ഉദാഹരണത്തിന്, തയ്‌വാന് എല്ലാ പിന്തുണയും അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചപ്പോൾ, ആ വിഷയത്തിൽ ആരിടപെട്ടാലും അവരുടെ കൈപൊള്ളുമെന്നാണ് ഷി ജിൻപിങ് പ്രതികരിച്ചത്. തിബത്ത്, ഹോങ്‌കോങ്, സിൻജിയാങ് മനുഷ്യാവകാശം, കോവിഡ് ഉത്ഭവം, ചൈനയുടെ ആണവപദ്ധതികൾ, സൈബർ സുരക്ഷ എന്നിവ ജോ ബൈഡൻ ഉന്നയിച്ചപ്പോൾ, അമേരിക്ക–- ചൈന വ്യാപാരം, ശാസ്ത്ര സാങ്കേതികരംഗത്തെ സഹകരണം എന്നിവയാണ് ചൈന ഉന്നയിച്ചത്. അമേരിക്ക–- ചൈന സഹകരണത്തിനായി ചൈന വാദിച്ചപ്പോൾ, അമേരിക്ക അവരുടെ ചൈനാവിരുദ്ധ നിലപാട്‌ ആവർത്തിക്കാനാണ് കൂടിക്കാഴ്ച ഉപയോഗിച്ചത്.

ആകെ കാണാവുന്ന മാറ്റം, അഭിപ്രായവ്യത്യാസങ്ങൾ സംഘട്ടനത്തിലേക്ക്‌ നീങ്ങരുതെന്ന്‌ രണ്ടു ഭരണാധികാരികളും ഒരുപോലെ പങ്കുവച്ച ഉറച്ച അഭിപ്രായമാണ്. അന്തിമ വിശകലനത്തിൽ, രണ്ടു സുപ്രധാന രാജ്യങ്ങളുടെ ബന്ധങ്ങളെ, ലോകത്തിന് ഗുണകരമായി കൊണ്ടുപോകുന്നതിനല്ല, ചൈനയുടെ ആഭ്യന്തരകാര്യങ്ങളായ സിൻജിയാങ്ങും തയ്‌വാനും സൈബർ സുരക്ഷയും മറ്റും ഉന്നയിച്ച് അമേരിക്കയുടെ ആഗോളതാൽപ്പര്യങ്ങൾ വെളിവാക്കുന്നതിനുള്ള വേദിയാക്കി കൂടിക്കാഴ്ച മാറ്റിയെന്നുമാത്രം. ലോകം നിരവധിയായ വെല്ലുവിളി നേരിടുമ്പോൾ അവയെ ശക്തമായി സ്വാധീനിക്കാനാകുന്ന രണ്ടുരാജ്യത്തിന്റെ ഭരണാധികാരികളുടെ കൂടിക്കാഴ്ച അമേരിക്കയുടെ സ്വാർഥപ്രേരിതമായ രാഷ്ട്രീയതാൽപ്പര്യംമൂലം പരാജയപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം ബൈഡനു മാത്രമാണ്.

(കേരള സർവകലാശാല അന്താരാഷ്ട്ര മാർക്സിയൻ പഠനഗവേഷണകേന്ദ്രം ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top