26 April Friday

ഇന്തോ പസഫിക്കിൽ യുഎസ്‌ നങ്കൂരം

ഡോ. ജോസഫ് ആന്റണിUpdated: Thursday May 26, 2022

കുറേക്കാലമായി ആകെ അങ്കലാപ്പിലായിരുന്നു അമേരിക്ക. യൂറോപ്പും ചൈനയും റഷ്യയുമെല്ലാം യുഎസ്‌ മേധാവിത്വത്തെ ചോദ്യംചെയ്യുന്ന  ബഹുധ്രുവലോകത്തിന്റെ രൂപപ്പെടലായിരുന്നു അവരെ  ഭയപ്പെടുത്തിയത്.  ഇതിനിടയിൽ  വീണുകിട്ടിയ തുറുപ്പുചീട്ടാണ് റഷ്യ–-ഉക്രയ്‌ൻ യുദ്ധം. യുഎസിന്റെ സാമ്രാജ്യത്വ മേധാവിത്വ നീക്കങ്ങൾക്കെതിരായി ചൈനയും റഷ്യയും നേതൃത്വം നൽകുന്ന മുന്നേറ്റങ്ങളെയെല്ലാം അത് ദുർബലമാക്കി. അവസരം മുതലെടുത്ത്‌ റഷ്യയെ ഒറ്റപ്പെടുത്താനും അതിലൂടെ റഷ്യയും ചൈനയും ചേർന്നുനടത്തുന്ന യുഎസ്‌ വിരുദ്ധ നീക്കങ്ങളെ നിർവീര്യമാക്കാനുമുള്ള തീവ്രശ്രമത്തിലാണ് അമേരിക്ക. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  ഇന്തോ–- പസഫിക് മേഖലാ രാഷ്ട്രങ്ങളുമായി ജോ ബൈഡൻ നടത്തിയ ഉന്നതതല സമ്മേളനങ്ങൾ.

യൂറോപ്യൻ യൂണിയനും നാറ്റോയ്ക്കുമെതിരായ  ട്രംപിന്റെ നിലപാടുകൾമൂലം, ഉക്രയ്‌ൻ യുദ്ധം ആരംഭിക്കുന്നതിനു മുമ്പുതന്നെ യൂറോപ്യൻ രാജ്യങ്ങൾ സാമ്പത്തികമേഖലയിൽ സ്വാതന്ത്ര നിലപാടുകൾ സ്വീകരിക്കുന്നതിലേക്കു നീങ്ങി. അതിന്റെ ഫലമായിരുന്നു ഇയു രാജ്യങ്ങളും റഷ്യയുമായി രൂപപ്പെട്ട ശക്തമായ വാണിജ്യബന്ധങ്ങൾ. 2008ൽ ആരംഭിച്ച് ഇപ്പോഴും തുടരുന്ന സാമ്പത്തികപ്രതിസന്ധി, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നേരിട്ട സൈനികമായ തിരിച്ചടി, കോവിഡ് മൂലമുണ്ടായ സാമ്പത്തികത്തളർച്ച, ചൈനയിൽനിന്നുള്ള വെല്ലുവിളികൾ എന്നിവയെ ഫലപ്രദമായി നേരിടാൻ യൂറോപ്പിന്റെ സഹായം അത്യന്താപേക്ഷിതമാണെന്ന് ജോ ബൈഡൻ മനസ്സിലാക്കി.  ആ ലക്ഷ്യംനേടാൻ, റഷ്യയുമായുള്ള സഹകരണം അവസാനിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുമായി അടുത്തുവരണമെന്ന്   ബൈഡൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഇയുവിന്റെയും ജി 7 രാജ്യങ്ങളുടെയും  നാറ്റോയുടെയും സമ്മേളനങ്ങൾ വിളിച്ചുകൂട്ടുകയും അവയിലെല്ലാം റഷ്യക്കും ചൈനയ്ക്കുമെതിരായി യൂറോപ്യൻ രാജ്യങ്ങൾ ഒരുമിക്കേണ്ടതിന്റെ ആവശ്യം ബൈഡൻ ആവർത്തിച്ചു. പക്ഷേ, യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ സഹകരണത്തിൽനിന്നും പിന്മാറിയില്ല.

ആഗോളതലത്തിലെ അമേരിക്ക  മേൽക്കോയ്മ തിരിച്ചുപിടിക്കാൻ  വഴികാണാതെ നിൽക്കുമ്പോഴാണ് റഷ്യ–-ഉക്രയ്‌ൻ യുദ്ധം ആരംഭിക്കുന്നത്.  റഷ്യൻ സഹകരണത്തിൽനിന്ന്‌ യൂറോപ്യൻ രാജ്യങ്ങളെ വേർപെടുത്താൻ മാത്രമല്ല, അമേരിക്കയുടെ ഷെയിൽ ഗാസും ആയുധങ്ങളും വൻതോതിൽ വിൽക്കാനും  സാധിച്ചു. ഇയു നാറ്റോ രാജ്യങ്ങളെല്ലാം വീണ്ടും യുഎസ്‌ കുടക്കീഴിലായി. എന്നുമാത്രമല്ല, ഇതുവരെ  അകന്നുനിന്ന സ്വീഡനും ഫിൻലൻഡും അംഗത്വത്തിലേക്കു വരാനും തീരുമാനിച്ചു.


 

ഈ സുവർണാവസരം മുതലാക്കി വഴുതിപ്പൊയ്ക്കൊണ്ടിരിക്കുന്ന തങ്ങളുടെ ആഗോളമേധാവിത്വം വീണ്ടും ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് ബൈഡൻ. അതിന്റെ ഭാഗമായാണ് യൂറോപ്പിൽ  ഇയുവിനെയും നാറ്റോയെയും ശക്തിപ്പെടുത്തി റഷ്യയെ വരിഞ്ഞുമുറുക്കുമ്പോൾ മറ്റുള്ള രാജ്യങ്ങൾക്ക് സാമ്പത്തിക, സൈനിക സുരക്ഷ ഉറപ്പിക്കാനെന്നപേരിൽ ഏഷ്യയിൽ ചൈനയെ ചുറ്റിവളയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്.
ബൈഡൻ, യുഎസ്‌  വൈസ് പ്രസിഡന്റായിരുന്നപ്പോഴാണ് ചൈനയ്‌ക്കെതിരായ തന്ത്രപരമായ  കർമപദ്ധതിയെന്നനിലയിൽ ‘ഏഷ്യൻ അച്ചുതണ്ട് പദ്ധതി' ബറാക് ഒബാമ 2011ൽ അവതരിപ്പിച്ചത്. അറ്റ്‌‌ലാന്റിക് മേഖലയിൽ അമേരിക്ക വിന്യസിച്ച സേനകളുടെ 10 ശതമാനത്തെ ഏഷ്യയിലേക്ക് അയക്കുന്നതോടൊപ്പം ഏഷ്യൻ രാജ്യങ്ങളുമായി സൈനിക, സാമ്പത്തിക സഹകരണം ശക്തമാക്കി. ചൈനയെ  ശ്വാസംമുട്ടിക്കലായിരുന്നു  ലക്ഷ്യം. എന്നാൽ, ചൈനാവിരുദ്ധ സഖ്യത്തിൽ ഇന്ത്യൻ മഹാസമുദ്രമേഖലകൂടി  ഉൾപ്പെടുത്തി  വിശാലമുന്നണി രൂപീകരിക്കാനുദ്ദേശിച്ച് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ചതാണ് ഇന്തോ–- പസഫിക് കൂട്ടായ്മ. അതിലെ പ്രധാന സഖ്യമാണ് അമേരിക്കയും  ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയും അംഗങ്ങളായുള്ള ചാതുർരാഷ്ട്രസഖ്യം അഥവാ ക്വാഡ്.

അമേരിക്കൻ തന്ത്രപ്രധാന നീക്കങ്ങളിൽ ക്വാഡിനുള്ള പ്രാധാന്യം വെളിവാക്കുന്നതാണ് കഴിഞ്ഞ 14 മാസത്തിനുള്ളിൽ നടന്ന ക്വാഡ് രാഷ്ട്രനേതാക്കളുടെ  മൂന്ന് ഉന്നതതലസമ്മേളനങ്ങൾ. 2021 മാർച്ചിൽ ഓൺലൈനായി നടന്ന ഉന്നതതലസമ്മേളനത്തിനുശേഷം, ആറുമാസത്തിനുള്ളിൽ സെപ്തംബറിൽ നേതാക്കൾ നേരിട്ടുപങ്കെടുത്ത ഉന്നതതലസമ്മേളനം വാഷിങ്‌ടണിൽ നടന്നു.  എട്ടുമാസം തികയുമ്പോഴാണ് ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ ക്വാഡ് നേതാക്കൾ ഒത്തുകൂടിയത്.

ഏതുവിധേനയും ആധിപത്യം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് ഏഷ്യയിലേക്കു തിരിക്കുന്നതിന് 10 ദിവസംമുമ്പ്, ബൈഡൻ മറ്റൊരു സമ്മേളനം വിളിച്ചത്. അത് മെയ് 13നും 14നും വാഷിങ്‌ടണിൽ നടന്ന ആസിയൻ അമേരിക്ക പ്രത്യേക ഉന്നതതല സമ്മേളനമാണ്.  അതിൽ ‘ഇന്തോ–- പസഫിക് സാമ്പത്തിക ചട്ടക്കൂട്’ എന്നപേരിലുള്ള  ആശയം അമേരിക്ക അവതരിപ്പിച്ചെങ്കിലും ആസിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രൂപീകരിച്ച ട്രാൻസ് പസഫിക് പാർട്‌ണർഷിപ് (ടിപിപി) എന്ന വ്യാപാരക്കൂട്ടായ്മയിൽനിന്നും  അവസാന നിമിഷം പിന്മാറിയ അമേരിക്ക മുന്നോട്ടുവച്ച പുതിയ പദ്ധതിയോട് ആസിയൻ താൽപ്പര്യം കാട്ടിയില്ല.

ചൈനകൂടി പങ്കാളിയായ  മറ്റൊരു സുപ്രധാന വാണിജ്യ വ്യാപാര സഹകരണസംരംഭമായ ആർസിഇപി അഥവാ റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്‌ണർഷിപ്പിൽ അമേരിക്കയ്ക്ക് അംഗത്വവുമില്ല. ഈ കൂട്ടായ്മയിൽനിന്നാണ് അവസാന നിമിഷം ഇന്ത്യ പിൻവാങ്ങിയത്. പക്ഷേ, യുഎസ്‌ ആസിയൻ ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്താൻ ഇരുകൂട്ടരുമെടുത്ത തീരുമാനം, മേഖലയിൽ അമേരിക്കയുടെ സാന്നിധ്യവും സ്വാധീനവും വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. ഇന്തോ–- പസഫിക് മേഖലയിലെ രാജ്യങ്ങൾ  വ്യാപാര വാണിജ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപീകരിച്ച രണ്ട് കരാറാണ്  ടിപിപിയും ആർസിഇപിയും. ഏഷ്യ–- പസഫിക് മേഖലയിലെ സാമ്പത്തികപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന  ഈ രണ്ട് സുപ്രധാന കരാറിലും അംഗമല്ലാത്ത അമേരിക്ക, മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങളിലേക്ക് കടന്നുകയറാൻ കണ്ടുപിടിച്ച കുറുക്കുവഴിയാണ് ടോക്യോയിൽ  ബൈഡൻ അവതരിപ്പിച്ച ഐപിഇഎഫ്.  ‘ഇന്തോ–- പസഫിക് സാമ്പത്തിക ചട്ടക്കൂട്’ അമേരിക്കയുടെ  കർമപദ്ധതിയാണ്.

ബൈഡന്റെ ദക്ഷിണകൊറിയ, ജപ്പാൻ സന്ദർശനത്തിന്റെ ഒടുവിലത്തെ പരിപാടിയായിരുന്നു ക്വാഡ് സമ്മേളനം. മുമ്പുനടന്ന ഉന്നതതല സമ്മേളനങ്ങളിൽ തീരുമാനിച്ചിട്ടുള്ള  സ്വതന്ത്രവും തുറന്നതുമായ ഇന്തോ–- പസഫിക്, കോവിഡ് വാക്സിൻ വിതരണം, കാലാവസ്ഥാ വ്യതിയാനം  എന്നീ മേഖലകളിൽ സഹകരിക്കാനും മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 50 ബില്യൺ ഡോളർ ചെലവഴിക്കാനും  തീരുമാനിച്ചു. ഉന്നതതല സമ്മേളനം പുതുതായി പ്രഖ്യാപിച്ച പദ്ധതിയാണ് തന്ത്രപരമായി അമേരിക്കയ്ക്ക് പ്രാധാന്യമുള്ളത്. സമുദ്രമേഖലയിൽ അനധികൃത മത്സ്യബന്ധനം, കപ്പൽഗതാഗതം, സൈബർ സുരക്ഷ എന്നിവ  ഉറപ്പാക്കാനും ക്വാഡ് രാജ്യങ്ങൾ സഹകരിക്കും. മറ്റൊരു സുപ്രധാന തീരുമാനം ബഹിരാകാശമേഖലയിൽ ഭൗമനിരീക്ഷണവും ക്വാഡ് സാറ്റലൈറ്റ് ഡാറ്റ പോർട്ടൽ ശക്തമാക്കലുമാണ്. ചുരുക്കത്തിൽ ബൈഡന്റെ ഈ സന്ദർശനത്തിന്റെ ഫലമായി ഐപിഇഎഫിലൂടെ മേഖലയിലെ സാമ്പത്തികരംഗത്തും  ക്വാഡ് കരാറിലൂടെ സമുദ്രവും ആകാശവുംകൂടി അമേരിക്കയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ കൊണ്ടുവരാനും കഴിഞ്ഞു.

(കേരള സർവകലാശാലാ അന്താരാഷ്‌ട്ര മാർക്സിയൻ പഠനഗവേഷണകേന്ദ്രം ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top