25 April Thursday

എല്ലാം ആ പുസ്തകങ്ങൾ പറയും - ജോർജ്‌ ജോസഫ്‌ എഴുതുന്നു

ജോർജ്‌ ജോസഫ്‌Updated: Friday Aug 21, 2020


ജൂലൈയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം  വളരെ നിർണായകമായ വിവരങ്ങൾ അടങ്ങുന്ന രണ്ടു പുസ്തകം പ്രസിദ്ധീകൃതമായി. റിസർവ് ബാങ്കിന്റെ തലപ്പത്തിരുന്ന രണ്ട് പ്രമുഖരാണ് ഗ്രന്ഥകർത്താക്കൾ.  ആർബിഐ ഗവർണറായിരുന്ന ഉർജിത് പട്ടേൽ, ഡെപ്യൂട്ടി ഗവർണർ ആയിരുന്ന വിരാൾ വി  ആചാര്യ എന്നിവരുടെ പുസ്തകങ്ങളാണ് വിപണിയിലെത്തിയത്. രണ്ടു പേരും രാജിവച്ചാണ് ആർബിഐയുടെ പടിക്കെട്ടുകൾ ഇറങ്ങിയത്. അതിലേക്ക് അവരെ നയിച്ച സാഹചര്യങ്ങളുടെയും അനുഭവിച്ച സമ്മർദങ്ങളുടെയും  നേർചിത്രമാണ് ഇരുവരും പങ്കുവയ്ക്കുന്നത്. 2018 ഡിസംബറിലാണ്  പട്ടേൽ രാജി നൽകുന്നത്. 2019  ജൂലൈയിൽ  വിരാൾ ആചാര്യ പടിയിറങ്ങുമ്പോൾ അതും ചരിത്രത്തിന്റെ ഭാഗമായി. രഘുറാം രാജൻ, ഉർജിത് പട്ടേൽ എന്നീ ഗവർണർമാരെപ്പോലെ കേന്ദ്രസർക്കാരുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയാലാണ് അദ്ദേഹം രാജി സമർപ്പിച്ചത്. മൂന്നുപേർക്കും മോഡി ഭരണത്തിന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങി, ആർബിഐയുടെ  സ്വയംഭരണാവകാശം അടിയറവയ്ക്കാൻ കഴിയുമായിരുന്നില്ല. 

മുൻ ഗവർണർ ബിമൽ ജലന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി റിസർവ് ബാങ്കിന്റെ മൂലധന അടിത്തറയിൽ മാറ്റം വരുത്തുന്നതിന് ശുപാർശ നൽകിയിരുന്നു. ബിമൽ ജലൻ കമ്മിറ്റിയിൽനിന്ന്‌ മറിച്ചൊരു റിപ്പോർട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡയറക്ടർ ബോർഡ് ഇതിന് അംഗീകാരം നൽകുകയും ചെയ്തതോടെ അധികമായി ചെലവഴിക്കാൻ 1.76  ലക്ഷം കോടി രൂപ  കേന്ദ്ര ഖജനാവിലേക്ക് ചേർന്നു. ഇതിനുമുമ്പ്‌ ഡിവിഡന്റായി ആർബിഐ സർക്കാരിലേക്ക് നൽകിയ ഏറ്റവും ഉയർന്ന തുക 65,896 കോടിയായിരുന്നുവെന്നോർക്കണം.


 

ഇതിന്‌ ബിമൽ ജലൻ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്ന മുഖ്യവാദങ്ങളിൽ ഒന്ന് റിസർവ് ബാങ്കിന്റെ ഇക്വിറ്റി ബേസ് ആർജിത മൂലധനത്തിന്റെ 5.5 ശതമാനത്തിനും 6.5 ശതമാനത്തിനും ഇടയിൽ മതി എന്നതാണ്. ഈ  നിർദേശം ബോർഡ് അംഗീകരിക്കുകയും അത് 5.5 ശതമാനത്തിലേക്ക് കുറയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതുവഴിയാണ് 52,637 കോടി കൈമാറിയത്. രാജ്യത്തിന്റെ സാമ്പത്തികഅടിത്തറ എന്ന് വിശേഷിപ്പിക്കാവുന്ന മൂലധനം വെട്ടിച്ചുരുക്കിക്കൊണ്ടാണ് ഇത് ചെയ്തത്. ഇക്കാര്യത്തിലും, കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുടെ കാര്യത്തിലും ഉണ്ടായിരുന്ന കടുത്ത എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് വിരാൾ ആചാര്യ രാജിവച്ചത്‌. അന്ന് തുറന്നുപറയാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ അദ്ദേഹം പുസ്തകത്തിൽ വെളിപ്പെടുത്തി. 

ഉർജിത് പട്ടേൽ രാജി വയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വിരാൾ  വ്യക്തമാക്കുന്നു. റിസർവ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കാൻ മോഡി സർക്കാർ നടത്തിയ ശ്രമങ്ങളിൽ മനംമടുത്താണ് ഉർജിത് പട്ടേൽ രാജിവച്ചതെന്ന് "ക്വസ്റ്റ് ഫോർ റെസ്റ്റോറിങ് ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഇൻ ഇന്ത്യ'  എന്ന പുസ്തകത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്നു. വമ്പൻ കോർപറേറ്റ് വായ്പകൾ അനുവദിക്കുന്നതിൽ ബാങ്കുകൾ  കാണിച്ച ഉദാരമായ സമീപനവും ധനനയത്തിന്മേൽ അമിതമായ ഊന്നൽ നൽകിയതും സാമ്പത്തിക മേഖലയുടെ വിശ്വാസ്യത ചോർത്തി. കോർപറേറ്റുകളോട് ഉദാരസമീപനം വേണമെന്ന് ആർബിഐയോട്  കേന്ദ്രം ആവശ്യപ്പെട്ടതായുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിരിക്കുന്നു.

നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തിൽ ഗുരുതര പ്രതിസന്ധി നേരിട്ടിരുന്ന 14 ബാങ്കുകൾക്കെതിരെ അന്ന് പ്രോംപ്റ്റ് കറക്ടീവ് ആക്‌ഷൻ എന്ന പേരിൽ ആർബിഐ കർശന നടപടി കൊണ്ടുവന്നു. മൂലധനത്തിന്റെ കാര്യത്തിലെ നിബന്ധനകളിൽ കാര്യമായ വീഴ്ച വരുത്തിയ ബാങ്കുകളെ വായ്പ നൽകുന്നതടക്കമുള്ള ഇടപാടുകളിൽനിന്ന് വിലക്കിയിരുന്നു. എന്നാൽ, ഈ നടപടികൾ പിൻവലിക്കണമെന്നും കോർപറേറ്റ് വായ്പകളിലെ കിട്ടാക്കടത്തിന്റെ കാര്യത്തിൽ മെല്ലെപ്പോക്ക് സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടുവത്രെ. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിൽ റിസർവ് ബാങ്ക് നയങ്ങളിലും ഭരണത്തിലും നേരിട്ട് ഇടപെടാനും കേന്ദ്രം മടികാണിച്ചില്ലെന്ന്  പുസ്തകം വെളിപ്പെടുത്തുന്നു. ഇതിനായി ആർബിഐ  ആക്ടിലെ  സെക്‌ഷൻ 7  ഉപയോഗിക്കുകയും ചെയ്തു. അടിയന്തര ഘട്ടങ്ങളിൽ റിസർവ് ബാങ്കിനോട് ആജ്ഞാപിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന പ്രത്യേക വകുപ്പാണ് ഇത്. എന്നാൽ, യുദ്ധ ഘട്ടത്തിൽപ്പോലും മുമ്പ്‌ ഒരു ഗവൺമെന്റും ഈ അധികാരം പ്രയോഗിച്ചിട്ടില്ല.  അതിശക്തമായ കോർപറേറ്റ് ലോബിയിങ്ങാണ് കേന്ദ്ര സർക്കാരിനെക്കൊണ്ട് ഇങ്ങനെയൊക്കെ  ചെയ്യിച്ചതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

2018ലെ ആദ്യ പത്തുമാസക്കാലത്താണ് ഇത്തരത്തിലുള്ള സമ്മർദം വല്ലാതെ ഉയർന്നുവന്നതെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. "ഈ ഘട്ടത്തിൽ കേന്ദ്രം നേരിട്ട് ഇടപെടുന്ന നിരവധി അനുഭവങ്ങൾ ഉണ്ടായി. യുക്തിസഹമല്ലാത്ത നിരവധി ഡിമാൻഡുകൾ  വച്ചു. ഈ സമ്മർദം ഒരു തരത്തിലും താങ്ങാൻ കഴിയാതെ വന്നതോടെയാണ് ആ വർഷം ഒടുവിൽ ഉർജിത് രാജി സമർപ്പിക്കുന്നത്'  - ജൂലൈ 24ന്‌ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ വിരാൾ  വെളിപ്പെടുത്തുന്നു. എന്നാൽ,  സാമ്പത്തിക സുസ്ഥിരതയെ അപകടത്തിലാക്കുന്ന ഒരു ഒത്തുതീർപ്പിനും താൻ  വഴങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. " ആ ഘട്ടത്തിൽ ഇത് ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ പോരാട്ടത്തിന് ഒരു പ്രസക്തിയുണ്ട്. അതാണ് ശരിയായ നിലപാടും' - അന്നത്തെ സാഹചര്യം  അദ്ദേഹം വിശദമാക്കുന്നു.


 

ജൂലൈ അവസാന വാരത്തിൽ  പ്രസിദ്ധപ്പെടുത്തിയ "ഓവർ ഡ്രാഫ്റ്റ്: സേവിങ് ദി ഇന്ത്യൻ സേവർ'  എന്ന പുസ്തകത്തിൽ ഉർജിത് പട്ടേലും സമാനമായ വിമർശനങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇൻസോൾവൻസി ആൻഡ് ബാങ്കറപ്റ്റസി കോഡിൽ (ഐബിസി)  കോർപറേറ്റ് കുടിശ്ശികക്കാർക്ക് അനുകൂലമാകുന്ന വിധത്തിൽ വെള്ളം ചേർക്കാൻ കേന്ദ്ര സർക്കാർ നടത്തിയ വഴിവിട്ട ഇടപെടലുകളെക്കുറിച്ച് പട്ടേൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. 2018 പകുതിവരെ ഇക്കാര്യത്തിൽ റിസർവ് ബാങ്കിനൊപ്പം നീങ്ങിയ സർക്കാർ പിന്നീട് ഐബിസിയിൽ  മാറ്റം വേണമെന്ന നിരവധി നിർദേശങ്ങൾ നൽകുകയായിരുന്നു. ആരുടെയും പേരുകൾ പരാമർശിക്കുന്നില്ലെങ്കിലും പിയുഷ് ഗോയൽ ധനമന്ത്രിയുടെ ചുമതല വഹിച്ച ഘട്ടമായിരുന്നു ഇതെന്ന് വ്യക്തമാണ്. 90 ദിവസത്തേക്ക് തിരിച്ചടവ് ഉണ്ടാകുന്നില്ലെങ്കിൽ ലോണുകൾ കിട്ടാകടമായി മാറുന്നത് വെറും കണക്ക് മാത്രമാണെന്ന് ധനമന്ത്രി പരസ്യമായി പറയുകപോലുമുണ്ടായി. ഐബിസി ഫ്രെയിംവർക്കിന്‌ പുറത്ത് സെറ്റിൽമെന്റ് ഉണ്ടാക്കുന്നതിനെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അനുകൂലിച്ചിരുന്നു. "അങ്ങനെ വരുന്നതോടെ ഐബിസി എന്നാൽ ഒരു  വാഹനത്തിന്റെ അഞ്ചാമത്തെ ചക്രം മാത്രമായി മാറും' - അദ്ദേഹം എഴുതുന്നു.

അദ്ദേഹം ഗവർണറായിരുന്ന കാലത്താണ് ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ മാനേജിങ് ഡയറക്ടർമാരെ മാറ്റിയത്. വായ്പ അഴിമതിയെ ചുറ്റിപ്പറ്റിയാണ് ഇവരെ മാറ്റിയത്. യെസ് ബാങ്കിന്റെ കാര്യത്തിൽ കർക്കശമായ അന്വേഷണത്തിലേക്ക് കടന്നതും ഈ വേളയിലാണ്. നിൽക്കക്കള്ളിയില്ലാതെ 2018 ഡിസംബറിൽ ഉർജിത് പട്ടേലിന് രാജി വച്ചൊഴിയേണ്ടിവന്നു. പട്ടേലും ആചാര്യയും തങ്ങളുടെ പുസ്തകങ്ങളിൽ വെളിപ്പെടുത്തിയ കാര്യങ്ങൾക്ക് ഇപ്പോൾ പ്രസക്തി ഏറെയാണ്. 2021  മാർച്ചിൽ  ഇന്ത്യൻ ബാങ്കിങ് മേഖലയിൽ എൻപിഎ 12.5 ശതമാനത്തിലേക്ക് ഉയരുമെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ്–-19 ഉയർത്തുന്ന പ്രതികൂല സാഹചര്യംമൂലം ഇത് 14.7 ശതമാനമായേക്കാമെന്ന മുന്നറിയിപ്പും നൽകുന്നു. എന്നാൽ, ഇതെല്ലാം കോവിഡിന്റെ കണക്കിൽപ്പെടുത്തി രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് രണ്ടു പ്രമുഖ ബാങ്കിങ് വിദഗ്ധരുടെ പുസ്തകങ്ങളിലെ നിരീക്ഷണങ്ങൾ പ്രസ്താവ്യമാകുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top