25 April Thursday

പോർക്കളത്തിലെ വൈരുധ്യങ്ങൾ

സാജൻ എവുജിൻUpdated: Tuesday Jan 11, 2022

വർഗീയതയും പണക്കൊഴുപ്പും ഒരുവശത്ത്‌, ജനകീയവിഷയങ്ങൾ മറുവശത്ത്‌. അഞ്ച്‌ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിയിരിക്കെ പോരാട്ടത്തിന്റെ സ്വഭാവം ഇങ്ങനെ സംഗ്രഹിക്കാം. കോർപറേറ്റുകളിൽനിന്ന്‌ പിരിച്ചെടുത്ത ആയിരക്കണക്കിനു കോടി രൂപയുടെ പിൻബലത്തിൽ ബിജെപി വിപുലമായ സന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നു. സംഘപരിവാർ അനുബന്ധ സംഘടനകൾ ഇളക്കിവിടുന്ന തീവ്രവർഗീയകോലാഹലം കൂടിയാകുമ്പോൾ ബിജെപിയുടെ പ്രചാരണസ്വഭാവം വ്യക്തമാകും. കർഷകരോഷം,  കോവിഡ്‌ മഹാമാരി കൈകാര്യം ചെയ്‌തതിലെ കെടുകാര്യസ്ഥത, വിലക്കയറ്റം, തൊഴിലില്ലായ്‌മ, അഴിമതി, ക്രമസമാധാനത്തകർച്ച എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ ബിജെപി സർക്കാരുകൾ പ്രതിരോധത്തിലാണ്‌. ഇതെല്ലാം മറികടക്കാൻ ജനകീയമാർഗങ്ങൾ തേടാൻ ബിജെപിക്ക്‌ അവരുടെ സഹജമായ സ്വഭാവംമൂലം കഴിയുന്നില്ല.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ ദിവസങ്ങൾ ശേഷിക്കെ പുതിയ ബാച്ച്‌ ഇലക്ടറൽ ബോണ്ടുകൾ ഇറക്കാൻ എസ്‌ബിഐക്ക്‌ കേന്ദ്ര സർക്കാർ അനുമതി നൽകി. 1000 രൂപമുതൽ ഒരു കോടി രൂപവരെയാണ്‌ ഓരോ ബോണ്ടിന്റെയും വില. വ്യക്തികൾക്കും കോർപറേറ്റുകൾക്കും ബോണ്ടുകൾ വാങ്ങി രാഷ്‌ട്രീയ പാർടികൾക്ക്‌ സംഭാവന നൽകാം. ജനപ്രാതിനിധ്യനിയമത്തിലും വിദേശസംഭാവന നിയന്ത്രണ നിയമത്തിലും ഭേദഗതികൾ വരുത്തി 2018 മാർച്ചുമുതലാണ്‌ മോദി സർക്കാർ രാജ്യത്ത്‌ ഇലക്ടറൽ ബോണ്ട്‌ സമ്പ്രദായം നടപ്പാക്കിയത്‌. ഇതുവഴി വിദേശകമ്പനികളിൽനിന്ന്‌ ഉൾപ്പെടെ രാഷ്‌ട്രീയ പാർടികൾക്ക്‌ സംഭാവന സ്വീകരിക്കാൻ അവസരമൊരുങ്ങി. അന്നുമുതൽ ഇതുവരെ 19 ബാച്ച്‌ ബോണ്ടുകൾ ഇറക്കി. ബോണ്ടുകളിൽ 80 മുതൽ 90 ശതമാനംവരെ ബിജെപിക്കാണ്‌ ലഭിക്കുന്നത്‌. കോർപറേറ്റുകളുടെ പണമാണ്‌ ഇതുവഴി ബിജെപിക്ക്‌ ലഭിക്കുന്നതെന്ന്‌ വ്യക്തമാണ്‌. എന്നാൽ, ജനപ്രാതിനിധ്യനിയമത്തിൽ വരുത്തിയ ഭേദഗതി കാരണം  സംഭാവനകളുടെ ഉറവിടം രാഷ്‌ട്രീയ പാർടികൾ വെളിപ്പെടുത്തേണ്ടതില്ല. ഈ പരിഷ്‌കാരംവഴി പ്രാദേശിക കക്ഷികൾക്ക്‌ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ സമാഹരണം ദുഷ്‌കരമായി. ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന്‌ ഇടതുപക്ഷ പാർടികൾ തുടക്കത്തിൽത്തന്നെ പ്രഖ്യാപിച്ചിരുന്നു.

കോവിഡ്‌കാലത്ത്‌ ഡിജിറ്റൽ പ്രചാരണത്തിലേക്ക്‌ നീങ്ങാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ നിർദേശിക്കുമ്പോൾ ഇതിന്‌ വിഭവങ്ങൾ കണ്ടെത്താൻ ബിജെപിയിതര കക്ഷികൾ ബുദ്ധിമുട്ടുകയാണ്‌. ബിജെപിയാകട്ടെ ഒരേസമയം 50,000  പേരെവരെ പങ്കെടുപ്പിക്കാൻ കഴിയുന്ന വെർച്വൽ റാലികൾ സംഘടിപ്പിക്കാൻ തയ്യാറെടുത്തുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എന്നിവർ നേരിട്ട്‌  പങ്കെടുത്ത്‌ ആഴ്‌ചകളായി ബിജെപി റാലികൾ നടത്തിവരികയായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ്‌ കമീഷൻ 15 വരെ റാലികൾക്ക്‌ നിരോധനം പ്രഖ്യാപിച്ചത്‌ മറ്റ്‌ രാഷ്‌ട്രീയപാർടികൾക്ക്‌ അവസരം നിഷേധിക്കലാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്‌. സമാജ്‌വാദി പാർടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവിന്റെ സംസ്ഥാനപര്യടനം പൂർത്തിയായിട്ടില്ല.


 

ഉത്തർപ്രദേശിൽ ഫെബ്രുവരി 10ന്‌ ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന പശ്ചിമ ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലം അതീവ നിർണായകവുമാണ്‌. മുസഫർനഗർ, ഖൈരാന, മഥുര എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിൽ 2017ൽ വർഗീയധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിൽ 53 സീറ്റിലും ബിജെപിയാണ്‌ ജയിച്ചത്‌. കർഷകപ്രക്ഷോഭത്തെതുടർന്ന്‌ മേഖലയിൽ വർഗീയവൈരം അപ്രത്യക്ഷമായിട്ടുണ്ട്‌. എസ്‌പിയും ആർഎൽഡിയും തമ്മിൽ സഖ്യത്തിലാണ്‌. ഇതൊക്കെ ബിജെപിയിൽ ഉണ്ടാക്കിയ അങ്കലാപ്പിനോടുള്ള പ്രതികരണമാണ്‌ സംഘപരിവാറിന്റെ വർഗീയ പ്രചാരണം.

ഉത്തർപ്രദേശിൽനിന്ന്‌ അടർത്തിയെടുത്ത്‌ 21 വർഷംമുമ്പ്‌ രൂപീകരിച്ച ഉത്തരാഖണ്ഡിന്‌ ബാലാരിഷ്‌ടതകൾ മറികടക്കാനായിട്ടില്ല. കോൺഗ്രസും ബിജെപിയും മാറിമാറി ഭരിക്കുന്ന ഈ ഹിമാലയൻസംസ്ഥാനത്തെ മുഖ്യപ്രശ്‌നം തൊഴിലില്ലായ്‌മയാണ്‌. ജനസംഖ്യയിൽ പകുതി 40 വയസ്സിൽ താഴെയുള്ളവരാണ്‌. അടിസ്ഥാനസൗകര്യ പദ്ധതികൾ വികസിപ്പിക്കുന്നതിനെക്കുറിച്ച്‌ ബിജെപി നേതാക്കൾ മുമ്പ്‌ പ്രസംഗിച്ചിരുന്നു. കാര്യമായി ഒന്നും നടന്നിട്ടില്ല. ഇക്കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ ഹിന്ദുമത പാർലമെന്റ്‌ എന്ന പേരിൽ സമ്മേളനം നടത്തിയത്‌ ബിജെപിയുടെ തന്ത്രത്തിന്‌ തെളിവാണ്‌. കോൺഗ്രസും ബിജെപിയും ആഭ്യന്തരപ്രശ്‌നങ്ങളിൽ കുഴഞ്ഞിരിക്കുന്ന സംസ്ഥാനവുമാണ്‌ ഉത്തരാഖണ്ഡ്‌. 

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്‌ച അഞ്ചു സംസ്ഥാനത്തും ബിജെപി തെരഞ്ഞെടുപ്പ്‌ വിഷയമാക്കുമെന്ന്‌ ഉറപ്പാണ്‌. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ വീണ്ടും ഉയർത്തിക്കാണിക്കുമ്പോഴും മുഖ്യപ്രചാരകൻ പ്രധാനമന്ത്രിതന്നെയാണ്‌. ലഖിംപുർ ഖേരി കൂട്ടക്കൊലയെത്തുടർന്ന്‌ ജനങ്ങളിൽ ബിജെപിക്കെതിരെ ഉയർന്ന രോഷം നിർവീര്യമാക്കാൻ പഞ്ചാബ്‌ സംഭവം ഉപയോഗിക്കാമെന്നാണ്‌ നേതൃത്വം കരുതുന്നത്‌. എന്നാൽ, സംഭവത്തിന്റെ കൂടുതൽ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപിനീക്കം ദുർബലമായി. പ്രധാനമന്ത്രിയെ തടയാൻ പരിപാടിയിട്ടില്ലെന്ന്‌ കർഷകസംഘടനകളും വെളിപ്പെടുത്തി.

പഞ്ചാബിൽ ക്രമസമാധാനത്തകർച്ചയെന്ന്‌ ബിജെപി മുറവിളി കൂട്ടുമ്പോൾ അവിടെ 117 മണ്ഡലത്തിലും ഒറ്റഘട്ടമായാണ്‌ തെരഞ്ഞെടുപ്പ്‌.  ഉത്തർപ്രദേശിൽ ഏഴു ഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനെക്കുറിച്ച്‌ ബിജെപിക്ക്‌ വിശദീകരണമില്ല. 403 മണ്ഡലത്തിൽ ഒറ്റഘട്ടമായി നടത്തുന്നത്‌ ശരിയാകില്ലെന്നു പറയാമെങ്കിലും മൂന്നോ നാലോ ഘട്ടത്തിനു പകരം ഏഴു ഘട്ടത്തിലേക്ക്‌ നീണ്ടത്‌ എന്തിനാണെന്ന ചോദ്യം പ്രസക്തമാണ്‌. ആഴ്‌ചകൾ നീളുന്ന വോട്ടെടുപ്പിനിടെ നാടകീയ സംഭവവികാസങ്ങൾ നടന്നതിന്‌ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഇത്തരം സംഭവഗതികൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുമുണ്ട്‌. പ്രതിപക്ഷവും തെരഞ്ഞെടുപ്പ്‌ കമീഷനും അതീവ ജാഗ്രതയോടെ നീങ്ങണമെന്ന സന്ദേശമാണ്‌ ഇതിൽനിന്നെല്ലാം ലഭിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top