29 March Friday

പ്രക്ഷോഭങ്ങളിലൂടെ വീണ്ടെടുക്കപ്പെടുന്ന ഇന്ത്യ

ഉണ്ണികൃഷ്ണൻ 
കളമുള്ളതിൽUpdated: Thursday Feb 11, 2021


വ്യാത്ഭുതങ്ങളിലൂടെയും മായാജാലത്തിലൂടെയുമല്ല, പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ടതാണ് ഇന്ത്യയെന്ന ആധുനികരാജ്യം. സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് ആബാലവൃദ്ധം ജനങ്ങൾ നടത്തിയ സമാനതകളില്ലാത്ത പ്രക്ഷോഭത്തിന്റെയും ത്യാഗത്തിന്റെയും മണ്ണിലാണ് ഇന്ത്യയെന്ന ആശയം രൂപമെടുത്തത്. മനുഷ്യത്വഹീനമായ അടിമവാഴ്ചയ്‌ക്കും അനീതികൾക്കുമെതിരായുള്ള സ്വാതന്ത്ര്യാഭിലാഷത്തിന്റെയും നീതിയുടെയും നിലപാടാണ് ആ സമരത്തെ രൂപപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ആധുനിക രാഷ്ട്രസങ്കൽപ്പത്തിൽ സമരം ഒരു അശ്ലീലമോ അനഭിലഷണീയമായ ആശയമോ അല്ല. നേരെമറിച്ച് ഈ രാഷ്ട്രത്തെ ഉരുവമാക്കിയ അനന്യമായ ശക്തിയാണ്. അത്തരത്തിൽ രൂപമെടുത്ത രാഷ്ട്രത്തിന്റെ പരമോന്നത ജനാധിപത്യവേദിയിൽ നിന്നുകൊണ്ട് നരേന്ദ്രമോഡിയെന്ന ഇന്ത്യൻ ഭരണാധികാരി, സമരങ്ങൾക്കെതിരെ നടത്തുന്ന നിന്ദ്യവും അനുചിതവുമായ പരാമർശങ്ങൾ ലക്ഷ്യംവയ്‌ക്കുന്നത്, ആധുനിക ഇന്ത്യയെന്ന ആശയത്തെയാണെന്ന് അർഥശങ്കയ്‌ക്കിടയില്ലാതെ മനസ്സിലാക്കാൻ സാധിക്കുന്ന കാര്യമാണ്.

മറ്റൊരർഥത്തിൽ, മഹാത്മാഗാന്ധിയടക്കമുള്ള സ്വാതന്ത്ര്യ സമരസേനാനികൾക്കും ജനാധിപത്യസമര മാർഗങ്ങൾക്കുമെതിരായി രാഷ്ട്രീയ ഹിന്ദുത്വം കാലങ്ങളായി തുടരുന്ന പരിഹാസവും നിന്ദയും ആവർത്തിക്കാൻ മറ്റൊരു സന്ദർഭംകൂടെ ഉപയോഗിക്കപ്പെടുന്നു എന്നുമാത്രം. ജീവിച്ചിരിക്കുന്നുവെങ്കിൽ ഈ പ്രക്ഷോഭങ്ങളുടെ അനിഷേധ്യ നേതൃത്വമായി പ്രവർത്തിക്കുമായിരുന്ന ഗാന്ധിജിയെ ആയിരിക്കും സമരജീവി'യെന്ന പുത്തൻ പ്രയോഗത്തിലൂടെ രാഷ്ട്രീയ ഹിന്ദുത്വം അഭിസംബോധന ചെയ്യുന്നുണ്ടാകുകയെന്നത് തീർച്ചയാണ്. 

ഇന്ത്യയെ സംബന്ധിക്കുന്ന രണ്ടു വ്യത്യസ്‌ത ആശയങ്ങളാണ് ഇന്നു നമ്മുടെ രാജ്യത്തിൽ മേൽക്കൈയുള്ളത്. ജാതിയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും അതിർവരമ്പുകളില്ലാതെ, നാനാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുകയും ഉൾച്ചേർക്കുകയും ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ ആശയത്തെയും രാഷ്ട്ര സംവിധാനത്തെയുമാണ് ആധുനികമായ ഇന്ത്യ എന്ന ആശയം അർഥമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയെയാണ് രാഷ്ട സംവിധാനത്തിന്റെ അടിസ്ഥാനപ്രമാണമായി ഈ ആശയം പിന്തുടരുന്നത്. എന്നാൽ, മനുസ്മൃതിയെ അടിസ്ഥാനമാക്കിയ, സംസ്കാരത്തെ മാത്രം അംഗീകരിക്കുന്ന, വൈദിക ബ്രാഹ്മണ്യത്തിന്റെ മൂല്യങ്ങളാൽ നിർവചിക്കപ്പെടുന്ന, സുവർണ ഭൂതകാലത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ അഭിരമിക്കുന്ന മറ്റൊരു ആശയവും നിലവിലുണ്ട്. ഇന്ത്യയെന്ന പദംപോലും തിരസ്കരിക്കപ്പെടുന്ന ആ ആശയപരിസരമാണ് രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ രാഷ്‌ട്രസങ്കൽപ്പത്തിന്റെ അടിസ്ഥാനം.

‘ആഭ്യന്തരശത്രുക്കളിൽ'നിന്നു മുക്തമായ, വർണാശ്രമ വ്യവസ്ഥയ്‌ക്കു കീഴ്പ്പെട്ടു നിൽക്കുന്ന ആ രാഷ്ട്ര സങ്കൽപ്പത്തിൽ ഉൾക്കൊള്ളലല്ല, പുറന്തള്ളലാണ് കേന്ദ്ര ആശയം. അധികാര വ്യവസ്ഥയ്‌ക്കെതിരായ എതിർ ശബ്ദങ്ങൾക്കോ വിയോജിപ്പുകൾക്കോ സ്ഥാനമില്ലാത്ത, ജനാധിപത്യമെന്ന ആശയം പൂർണമായും എതിർക്കപ്പെടുന്ന, മതനിരപേക്ഷത എന്ന ആശയം കേട്ടുകേൾവി പോലുമില്ലാത്ത ‘അഖണ്ഡ ഭാരതമെന്ന' ആ രാഷ്ട്രസങ്കൽപ്പത്തിൽ സമരമെന്ന വാക്കും ആശയവും അസഹ്യവും നിന്ദ്യവുമായിത്തീരുന്നതിൽ അതിശയപ്പെടാനൊന്നുമേയില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ചെറുവിരൽ പോലും അനക്കരുതെന്നും പകരം കമ്യൂണിസ്റ്റുകാരും മുസ്ലിങ്ങളും ക്രൈസ്തവരുമടക്കമുള്ള ആഭ്യന്തര ശത്രുക്കൾ'ക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നുമുള്ള രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ നൂറ്റാണ്ട് പഴക്കമുള്ള സമീപനത്തിന്റെ  തുടർച്ച മാത്രമാണത്.

പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ട ഇന്ത്യയെന്ന രാജ്യവും ജനാധിപത്യസംവിധാനവും എത്തിച്ചേർന്നിരിക്കുന്ന ചരിത്രഘട്ടത്തെയും സങ്കീർണമായ പ്രതിസന്ധിയെയും വെളിവാക്കുന്ന സാഹചര്യമാണിത്. മതനിരപേക്ഷ -ജനാധിപത്യ ആശയങ്ങൾക്കും ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന മൂല്യങ്ങൾക്കും തെല്ലും വിലകൽപ്പിക്കാത്ത രാഷ്ട്രീയഹിന്ദുത്വം, അധികാരത്തിലേറാനായി ജനാധിപത്യത്തെ ഉപയോഗിക്കുകയും അതേ അധികാരം ഉപയോഗിച്ച് ജനാധിപത്യ ഇന്ത്യയുടെ അടിവേരിളക്കുകയും ചെയ്യുന്നുവെന്ന വിചിത്രസാഹചര്യമാണത്. ചരിത്രവിരുദ്ധമായ ഈ ആശയത്തെ പ്രതിരോധിക്കാനും ഇന്ത്യയെ വീണ്ടെടുക്കാനുമുള്ള സമരങ്ങളാണ് ഏഴു വർഷക്കാലമായി നടക്കുന്നത്. മതവും ജാതിയും രാഷ്ട്രീയ ചേരിതിരിവുമൊക്കെ ആക്ഷേപിച്ച് ഇത്തരം സമരങ്ങളെ അപകീർത്തിപ്പെടുത്താനും അടിച്ചമർത്താനും ശ്രമിച്ച ഭരണകൂടം, പക്ഷേ കർഷക പ്രക്ഷോഭത്തിനു മുമ്പിൽ പൂർണമായും നിരായുധരായിത്തീരുന്ന കാഴ്ചയ്‌ക്കാണ്  സാക്ഷ്യംവഹിക്കുന്നത്.

കർഷകതാൽപ്പര്യങ്ങൾ സംരക്ഷിക്കാനെന്ന് കേന്ദ്ര സർക്കാരും കർഷകർ ഒട്ടുമേ ആഗ്രഹിക്കാത്ത നിയമമെന്ന് കർഷകരും വിശേഷിപ്പിക്കുന്ന കിരാത നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തെ ആസൂത്രിതമായ നീക്കങ്ങളിലൂടെ അക്രമാസക്തമാക്കി മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അത്തരം കുതന്ത്രങ്ങൾക്കൊന്നും തളർത്താൻ കഴിയാത്ത പോരാട്ടവീര്യവുമായി മുന്നോട്ടുപോകുന്ന സമരം ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചേകുന്ന പ്രതീക്ഷകൾ ഏറെയാണ്. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളെ പൂർണമായും തിരസ്കരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബലിഷ്ഠമായ കരങ്ങളിൽ ശ്വാസംമുട്ടുന്ന രാജ്യത്തെ, പ്രക്ഷോഭങ്ങളിലൂടെ വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷകൂടിയായി കർഷകസമരം മാറിത്തീരുന്നു. ഈ സമരത്തിന്റെ വിജയ പരാജയങ്ങളെന്തു തന്നെയായാലും ഇന്ത്യൻ പ്രക്ഷോഭ ചരിത്രത്തിലെ നിർണായകമായ ഒരേടാണ് രചിക്കപ്പെടുന്നതെന്ന് നിസ്സംശയം പറയാൻ സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top