28 March Thursday

പണിമുടക്ക് മാറ്റിവച്ചു; ഇനിയോ?... എസ് എസ് അനിൽ എഴുതുന്നു

എസ് എസ് അനിൽUpdated: Thursday Mar 2, 2023

എസ്‌ എസ്‌ അനിൽ

എസ്‌ എസ്‌ അനിൽ

2023 ജനുവരി 30,31 തീയതികളിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. 2023 ജനുവരി 27 ന് കേന്ദ്ര ലേബർ കമ്മീഷണർ മുൻപാകെ നടന്ന ചർച്ചയിൽ, ജനുവരി 31 ന് ചർച്ച തുടരാമെന്നും സമരത്തിന് ആധാരമായി ഉയർത്തിയ പ്രശ്നങ്ങൾ സമയബന്ധിതമായി ചർച്ച ചെയ്‌ത് പരിഹരിക്കാമെന്നും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ നൽകിയ ഉറപ്പിൻ്റെ പശ്ചാത്തലത്തിലാണ് സമരം മാറ്റിവച്ചത്. പതിനൊന്നാം കരാറിൻ്റെ കാലാവധി 2022 ഒക്ടോബർ 31 ന് അവസാനിച്ചതാണ്.

ബിഇഎഫ്ഐ ഒഴികെ മറ്റ് സംഘടനകൾ കൈയൊപ്പു ചാർത്തിയ പതിനൊന്നാം കരാറിൽ ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ജനുവരി 30, 31 തീയ്യതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരുന്നത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് 2022 ജൂൺ 27 നും ഒരു പണിമുടക്ക് യു.എഫ്.ബി.യു. പ്രഖ്യാപിച്ചിരുന്നതാണ്. അന്ന് ഇപ്പോഴത്തെ പണിമുടക്കിലെ ആവശ്യങ്ങളെക്കൂടാതെ സി.എസ്.ബി.,, ഡി.ബി.എസ്. (മുൻ എൽ.വി.ബി.) ബാങ്ക് ജീവനക്കാരുടെ ശംബള പരിഷ്കരണ വിഷയങ്ങൾ കൂടി ഉന്നയിച്ചിരുന്നു. അന്നും കേന്ദ്ര ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ തുടർ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാം എന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ നൽകിയ ഉറപ്പിനടിസ്ഥാനത്തിലായിരുന്നു പണിമുടക്ക് മാറ്റി വച്ചത്.

ജൂൺ 27 ലെ പണിമുടക്ക് മാറ്റി വച്ചതിന് ശേഷം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ സംഘടനകളുമായി ചില ചർച്ചകൾ നടത്തിയിരുന്നു. പതിനൊന്നാം കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചർച്ച എന്നതിനാൽ ബിഇഎഫ്ഐയെ പ്രസ്‌തുത ചർച്ചകൾക്ക് ക്ഷണിക്കുകയുണ്ടായില്ല. എന്നാൽ ചർച്ചകളിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായില്ല. അതിനിടെ ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് സിംഗപ്പൂരിലെ (മുൻ ലക്ഷ്മി വിലാസ് ബാങ്ക്) മാനേജ്മെൻ്റും അവിടത്തെ ജീവനക്കാരുടെ ഏക സംഘടനയും രണ്ട് പുതിയ കരാറുകൾ ഒപ്പുവച്ചു.

പെൻഷൻ, 2022 മാർച്ച് മാസത്തെ ശംബളവുമായി ബന്ധപ്പെടുത്തി മരവിപ്പിച്ച് ഡി.എ.ഇല്ലാത്ത, കമ്മ്യൂട്ടേഷൻ ഇല്ലാത്ത 'പെൻഷൻ ബയ് ഔട്ട് സ്‌കീം' എന്ന പെൻഷൻ കരാറും ശംബള പരിഷ്‌ക്കരണം 2022 ഏപ്രിൽ ഒന്നു മുതൽ 5 വർഷക്കാലത്തേക്ക് മാറ്റി, ഡിഎ, എച്ച്ആർഎ എന്നിവ ഒഴികെ എല്ലാ അലവൻസുകളും നിറുത്തലാക്കി, വാർഷിക ഇൻക്രിമെൻ്റ് പോലും പെർഫോർമൻസുമായി ബന്ധപ്പെടുത്തിയുള്ള ശംബള പരിഷ്‌ക്ക‌രണ കരാറുമാണ് ഡി.ബി.എസിലെ ലക്ഷ്‌മി വിലാസ് ബാങ്ക് എംപ്ലോയീസ് യൂണിയനും മാനേജ്മെൻ്റും ഒപ്പ് വച്ചത്.

ശംബള പരിഷ്‌ക്കരണ അവാർഡുകൾക്കും ഉഭയകക്ഷി കരാർ ചർച്ചകൾക്കും മുൻപുള്ള സ്ഥിതിയിലേക്ക് ഇന്ത്യയിലെ ബാങ്കു ജീവനക്കാരെ കൊണ്ടെത്തിക്കുന്നതിന് തുടക്കമിട്ടിരിക്കുകയാണ് പ്രസ്തുതകരാറുകളിലൂടെ. അഖിലേന്ത്യാ യു.എഫ്.ബി.യു. കൺവീനർ പ്രതിനിധാനം ചെയ്യുന്ന എൻ.സി.ബി.ഇ.യിലാണ് എൽവിബി എംപ്ലോയീസ് യൂണിയൻ്റെ അഫിലിയേഷൻ. ഇത് ചൂണ്ടിക്കാണിച്ച് സി.എസ്.ബി. ബാങ്ക് മാനേജ്മെൻ്റ് അവിടത്തെ യുഎഫ്‌ബിയു കൺവീനർക്ക് കത്തും നൽകിയിട്ടുണ്ട്. സി.എസ്.ബി. യിലെ ഭൂരിപക്ഷം ജീവനക്കാരെയും പ്രതിനിധാനം ചെയ്യുന്ന സിഎസ്‌ബി സ്റ്റാഫ് ഫെഡറേഷൻ്റെ (ബിഇഎഫ്ഐ) നേതൃത്വത്തിൽ ഈ വിപത്തിനെതിരെ പ്രചരണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്.

ജനുവരി 26 (റിപ്പബ്ലിക് ദിനം), 28, 29 തീയ്യതികൾ ( നാലാം ശനി, ഞായർ) ബാങ്ക് അവധി ദിനങ്ങൾ; തുടർന്നുള്ള രണ്ട് ദിവസം പണിമുടക്ക്. തുടർച്ചയായ ദിവസങ്ങളിൽ  രാജ്യമാകെ ബാങ്കുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം, തൊട്ടടുത്ത ദിവസം കേന്ദ്ര ബജറ്റ്, തുടർ ദിവസങ്ങളിൽ പല സംസ്ഥാന ബജറ്റുകൾ; ഭരണാധികാരികളിൽ ഏറെ സമ്മർദ്ദമുണ്ടാക്കുന്ന തീയ്യതികളിലായിരുന്നു ഇത്തവണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൃത്യമായ ഉറപ്പുകൾ ഒന്നും ലഭിക്കാതെയുള്ള പണിമുടക്ക് പിൻമാറ്റം ജീവനക്കാർക്കിടയിൽ ചില ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. തുടർന്ന് നടന്ന ചർച്ചയിൽ പഞ്ചദിനവാരം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 15 മിനുട്ട് അധിക സമയം (ആകെ 45 മിനുട്ട്) ആവശ്യപ്പെട്ട് കൊണ്ടുള്ള നിലപാടാണ് ഐബിഎ എടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജീവനക്കാരുടെ ആശങ്കകൾ ഉൾക്കൊണ്ട് കൃത്യവും ശക്തവുമായ നിലപാട് സംഘടനകൾ കൈക്കൊള്ളും എന്ന് തന്നെ പ്രതീക്ഷിക്കാം.

ബാങ്ക് ഓഫ് മഹാരാഷ്‌ട്രയും സെൻട്രൽ ബാങ്കും നൽകുന്ന സന്ദേശം


ബാങ്ക് ഓഫ് മഹാരാഷ്‌ട്രയിലെ മുഴുവൻ ജീവനക്കാരും 2023 ഫെബ്രുവരി 9,10 തീയ്യതികളിൽ പണിമുടക്കി. യു.എഫ്.ബി.യു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. തൊഴിലാളികളോടുള്ള കേന്ദ്ര സർക്കാർ സമീപനം വിളിച്ചറിയിക്കുന്നതായിരുന്നു ബി.ഓ.എം. എന്ന പൊതുമേഖലാ ബാങ്കധികാരികളുടെ പ്രസ്‌തുത സമരത്തോടുള്ള നിലപാട്. നേരത്തെ ജനുവരി 27 ന് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ പണിമുടക്ക് നടന്നിരുന്നു. അന്ന് കേന്ദ്ര ലേബർ കമ്മീഷണർ വിളിച്ചുകൂട്ടിയ ചർച്ചാ വേളയിൽ ക്ലറിക്കൽ തസ്തികയിൽ അടുത്ത ഒരു വർഷത്തേക്ക് ഒരു നിയമനവും നടത്തുകയില്ല എന്നും സബ്സ്റ്റാഫ് തസ്‌തിക പൂർണമായും കരാർവത്ക്കരിക്കുമെന്നും മാനേജ്മെൻ്റ് അറിയിച്ചിരുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നത് ജനുവരി 30,31 ലെ യുഎഫ്‌ബിയു. പണിമുടക്കിൻ്റെ ഒരു ആവശ്യവുമായിരുന്നു എന്നതും ഓർക്കേണ്ടതാണ്. ഫെബ്രുവരി 9,10 പണിമുടക്കിന് തലേ ദിവസം ബാങ്ക് അസാധാരണമായ ഒരു സർക്കുലർ പുറത്തിറക്കി.

കേന്ദ്ര സർക്കാർ ബാങ്കിംഗ് മേഖലയെ അവശ്യ സർവ്വീസായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജനുവരി 27 ലെയും ഫെബ്രുവരി 9,10 തീയ്യതികളിലെയും പണിമുടക്കുകൾ നിയമവിരുദ്ധമാണെന്ന് ബാങ്ക് അറിയിച്ചു. നിയമവിരുദ്ധമായതിനാൽ പണിമടക്ക് ദിവസങ്ങളിലെയും പണിമുടക്കിന് തൊട്ട് അടുത്തുള്ള  അവധി ദിവസങ്ങളിലെയും ശംബളം പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് നൽകുകയില്ല എന്നും ബാങ്ക് സർക്കുലറിലൂടെ വ്യക്തമാക്കി. ജനുവരി 26, (റിപ്പബ്ലിക് ദിനം) 28, 29 (നാലാം ശനി, ഞായർ) ഫെബ്രുവരി 11,12 (രണ്ടാം ശനി, ഞായർ) ഇതെല്ലാം ചേർത്ത് മൂന്ന് ദിവസത്തെ പണിമുടക്കിന് എട്ട് ദിവസത്തെ ശംബളം തടയുമെന്ന് ചുരുക്കം.  മറ്റ് നടപടികൾ എടുക്കാനും ബാങ്കിന് അധികാരമുണ്ട് എന്ന് ഭീഷണിയുടെ സ്വരത്തിൽ ജീവനക്കാരെ ഓർമ്മപ്പെടുത്തിയാണ് സർക്കുലർ അവസാനിപ്പിച്ചിരിക്കുന്നത്. മാത്രമല്ല  ബാങ്കിൻ്റെ കെട്ടിടത്തിൽ സംഘടനക്ക് അനുവദിച്ചിരുന്ന ഓഫീസ് ഒഴിപ്പിച്ചു. റിട്ടയർ ചെയ്ത ഭാരവാഹികളുമായി തുടർ ചർച്ചകൾ ഒന്നും നടത്തേണ്ടതില്ല എന്നും ബാങ്ക് തീരുമാനിച്ചു. 2022 മാർച്ച് 28,29 തീയ്യതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുത്ത ബി.പി.സി.എൽ. ജീവനക്കാരുടെ എട്ട് ദിവസത്തെ വേതനം തടഞ്ഞുവച്ച മാനേജ്മെൻ്റ് നിലപാട് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.

സെൻട്രൽ ബാങ്കിലെ സംഘടനാ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള മാനേജ്മെൻ്റ് നയത്തിനത്തിനെതിരെ അവിടെ സെൻട്രൽ ബാങ്ക് സംഘടനകളുടെ ഐക്യവേദി പണിമുടക്ക് നടത്തിയതും പിന്നീട് പല ബാങ്കുകളിലെ ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് എ.ഐ.ബി.ഇ.എ. അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചതും ഓർക്കുമല്ലോ? എല്ലാ വിഷയങ്ങളും ചർച്ചകളിലൂടെ പരിഹരിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് പ്രക്ഷോഭങ്ങൾ അവസാനിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്ക് ശേഷം സെൻട്രൽ ബാങ്ക് പെരുമ്പനച്ചി (കോട്ടയം) ശാഖക്ക് മുന്നിലെ പ്രകടനത്തിൽ പങ്കടുത്തു എന്ന കാരണത്താൽ  കേരളത്തിലെ രണ്ട് ജീവനക്കാരെ സസ്പെണ്ട് ചെയ്‌തു.

ഇതിൽ ഒരാൾ സെൻട്രൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ (എ.ഐ.ബി.ഇ.എ.) സംസ്ഥാന സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയും മറ്റൊരാൾ പെരുമ്പനച്ചി ശാഖയിലെ അതേ സംഘടനയുടെ യൂണിറ്റ് സെക്രട്ടറിയുമാണ്. പ്രകടനം നടന്ന ദിവസം ബാങ്ക് എം.ഡി. നേരിട്ട് നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാത്രി വൈകിയാണ് ജീവനക്കാരുടെ സസ്പെൻഷൻ ഓർഡർ പുറത്തിറക്കിയതത്രെ. എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽ പറത്തിയാണ് സംഘടനാ നേതാക്കളെ  സസ്പെണ്ട് ചെയ്തത്. തൊഴിൽ നിയമ ഭേദഗതികൾ പൂർണമായും നടപ്പിലാക്കുന്നതിന് മുൻപാണ് പൊതുമേഖലാ ബാങ്കുകളിൽ പോലും ഇത്തരം നടപടികൾ ഉണ്ടാകുന്നത് എന്നത് ഓർക്കണം. ഭാവിയിൽ ഉണ്ടാകാനിടയുള്ള സംഭവങ്ങൾക്ക് തുടക്കമാണ് ഇതെല്ലാം.

ഫെഡറൽ ബാങ്കധികാരികളുടെ ധാർഷ്‌ട്യം

ജീവനക്കാരോടും സംഘടനകളോടും ഉള്ള ബാങ്ക് അധികാരികളുടെ സമീപനത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിഎസ്‌ബി, ഡിബിഎസ്, ബാങ്കുകളുടെ ജീവനക്കാരോടുള്ള സമീപനത്തെ തുടർന്ന് കേരളത്തിലെ പഴയ തലമുറ സ്വകാര്യ ബാങ്കധികാരികൾ ഒരു 'രഹസ്യ' യോഗം ചേരുകയുണ്ടായി. ഇനി തുടർന്നുള്ള ഉഭയകക്ഷി കരാർ ചർച്ചകൾക്ക് ഐ.ബി.എ.ക്ക് മാൻഡേറ്റ് നൽകേണ്ടതില്ല എന്ന് പ്രസ്തുത യോഗത്തിൽ തീരുമാനമെടുത്തതായി പത്രവാർത്തയും വന്നിരുന്നു. ഫെഡറൽ ബാങ്കാകട്ടെ ഒരു പടി കൂടി മുന്നോട്ട് പോയി ജനുവരി 30,31 തീയ്യതികളിലെ അഖിലേന്ത്യാ ബാങ്ക് പണിമുടക്കുമായി ബന്ധപ്പെട്ട് ഓഫീസർമാരെ പ്രതിനിധീകരിക്കുന്ന സംഘടനക്കെതിരെയും ജീവനക്കാരുടെ അംഗീകൃത സംഘടനക്കെതിരെയും ഡെപ്യൂട്ടി ലേബർ കമ്മീഷണറെ സമീപിച്ചു.

ഓഫീസർമാർ തൊഴിലാളികൾ അല്ലെന്നും അത് കൊണ്ട് അവർ വ്യവസായ തർക്ക നിയമപരിധിയിൽ വരികയില്ല എന്നുമുള്ള നിലപാടായിരുന്നു സിഎസ്‌ബി ബാങ്കിലെ യുഎഫ്‌ബിയു പണിമുടക്ക് വേളയിൽ അവിടത്തെ മാനേജ്മെൻ്റ് എടുത്ത നിലപാട്. ഫെഡറൽ മാനേജ്മെൻ്റ് ഏതായാലും ഓഫീസർമാർക്ക് വ്യവസായ തർക്ക നിയമപ്രകാരമുള്ള അധികാരം അംഗീകരിച്ച് കൊടുത്തിട്ടുണ്ട്.  തുടർന്ന് രണ്ട് ദിവസത്തെ പണിമുടക്കിൽ മേൽപ്പറഞ്ഞ രണ്ട് സംഘടനകളും പങ്കെടുക്കരുത് എന്ന് കേരള ഹൈക്കോടതിയിൽ നിന്നും ഒരു ഉത്തരവും ഫെഡറൽ മാനേജ്മെൻ്റ് കരസ്ഥമാക്കി. പണിമുടക്കുകളില്ലാത്ത സംഘടനാ സ്വാതന്ത്ര്യമില്ലാത്ത നവ സ്വകാര്യ മോഡലാണ് അധികാരികളുടെ ലക്ഷ്യം. ബാങ്കിംഗ് മേഖലയിൽ പ്രഖ്യാപിച്ച പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളും സർവ്വീസ് മേഖലാ സംഘടനകളും  പിന്തുണ പ്രഖ്യാപിച്ചതായിരുന്നു. അവരെക്കൂടി അണിനിരത്തി പണിമുടക്കിനെതിരെ നടക്കുന്ന ഈ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കാതെ ഐക്യത്തോടെയുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കിലെ വിചിത്ര പ്രക്ഷോഭം

മേൽ വിവരിച്ച പശ്ചാത്തലങ്ങൾ നിലനിൽക്കുമ്പോൾ എച്ച്.ഡി.എഫ്.സി.ബാങ്കിൽ ഒരു വിചിത്ര പ്രക്ഷോഭം നടന്നു. അവിടത്തെ മുൻ ലോർഡ് കൃഷ്ണാ ബാങ്കിലെ പഴയ 'അംഗീകൃത' സംഘടന കഴിഞ്ഞ ദിവസം ഒരു പ്രകടനം നടത്തി. പ്രകടനത്തിൽ ഉന്നയിച്ച പ്രധാന മുദ്രാവാക്യം ന്യൂനപക്ഷ സംഘടനാ ഭാരവാഹികൾക്ക് സ്പെഷ്യൽ ലീവ് അനുവദിക്കരുത് എന്നതായിരുന്നു. എച്ച്.ഡി.എഫ്.സി. ബാങ്കിൽ ഒരു ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. അതിൽ തന്നെ ബഹുഭൂരിപക്ഷവും കരാർ/സി.ടി.സി. ജീവനക്കാരാണ്. മുന്നൂറിൽ താഴെ മാത്രമാണ് അവിടത്തെ മുൻ എൽകെബിയിലെ ജീവനക്കാരുടെ എണ്ണം. അതിൽ ഒരു വിഭാഗം ജീവനക്കാരെ മാത്രം പ്രതിനിധാനം ചെയ്യുന്ന പഴയ 'അംഗീകൃത' സംഘടനയാണ് 'ന്യൂനപക്ഷ' സംഘടനയുടെ വിഷയമുന്നയിച്ച് മാനേജ്മെൻ്റിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. ഡി.ബി.എസിലെ (മുൻ എൽ.വി.ബി.) ഏക സംഘടനയുടെ സ്ഥിതിയും മുൻ ബാങ്ക് ഓഫ് മധുര ഐ.സി.ഐ.സി.ഐ. ബാങ്കിൽ ലയിച്ച ശേഷം അവിടത്തെ ഏക സംഘടനയുടെ സ്ഥിതിയും ഒന്നുമറിയാത്തവരല്ല എച്ച്.ഡി.എഫ്.സി. ബാങ്കിലെ മുൻ എൽ.കെ.ബി. ജീവനക്കാർ. പഴയ തലമുറ സ്വകാര്യ ബാങ്കുകൾ പോലും പുതിയ തലമുറ ബാങ്കിംഗ് സംസ്കാരത്തിലേക്ക് മാറി സംഘടനകളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ നടക്കുന്ന ഇത്തരം പ്രഹസനങ്ങൾ ഒഴിവാക്കാൻ മാതൃസംഘടനകളുടെ ഇടപെടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഏപ്രിൽ 4, 5 - പാർലമെന്റ്‌ ധർണ/ റാലികളുടെ പ്രസക്തി

മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ഏപ്രിൽ 4 ന് ബി.ഇ.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെണ്ട് ധർണക്കും ഏപ്രിൽ 5 ന് മസ്ദൂർ കിസാൻ സംഘർഷ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെണ്ട് റാലിക്കും ഏറെ പ്രസക്തിയാണ് ഉള്ളത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാർവത്ക്കരണം അവസാനിപ്പിക്കുക, കരാർ / ദിവസക്കൂലി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി (എൻ.പി.എസ്.) ഉപേക്ഷിക്കുക, എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക, റീജണൽ റൂറൽ ബാങ്കുകളുടെ ഓഹരികൾ വിൽക്കരുത്, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ഏപ്രിൽ 4 ന് ജന്തർ മന്ദിറിൽ ബി.ഇ.എഫ്.ഐ. ധർണ സംഘടിപ്പിക്കുന്നത്.

നേരത്തെ ഇതേ വിഷയങ്ങൾ ഉയർത്തി ബി.ഇ.എഫ്.ഐ. അവകാശ ദിനങ്ങൾ ആചരിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണ നീക്കവും സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ ബി.ഇ.എഫ്.ഐ. ധർണക്ക് ഏറെ പ്രാധാന്യമുണ്ട്. കാർഷിക മേഖലാ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ വഞ്ചനാപരമായ നിലപാടുകളിൽ പ്രതിഷേധിച്ചും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുമാണ് തൊഴിലാളികളും കർഷകരും കൈകോർത്തുകൊണ്ട് പാർലമെണ്ട് മാർച്ച് സംഘടിപ്പിക്കുന്നത്. ബാങ്കിംഗ് മേഖലയുടെ സംരക്ഷണത്തിന് ഐക്യ പോരാട്ടങ്ങൾ ഉയർന്ന് വരേണ്ട സാഹചര്യങ്ങളിൽ രണ്ട് പ്രക്ഷോഭങ്ങളുടെയും പ്രാധാന്യം വളരെ വലുതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top