26 April Friday

അമ്പരപ്പിക്കുന്ന നിസ്സംഗത

ജോർജ് ജോസഫ്Updated: Thursday Feb 2, 2023



മാധ്യമ തലക്കെട്ടുകൾക്ക് വേണ്ടുന്ന ചേരുവകൾ ധാരാളം. കാതലായ പ്രശ്നങ്ങൾക്ക് ഉത്തരമില്ല.  മോദി സർക്കാരിന്റെ മുൻ ബജറ്റുകളുടെ തനിയാവർത്തനമായി നിർമല സീതാരാമന്റെ അഞ്ചാം ബജറ്റ്. മൊത്തം മൂലധന നിക്ഷേപം 33 ശതമാനം വർധിച്ച് 13.7 ലക്ഷം കോടി രൂപയാകുമെന്ന് ബജറ്റ് പറയുന്നു (റെയിൽവേയില്‍ മുടക്കുന്ന 2.4 ലക്ഷം കോടി കൂടി ഉൾപ്പെടുത്തിയതാണ് ഈ തുക). എന്നാൽ, മൂലധന നിക്ഷേപത്തിനുള്ള വഴി ബജറ്റില്‍ വ്യക്തമാക്കുന്നില്ല. 15.43 ലക്ഷം കോടിയുടെ കടമെടുപ്പിനെക്കുറിച്ച് പറയുന്നതിനാല്‍ അതായിരിക്കാം ഇതിനുള്ള മാർഗമെന്ന് വിലയിരുത്തേണ്ടി വരും. ആദായ നികുതിയിലെ കൊട്ടിഘോഷിക്കുന്ന ഇളവുകൾ വഴി 35,000 കോടി രൂപയുടെ വരുമാന ചോർച്ചയുണ്ടാകുമെന്ന് ബജറ്റ് പറയുന്നു. ഇതുവഴി പ്രതീക്ഷിക്കുന്ന അധിക വരുമാനം 3000 കോടിമാത്രവും. അതുകൊണ്ട് കടബാധ്യത കൂടുതൽ ഉയരും. കാതലായ ചോദ്യം അതല്ല, മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങൾ വായ്പ എടുക്കുമ്പോൾ അത് ധന കെടുകാര്യസ്ഥതയും കേന്ദ്രം കടമെടുക്കുമ്പോൾ അത് വികസനോന്മുഖവുമാകുന്നത് എങ്ങനെ എന്നതാണ്. ‘നിഷ്‌പക്ഷ' മാധ്യമങ്ങള്‍ ഇതിന് മറുപടി പറയണം.

2022-–-23 ബജറ്റിലെ പുതുക്കിയ കണക്ക്‌ പ്രകാരം ധനകമ്മി 6.4 ശതമാനം. അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത് 5.9 ശതമാനവും. എന്നാൽ, 2023–-24 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന മൊത്തം വരവ് 27.2 ലക്ഷം കോടിയും ചെലവ് 47 ലക്ഷം കോടിയുമാണ്. അതുകൊണ്ട് ധനകമ്മിയിലുള്ള വാഗ്ദാനം കേവലം വാചകമടി മാത്രമെന്ന് ഉറപ്പിക്കാം. അമ്പതാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മ രാജ്യം നേരിടുകയാണ്. ജീവൽ പ്രശ്നങ്ങളെക്കുറിച്ച്  ഒരക്ഷരംപോലും ബജറ്റ് മിണ്ടുന്നില്ല. പരമദരിദ്രരായവർക്ക് പരിമിതമായ തൊഴിൽ നൽകുന്ന തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 60,000 കോടി മാത്രം.100 ദിവസം തൊഴിൽ നൽകാൻ ഇതിന്റെ ഇരട്ടി വേ‌ണം.

എന്നാൽ, അതിസമ്പന്നരുടെ ആദായ നികുതിയിന്മേലുള്ള സർചാർജ് 37ൽനിന്ന് 25 ശതമാനമാക്കി കുറയ്ക്കാൻ നിർമല സീതാരാമൻ മറന്നില്ല. അതോടെ പരമാവധി ആദായ നികുതി 42ൽനിന്ന്‌ 39 ശതമാനമായി കുറയും. പാവപ്പെട്ടവരുടെ തൊഴിലിനേക്കാൾ സമ്പന്നരുടെ അധിക നികുതിയാണ് ധനമന്ത്രിയുടെ ഉറക്കംകെടുത്തുന്നത് എന്ന് വ്യക്തം.ഇനി മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ആദായ നികുതി ഇളവിനെക്കുറിച്ച്. പുതിയ സംവിധാനത്തിലേക്ക് മാറുന്നവർക്ക് മാത്രമാണ് പ്രയോജനം കിട്ടുക. ഇപ്പോൾ ആദായ നികുതിദായകരായ ആറു കോടിയോളം പേരിൽ 95 ശതമാനത്തിലധികവും പഴയ നിയമത്തിന്റെ പരിധിയിലാണ്. പുതിയ നികുതിയുടെ പരിധിയിലേക്ക് നികുതിദായകരെ എത്തിക്കുക എന്നതാകാം ഇപ്പോഴത്തെ ലക്ഷ്യം. പുതിയ നികുതി നിയമത്തിൽ സമ്പാദ്യത്തിനോ വായ്‌പകൾക്കോ മക്കളുടെ വിദ്യാഭ്യാസത്തിനോ ചെലവഴിക്കുന്ന പണത്തിന് ചില്ലിക്കാശിന്റെ നികുതിയിളവും ലഭിക്കില്ല. ഉയർന്ന വരുമാനക്കാർക്കാണ് നേട്ടമുണ്ടാകുക. ഭീമമായ വിലക്കയറ്റം, ജനങ്ങളുടെ വാങ്ങൽശേഷിയിലെ കുറവ് തുടങ്ങി സമ്പദ്ഘടന നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്കുനേരെ ബജറ്റ് പുലർത്തുന്ന നിസ്സംഗത അമ്പരപ്പിക്കുന്നതും അർഥഗർഭവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top