28 March Thursday

കേന്ദ്ര ബജറ്റിന്
 കോർപറേറ്റ് മുഖംമാത്രം - എളമരം കരീം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2023-–-24 വർഷത്തേക്കുള്ള ബജറ്റ് ജനവിരുദ്ധവും രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യം തുടരാനിടയാക്കുന്നതുമാണ്. 2020–-21ലെ കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വലിയ തകർച്ച സൃഷ്ടിച്ചിരുന്നു. തൊഴിലും വരുമാനവും നഷ്ടപ്പെട്ട തൊഴിലാളികളും മറ്റ് സാധാരണ ജനങ്ങളും കടുത്ത ജീവിതപ്രയാസം നേരിട്ടു. രാജ്യത്തെ വ്യവസായ നിക്ഷേപം കുറയുകയും പ്രധാന വ്യവസായമേഖലകളിലെ ഉൽപ്പാദനം കുറയുകയും ചെയ്തു. ഈ സാഹചര്യം മറികടക്കാനുതകുന്ന നടപടികളാണ് പുതിയ ബജറ്റിൽ ജനങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ, സമ്പദ്ഘടനയുടെ തകർച്ചയ്‌ക്ക് ഒരു പരിഹാരവും കാണാനുതകുന്നതല്ല കേന്ദ്ര ബജറ്റ്.

2014 മുതൽ മോദി സർക്കാർ സ്വീകരിക്കുന്ന കോർപറേറ്റനുകൂല നയങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ബജറ്റ്-. ജനങ്ങൾ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളപ്പെടുമ്പോഴും വൻകിട കുത്തകകൾ സമ്പത്ത് വാരിക്കൂട്ടുന്നു. ബജറ്റിലൊരിടത്തും തൊഴിലാളി- , തൊഴിലാളിക്ഷേമം എന്ന വാക്കില്ല. രാജ്യം ‘ഔപചാരിക സമ്പദ്ഘടന'യായി മാറിയെന്നാണ് ധനമന്ത്രി പറയുന്നത്. അതിന് ഉപോൽബലകമായി പറഞ്ഞ കാര്യം പ്രോവിഡന്റ്‌ ഫണ്ട് അംഗങ്ങൾ 27 കോടിയായി ഉയർന്നു എന്നതാണ്. ഇത് അടിസ്ഥാനരഹിതമായ വാദമാണ്. പ്രോവിഡന്റ്‌ ഫണ്ട് നടപ്പായ കാലംതൊട്ട് ഇന്നുവരെ രജിസ്റ്റർ ചെയ്ത എണ്ണമാണ് മന്ത്രി പറഞ്ഞത്. എന്നാൽ, ഇപ്പോൾ തൊഴിൽ ചെയ്തുകൊണ്ട് പിഎഫിൽ വിഹിതം അടയ്‌ക്കുന്നവരുടെ എണ്ണം അഞ്ചു കോടിയിൽ താഴെ മാത്രമാണ്. "സബ് കാ സാത്, സബ് കാ വികാസ്’ എന്ന മുദ്രാവാക്യം ഇടയ്‌ക്കിടെ മുഴക്കിയ ബജറ്റ് പ്രസംഗത്തിലൊരിടത്തും ‘തൊഴിലാളി ക്ഷേമം' എന്നൊരു വാക്കില്ല. അവരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്ന ഒരു നിർദേശവും ബജറ്റിലില്ല.

വികസനത്തിൽ എല്ലാവരെയും ഉൾക്കൊള്ളുമെന്ന ബജറ്റിലെ പ്രസ്താവന വായ്ത്താരിമാത്രം. കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് ‘മിനിമം സപ്പോർട്ട് പ്രൈസ്' നിശ്ചയിക്കണമെന്ന സംയുക്ത കർഷക സമിതിയുടെ ആവശ്യത്തെക്കുറിച്ച് ബജറ്റ് മൗനം പാലിച്ചു. കർഷകസമരം അവസാനിപ്പിക്കുന്ന സന്ദർഭത്തിൽ സർക്കാർ എഴുതി നൽകിയ ഉറപ്പ് പാലിച്ചില്ല. രാസവള സബ്സിഡി 2022–- 23 ബജറ്റിൽ 2,25,220 കോടി രൂപ വകകൊള്ളിച്ചിരുന്ന സ്ഥാനത്ത് പുതിയ ബജറ്റിൽ 1,75,100 കോടിയായി വെട്ടിക്കുറച്ചു. യൂറിയ സബ്സിഡി കഴിഞ്ഞ വർഷം 1,54,098 കോടി രൂപയായിരുന്നത് 1,31,100 കോടി രൂപയായി കുറച്ചു. പി എം കിസാൻ നിധിക്കുള്ള പണം 2022-–-23ൽ 68,000 കോടി രൂപയായിരുന്നത് 60,000 കോടിയായി കുറച്ചു. പിഎം ആവാസ് യോജനയ്‌ക്കുള്ള ഫണ്ട് 90,020 കോടി രൂപയായിരുത് 79,590 കോടിയായി കുറച്ചു. ഭക്ഷ്യ സബ്സിഡി 2022-–-23ൽ 2,87,194 കോടിയായിരുന്നത് 1,97,350 കോടിയായും പെട്രോളിയം സബ്സിഡി (പാചകവാതകത്തിന്) 9171 കോടിയായിരുന്നത് 2257 കോടിയായും കുറച്ചു. ആരോഗ്യമേഖലയുടെ തുക ബജറ്റ് ചെലവിന്റെ 1.9 ശതമാനം മാത്രമാണ്. വിദ്യാഭ്യാസമേഖലയ്‌ക്ക് നീക്കിവച്ച ചെലവ് ആകെ ചെലവിന്റെ 2.5 ശതമാനം മാത്രമാണ്.


 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2021-–-22ൽ 98,468 കോടിയും 2022-–-23ൽ 89,400 കോടിയും വകകൊള്ളിച്ചിരുന്നിടത്ത് കേവലം 60,000 കോടി രൂപമാത്രം. മതന്യൂനപക്ഷവിഭാഗങ്ങളുടെ ക്ഷേമത്തിനായി 2021-–-22ൽ 1428 കോടിയുണ്ടായിരുന്നു. അത് 610 കോടിയായി വെട്ടിക്കുറച്ചു. പട്ടികജാതിവിഭാഗം ജനസംഖ്യയുടെ 16 ശതമാനവും പട്ടികവർഗം 8.6 ശതമാനവുമാണ്. അവർക്ക് അനുവദിച്ച ബജറ്റ് തുക യഥാക്രമം 3.5 ശതമാനവും 2.7 ശതമാനവുമാണ്. പാർശ്വവൽക്കരിക്കപ്പെട്ട ജനതയോടുള്ള ബിജെപി സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഇത്. അങ്കണവാടി, ആയുഷ്, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ പദ്ധതികൾക്കും മതിയായ തുക അനുവദിച്ചില്ല. പാവപ്പെട്ടവരെ സഹായിക്കുന്ന സബ്സിഡികൾക്കായി 2022-–-23ൽ ബജറ്റ് ചെലവിന്റെ എട്ട്‌ ശതമാനം നീക്കിവച്ചിരുന്നു. 2023-–-24ൽ അത് ഏഴു ശതമാനമായി കുറച്ചു.

2022-–-23 വർഷത്തെ ജിഡിപി വളർച്ച ഏഴു ശതമാനമാണെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. എന്നാൽ, 2022–-23നെ  അപേക്ഷിച്ച് 2023-–-24ൽ സർക്കാർ ചെലവുകളുടെ വർധന കേവലം തുച്ഛമാണ്. നാണയപ്പെരുപ്പ നിരക്കും ജനസംഖ്യാ വർധന നിരക്കും കണക്കിലെടുത്താൽ നാമമാത്രമായ വർധനയാണ് വരുത്തിയത്. ദരിദ്ര ജനകോടികളുടെ ജീവിതപ്രയാസങ്ങൾ പരിഹരിക്കാൻ പര്യാപ്തമായ ഒരു നിർദേശവും ബജറ്റിലില്ല. ആദായനികുതി നിരക്കുകളിൽ വരുത്തിയ മാറ്റങ്ങൾ മാസശമ്പളക്കാർക്കും മറ്റും ആശ്വാസം തോന്നുമെങ്കിലും പണപ്പെരുപ്പവും ആരോഗ്യ- വിദ്യാഭ്യാസ ചെലവുകൾ വർധിച്ചതും കണക്കിലെടുത്താൽ നിഷ്ഫലമാകുന്നതാണ്. അതേസമയം, സമ്പന്നവർഗത്തിന് നൽകിയ നികുതി ഇളവുകൾവഴി ഖജനാവിനുണ്ടാകുന്ന നഷ്ടം 35,000 കോടി രൂപയാണ്. ‘സബ് കാ സാത്ത്- സബ് കാ വികാസ്' വെറും പൊള്ളയായ വാഗ്‌ദാനംമാത്രം. സർക്കാർ നിലകൊള്ളുന്നത് സമ്പന്നവർഗത്തിനുവേണ്ടിമാത്രം.

സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നത് 2022-–-23ലെ ജിഡിപി വളർച്ച 6.5 ശതമാനമാണെന്നാണ്. -സ്വതന്ത്രഭാരത ചരിത്രത്തിൽ തുടർച്ചയായി വളർച്ചനിരക്ക് കുറയുന്നത് ആദ്യമാണ്-. ഉൽപ്പാദനമേഖലയിൽ വളർച്ച -1.6 ശതമാനവുമാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നിർദേശവും ബജറ്റിലില്ല. കേന്ദ്ര സർവീസിലും റെയിൽവേ ഉൾപ്പെടെയുള്ള കേന്ദ്ര-പൊതുമേഖലയിലും നിലവിലുള്ള എട്ടു ലക്ഷത്തോളം ഒഴിവുകൾ നികത്താൻ പരിപാടിയില്ല. ഇന്ത്യൻ തൊഴിലാളികളുടെ 94 ശതമാനം വരുന്ന അസംഘടിത- പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾ നേരിടുന്ന ദുരിതത്തിന് തെല്ലെങ്കിലും ആശ്വാസം നൽകുന്ന ഒന്നും ബജറ്റിലില്ല. ഭക്ഷ്യ സബ്സിഡി 2022-–-23ൽ 2,87,194 കോടിയായിരുന്നത് പുതിയ ബജറ്റിൽ 1,97,350 കോടിയായി കുറച്ചതുവഴി പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണ് വീഴ്‌ത്തും.

2023 ജനുവരിയിൽ പുറത്ത് വന്ന ‘ഓക്സ്ഫാം' റിപ്പോർട്ട് പറയുന്നത് രാജ്യത്തെ ജനങ്ങളുടെ പകുതിയിൽ താഴെ വരുന്ന പാവപ്പെട്ട ജനങ്ങൾ നൽകുന്ന പരോക്ഷനികുതി തുക മുകൾതട്ടിലെ 10 ശതമാനം വരുന്ന സമ്പന്നന്മാർ നൽകുന്ന പരോക്ഷ നികുതി തുകയുടെ ആറിരട്ടിയെന്നാണ്. - ഈ സാഹചര്യത്തിലും സമ്പന്നർക്ക് നികുതിയിൽ ഇളവ് നൽകപ്പെട്ടു.- ഭക്ഷ്യ സബ്സിഡിയിൽ 29 ശതമാനവും ഭക്ഷ്യവസ്തുക്കളുടെ സംഭരണ തുകയിൽ 17 ശതമാനവും ഉച്ചഭക്ഷണ പദ്ധതി തുകയിൽ 9.4 ശതമാനവും പോഷകാഹാര പദ്ധതിയിൽ 38 ശതമാനവും 2022-–-23 വർഷത്തെ ബജറ്റ് തുകയെ അപേക്ഷിച്ച് കുറവ് വരുത്തിയ സർക്കാരാണ് സമ്പന്നർക്ക് വലിയ ഇളവ് നൽകിയത്.- മോഡി സർക്കാർ ആരോടൊപ്പമാണെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നു.

കേരളത്തെ ക്രൂരമായി അവഗണിച്ച ബജറ്റാണ് 2023-–-24ലേത്. സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി മൂന്ന്‌ ശതമാനത്തിൽനിന്ന് 0.5 ശതമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശത്തോടൊപ്പം വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങൾ (സ്വകാര്യവൽക്കരണം) അംഗീകരിച്ചാലേ ഇത് നൽകൂ എന്നും പറയുന്നു. ആരോഗ്യമേഖലയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന് ‘എയിംസ്' അനുവദിച്ചില്ല. റെയിൽവേ വികസനപദ്ധതികൾ ഒന്നും അനുവദിച്ചില്ല. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു മുമ്പിൽ അവതരിപ്പിച്ച ഒരു വികസന പദ്ധതിയും അനുവദിച്ചില്ല. ജിഎസ്ടി നഷ്ടപരിഹാരം തുടർന്നും നൽകണമെന്ന ആവശ്യവും തിരസ്‌കരിക്കപ്പെട്ടു.

കേരളത്തിലെ റബർ കർഷകരെയും തോട്ടം തൊഴിലാളികളെയും സംരക്ഷിക്കാൻ റബർ ഇറക്കുമതി ചുങ്കം ഉയർത്തണമെന്ന ആവശ്യം പരിഗണിച്ചില്ല. ‘കോമ്പൗണ്ട്' റബറിന്റെ ചുങ്കം ഉയർത്തിയത് വെറും കണ്ണിൽ പൊടിയിടൽമാത്രം.  ലക്ഷക്കണക്കിനു വരുന്ന  പരമ്പരാഗത തൊഴിലാളികൾ,- കയർ, കശുവണ്ടി, ബീഡി, കൈത്തറി, മത്സ്യം, കൈത്തൊഴിലുകൾ, ഖാദി- മേഖലകൾ അനുഭവിക്കുന്ന യാതനകൾക്ക് ആശ്വാസം നൽകുന്ന ഒരു നിർദേശവും പുതിയ ബജറ്റിലില്ല. കോർപറേറ്റുകളുടെ വളർച്ചയിൽ അഭിമാനം കൊണ്ടുനടന്ന സർക്കാർ അദാനിയുടെ വീഴ്ചയിൽനിന്ന് ഒരു പാഠവും പഠിക്കുന്നില്ല. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top