20 April Saturday

യുജിസി ചട്ടങ്ങൾ 
അവസാനവാക്കല്ല - ഡോ. കെ കെ ദാമോദരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2022


ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്തെല്ലായിടത്തും സർവകലാശാലകളാണ് അവസാനവാക്ക്. ഒരു സർവകലാശാലയുടെ അക്കാദമികമായ കരുത്തെന്നത് അതിനോടനുബന്ധിച്ചുള്ള മനുഷ്യവിഭവ മികവും ആത്മവിശ്വാസവും അക്കാദമിക സ്വാതന്ത്ര്യവും പശ്ചാത്തലസൗകര്യങ്ങളും അതിന്റെയെല്ലാം അർഥപൂർണമായ വിനിയോഗവുമാണ്. ഇതിനെല്ലാം  മികവുറ്റ നേതൃത്വം നൽകാനാവശ്യമായ അറിവും കഴിവും കാഴ്ചപ്പാടും ഏകോപന പ്രാപ്തിയുമുള്ള അക്കാദമിക ലീഡറാണ് വൈസ് ചാൻസലർ. സർവകലാശാലകളുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ അക്കാദമികവും ഭരണപരവുമായ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് വൈസ് ചാൻസലർവരെയുള്ള അധികാരികളാണ്. ചാൻസലർ ഉൾപ്പെടെ മറ്റുമേലധികാരികൾക്കെല്ലാം സർവകലാശാലകൾക്ക് മുകളിൽ പൊതു അധികാരങ്ങൾമാത്രം. അതുകൊണ്ടുതന്നെ ചാൻസലർ, പ്രോ ചാൻസലർ എന്നീ വാക്കുകളൊക്കെ സ്വതന്ത്ര ഇന്ത്യയിൽ അത്യപൂർവമായേ ജനങ്ങൾ ഉച്ചരിക്കാറുള്ളൂ. ഇന്ത്യയിലെ സംസ്ഥാന സർവകലാശാലകളിൽ ബഹുഭൂരിപക്ഷത്തിന്റെയും ചാൻസലർ പദവി അലങ്കരിക്കുന്നത് സംസ്ഥാന ഗവർണർമാരാണ്. ഭരണഘടനാപ്രകാരം, 35 വയസ്സ് പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും അനുകൂലസാഹചര്യമുണ്ടായാൽ ഗവർണറായി നിയമിക്കപ്പെടാം. അതുവഴി നിലവിൽ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറുമാകും. എന്നാൽ, ഇത്തരത്തിലുള്ള ഏതൊരാൾക്കും സ്വപ്നം കാണാൻ കഴിയുന്ന ഒരു സ്ഥാനമല്ല വൈസ് ചാൻസലറുടേത്.

ഉന്നതവിദ്യാഭ്യാസവും 
കേന്ദ്ര നിയമങ്ങളും
സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ശാസ്ത്ര– -സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയടങ്ങുന്ന ഉന്നതവിദ്യാഭ്യാസം ഭരണഘടനയുടെ സമവർത്തിപ്പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. കേന്ദ്ര– -സംസ്ഥാന സർക്കാരുകൾ കൂട്ടായാണ് ഉന്നതവിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത്.അതേസമയം, ഈ രംഗത്തെ നിലവാരം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതും അവയെ ഏകോപിപ്പിക്കുന്നതും കേന്ദ്രത്തിന്റെമാത്രം അധികാരമാണെന്നതിന്‌ വിധേയമായി മാത്രമേ ആദ്യം പറഞ്ഞ വകുപ്പ് നിലനിൽക്കുകയുള്ളൂ.  ഈ വ്യവസ്‌ഥയുടെ  തണലിലാണ്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ യുജിസി റെഗുലേഷൻസ് എന്നറിയപ്പെടുന്ന ‘ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരംസംബന്ധിച്ച മാർഗനിർദേശങ്ങൾ’ രൂപീകരിക്കാനും അത് രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേലും അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നത്‌.  ഭരണഘടനയുടെ ആർട്ടിക്കിൾ 254 പ്രകാരം ഏതെങ്കിലും സംസ്ഥാന നിയമസഭകൾ പാസാക്കിയ ഒരു നിയമം മുഴുവനായോ അതിന്റെ ഏതെങ്കിലും വകുപ്പുകൾ മാത്രമോ  പാർലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിന് എതിരായാൽ,  പാർലമെന്റ് പാസാക്കിയ നിയമമായിരിക്കും രാജ്യത്ത് ആകെ ബാധകമാകുക. മേൽപ്പറഞ്ഞ യുജിസി റെഗുലേഷനുകളെ പാർലമെന്റ് പാസാക്കിയ നിയമം എന്ന നിലയിലാണ് കേന്ദ്രസർക്കാരും പലപ്പോഴും കോടതികളും വ്യാഖ്യാനിക്കാറുള്ളത്. പാർലമെന്റ് പാസാക്കിയ യുജിസി ആക്ട് 1956 അനുസരിച്ചാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ നിലവിൽ വന്നതെങ്കിലും ഈ സ്ഥാപനത്തിന്റെ ഓഫീസ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന മാർഗനിർദേശങ്ങളെ കേന്ദ്രനിയമമായി കണക്കാക്കുന്നതിൽ യഥാർഥത്തിൽ ശരികേടുണ്ട്. നിയമം നിർമിക്കാനാവശ്യമായ ജനാധിപത്യസമ്മതി യുജിസിക്ക് ഇല്ലെന്നതും  നിയമനിർമാണവേളയിൽ അനുവർത്തിക്കുന്ന അഭിപ്രായരൂപീകരണമോ ജനാധിപത്യ ചർച്ചകളോ പരിശോധനകളോ നടത്താതെയാണ് ഇവ നിർമിക്കപ്പെടുന്നത് എന്നതുമാണ്‌ അതിനു കാരണം.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് 
കമീഷന്റെ ഘടന
കേന്ദ്രസർക്കാർ നാമനിർദേശം ചെയ്യുന്ന ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നീ ഭാരവാഹികളും നാല് അംഗങ്ങളും ഉൾപ്പെടെ എട്ടുപേർ ചേർന്നതാണ് ഈ സംവിധാനം.  തീരുമാനങ്ങളെല്ലാം ഹെഡ്‌ ഓഫീസിൽനിന്നാണ്. മാസത്തിൽ ഒരുതവണ ഈ എട്ടുപേർ യോഗം ചേരും. പല യോഗങ്ങളിലും മുഴുവൻ പേരും പങ്കെടുക്കില്ല. കോളേജുകൾക്കും സർവകലാശാലകൾക്കും അംഗീകാരം നൽകുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്‌നങ്ങൾ സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കുക, ധനവിനിയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക, ഈ മേഖലയിൽ പരിഷ്കാരങ്ങൾ ആവിഷ്കരിക്കുക തുടങ്ങിയ പ്രധാനപ്പെട്ട ചുമതലകൾ നിർവഹിക്കുന്നുണ്ടെങ്കിലും സ്വന്തമായി നിയമനിർമാണത്തിനുള്ള അവകാശമില്ല. തെരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടുന്ന ഒരു സഭ നിലവിലില്ല എന്നതിനാലാണത്.

യുജിസി ചട്ടങ്ങളും സർക്കാർ 
സ്ഥാപനങ്ങളും

സർക്കാർ ഉടമസ്ഥതയിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംസ്ഥാന സർവകലാശാലകളെയും സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെയും ഒരേപോലെ കണക്കാക്കുന്നു എന്നതാണ് യുജിസി ചട്ടങ്ങളുടെ ഏറ്റവും ജനവിരുദ്ധമായ വശം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ശമ്പളപരിഷ്കരണത്തെ തുടർന്നാണ് റെഗുലേഷനുകൾ പ്രസിദ്ധീകരിക്കുന്നത്. എല്ലായ്‌പ്പോഴും അസാധാരണമായകാലതാമസമുണ്ടാകാറുണ്ട്. 2006ലേത് 2010ലും 2016ലേത് 2018ലുമാണ് പ്രസിദ്ധീകരിച്ചത്. മിക്കപ്പോഴും ഗുരുതരമായ തെറ്റുകളും വൈരുധ്യങ്ങളും കടന്നുകൂടാറുണ്ട്. ഇപ്പോൾ വിവാദമായിട്ടുള്ള 2018 റെഗുലേഷനിൽ വൈസ് ചാൻസലർ നിയമനരീതി വിശദീകരിക്കുന്നിടത്തുപോലും ഗുരുതരമായ ഭാഷാപിശകുണ്ട്. 1990നു ശേഷം ഇറങ്ങുന്ന റെഗുലേഷനുകളുടെ പൊതുപ്രത്യേകത, ഇവ പ്രധാനമായും സ്വകാര്യസർവകലാശാലകളെയും സ്വയംഭരണ കോളേജുകളെയും മുഖ്യധാരയിൽ കണ്ടുകൊണ്ടുള്ളവയാണ് എന്നതാണ്. സ്വാശ്രയ കോളേജുകളിലോ സ്വയംഭരണ കോളേജുകളിലോ സ്വകാര്യ സർവകലാശാലകളിലോ യുജിസി റെഗുലേഷനുകൾ ഒരുവിധ പ്രതിസന്ധിയും ഉണ്ടാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സർക്കരെന്നോ സ്വകാര്യമെന്നോ ഭേദമില്ലതെ കോളേജുകളിലും സർവകലാശാലകളിലും  അധ്യാപകരെ കണ്ടെത്തുന്നതും നിയമിക്കുന്നതും വിദഗ്‌ധരെ ഉൾക്കൊള്ളിച്ച്‌ പ്രത്യേകം രൂപീകരിക്കുന്ന  സെലക്‌ഷൻ കമ്മിറ്റികളാകണം എന്നാണ് നിർദേശം. സെലക്‌ഷൻ കമ്മിറ്റിയുടെ അധ്യക്ഷൻ ആ കോളേജിന്റെ ഭരണസമിതിയുടെ ചെയർമാനാണ്. എന്നാൽ, എല്ലാസംസ്ഥാനത്തും സർക്കാർ കോളേജുകളുടെ കാര്യത്തിൽ ഈ കാര്യങ്ങൾ ചെയ്യുന്നത് സംസ്ഥാന പബ്ലിക് സർവീസ് കമീഷനുകളാണെന്ന വസ്തുതയ്‌ക്ക് നേരെ കണ്ണടച്ചിരിക്കുകയാണ് യുജിസി റെഗുലേഷൻ.  ആഴമുള്ള അറിവും വിദ്യാഭ്യാസരംഗത്തെ ഗവേഷണ അധ്യാപന -നേതൃപാടവവുമുള്ള വ്യക്തികളിൽ നിന്നാണ് സാധാരണ വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നത്. അത്തരത്തിലുള്ളൊരു ആളെ തെരഞ്ഞെടുക്കാൻ അതിനേക്കാൾ ഉയർന്ന യോഗ്യതകളുള്ള ഒന്നിലധികം പേർ ചേർന്നാലേ കഴിയൂ. സംസ്ഥാനസർവകലാശാലകളിലെ ചാൻസലറോ പ്രോ ചാൻസലറോ ഇത്തരം തെരഞ്ഞെടുപ്പുകൾ നടത്താൻമാത്രം വൈദഗ്ധ്യമുള്ളവരായിക്കൊളണമെന്നില്ല. ഇതുകൊണ്ടുകൂടിയാണ് സെർച്ച്–-കം–-സെലക്‌ഷൻ കമ്മിറ്റി ഒരാളുടെ പേരുമാത്രം നൽകിയാലും സ്വീകാര്യമാകുന്നത്.

ഗുജറാത്ത് യൂണിവേഴ്സിറ്റി നിയമമനുസരിച്ച് സംസ്ഥാന സർക്കാരാണ് വൈസ് ചാൻസലറെ നിയമിക്കുന്നത്. കർണാടകത്തിലും ബിഹാറിലും സംസ്ഥാന സർവകലാശാല നിയമമനുസരിച്ച് നിയമനാധികാരി ചാൻസലറാണെങ്കിലും സംസ്ഥാനസർക്കരുമായി കൂടിയാലോചിച്ചുവേണം നിയമനം നടത്താൻ. അവരുടെ പട്ടികജാതി മോർച്ച നേതാവായിരുന്ന പൊഫ. സിക്കന്ദർ കുമാറിനെ 2018ൽ ഷിംല യൂണിവേഴ്സിറ്റി വൈസ് ചാൻസലറാക്കുമ്പോൾ അദ്ദേഹത്തിന് മതിയായ യോഗ്യതകൾ ഉണ്ടായിരുന്നില്ല. ഹിമാചൽ ഗവർണർ വിദേശപര്യടനത്തിൽ ആയിരുന്നതിനാൽ ഹരിയാന ഗവർണറെക്കൊണ്ട് ഉത്തരവിറക്കിപ്പിച്ചാണ് അദ്ദേഹത്തെ നിയമിച്ചത്. ജയ് ശ്രീറാം വിളികളോടെയാണ് ആദ്യദിവസം ഓഫീസിലേക്ക് ആനയിച്ചതെന്നും വാർത്തയുണ്ടായിരുന്നു. ബിജെപി സംസ്ഥാനങ്ങളിൽ ഇതിനൊന്നും കുഴപ്പമില്ല. പറഞ്ഞുവരുന്നത് കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഉന്നതവിദ്യാഭ്യാസത്തിന്റെ നൈതികതയുടെ പേരിലുള്ള ഒരു തർക്കമല്ല എന്നാണ്. പ്രധാനമന്ത്രിയടക്കം നിരവധി മന്ത്രിമാർ വിദ്യാഭ്യാസയോഗ്യതയുടെ പേരിൽ ചോദ്യം നേരിടുന്ന, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ വിലയ്‌ക്കുവാങ്ങി ജനാധിപത്യത്തെതന്നെ അട്ടിമറിക്കുന്ന ഒരു പാർടിക്കോ സ്വാർഥരാഷ്ട്രീയത്തിൽ സർവകാല റെക്കോഡിട്ട ആരിഫ് മൊഹമ്മദ്ഖാനോ അത്തരമൊരു ധർമസമരത്തിനുള്ള ആത്മവിശ്വാസം കാണില്ല. കേരളസമൂഹത്തിനു നേരെ നശീകരണബുദ്ധിയോടെയുള്ള ആക്രമണം തന്നെയാണിത്. തരംതാഴ്ന്ന ഈ രാഷ്ട്രീയനീക്കത്തെ ജനങ്ങളെ അണിനിരത്തി നേരിടുമ്പോൾത്തന്നെ എട്ടുപേർ ചേർന്ന് കെട്ടിയെഴുന്നെള്ളിക്കുന്ന യുജിസി റെഗുലേഷനുകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള നിയമനടപടികളും ഇനി വൈകിക്കൂടാ.

(കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top