25 April Thursday

യുഡിഎഫിന്റെ ‘അടിയന്തരപ്രാധാന്യം’

കെ ശ്രീകണ്ഠൻUpdated: Monday Aug 2, 2021

സെക്രട്ടറിയറ്റിലെ ഓഫീസ്‌ മുറിയിൽനിന്നിറങ്ങി ജുഡീഷ്യൽ കമീഷന്‌ മുന്നിൽ വിചാരണയ്‌ക്കിരുന്ന ഒറ്റ മുഖ്യമന്ത്രിയെ മാത്രമേ ഇതുവരെയുള്ള കേരളചരിത്രം പരതിയാൽ കാണാനാവൂ. അത്‌ ഉമ്മൻചാണ്ടിയാണ്‌. സോളാർ കേസ്‌ അന്വേഷിച്ച ജസ്‌റ്റിസ്‌ ജി ശിവരാജൻ കമീഷന്‌ മുന്നിൽ മണിക്കൂറുകളോളം അദ്ദേഹം കൈയുംകെട്ടി ഇരുന്നത്‌ കേരളം കണ്ടതാണ്‌. വിസ്‌താരത്തിനുമുമ്പ്‌ രാജിവയ്‌ക്കണമെന്ന്‌ ആവശ്യമുയർന്നെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചില്ല. ആ മുഖ്യമന്ത്രി സമൂഹത്തിന്‌ എന്തുമാതൃകയാണ്‌ നൽകിയതെന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്‌. ഉമ്മൻചാണ്ടിയുടെ മുൻഗാമിയായ കെ കരുണാകരനും അഴിമതിക്കേസിൽ സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധം നടത്തിയിരുന്നു. ഉമ്മൻചാണ്ടിയും കെ കരുണാകരനുമൊക്കെ അഴിമതിക്കേസുകളിലാണ്‌ പ്രതിക്കൂട്ടിൽ നിന്നതെങ്കിൽ അഴിമതിക്കെതിരായ നിയമസഭയ്‌ക്കുള്ളിലെ പ്രതിഷേധമാണ്‌ സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധിക്ക്‌ ആധാരം. അതിന്റെ പേരിൽ അതിരുവിട്ട നീക്കങ്ങളിലാണ്‌ പ്രതിപക്ഷം മുഴുകിയിരിക്കുന്നത്‌.

നിയമസഭാ സമ്മേളനങ്ങളിൽ ഏറ്റവും മുഖ്യമായ ഒന്നാണ്‌ ബജറ്റിന്റെ ഭാഗമായി ഇപ്പോൾ നടന്നുവരുന്നത്‌. ക്രിയാത്മകവും ഭാവനാപൂർണവുമായ നിർദേശങ്ങളും മറ്റും ചർച്ചയിലൂടെ മുന്നോട്ടുവച്ച്‌ ബജറ്റിനെ പൂർണതയിലെത്തിക്കുക എന്നതാണ്‌ ഈ സമ്മേളനത്തിന്റെ ലക്ഷ്യം. കോവിഡ്‌ പ്രതിസന്ധിക്കിടയിലും സഭ വിളിച്ചുചേർത്തത്‌ ഈ സാഹചര്യത്തിലാണ്‌. എന്നാൽ, ഇറങ്ങിപ്പോക്കും തുടർച്ചയായ ബഹിഷ്‌കരണവും കൈമുതലാക്കി പ്രതിപക്ഷം തങ്ങളുടെ കടമ വിസ്‌മരിച്ച മട്ടിലാണ്‌. നിയമസഭയുടെ ലക്ഷ്യത്തിൽനിന്ന്‌ വ്യതിചലിച്ച്‌ വിവാദങ്ങളുയർത്തിയുള്ള പടയൊരുക്കത്തിലൂടെ രാഷ്‌ട്രീയ ഗുണഭോക്താക്കളാകാനുള്ള പാഴ്‌ശ്രമമാണ്‌ അരങ്ങേറുന്നത്‌.

മന്ത്രിമാരുടെ രാജി ആവശ്യമല്ലാതെ കരണീയമായ മറ്റൊന്നും പ്രതിപക്ഷത്തിന്റെ മുമ്പിലില്ല എന്ന്‌ തോന്നിപ്പോകും. എ കെ ശശീന്ദ്രന്റെ രാജിക്ക്‌ വേണ്ടിയുള്ള മുറവിളിയായിരുന്നു ആദ്യം. മുഖ്യമന്ത്രി വിശേഷിപ്പിച്ചതുപോലെ അത്‌ ചീറ്റിപ്പോയി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടാണ്‌ കഴിഞ്ഞ ദിവസങ്ങളിലെ സഭാ ബഹിഷ്‌കരണം. കേരളത്തിൽ നിയമസഭ പ്രക്ഷുബ്‌ധമാകുന്നത്‌ ആദ്യ സംഭവമല്ല. പക്ഷേ, ജനവികാരം മറന്നുള്ള നിലപാടിൽ ഒളിഞ്ഞിരിക്കുന്നത്‌ യുഡിഎഫിന്റെ മറ്റ്‌ ചില രാഷ്‌ട്രീയ ലക്ഷ്യങ്ങളാണ്‌. അതിലൊന്ന്‌ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോട്‌ സൗമനസ്യമാണ്‌. സർവപഴിയും സംസ്ഥാന സർക്കാരിൽ ചാരി കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കറതീർത്ത്‌ എടുക്കുക എന്നതാണ്‌ തന്ത്രം. കേരളത്തിന്‌ ആവശ്യമായ വാക്‌സിൻ നൽകാത്ത നടപടിക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ മൗനത്തിലാണ്‌.

വാക്‌സിൻ ദൗർലഭ്യം, ഇന്ധനവില വർധന, സഹകരണ മേഖലയിൽ കടന്നുകയറ്റത്തിനുള്ള ബിജെപി നീക്കം. ഇവയൊന്നും യുഡിഎഫിന്‌ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളേയല്ല. കഴിഞ്ഞ ഏഴു ദിവസം സഭ സമ്മേളിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ കമാന്ന്‌ ഉരിയാടാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ അടക്കം തയ്യാറായില്ല. അനൗദ്യോഗിക അംഗങ്ങളുടെ ദിനമായ വെള്ളിയാഴ്‌ച കേന്ദ്രത്തിനെതിരെ രണ്ട്‌ പ്രമേയമാണ്‌ സഭയിൽ വന്നത്‌. പ്രതിപക്ഷംകൂടി ഉൾപ്പെട്ട സമിതിയണ്‌ രണ്ടിനും അനുമതി നൽകിയതും. സഹകരണ മേഖലയിലെ കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനെതിരായ പ്രമേയം പരിഗണിക്കുമെന്ന്‌ അറിഞ്ഞിട്ടും ബഹിഷ്‌കരണത്തിൽനിന്ന്‌ പിന്തിരിഞ്ഞില്ല. ചർച്ചയിൽ പങ്കെടുത്ത്‌ കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറഞ്ഞാലോ എന്ന ശങ്കമൂലമാകാമിത്‌. ബിജെപിയുമായുള്ള അന്തർധാര എത്രമാത്രം രൂഢമൂലമാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നതാണ്‌ ഇതെല്ലാം. പ്രതിലോമകരമായ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണമെന്ന പ്രമേയവും ചർച്ച ചെയ്‌തത്‌ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ്‌.

2015 മാർച്ച്‌ 13ന്‌ യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിക്കെതിരായ പ്രതീകാത്മകമായ പ്രതിഷേധമാണ്‌ നിയമസഭയിൽ നടന്നത്‌. പ്രതിപക്ഷത്തെ വനിതാ അംഗങ്ങൾക്കുനേരെ ഭരണപക്ഷത്തുനിന്നുണ്ടായ അതിക്രമമാണ്‌ സഭയെ പ്രക്ഷുബ്‌ധരംഗങ്ങളിലേക്ക്‌ വലിച്ചിഴച്ചത്‌. പ്രതിഷേധത്തിൽ പുലർത്തേണ്ട ജനാധിപത്യ മര്യാദകൾ പാലിച്ചെന്നതും ആർക്കും നിഷേധിക്കാൻ കഴിയില്ല. ബോധപൂർവം പ്രകോപനമുണ്ടാക്കി സഭ അലങ്കോലപ്പെടുത്തുകയെന്ന തന്ത്രമാണ്‌ അന്ന്‌ യുഡിഎഫ്‌ മുൻകൂട്ടി തയ്യാറാക്കിയത്‌. അതിൽ ഒരു പരിധിവരെ തങ്ങൾ വിജയിച്ചുവെന്ന്‌ ഇന്നും അവർക്ക്‌ അഭിമാനിക്കാൻ വകയുണ്ട്‌.

നിയമസഭയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ സഭയിൽത്തന്നെ തീരുന്നതാണ്‌ കീഴ്‌വഴക്കം. ഇതിനുമുമ്പ്‌ സഭ സംഘർഷഭരിതമായപ്പോഴും ആ സമീപനമാണ്‌ ഇരുപക്ഷവും സ്വീകരിച്ചത്‌. ഇതിൽനിന്ന്‌ വ്യത്യസ്ഥമായ നിലപാട്‌ യുഡിഎഫ്‌ എടുത്തതാണ്‌ ക്രിമിനൽ കേസിലേക്ക്‌ എത്തിച്ചത്‌. കേസ്‌ പിൻവലിക്കാൻ സംസ്ഥാന സർക്കാർ എടുത്ത നടപടി നിയമവിരുദ്ധമാണെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടില്ല. ഒരു പ്രത്യേക സാഹചര്യത്തിലുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിൽ എക്കാലവും സഭയിൽ വിദ്വേഷം പുകയണമെന്ന്‌ ആഗ്രഹിക്കുന്നത്‌ ജനാധിപത്യത്തിന്‌ നിരക്കുന്നതല്ല. ജനകീയ വിഷയങ്ങളിൽ പരസ്‌പരം വാദപ്രതിവാദത്തിലേർപ്പെടുമ്പോഴും സഭാതലം സൗഹാർദപൂർണമായിരിക്കണം. മറിച്ചായാൽ നിത്യ സംഘർഷത്തിന്റെ വേദിയായി നിയമസഭ വഴിമാറും. ഇത്‌ കണക്കിലെടുത്താണ്‌ പൊതുതാൽപ്പര്യം മുൻനിർത്തി കോടതിയുടെ അനുമതിയോടെ കേസ്‌ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്‌. നിയമസഭയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ പൊലീസ്‌ നടപടിയും കോടതി വ്യവഹാരവും ഗുണകരമാണോയെന്ന പരിശോധന ഈ ഘട്ടത്തിലും പ്രസക്തമാണ്‌.

ഭരണഘടനയുടെ 321–-ാം അനുച്ഛേദം അനുസരിച്ച്‌ കേസ്‌ പിൻവലിക്കാൻ പബ്ലിക്‌ പ്രോസിക്യൂട്ടർ നൽകിയ അപേക്ഷ തള്ളിയ കീഴ്‌ക്കോടതി നടപടി ശരിവയ്‌ക്കുക മാത്രമാണ്‌ സുപ്രീംകോടതി ചെയ്‌തത്‌. അല്ലാതെ യുഡിഎഫ്‌ സർക്കാർ പ്രതിപ്പട്ടികയിൽപ്പെടുത്തിയ ഒരാളുടെ പേര്‌ പോലും പരാമർശിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട വസ്‌തുതകളെക്കുറിച്ചോ തെളിവുകളെക്കുറിച്ചോ എന്തെങ്കിലും നിരീക്ഷണം നടത്തിയാൽ അത്‌ വിചാരണയെ ബാധിക്കുമെന്നും കോടതി അടിവരയിട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വി ശിവൻകുട്ടി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്‌ മന്ത്രിയായിരിക്കുമ്പോഴല്ല. വിചാരണ ഒഴിവാക്കാൻ പ്രോസിക്യൂട്ടർ അപേക്ഷിച്ച 2018ൽ അദ്ദേഹം എംഎൽഎയുമല്ല. അതേസമയം, മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌ ഉമ്മൻചാണ്ടി സോളാർ കേസിൽ ജുഡീഷ്യൽ കമീഷന്‌ മുമ്പിൽ വിചാരണ നേരിട്ടത്‌. കോൺഗ്രസ്‌ ഉപനേതാവായ കെ ബാബുവിനെതിരെ കേസ്‌ വന്നതും അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ്‌. മന്ത്രിപദവി വഹിച്ച നിരവധി യുഡിഎഫ്‌ നേതാക്കൾ അഴിമതിക്കേസുകളിലടക്കം പ്രതികളായവരുടെ കൂട്ടത്തിലുണ്ട്‌. ഈ ചരിത്രം പേറുന്ന യുഡിഎഫ്‌ ആണ്‌ ഇപ്പോൾ വിചിത്രവാദമുയർത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top