24 April Wednesday

പ്രതിപക്ഷം കണ്ണടച്ചാൽ ഇരുട്ട് പരക്കില്ല, നിറം മങ്ങില്ല

കെ ശ്രീകണ്‌ഠൻUpdated: Wednesday Jun 7, 2023

കേരളത്തിലെ പ്രതിപക്ഷത്തിന്റെ വികസനവിരുദ്ധത എത്രത്തോളം മൂർധന്യതയിലെത്തിയിരിക്കുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കെ ഫോൺ ഉദ്‌ഘാടനച്ചടങ്ങ്‌ ബഹിഷ്‌കരണം. സർക്കാരിന്റെ സ്വപ്‌നപദ്ധതി എന്നതിനപ്പുറം കേരളീയർക്ക്‌ കുറഞ്ഞ നിരക്കിലും സൗജന്യമായും അതിവേഗ ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കുകയെന്ന വിപുലമായ മാനങ്ങളുള്ളതാണ്‌ കെ ഫോൺ പദ്ധതി. തങ്ങൾ കണ്ണടച്ചാൽ ഇരുട്ടുപരക്കുമെന്ന്‌ കരുതുന്നവർക്കു മാത്രമേ വിശാല ലക്ഷ്യങ്ങളും വൻ സാധ്യതകളുമുള്ള ഇത്തരമൊരു പദ്ധതിയോട്‌ മുഖം തിരിക്കാൻ കഴിയൂ. സർക്കാരിനോട്‌ ആഭിമുഖ്യമുള്ളവർ മാത്രമല്ല, രാഷ്‌ട്രീയമായി വിയോജിപ്പുള്ളവരും  ഇതിന്റെ പ്രയോജന പരിധിയിൽ വരുമെന്നതാണ്‌ യാഥാർഥ്യം. പ്രതിപക്ഷം വിട്ടുനിന്നതു കൊണ്ടുമാത്രം കേരളത്തിന്റെ ഈ ജനകീയ ബദലിന്റെ നിറം കെടില്ല. രാജ്യത്തിനുതന്നെ മാതൃക കാട്ടി കേരളം മുന്നോട്ടുവച്ച ഈ പദ്ധതിയെ മാത്രമല്ല, വികസന പ്രവർത്തനങ്ങളെയെല്ലാം എതിർക്കുകയെന്ന ശൈലിയിലേക്ക്‌ പ്രതിപക്ഷം മാറിയിട്ട്‌ കാലങ്ങളായി. കേരളീയരോട്‌ ഇത്രയും ശത്രുതാപരമായ സമീപനം സ്വീകരിക്കാൻ യുഡിഎഫിന്‌ പ്രത്യേകിച്ച്‌ കോൺഗ്രസിന്‌ എങ്ങനെ കഴിയുന്നുവെന്നതാണ്‌ ഉയരുന്ന ചോദ്യം. സ്വന്തം നാടിന്റെ വികസനത്തോട്‌ ഇങ്ങനെ എതിർപ്പ്‌ പ്രകടിപ്പിച്ച ഒരു പ്രതിപക്ഷം കേരളത്തിന്റെ ചരിത്രത്തിൽ കാണാൻ കഴിയില്ല.

പോക്കണക്കേടിന്റെ പ്രതീകം
പ്രതിപക്ഷത്തിന്റെ അപക്വമായ ഈ നിലപാടിനു പിന്നിലെ ചേതോവികാരം എന്തെന്ന്‌ എല്ലാവർക്കും അറിയാം. രാഷ്‌ട്രീയമായി ഉത്തേജിപ്പിക്കാൻ അസഹിഷ്ണുതാപരമായ സമീപനം അനിവാര്യമാണോയെന്ന്‌ ചോദിക്കുന്നവർ കോൺഗ്രസിലും ഘടകകക്ഷികളിലും വിരളമല്ല. കോൺഗ്രസിന്റെ നിലപാടിനോട്‌ പൂർണമായി യോജിപ്പ്‌ മുസ്ലിംലീഗ്‌ അടക്കമുള്ള ചില കക്ഷികൾക്കുണ്ടോ എന്നതും സംശയാസ്‌പദമാണ്‌. വൈരുധ്യങ്ങളുടെ താൽക്കാലിക സഹവർത്തിത്വം മാത്രമേ പ്രതിപക്ഷ നിരയിലുള്ളൂ. ഒരു വശത്ത്‌ ഇതാണ്‌ സ്ഥിതിയെങ്കിൽ നേതൃപദവി കരഗതമാക്കാൻ മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും നിലനിർത്താൻ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുള്ള കിടമത്സരമാണ്‌ മറുപുറത്ത്‌. അരങ്ങിലും അണിയറയിലും ഇരുവരും കൊമ്പുകോർത്ത്‌ നിൽക്കുകയാണ്‌. ആര്‌ ആരെ തളയ്‌ക്കും എന്നത്‌ കാത്തിരുന്നു കാണേണ്ടതാണ്‌. പക്ഷേ, കേരളീയരുടെ പൊതുബോധത്തിൽ രാഷ്‌ട്രീയ പോക്കണക്കേടിന്റെ പ്രതീകമായി പ്രതിപക്ഷം മാറിക്കഴിഞ്ഞു. തൽക്കാലം ലോക്‌സഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും ഇതേ സമീപനം തുടരാനാണ്‌ സാധ്യത. കേരളം തകർന്നാലും വേണ്ടില്ല തങ്ങൾക്ക്‌ രാഷ്‌ട്രീയനേട്ടം കൊയ്യണമെന്ന ചിന്തയാണ്‌ അവരെ നയിക്കുന്നത്‌. പ്രതിപക്ഷം എത്ര എതിർത്താലും ആവിഷ്‌കരിച്ച പദ്ധതികളിൽനിന്ന്‌ പിറകോട്ടില്ലെന്ന്‌ ഇതിനകം സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ, ഇതിനകം യാഥാർഥ്യമായ പദ്ധതികളെ മാത്രമല്ല, നടപ്പാക്കാനിരിക്കുന്നവയെയും തകർക്കുമെന്ന വിപൽക്കരമായ നിലപാടാണ്‌ പ്രതിപക്ഷത്തിന്റേത്‌. ഇവിടെയാണ്‌ വികസന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള കാതലായ അന്തരം കേരളീയർക്ക്‌ ബോധ്യമാകുന്നത്‌. വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഉദാഹരണമായി ചൂണ്ടിക്കാട്ടാനാകും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌ വിഴിഞ്ഞം തുറമുഖ നിർമാണത്തിന്‌ അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടത്‌. കരാറിലെ പല വ്യവസ്ഥകളെക്കുറിച്ചും അന്ന്‌ പല കോണുകളിൽനിന്ന്‌ ആക്ഷേപം ഉന്നയിച്ചു. തുറമുഖ നിർമാണ കമ്പനിയെ സർക്കാർ വഴിവിട്ട്‌ സഹായിച്ചുവെന്നായിരുന്നു മുഖ്യ ആരോപണം.

തുടർന്ന്, 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റെങ്കിലും ഉയർന്നുവന്ന ആക്ഷേപങ്ങളെ സംബന്ധിച്ച്‌ പരിശോധിക്കാനല്ലാതെ കരാർ റദ്ദാക്കാനോ തുറമുഖം നിർത്തിവയ്‌ക്കാനോ തയ്യാറായില്ല. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വേണമെങ്കിൽ ആ വഴിക്ക്‌ സർക്കാരിന്‌ ചിന്തിക്കാമായിരുന്നു. ഒരു സർക്കാരിന്റെ കാലത്ത്‌ ആവിഷ്‌കരിച്ചതും ഒപ്പുവച്ചതുമായ കരാർ അടുത്ത സർക്കാർ അതേപടി അംഗീകരിക്കണമെന്ന്‌ നിർബന്ധം ചെലുത്താൻ പ്രതിപക്ഷത്തിന്  ധാർമികമായി അവകാശവുമില്ല. എന്നാൽ, വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തിന്‌ ഏറെ അനിവാര്യമായ ഒന്നാണെന്നും പദ്ധതി എത്രയുംവേഗം പൂർത്തീകരിക്കണമെന്നുമുള്ള നിലപാടാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും കൈക്കൊണ്ടത്‌.  രാഷ്‌ട്രീയമായി വിയോജിക്കുമ്പോഴും വികസനത്തിനായി കൈകോർക്കണമെന്നത്‌ പാഴ്‌വാക്കല്ലെന്ന്‌ എൽഡിഎഫ്‌ സർക്കാർ അടിവരയിട്ട്‌ വ്യക്തമാക്കിയതാണ്‌. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം ഈവർഷം പൂർത്തീകരിക്കുമെന്നാണ്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്‌. ആ ചടങ്ങും യുഡിഎഫ്‌ ബഹിഷ്‌കരിക്കുമോയെന്ന്‌ കണ്ടറിയണം.

ആ കട്ടിൽ കണ്ട്‌ ഇവിടെ 
പനിക്കണോ
കെ ഫോണിനോടുള്ള എതിർപ്പ്‌ പ്രതിപക്ഷം ആദ്യംമുതൽക്കേ പ്രകടിപ്പിച്ചിട്ടുള്ളതാണ്‌. മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ കെൽപ്പുള്ള സ്വകാര്യ കമ്പനികൾ ഉള്ളപ്പോൾ സർക്കാർ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്തിനെന്ന്‌  ചോദിച്ചവരെക്കുറിച്ച്‌ മുഖ്യമന്ത്രി സമർപ്പണ ചടങ്ങിൽ സൂചിപ്പിച്ചു. ഈ ചോദ്യം നിയമസഭയിൽ ആദ്യം ഉന്നയിച്ചത്‌ മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയാണ്‌. കോർപറേറ്റ്‌ കമ്പനികൾക്കു വേണ്ടിയായിരുന്നു അന്ന്‌ ചെന്നിത്തല നെറ്റി ചുളിച്ചതെങ്കിൽ ചൈനീസ്‌ കേബിൾ വാദവുമായി ഒടുവിൽ രംഗത്തുവന്ന വി ഡി സതീശന്റെ മനസ്സിലിരിപ്പും മറിച്ചല്ലെന്ന്‌ ബോധ്യമാകും.

കിഫ്‌ബി മുതൽ കൊച്ചിയിലെ വാട്ടർ മെട്രോ വരെയുള്ള എത്രയോ പദ്ധതികളെ പ്രതിപക്ഷം എതിർത്തിട്ടുണ്ട്‌. വിവാദ ചുഴിയിൽപ്പെടുത്തി അവയെ തകർക്കുകയായിരുന്നു ലക്ഷ്യം. പാവപ്പെട്ടവർക്ക്‌ വീട്‌ നൽകാനായി ആവിഷ്‌കരിച്ച ലൈഫ്‌ മിഷൻ അടക്കമുള്ളവയെ തങ്ങൾ അധികാരത്തിൽ എത്തിയാൽ പിരിച്ചുവിടുമെന്നാണ്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ ഭീഷണിമുഴക്കിയത്‌. അഴിമതി ആരോപണങ്ങളുന്നയിച്ച്‌ പദ്ധതികളുടെ നിറം കെടുത്താനാണ്‌ ശ്രമം. രമേശ്‌ ചെന്നിത്തലയും വി ഡി സതീശനും തമ്മിലുള്ള വീറും വാശിയും ഇക്കാര്യത്തിലും പ്രകടമാണ്‌. കോൺഗ്രസിലും ഘടകകക്ഷികളിലും രാഷ്‌ട്രീയ സമചിത്തതയുള്ളവർ ഇതിനെ അംഗീകരിക്കുന്നില്ല. പക്ഷേ, ഇരുവരും തമ്മിലുള്ള നിഴൽയുദ്ധത്തിനു മുന്നിൽ മൂകസാക്ഷികളാകാനേ അവർക്ക്‌ കഴിയുന്നുള്ളൂ. അതിനു കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പാണ്‌. കർണാടകത്തിലെ വിജയം കെ സുധാകരനെയും മറ്റും മോഹാവേശത്തിലാക്കിയിട്ടുണ്ട്‌. പക്ഷേ, കർണാടകത്തിലെ കട്ടിൽ കണ്ട്‌ കേരളത്തിൽ പനിക്കേണ്ടെന്ന്‌ തിരിച്ചറിയുന്നവരാണ്‌ ഏറെയും. രാഷ്‌ട്രീയ ബലാബലത്തിൽ പ്രതിപക്ഷം എത്രമാത്രം ബലക്ഷയം നേരിടുന്നുവെന്ന്‌ പ്രതിപക്ഷത്തെ പക്വതയുള്ളവർക്ക്‌ അറിയാം.

കെപിസിസി പുനഃസംഘടനയോടെ കോൺഗ്രസിൽ അടി മൂത്തിരിക്കുകയാണ്‌. പ്രബലമായ രണ്ട്‌ ഗ്രൂപ്പും ഔദ്യോഗിക നേതൃത്വത്തെ അവഗണിക്കുകയാണ്‌. ഗ്രൂപ്പ്‌ നേതൃത്വങ്ങളുടെ പരാതി ഹൈക്കമാൻഡിന്റെ മുന്നിലാണുള്ളത്‌. ഇതിൽ തീർപ്പുണ്ടായാലും ഇല്ലെങ്കിലും പോര്‌ രൂക്ഷമാകുകയേയുള്ളൂ. ഒരു ഭാഗത്ത്‌ തമ്മിലടി മൂക്കുമ്പോഴും വികസന പദ്ധതികളോടുള്ള പ്രതിപക്ഷ എതിർപ്പ്‌ പാരമ്യത്തിൽ തന്നെയായിരിക്കും. എഐ കാമറ, കെ ഫോൺ പദ്ധതികൾക്കെതിരെ താനും ചെന്നിത്തലയും ചേർന്ന്‌ കോടതിയിൽ പോകുമെന്ന വി ഡി സതീശന്റെ വെല്ലുവിളി കേരളത്തോടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top