19 April Friday

അമ്പതാണ്ടിന്റെ വിസ്മയം

അനസ് യാസിൻUpdated: Saturday Dec 4, 2021

യുഎഇയിലെ ഷാർജ നഗരത്തിൽനിന്ന്‌ 50 കിലോമീറ്റർ അകലെയാണ് ജബൽ ഫയ. ഈ ചുണ്ണാമ്പുകുന്നിൽ ജർമൻ പുരാവസ്തു ഗവേഷകർ 2011ൽ നടത്തിയ കണ്ടെത്തലുകൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഏതാണ്ട് 1,25,000 വർഷംമുമ്പ് ആഫ്രിക്കയിൽനിന്ന് യുഎഇയിലേക്ക് മനുഷ്യർ ജീവിതം തേടി സഞ്ചരിച്ചിട്ടുണ്ടെന്നതിന്റെ തെളിവായിരുന്നു ഉദ്ഖനനത്തിൽ ലഭിച്ചത്. ലോകത്തിലെ ഏറ്റവും പുരാതന വാസസ്ഥലമായ യുഎഇ എന്ന വിസ്മയമാണ് ഈ കണ്ടെത്തലുകൾ ലോകത്തോട് പറയുന്നത്.

സംസ്‌കാരത്തിൽനിന്നും പൈതൃകത്തിൽനിന്നും ലഭിച്ച കരുത്തുമായി ഈ പ്രദേശം ഇന്നും ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. സാഹോദര്യത്തിൽ, സഹവർത്തിത്വത്തിൽ, വികസനത്തിൽ, സ്ത്രീ സുരക്ഷയിൽ, ശിശുസൗഹൃദത്തിൽ, സാമ്പത്തികവളർച്ചയിൽ, സാമൂഹ്യപുരോഗതിയിൽ... അങ്ങനെ എല്ലാ രംഗത്തും മറ്റ് അറബ് - ഏഷ്യൻ രാജ്യങ്ങൾക്ക് മുമ്പേ നടക്കുകയാണ്. ആധുനിക യുഎഇ ലോകത്തിന് വിസ്‌മയമാണ്; ലോകത്തിലെ പല രാജ്യങ്ങൾക്കും സ്വപ്നം കാണാൻപോലും പറ്റാത്ത വിസ്മയം.  ഈ നാടിന്റെ സമ്പന്നതയും സമുദ്ര ഗതാഗതത്തിലെ തന്ത്രപ്രധാനമായ സ്ഥാനവും മനസ്സിലാക്കി പോർച്ചുഗൽ, ഡച്ച്, ബ്രിട്ടൻ എന്നീ യൂറോപ്യൻ ശക്തികൾ ദീർഘകാലം വിവിധ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന യുഎഇയെ കോളനിയാക്കി ഭരിച്ചു. വാസ്‌കോ ഡി ഗാമ കോഴിക്കോട് ഇറങ്ങിയ അതേവർഷമാണ് ഒന്നര നൂറ്റാണ്ട് കണ്ട പോർച്ചുഗീസ് അധിനിവേശത്തിന് യുഎഇയിൽ തുടക്കമാകുന്നത്. എല്ലാ കാലത്തും ശക്തമായ എതിർപ്പുകൾ കോളനി ശക്തികൾ നേരിടേണ്ടിവന്നു. ഇന്ന് കാണുന്ന യുഎഇയുടെ പിറവിയിലേക്ക് നയിച്ച ട്രൂഷ്യൽ സ്‌റ്റേറ്റ് (സാമന്ത രാജ്യം) ഉടമ്പടി 1952ൽ പിറന്നത് അങ്ങനെയാണ്. ഇതനുസരിച്ച് ഈ നാട്ടുരാജ്യങ്ങളെ മറ്റ് വൈദേശിക ആക്രമണങ്ങളിൽനിന്ന് ബ്രിട്ടൻ സംരക്ഷിക്കാൻ ധാരണയായി. 1968ൽ സാമന്ത രാജ്യങ്ങളുമായുള്ള കരാറുകൾ അവസാനിപ്പിച്ച് തിരിച്ചുപോക്ക് ബ്രിട്ടൻ പ്രഖ്യാപിച്ചു. അതേവർഷംതന്നെ ബ്രിട്ടീഷ് സാമന്ത രാജ്യങ്ങളുടെ ഫെഡറേഷൻ എന്ന ആശയം അബുദാബിയും ദുബായും മുന്നോട്ടുവച്ചു. പ്രധാനമായും ഇറാൻ ഉയർത്തിയ വെല്ലുവിളിയായിരുന്നു ഒന്നിച്ച് ഒറ്റ യൂണിയനായി നിലകൊള്ളുകയെന്ന ആശയത്തിനു പിന്നിൽ.

ദുബായിലെ യൂണിയൻ ഹൗസ് എന്നറിയപ്പെടുന്ന അൽദിയാഫ പാലസിൽ 1971 ഡിസംബർ രണ്ടിനാണ് യുണൈറ്റഡ് അറബ് എമിറേറ്റിന്റെ പിറവി. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖ്‌വൈൻ, ഫുജൈറ എന്നീ ആറ് എമിറേറ്റാണ് ആദ്യം യൂണിയനിൽ അംഗമായത്. തൊട്ടടുത്ത വർഷം ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നു. രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നേതൃപാടവമായിരുന്നു യൂണിയൻ യാഥാർഥ്യമാക്കിയത്. ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ അകമഴിഞ്ഞ പിന്തുണയും ഈ നീക്കത്തിനുണ്ടായി. പ്രഥമ പ്രസിഡന്റായി ഷെയ്ഖ് സായിദും പ്രഥമ പ്രധാനമന്ത്രിയായി ഷെയ്ഖ് റാഷിദും നിയമിതരായി.

ഭരണനിർവഹണത്തിനായി ഏഴ് എമിറേറ്റിലെയും ഭരണാധികാരികൾ അംഗങ്ങളായ സുപ്രീം കൗൺസിലും നിലിവിൽ വന്നു. എമിറേറ്റുകൾക്ക് സ്വയംഭരണം ഉറപ്പുവരുത്തുന്നു എന്നതാണ് കൂട്ടായ്മയുടെ ഏറ്റവും വലിയ സവിശേഷത. ഈ കൂട്ടായ്മയുടെ കരുത്താണ് ഇന്ന് കാണുന്ന സമ്പദ്‌സമൃദ്ധമായ യുഎഇയ്‌ക്ക് അസ്ഥിവാരമിട്ടത്. പൂർവ സൂരികളുടെ ദർശനങ്ങളെ വഴികാട്ടികളായി സ്വീകരിച്ച് ഇന്നത്തെ സാരഥികളും യുഎഇയെ മുന്നോട്ട് നയിക്കുന്നു. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമന്റെയും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും നേതൃത്വത്തിൽ പുതിയ നേട്ടങ്ങളുമായി അതിവേഗം കുതിക്കുകയാണ് ഇന്ന് യുഎഇ.

എണ്ണയുടെ സമൃദ്ധി
കിഴക്കൻ അറേബ്യയിലെ മറ്റ് അയൽ രാജ്യങ്ങളെപ്പോലെതന്നെ യുഎഇ നാട്ടുരാജ്യങ്ങളും മുത്തുവാരലിലെ അധിപൻമാരായിരുന്നു. വരുമാനവും തൊഴിലും മാത്രമല്ല മുത്തുവാരൽ അവരുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗവും.  1958ലാണ് യുഎഇയിൽ എണ്ണ കണ്ടെത്തിയത്. അതോടെ, പ്രതീക്ഷയുടെ പുതുലോകപ്പിറവിക്ക് ലോകം സാക്ഷ്യം വഹിച്ചു. എണ്ണയുയർത്തിയ വികസന കുതിപ്പിലേക്ക് രാജ്യം പ്രവാസികളെ തേടി. അറുപതുകളിലും എഴുപതുകളിലും സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി മലയാളക്കരയിൽ നിന്നടക്കം ഉരുകളിൽ വന്നിറങ്ങിയവരെ ഭരണകർത്താക്കളും തദ്ദേശവാസികളും ഇരുകൈയും നീട്ടി സ്വീകരിച്ചു.  ഇരുനൂറിലേറെ രാജ്യത്തുനിന്നായി 88 ലക്ഷത്തിലേറെ പ്രവാസികൾ യുഎഇയിൽ ഉണ്ട്. ഇതിൽ 34 ലക്ഷത്തിലധികമാണ് ഇന്ത്യക്കാർ.

കരുത്തായി സമ്പദ്‌വ്യവസ്ഥ
2008ലെ സാമ്പത്തികമാന്ദ്യമടക്കമുള്ളവയും എണ്ണ വിലയിടിവും നൽകിയ തിരിച്ചറിവ് കരുത്താക്കി ലോകത്ത് വരാൻപോകുന്ന മാറ്റങ്ങൾ മുന്നിൽക്കണ്ട് ഒരുചുവട് മുന്നേയാണ് യുഎഇ കുതിക്കുന്നത്. അതിനാൽതന്നെ, ഇന്ന് മധ്യപൂർവദേശത്തെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് യുഎഇ. കോവിഡ് പ്രതിസന്ധിയിലും തളരാതെ ലോകത്തിലെ ഏറ്റവും മത്സരക്ഷമതയുള്ള സമ്പദ്‌വ്യവസ്ഥയായി യുഎഇയെ ഈ വർഷവും തെരഞ്ഞെടുത്തു.  വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട്, യുഎഇയുടെ വിപണി ലോകമെമ്പാടുമുള്ള ലോകത്തിലെ ഏറ്റവും ചലനാത്മകമായ വിപണികളിലൊന്നാണ്. സമ്പദ്മേഖലയുടെ പ്രധാന ഘടകങ്ങളിലൊന്നായി ടൂറിസം മാറി. രാജ്യത്ത് വിദേശനിക്ഷേപം വരേണ്ടതിനുവേണ്ട നടപടികളോരോന്നായി  സ്വീകരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെയും നിക്ഷേപകരെയും രാജ്യത്തേക്ക് ആകർഷിക്കാനും അവരെ  നിലനിർത്താനുമായി പത്തുവർഷ കാലാവധിയുള്ള ഗോൾഡൻ വിസ  ദീർഘ വീക്ഷണത്തിന്റെ ഉദാഹരണമാണ്. മലയാളികളടക്കം നാൽപ്പത്തയ്യായിരത്തിലധികം പേർ ഇതിനകം ഗോൾഡൻ വിസ നേടി. 

അസാധ്യമായി ഒന്നുമില്ല എന്ന് കരുതുന്നവരാണ് യുഎഇ ഭരണകൂടം. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, വികസന രംഗങ്ങളിലെ അവരുടെ കുതിപ്പ് അതിന് സാക്ഷ്യമാണ്. ഹോപ് പ്രോബിലൂടെ ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയും സ്വന്തം പൗരനെ ബഹിരാകാശ കേന്ദ്രത്തിലെത്തിച്ചും പൂർണമായും സ്വദേശി ശാസ്ത്രജ്ഞർ രൂപകൽപ്പന ചെയ്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചും അവർ ചരിത്രം സൃഷ്ടിച്ചു. സഹിഷ്ണുതയ്ക്കും സന്തോഷത്തിനും സാധ്യതകൾക്കും നിർമിത ബുദ്ധിക്കും മന്ത്രാലയങ്ങൾ സ്ഥാപിച്ച ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ. മണലാരണ്യത്തിൽ കെട്ടിയുയർത്തിയ ബുർജ് ഖലീഫപോലെ നേട്ടങ്ങളുടെ പട്ടിക കണ്ണഞ്ചിപ്പിക്കുന്നതാണ്. 

17 ലക്ഷത്തോളം മലയാളികൾ യുഎഇയിൽ പ്രവാസികളായുണ്ടെന്നാണ് കണക്ക്.  ലോഞ്ചിൽ കയറി ഖോർഫക്കാൻ തീരങ്ങളിൽ കടലിൽ ചാടി നീന്തി കരയിലെത്തിയ ആദ്യകാല പ്രവാസികളിൽനിന്ന് തുടങ്ങി പ്രവാസികളുടെ കാൽപ്പാടുകൾ മായ്ക്കാൻ കഴിയാത്തവിധം ഈ നാട്ടിൽ എല്ലായിടത്തുമുണ്ട്. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ സുവർണ ജൂബിലി അവരുടെകൂടി ആഘോഷമാണ്,

ഏത് കാലത്തും ജീവിക്കാനും ജോലി ചെയ്യാനും  നിക്ഷേപം നടത്താനും അനുയോജ്യമായ ഇടമായാണ് പ്രവാസികൾ യുഎഇയെ കാണുന്നത്. അതുകൊണ്ടുതന്നെ, ഇവിടം വിട്ടുപോകാൻ അവർ ആഗ്രഹിക്കുന്നില്ല.  അവരുടെ കാഴ്ചപ്പാടുകൾക്കും വിശ്വാസങ്ങൾക്കും അനുസൃതമായുള്ള ഒരു സാമൂഹ്യ ജീവിതത്തിന്റെകൂടി സാധ്യതകളാണ് ഈ രാജ്യം തുറന്നിട്ടത്. അമ്പത് വർഷത്തിലേറെയായി ജീവിതസ്വപ്നം തേടി പ്രവാസികൾ അത്ഭുത നാടിനെ തേടിവരുന്നു. ആ ഒഴുക്ക് ഓരോ വർഷവും വർധിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top