25 April Thursday

ഞങ്ങൾ ഇല്ലാത്തിടത്ത്‌ ബിജെപിയെ തോൽപ്പിക്കും - യു ബസവരാജ്‌ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 6, 2023


കർണാടകയിൽ ഇത്തവണ നാല് സീറ്റിൽ മാത്രമാണ്‌ സിപിഐ എം മത്സരിക്കുന്നത്‌. ബിജെപിക്ക്‌ എതിരായ മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ്‌ ഇത്‌. മൂന്നിടത്ത്‌ ജനതാദൾ സിപിഐ എമ്മുമായി സഹകരിക്കുന്നുണ്ട്‌. ബാക്കി സ്ഥലങ്ങളിൽ ജനതാദളിനും ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന മതനിരപേക്ഷ പാർടികൾക്കും വോട്ട്‌ വിനിയോഗിക്കുമെന്ന്‌ സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ്‌ പറഞ്ഞു.

കർണാടകയിൽ ജെഡിഎസ്‌ വിശ്വസിക്കാവുന്ന ഘടക കക്ഷിയാണോ ?
ഇതാദ്യമായല്ല കർണാടകയിൽ പാർടി ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നത്. പക്ഷേ, ഇത്തവണ സീറ്റുവിഭജന ചർച്ചയടക്കം നടന്നു. മൂന്നിടത്ത്‌ അവർ മത്സരിക്കാതെ സിപിഐ എമ്മിനെ പിന്തുണയ്‌ക്കുന്നു. ജനതാദളിനെ മാത്രമല്ല, കോൺഗ്രസിനെയും പൂർണ അർഥത്തിൽ, ബിജെപിക്കെതിരായ പോരാട്ടത്തിൽ വിശ്വസിക്കാനാകില്ല. കഴിഞ്ഞതവണ 12 എംഎൽഎമാരാണല്ലോ ബിജെപി പാളയത്തിലേക്ക്‌ പോയത്‌. ബിജെപിയെ പരാജയപ്പെടുത്താൻ ജെഡിഎസിന് കഴിയുന്നിടത്ത് ഞങ്ങൾ പരസ്യമായി ജെഡിഎസിനെ പിന്തുണയ്‌ക്കുന്നു. മറ്റ് സ്ഥലങ്ങളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന മതനിരപേക്ഷ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഞങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്നു.

ഇത്തവണ ബാഗേപ്പള്ളിയിൽ വലിയ പ്രതീക്ഷയാണ്‌ പാർടിക്ക്‌ ?
ബാഗേപ്പള്ളിയിൽ സിപിഐ എമ്മും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. മുമ്പ്‌ മൂന്നുപ്രാവശ്യം ഞങ്ങൾ ഇവിടെ ജയിച്ചു. ഇത്തവണയും ജയിക്കാനുള്ള വലിയ സാധ്യത കാണുന്നു. ജനതാദളിന്‌ 38,000 വോട്ട്‌ ഇവിടെയുണ്ട്‌. അതിൽ 7000 വോട്ട്‌ കിട്ടിയാൽത്തന്നെ ഞങ്ങൾ ജയിച്ചു. ജനതാദളിന്റെ പ്രാദേശിക പ്രവർത്തകരുടെ വലിയ സഹായവും പ്രചാരണത്തിലുണ്ട്‌.

ജനതാദളിന്‌ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ എന്തായിരിക്കും സിപിഐ എം നിലപാട്‌ ?
ബിജെപിയെ പരാജയപ്പെടുത്തി മതനിരപേക്ഷ സർക്കാർ രൂപീകരിക്കാൻ നിയമസഭയിൽ ഞങ്ങൾ വോട്ട് ചെയ്യും. പാർടിയുടെ പ്രഖ്യാപിത നിലപാടും അതാണ്‌. ഞങ്ങളുടെ മതനിരപേക്ഷ നിലപാടിൽ ആർക്കും സംശയം തോന്നേണ്ട കാര്യമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top