25 April Thursday

തുർക്കിയിലെ ഭൂകമ്പങ്ങൾ - ഡോ. വി കെ ബ്രിജേഷ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

തുർക്കിയിലെ ഭൂകമ്പങ്ങൾ ഒരുതരത്തിലും ഭൂശാസ്ത്രജ്ഞർക്ക് അത്ഭുതമുണ്ടാക്കുന്നില്ല. കാരണം ഭൂകമ്പസാധ്യതയുടെ കാര്യത്തിൽ വളരെ  തീവ്രതയുള്ള പ്രദേശമാണ് തുർക്കി ഉൾപ്പെടുന്ന മേഖല.

ഫലകങ്ങളും ചലനങ്ങളും
ഭൂമിയുടെ പുറന്തോട് തുടർച്ചയായ ഒരു ഭാഗമല്ല, മറിച്ച് വലുതും ചെറുതുമായ ഫലകങ്ങൾ അഥവാ പ്ലേറ്റുകളാൽ നിർമിതമാണ്. ഭൂവൽക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്ന ലിത്തോസ്ഫിയറാണ് ഇങ്ങനെ ഫലകങ്ങളായി വേർതിരിഞ്ഞിട്ടുള്ളത്. ലിത്തോസ്ഫിയർ ഫലകങ്ങൾ നീങ്ങുന്നത് അർധ ദ്രാവകാവസ്ഥയിലുള്ള ആസ്തനോസ്ഫിയർ എന്ന മാന്റിൽ പാളിക്ക് മുകളിലൂടെയാണ്. ഈ ഫലകങ്ങളുടെ ചലനമാണ് ഒട്ടുമിക്ക ഭൂപ്രക്രിയകൾക്കും നിദാനമായിട്ടുള്ളതെന്ന് ഇന്ന് ഭൂശാസ്ത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഫലകങ്ങൾ മേജർ, മൈനർ എന്നിങ്ങനെ ഇരുപതോളവും ഇവയോടു ചേർന്ന മൈക്രോപ്ലേറ്റുകളുമാണ് ഉള്ളത്. ഈ ഫലകങ്ങളുടെ അതിർത്തികൾ ശാസ്‌ത്രജ്‌ഞർ കണ്ടെത്തിയത് ഈ പ്രദേശങ്ങളിൽ നടന്ന ഭൂചലനങ്ങളെയും അഗ്നിപർവത വിസ്‌ഫോടനങ്ങളെയും കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടാണ്.

തുർക്കി ഉൾപ്പെടുന്ന പ്രദേശം
ഇത്തരത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഫലകങ്ങളിൽ പ്രധാനപ്പെട്ടവയാണ് ആഫ്രിക്കൻ ഫലകം, യൂറേഷ്യൻ ഫലകം, അറേബ്യൻ ഫലകം എന്നിവ. ഈ മൂന്ന് ഫലകങ്ങളുടെ സംഗമസ്ഥാനമാണ് അഥവാ ട്രിപ്പിൾ ജങ്‌ഷനാണ് തുർക്കി ഉൾപ്പെടുന്ന പ്രദേശം. ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാൽ അനട്ടോളിയൻ പ്ലേറ്റ് എന്ന ഒരു മൈക്രോഫലകത്തിലാണ് തുർക്കി ഉൾപ്പെടുന്നത്. ഈ അനട്ടോളിയൻ ഫലകം മൂന്ന് വ്യത്യസ്ത ഭ്രംശനമേഖലകളായി  മൂന്നായി വേർതിരിക്കപ്പെട്ടിട്ടുള്ളതായി  ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. നോർത്ത് അനട്ടോളിയൻ ഫ്രാക്ചർ സോൺ,  ഈസ്റ്റ് അനട്ടോളിയൻ ഫ്രാക്ചർ സോൺ, സൗത്ത് ഈസ്റ്റേൺ അനട്ടോളിയൻ ത്രസ്റ്റ് സോൺ എന്നിവയാണ് അവ.  നോർത്ത് അനട്ടോളിയൻ ഫ്രാക്ചർ സോണിൽ ഏഴുമുതൽ 7.8 വരെ തീവ്രതയുള്ള ഏഴ്‌ ഭൂകമ്പങ്ങൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ,  ഈസ്റ്റ് അനട്ടോളിയൻ ഭ്രംശനമേഖലയിൽ തീവ്രത 6.8ൽ കൂടുതലുള്ള ഭൂകമ്പങ്ങൾ ഇതുവരെ അടയാളപ്പെടുത്തുകയുണ്ടായിട്ടില്ല. എന്നാൽ, കിഴക്കേ അനറ്റോളിയ മേഖലയിൽ ഭൂകമ്പത്തിന്റെ തീവ്രത 6.8ൽ കൂടിയ ഒന്നുംതന്നെ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസത്തെ ഭൂകമ്പം നോർത്ത് അനട്ടോളിയൻ ഫ്രാക്ചർ സോൺ എന്നറിയപ്പെടുന്ന മേഖലയിലാണ് ഉണ്ടായിട്ടുള്ളത് എന്നാണ് യുഎസ് ജിയോളജിക്കൽ സർവേ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഭൂകമ്പ കാരണം
അറേബ്യൻ ഫലകത്തിന്റെ വടക്കോട്ടുള്ള നീക്കം യൂറേഷ്യൻ ഫലകത്തിലേക്ക്‌ ഇടിച്ചുകയറുന്നതിനും അതോടൊപ്പം അനട്ടോളിയൻ ഫലകത്തെ പടിഞ്ഞാറോട്ട്  തള്ളിനീക്കാനും കാരണമാകുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ തുർക്കിയെ ഞെരുക്കിക്കൊണ്ട് സിറിയ യൂറോപ്പിലേക്ക്‌ ഇടിച്ചുകയറുന്നു. ടെക്റ്റോണിക ഫലകങ്ങളുടെ ഈ നീക്കങ്ങൾ ഭ്രംശനമേഖലകളുടെ അതിർത്തികളിൽ ഉയർന്ന മർദം രൂപീകരിക്കുന്നതിന് കാരണമാകുന്നു. ഈ മർദം പെട്ടെന്ന് പുറന്തള്ളപ്പെടുന്നതാണ് ഭൂകമ്പങ്ങൾക്ക് കാരണമാകുന്നത്.

ശാസ്‌ത്രത്തിന് ചെയ്യാനുള്ളത്
ഭൂവിജ്ഞാനീയ പഠനങ്ങൾ, വിദൂരസംവേദനം, ജിപിഎസ്‌ എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾ എന്നിവയുടെ ഫലങ്ങൾ ജനാധിവാസ കേന്ദ്രങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ കൃത്യമായി ഉപയോഗിക്കണം. മനുഷ്യ പ്രവർത്തനങ്ങളാൽ--– - യുദ്ധംപോലെ - ഭാഗികമായി നശിച്ചതോ  ബലഹീനമായതോ ആയ കെട്ടിടങ്ങൾ മുഴുവനായും പൊളിച്ചുമാറ്റുകയും വേണം. ജപ്പാനിലും മറ്റും അനുവർത്തിക്കുന്ന ഭൂകമ്പങ്ങളെ അതിജീവിക്കുന്ന കെട്ടിട മാതൃകകൾ നിർബന്ധമായും അനുവർത്തിക്കുകയും ചെയ്‌താൽ ഭൂകമ്പത്തിന്റെ കെടുതികൾ കുറയ്‌ക്കാൻ കഴിയും.

( പൊന്നാനി എംഇഎസ്‌ കോളേജിലെ ജിയോളജി 
പഠനഗവേഷണ വിഭാഗം അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top