13 July Saturday

അസാധാരണ പോരാട്ടം വഴികാട്ടുന്നു

സാജൻ എവുജിൻUpdated: Friday Mar 3, 2023

image credit tripura cpim facebook

ത്രിപുരയിലെ പോരാട്ടം അസാധാരണമായിരുന്നു. പൂജ്യത്തിൽനിന്നാണ്‌ പ്രതിപക്ഷകക്ഷികൾ തുടങ്ങിയത്‌. 2018ൽ ഇടതുമുന്നണിക്ക്‌ 16 സീറ്റ്‌ കിട്ടിയെന്നത്‌ വാസ്‌തവം. എന്നാൽ, പ്രതിപക്ഷ എംഎൽഎമാരെ മണ്ഡലം സന്ദർശിക്കാൻപ്പോലും അനുവദിക്കാത്ത സ്ഥിതിയായിരുന്നു. ബിജെപിക്കാർ നിയമംകൈയിലെടുത്ത്‌ അഴിഞ്ഞാടിയപ്പോൾ പൊലീസ്‌ നിഷ്‌ക്രിയമായി. പ്രതിപക്ഷരാഷ്‌ട്രീയ പാർടികൾക്ക്‌ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം ബിജെപിയിതര രാഷ്‌ട്രീയ കക്ഷികൾക്ക്‌ അസാധ്യമായി. സ്വതന്ത്രമാധ്യമപ്രവർത്തനം നടത്തുന്നവരെയും ജനാധിപത്യവിരുദ്ധ ശക്തികൾ കായികമായി നേരിട്ടു. അഞ്ച്‌ വർഷത്തിൽ അമ്പതോളം മാധ്യമപ്രവർത്തകരാണ്‌ ആക്രമണങ്ങൾക്ക്‌ വിധേയരായത്‌.

ഇതിനെതിരെ ഇടതുപക്ഷ, പുരോഗമന, ജനാധിപത്യ ശക്തികൾ കൈകോർത്ത്‌ നീങ്ങാൻ തുടങ്ങിയതോടെ ബിജെപിക്കാരുടെ ആക്രമണങ്ങളുടെ തോത്‌ കുറഞ്ഞു. കഴിഞ്ഞ ആറ്‌ മാസത്തിലാണ്‌ ജനാധിപത്യപരമായ അന്തരീക്ഷം കുറച്ചൊക്കെ പുനഃസ്ഥാപിക്കാനായത്‌. എന്നിരുന്നാലും ഭീതിയുടെ അന്തരീക്ഷം നിലനിന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനവും സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരായ പ്രതിഷേധവും അടിച്ചമർത്താനുള്ള നീക്കങ്ങൾ പൊലീസിനെ ഉപയോഗിച്ച്‌ തുടർന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷവും പ്രതിപക്ഷ കക്ഷികൾക്കുനേരെ ആക്രമണം ആവർത്തിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒമ്പത്‌ ആക്രമണമുണ്ടായി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ സംഘം സംസ്ഥാനം സന്ദർശിച്ച്‌ മടങ്ങിയതിനു തൊട്ടുപിന്നാലെയാണ്‌ പ്രതിപക്ഷകക്ഷികൾക്കുനേരെ വീണ്ടും ആക്രമണം ഉണ്ടായത്‌. കേന്ദ്രസേന നിഷ്‌ക്രിയത്വം പാലിച്ചതിനെതിരെ സിപിഐ എം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ ശക്തമായ ഭാഷയിൽ പരാതി നൽകി.

ത്രിപുരയിൽ രൂപപ്പെട്ടുവന്ന  ബിജെപിവിരുദ്ധ ഐക്യം കൂടുതൽ ശക്തമായി മാറുന്നതിനു മുമ്പേ അവിടെ തെരഞ്ഞെടുപ്പ്‌ നടത്തി. തെരഞ്ഞെടുപ്പ്‌ കമീഷൻ കാട്ടിയ ഈ തിടുക്കം സംശയകരമാണെന്ന്‌ പരാതി വന്നു.

ത്രിപുരയിൽ വോട്ടെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതും തിടുക്കത്തിലാണ്‌. വളരെ കുറഞ്ഞദിവസം മാത്രമാണ്‌ തയ്യാറെടുപ്പിന്‌ ലഭിച്ചത്‌. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ്‌ വോട്ടെടുപ്പ്‌ നടത്തിയത്‌. മൂന്നിടത്തും ഒരേതീയതിയിൽ വോട്ടെടുപ്പ്‌ നടത്താൻ കഴിയുമായിരുന്നു. ത്രിപുരയിൽ രൂപപ്പെട്ടുവന്ന  ബിജെപിവിരുദ്ധ ഐക്യം കൂടുതൽ ശക്തമായി മാറുന്നതിനു മുമ്പേ അവിടെ തെരഞ്ഞെടുപ്പ്‌ നടത്തി. തെരഞ്ഞെടുപ്പ്‌ കമീഷൻ കാട്ടിയ ഈ തിടുക്കം സംശയകരമാണെന്ന്‌ പരാതി വന്നു.  2017ലും 2022ലും ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വൈകിച്ചത്‌ ബിജെപിയെ സഹായിക്കാനാണെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. ഹിമാചൽപ്രദേശിനൊപ്പം ഗുജറാത്തിലും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതായിരുന്നു കീഴ്‌വഴക്കം. ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ നീട്ടിയ രണ്ട്‌ ഘട്ടത്തിലും ഉദ്‌ഘാടന–- കല്ലിടൽ മാമാങ്കങ്ങൾ നടത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക്‌ സമയം കിട്ടി.

ത്രിപുരയിൽ പ്രതിപക്ഷത്തിന്‌ സമയം കുറച്ചു നൽകുകയെന്ന തന്ത്രമാണ്‌ പരീക്ഷിച്ചത്‌. ചെറുത്തുനിൽപ്പിന്റെ അനുഭവങ്ങളിൽനിന്ന്‌ ശക്തിയാർജിച്ച്‌ വന്ന ഇടതുമുന്നണി പ്രവർത്തകർക്ക്‌ മൂന്നാഴ്‌ച മാത്രമാണ്‌ പ്രചാരണത്തിന്‌ ലഭിച്ചത്‌. ബിജെപിക്ക്‌ ഹെലികോപ്‌ടറുകളിലും ചാർട്ടേർഡ്‌ വിമാനങ്ങളിലും പണം പറന്നുവന്നു. രാത്രി ആകാശമാർഗം പണം എത്തിക്കുന്നതിനെക്കുറിച്ച്‌ ഇടതുമുന്നണി പലതവണ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി. രാത്രിയും റോഡുകളിലെ ചെക്ക്‌പോസ്റ്റുകളിൽ പരിശോധന നടത്തണമെന്ന്‌ ആവശ്യമുയർന്നു. ഫലപ്രദമായ നടപടികൾ ഉണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌, ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്‌, ഹിമന്ത ബിശ്വ സർമ എന്നിവർ ഈ ചെറിയ സംസ്ഥാനത്ത്‌ ക്യാമ്പ്‌ ചെയ്‌ത്‌  പ്രചാരണം നടത്തി. വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണ്‌ പ്രധാനമന്ത്രിയടക്കം പൊതുയോഗങ്ങളിൽ പ്രസംഗിച്ചത്‌. തൃണമൂൽ കോൺഗ്രസിനെ ബിജെപിയുടെ എതിരാളികളായി ഉയർത്തിക്കാട്ടാൻ ഒരുവിഭാഗം മാധ്യമങ്ങൾ ശ്രമിച്ചു.

നഗരമേഖലകളിൽ പ്രചാരമുള്ള പത്രങ്ങളിൽ ബിജെപിക്ക്‌ തുല്യമായ പ്രാധാന്യമാണ്‌ തൃണമൂൽ കോൺഗ്രസിന്‌ നൽകിയത്‌. ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ്‌ ഈ തന്ത്രം ആവിഷ്‌കരിച്ചത്‌. മൊത്തം ഒരു ശതമാനം വോട്ട്‌പോലും  തൃണമൂൽ കോൺഗ്രസിന്‌ ലഭിച്ചില്ലെങ്കിലും രാംനഗർ മണ്ഡലത്തിൽ ഇടതുമുന്നണി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ പരാജയത്തിന്‌ ഇവർ കാരണമായി. ഇവിടെ തൃണമൂൽ കോൺഗ്രസിന്‌ 2029 വോട്ട്‌ ലഭിച്ചപ്പോൾ ഇടതു സ്വതന്ത്രസ്ഥാനാർഥി പുരുഷോത്തം റോയ്‌ ബർമൻ 897 വോട്ടിന്‌ തോറ്റു. തിപ്ര മോത പാർടി പിടിച്ച വോട്ടുകളും പലയിടത്തും ബിജെപിയുടെ ജയത്തിന്‌ വഴിയൊരുക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 51 ശതമാനത്തോളം വോട്ട്‌ പിടിച്ച ബിജെപി സഖ്യത്തിന്‌ ഇക്കുറി കഷ്ടിച്ച്‌ 40 ശതമാനമാണ്‌ കിട്ടിയത്‌. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം പ്രകടമാണ്‌.

മേഘാലയയിൽ അഞ്ച്‌ വർഷം ഭരണപങ്കാളിയായ നാഷണൽ പീപ്പിൾസ്‌ പാർടി (എൻപിപി)യെ തള്ളിപ്പറഞ്ഞാണ്‌ ബിജെപി തനിച്ച്‌ മത്സരിച്ചത്‌. ഭരണത്തെ ശരിക്കും ആക്ഷേപിക്കുകയും ചെയ്‌തു. വീണ്ടും എൻപിപിയുമായി സഖ്യമുണ്ടാക്കാനാണ്‌ ബിജെപി നീക്കം. നാഗാലാൻഡിൽ പ്രബല പ്രാദേശിക കക്ഷിയായ എൻഡിപിപിയുടെ തോളിലേറി ബിജെപി വീണ്ടും ഭരണത്തിൽ പങ്ക്‌ നേടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top