09 August Tuesday

മെക്സിക്കോ കുതിക്കുന്നു മായൻപാതയിലേക്ക്‌

പ്രിയ ഉണ്ണികൃഷ്‌ണൻUpdated: Friday Jun 24, 2022

വടക്കേ അമേരിക്കയുടെ തെക്കേഅറ്റത്തുള്ള രാജ്യമായ മെക്സിക്കോയുടെ അഞ്ച് സംസ്ഥാനത്തിലൂടെ, പത്തൊമ്പതിലധികം സ്റ്റേഷനുമായി 950 മൈൽ അതിവേഗ റെയിൽപ്പാതയുടെ പണി പുരോഗമിക്കുകയാണ്. അതിപുരാതനമായ മായൻ നാഗരികതയുടെ അവശേഷിപ്പുകൾ നിറഞ്ഞുനിൽക്കുന്ന ചിച്ചെൻ ഇറ്റ്സയിലേക്ക്‌ നീളുന്ന ഈ അതിവേഗ പാത ‘മായൻ ട്രെയിൻ റൂട്ട്' എന്നറിയപ്പെടുന്നു.  ചില എതിർപ്പുകളും അതിനൊപ്പംതന്നെ  പിന്തുണയുമായി ജനങ്ങൾ പദ്ധതിക്കൊപ്പം നിൽക്കുന്നു.  മെക്സിക്കോയുടെ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ ദൃഢനിശ്ചയത്തോടെ  പദ്ധതിയുമായി  മുന്നോട്ടു പോകുകയാണ്.

എന്തുകൊണ്ടാണ് ആ ഭാഗത്ത്  ഇത്തരമൊരു അതിവേഗ റെയിൽപ്പാത എന്നതിന് ഏറെ  പ്രാധാന്യമുണ്ട്. യൂകതൻ ഉപഭൂഖണ്ഡത്തോട് ചേർന്നുകിടക്കുന്ന കരീബിയൻ കടൽത്തീരം, ലോകത്തെ ജനപ്രിയമായ കാൻകൂൺ റിസോർട്ടുകളുടെ മനോഹാരിതയിൽ സഞ്ചാരികളുടെ പറുദീസയാണ്. കാൻകൂണിൽനിന്ന്‌ അധികം ദൂരത്തല്ലാതെ മായൻ നാഗരികതയുടെ ശേഷിപ്പുകളും ഗ്രാൻസിനോട്ടെയുമൊക്കെ(വിനോദ കേന്ദ്രം) നിലകൊള്ളുന്നു. വിനോദസഞ്ചാരം സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദവുമാകുന്നുണ്ട്. കാൻകൂണിൽനിന്ന്‌ ചിച്ചെൻ ഇറ്റ്സയിലേക്ക്‌ ബസ് അല്ലെങ്കിൽ കാർ മാർഗം സഞ്ചരിക്കുകയാണെങ്കിൽ രണ്ടേമുക്കാൽ മണിക്കൂർ എടുക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള മായൻ ട്രെയിൻ റൂട്ട് വരുന്നതോടെ യാത്രാപ്രശ്നം പരിഹരിക്കും.  മായൻ ട്രെയിൻ റൂട്ട് പദ്ധതിയോടെ എണ്ണായിരത്തോളം ജോലിസാധ്യതയാണ് മുന്നോട്ടുവയ്ക്കപ്പെടുന്നത്. അതിലൂടെ ഉണ്ടാകാൻ പോകുന്ന സാമൂഹ്യ- സാമ്പത്തിക പുരോഗതിയും ഏറെ വലുതാണെന്നതിൽ സംശയമില്ല.

മായൻ ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച്‌ അന്തിമതീരുമാനം ഇനിയും ആയിട്ടില്ലെങ്കിലും മെക്സിക്കൻ പൗരന്മാർക്കും വിദേശസഞ്ചാരികൾക്കും രണ്ടുതരം നിരക്കായിരിക്കും.   സഞ്ചാരികൾക്ക്  50 യുഎസ് ഡോളറോളം ടിക്കറ്റ് നിരക്ക് ഉണ്ടാകും. വിനോദസഞ്ചാരത്തിലൂടെ ലഭിക്കുന്ന തുകയിലൂടെതന്നെ തൊഴിലാളികൾക്കുള്ള കൂലിയും നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അങ്ങനെയൊരു നിരക്ക്‌. സ്വാഭാവികമായും പൊട്ടിപ്പുറപ്പെട്ട  മായൻ തദ്ദേശീയരുടെ എതിർപ്പുകളിൽ വലിയൊരു പങ്കും ബോധവൽക്കരണത്തിലൂടെയും ആശ്വാസകരമായ വാഗ്ദാനങ്ങളിലൂടെയും പ്രതിഫലത്തിലൂടെയും മറികടക്കാൻ സർക്കാരിന് കഴിഞ്ഞു. മായൻ അവശേഷിപ്പുകളുടെ നാശത്തിലേക്ക് ഒരുതരത്തിലും ഈ പദ്ധതി ബാധിക്കുകയില്ലെന്ന ഉറപ്പ് സർക്കാർ നൽകി. അതിനുശേഷം അവരുടെ വിശ്വാസങ്ങൾക്കനുസരിച്ചുള്ള ഭൂമിപൂജയിലൂടെയും മറ്റും ഭൂമി കൈമാറ്റം ചെയ്യൽ സാധ്യമാകുകയും ചെയ്തു. ഭൂമിക്കടിയിലേക്ക് ആഴത്തിൽ നിർമിക്കാതെയുള്ള ഈ പദ്ധതി അവിടത്തെ ഭൂഘടനയെ നശിപ്പിക്കുന്നില്ല. നഷ്ടപരിഹാരവും നൽകിവരുന്നു. വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യമറിഞ്ഞ് വലിയൊരു വിഭാഗം ജനം സ്വമേധയാ ഈ പദ്ധതിയെ രാഷ്ട്രീയം മറന്ന് പിന്തുണയ്ക്കുന്നത് സർക്കാരിനും ഏറെ സഹായകമാകുന്നു.

മായൻ നാഗരികതയിലേക്കുള്ള ഗ്രാമപാതകളുടെ ഇപ്പോഴത്തെ കാഴ്ച  ദയനീയമാണ്. കാൻകൂൺ നഗരപരിധിയിൽനിന്ന്‌ വിട്ടുകഴിഞ്ഞാൽ തീർത്തും വരണ്ടുണങ്ങിയ ഭൂപ്രദേശങ്ങളാണ് റോഡിനിരുവശവും.  സൗകര്യങ്ങൾ തീരെ കുറഞ്ഞ ചെറിയ കുടിലുകളും വീടുകളും വിദ്യാഭ്യാസത്തിനുള്ള അസൗകര്യങ്ങളും  ജലസേചന ദൗർലഭ്യവും എല്ലാം അവിടത്തെ മനുഷ്യജീവിതം ശോചനീയമാക്കുന്നുണ്ട്. വിനോദസഞ്ചാരികളാണ് അവിടെയുള്ളവരുടെ പ്രധാന വരുമാന സ്രോതസ്സ്. കരകൗശല സാധനങ്ങളും നാടൻ ആഭരണങ്ങളും ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവർമാരും ഹോട്ടലുകളും റസ്റ്റോറന്റുകളും തുടങ്ങി എല്ലാംതന്നെ അവിടെയെത്തുന്ന ആളുകളെ ആശ്രയിച്ചാണുള്ളത്. മായൻ ട്രെയിൻ റൂട്ട്  സഫലമാകുന്നതോടെ അതിവിപുലമായ വികസനപ്രവർത്തനങ്ങളാണ്  വരാൻ പോകുന്നത്. ജനങ്ങൾ തമ്മിൽ ക്രയവിക്രയമുണ്ടാകുന്ന സാഹചര്യത്തിൽ മാത്രമേ ഒരു സമൂഹം മുന്നോട്ട് പോകുയുള്ളൂ. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ജലസേചന പദ്ധതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങി എല്ലാവിധ സൗകര്യങ്ങളും അനിവാര്യമാകും. അതിലൂടെ അവിടെയുള്ള ജനങ്ങൾ പുരോഗമനപാതയിലേക്കെത്തുകയും ചെയ്യുന്നു.

അതിവേഗ റെയിൽപ്പാത തിരക്കേറിയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. അത്, സാമ്പത്തിക പുരോഗതി  വേഗത്തിലാക്കുകയും ചെയ്യും. മായൻ തദ്ദേശീയരിൽ ഏറെയും ആഹ്ലാദത്തിലാണ്.  ഈ പദ്ധതി 2023ൽ പൂർത്തിയാകാൻ  അവർ അത്യധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

അതിവേഗ റെയിൽപ്പാത തിരക്കേറിയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. അത്, സാമ്പത്തിക പുരോഗതി  വേഗത്തിലാക്കുകയും ചെയ്യും. മായൻ തദ്ദേശീയരിൽ ഏറെയും ആഹ്ലാദത്തിലാണ്.  ഈ പദ്ധതി 2023ൽ പൂർത്തിയാകാൻ  അവർ അത്യധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.  പ്രകൃതിയുടെ അസന്തുലിതാവസ്ഥയ്ക്കും മായൻ നാഗരികതയുടെ അവശേഷിപ്പുകളുടെ നാശത്തിനും ഈ അതിവേഗപാത കാരണമാകുന്നുവെന്ന് ചില വിഭാഗങ്ങൾ ആരോപിക്കുന്നുണ്ട്. എന്നാൽ, മായൻ അവശേഷിപ്പുകൾക്ക് ഒരു കേടുപാടും സംഭവിക്കുകയില്ലെന്ന ഉറപ്പ്  ഇടതുപക്ഷ സർക്കാർ  നൽകിക്കഴിഞ്ഞു. ഭൂകമ്പം ഉണ്ടാകുന്ന മേഖലകൾ ഉള്ളതിനാൽ ഭൂമിക്കടിയിലേക്ക് പരിധിക്കപ്പുറം  കുഴിക്കാതെയുള്ള നിർമാണമാണ് നടക്കുന്നത്. പിന്നീടുള്ള എതിർപ്പുകൾ മുതലാളിത്തവ്യവസ്ഥിതിയുടെ പണമുപയോഗിച്ച് റെയിൽപ്പാത ഉണ്ടാക്കുന്നുവെന്ന ആരോപണത്തിനു മുകളിലുള്ളതാണ്. എന്നാൽ, മായൻ ട്രെയിൻ റൂട്ടിനുള്ള ഫണ്ടിങ് ദേശീയവികസന പദ്ധതിയിൽനിന്നാണെന്ന് ടൂറിസം തലവൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പല മേഖലയിലും നിർത്തിവച്ചിരുന്ന അല്ലെങ്കിൽ അത്ര പ്രാധാന്യമില്ലാത്ത പദ്ധതികൾക്കായുള്ള ഫണ്ടിങ്ങും ഈ അതിവേഗപാത നിർമാണത്തിലേക്ക്‌ അവിടത്തെ നഗരഭരണാധികാരികൾതന്നെ സംഭാവന ചെയ്യുന്നുണ്ട്. എതിർപ്പുകളിൽ കൂടുതലും സ്വാർഥലാഭമോഹികളുടേതും ഇടതുപക്ഷവിരുദ്ധരുടേതുമാണ്.

ഒരു നാടിന്റെ സാമൂഹ്യ -സാമ്പത്തിക പുരോഗമനത്തിലേക്കുള്ള ആദ്യപടി അവിടുത്തെ പാതകളാണ്.  പുതിയ കാലം നമ്മുടെ ജീവിതത്തിനും തൊഴിലിനും നൽകിയ വേഗത്തെ മറികടക്കാൻ അതിവേഗപാതകൾ അനിവാര്യമാണ്. അതിവേഗ റെയിൽപ്പാതകൾ ഇന്നത്തെ ലോകത്തിന് ആവശ്യവുമാണ്. മെക്സിക്കോയുടെ പുരോഗതി  മായൻ ട്രെയിൻ റൂട്ട് എന്ന റെയിൽപ്പാതയിലൂടെ  വരും വർഷങ്ങളിൽ നമുക്ക് തീർച്ചയായും കാണാൻ കഴിഞ്ഞിരിക്കും.

(എഴുത്തുകാരിയും മലപ്പുറം സ്വദേശിയുമായ ലേഖിക യുഎസിലെ ടെക്‌സസിലാണ്‌ താമസം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top