06 February Monday

നമ്മളിൽ മഴവിൽ അഴകായി ഇവരുമുണ്ട് - മന്ത്രി ആർ ബിന്ദു എഴുതുന്നു

ആർ ബിന്ദുUpdated: Saturday Nov 12, 2022


വ്യത്യസ്തമായ സ്വത്വമോ ലൈംഗികാഭിമുഖ്യമോ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും ബഹിഷ്കൃതരായി, അസംഖ്യം അനീതികളോട് പൊരുതി ജീവിക്കേണ്ടിവരുന്നവരാണ് ട്രാൻസ്ജെൻഡർ സമൂഹം. അത്രയേറെ വിവേചനങ്ങളും അസമത്വങ്ങളും അവമതിപ്പുകളും അരക്ഷിതത്വവും നിറഞ്ഞതാണ് സമൂഹത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ജീവിതം.

സമൂഹത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ദൃശ്യതയും സാന്നിധ്യവും മുമ്പത്തേക്കാൾ സമീപകാലത്ത് കൂടിയിട്ടുണ്ട്. സമൂഹം - പ്രത്യേകിച്ച് യുവത - അവർക്കു നൽകുന്ന പരിഗണനയിലും അവരുടെ ജനാധിപത്യാവകാശങ്ങളെക്കുറിച്ചുള്ള പൊതു അവബോധത്തിലും വന്നുചേർന്നിട്ടുള്ള മാറ്റവും പ്രകടമാണ്. അപ്പോഴും  മാനവികമായ നീതിയും അന്തസ്സും ഇന്നും അവർക്ക് പ്രാപ്യമായിട്ടില്ല. ആ ഒരു കാഴ്ചപ്പാടിന്റെ ഭാഗമായി രാജ്യത്ത്‌ ആദ്യമായി ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി ഒരു നയം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ആൺ-, പെൺ ലിംഗപദവികൾ മാത്രം അംഗീകരിക്കപ്പെട്ടിരുന്ന പൊതുസമൂഹത്തിൽ മറ്റു ലിംഗാവസ്ഥകളും ഉണ്ടെന്ന യാഥാർഥ്യം ഇന്ന് അംഗീകരിക്കപ്പെട്ടത് ഈ നയത്തോടെയാണ്.

ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ സാമൂഹ്യവും വ്യക്തിപരവുമായ ഉന്നമനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രവർത്തനപദ്ധതികൾ ചിട്ടയായി മുന്നോട്ടുകൊണ്ടു പോകുന്നതിൽ കേരളം ഏതു സംസ്ഥാനത്തിനും മാതൃകയാണ്. സമസ്തമേഖലയിലും ട്രാൻസ് വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താനുതകുന്ന വിധത്തിലാണ് ഈ പ്രവർത്തനങ്ങൾ സാമൂഹ്യനീതി വകുപ്പ് ഏകോപിപ്പിക്കുന്നത്. നിലവിലുള്ള വിവിധ പദ്ധതികൾക്ക് പുറമെ, പുതിയ പദ്ധതികളിലേക്കുകൂടി പ്രവേശിക്കുകയാണ് സാമൂഹ്യനീതി വകുപ്പ് ഉടൻതന്നെ.

സാകല്യം, കരുതൽ, യത്നം
പാർശ്വവൽക്കൃതരായ ജനവിഭാഗമെന്ന നിലയ്ക്ക് ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഉന്നമനം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ കാര്യമായും മുമ്പിൽ ഉയർന്നുവരിക അവരുടെ ജീവിതസാഹചര്യങ്ങളാണ്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശസംരക്ഷണ നിയമം തുല്യാവകാശം മുന്നോട്ടുവയ്‌ക്കുമ്പോഴും ട്രാൻസ് വ്യക്തികളിൽ ഭൂരിഭാഗവും ഒറ്റപ്പെട്ടു കഴിയുന്നവരും നിരാശ്രയ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുമാണ്. സ്വന്തമായ ജീവനോപാധികളുടെ അഭാവംവഴി അവരിൽ പലർക്കും സമൂഹം അംഗീകരിക്കാത്ത തൊഴിലുകളിൽ ഏർപ്പെട്ട് ജീവിക്കേണ്ടിയും വരുന്നു.

ഇത്തരം പ്രവൃത്തികളിൽനിന്ന് അവരെ മോചിപ്പിക്കണമെങ്കിൽ സ്വന്തം അഭിരുചിക്കൊത്ത തൊഴിലുകൾ അവർക്ക് ലഭിക്കണം. അതിനുള്ള പരിശീലനംനൽകി സ്വയംപര്യാപ്തരായി ജീവിക്കാൻ ട്രാൻസ് വ്യക്തികൾക്ക് സന്ദർഭമൊരുക്കാനാണ് ‘സാകല്യം' പദ്ധതിക്ക്‌ തുടക്കമാകുന്നത്.
ട്രാൻസ്ജെൻഡർ നയം രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തു നടത്തിയ സർവേയിൽ നടുക്കുന്ന ഒരു കണ്ടെത്തൽ ഉണ്ടായിരുന്നു: സംസ്ഥാനത്തെ പകുതിയിലേറെ ട്രാൻസ്ജെൻഡർ വ്യക്തികളും (അന്നത്തെ കണക്ക് കൃത്യമായി പറഞ്ഞാൽ 51 ശതമാനംപേരും) സ്വന്തം കുടുംബങ്ങളിൽനിന്ന് സ്വത്വപ്രശ്നത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടവരാണ്. 

ദൈനംദിന ജീവിതത്തിൽ ഇവർ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികൾ ഒരുഭാഗത്ത്. വേറൊരു ഭാഗത്ത്, ലിംഗമാറ്റ ശസ്ത്രക്രിയയുടെയും തുടർന്നുള്ള ഹോർമോൺ ചികിത്സകളുടെയും ഭാഗമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇവർക്ക് നേരിടേണ്ടിവരുന്നു. ശസ്ത്രക്രിയയിലെ പിഴവുകൾകൊണ്ട് സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാതെ ജീവനൊടുക്കുന്ന പല സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളും അപകടങ്ങൾ, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയും കൈകാര്യം ചെയ്യാനും അടിയന്തരപരിഹാരം വേണ്ടിടത്ത് ഇടപെടാനും ലക്ഷ്യംവച്ചാണ് ‘കരുതൽ' പദ്ധതി ആരംഭിക്കുന്നത്.   വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരിശീലനത്തിനും ധനസഹായം ലഭ്യമാക്കാനാണ് ‘യത്നം'.

വിദ്യാഭ്യാസത്തിലും 
തുടർവിദ്യാഭ്യാസത്തിലും ഊന്നൽ
‘മഴവില്ല്' എന്ന പേരിലാണ് ട്രാൻസ് വ്യക്തികളുടെ സർവതോമുഖമായ പുരോഗതിക്കായുള്ള പ്രവർത്തനങ്ങൾ സാമൂഹ്യനീതിവകുപ്പ് ഏകോപിപ്പിക്കുന്നത്. കഴിവിനും അഭിരുചിക്കുമൊത്ത സാങ്കേതിക കോഴ്‌സുകളിൽ ട്രാൻസ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുക, അവിടങ്ങളിൽ പഠനം തുടരാനാകുന്നുണ്ടെന്ന് ഉറപ്പാക്കുക, പഠനശേഷമുള്ള തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്ന നടപടികളുണ്ടാകുക എന്നിവ ട്രാൻസ് സമൂഹത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ വരുന്നതാണ്. പഠനം തുടരാൻ ചുറ്റുപാടില്ലാതെ പാതിവഴിക്ക്‌ പഠനം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ പരമാവധി നീക്കി ഉയരാൻ, അർഹരായ ട്രാൻസ് വിദ്യാർഥികൾക്ക് ഡിഗ്രി/ഡിപ്ലോമ തലത്തിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് ‘സഫലം'.  

അടിസ്ഥാന വിദ്യാഭ്യാസംപോലും പൂർത്തിയാക്കാനാകാതെ കൊഴിഞ്ഞുപോയവരാണ് ട്രാൻസ് വിദ്യാർഥികളിൽ 58 ശതമാനംപേരെന്ന് കേരള സംസ്ഥാന  സാക്ഷരതാ മിഷൻ വഴി നടത്തിയ സർവേയിൽ തെളിഞ്ഞിരുന്നു. പാതിവഴിയിൽ പഠനം നിർത്തേണ്ടിവന്ന ട്രാൻസ് വ്യക്തികളെ കണ്ടെത്തിയ ഈ സർവേയിൽ തുല്യതാ പരീക്ഷ എഴുതാൻ സന്നദ്ധരായ 914 പേരെ കണ്ടെത്തിയിരുന്നു. അദൃശ്യവൽക്കരിക്കപ്പെട്ടവരെ ദൃശ്യരാക്കി മാറ്റാൻ തുടർവിദ്യാഭ്യാസത്തിലൂടെ അവസരമൊരുക്കുന്ന ‘സമന്വയ' എന്ന ഈ പദ്ധതിക്ക്‌ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിക്ക് ചുമതല നൽകിയിട്ടുണ്ട്. അടിസ്ഥാന സാക്ഷരത, നാല്, ഏഴ്, 10, 12 ക്ലാസുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് ‘സമന്വയ' നടപ്പാക്കുന്നത്. പഠിതാക്കൾക്ക് വിദ്യാഭ്യാസ സഹായവും താമസ സൗകര്യവും ഇതോടൊപ്പം നൽകുന്നു.  ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് ഫീസ്, പഠനോപകരണം എന്നിവയ്ക്ക് സ്‌കോളർഷിപ് നൽകുന്ന പദ്ധതിയും നിലവിലുണ്ട്. ഹോസ്റ്റൽ സൗകര്യം/താമസ സൗകര്യം എന്നിവയ്ക്ക് വേറെ സഹായവും ഇവർക്ക് ഉറപ്പാക്കിയിട്ടുണ്ട്.

സ്വയംതൊഴിൽ സംരംഭങ്ങൾക്ക് വായ്പ നൽകി അവരുടെ സാമൂഹ്യ പുനർയോജനം സാധ്യമാക്കാൻ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മൂന്നുലക്ഷം രൂപ നൽകുന്ന പദ്ധതി വനിതാവികസന കോർപറേഷനും ചേർന്നു നടപ്പാക്കുന്നുണ്ട്. നിയമപരമായി വിവാഹംകഴിച്ച് കുടുംബജീവിതം നയിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് (ശസ്ത്രക്രിയയിലൂടെ പൂർണമായി സ്ത്രീ/പുരുഷൻ ആയി മാറിയവർക്ക്) 30,000 രൂപ വീതം വിവാഹധനസഹായം നൽകിവരുന്നുണ്ട്.

മുഴുവൻ സമയ ഹെൽപ് ലൈൻ
എല്ലാ കരുതലും നൽകുമ്പോഴും അപ്രതീക്ഷിതമായ പ്രതിസന്ധികൾ നേരിടേണ്ടിവരുന്നതിൽ ട്രാൻസ് സമൂഹം മറ്റേതൊരു അരികുവൽക്കൃത ജനതയേക്കാളും മുന്നിലാണ്. അതിനായാണ് സാമൂഹ്യനീതിവകുപ്പ് ഇവർക്കായി ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. 1800 425 2147 നമ്പരിൽ ലഭിക്കുന്ന പരാതികളിൽ ശക്തമായ നടപടികൾ സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കുന്നുണ്ട്. നിലവിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ നിജപ്പെടുത്തിയിരിക്കുന്ന ഈ സേവനം  24 മണിക്കൂറും പ്രവർത്തിക്കുന്ന വിധത്തിലാക്കാനുള്ള ആലോചനകളിലാണ് സാമൂഹ്യനീതി വകുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top