10 December Sunday

നമുക്ക് കുഞ്ഞുങ്ങളോളം ഉയരാം - ഇ എൻ ഷീജ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023



രംഗം: ഒന്ന്
ഒരു പ്രൈമറി സ്കൂൾ
ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ കുറ്റങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് വിശദീകരിക്കുന്ന അധ്യാപിക. മകളെക്കൊണ്ട് പൊറുതിമുട്ടിയെന്നും പുറത്താക്കുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലെന്നുംകേട്ട്  അമ്പരപ്പോടെയും അതിലേറെ അത്ഭുതത്തോടെയും നിൽക്കുന്ന അമ്മ.

രംഗം: രണ്ട്
ഒന്നാം ക്ലാസിൽനിന്ന് പുറത്താക്കപ്പെട്ട  മകളെ പുതിയൊരു സ്കൂളിൽ ചേർക്കാനെത്തുന്ന അമ്മ. പെൺകുട്ടിയെ സ്നേഹത്തോടെ സ്വീകരിച്ച് അവൾ പറയുന്ന വിശേഷങ്ങൾ മണിക്കൂറുകളോളം കേട്ടിരിക്കുന്ന ഹെഡ് മാസ്റ്റർ.

രംഗം: മൂന്ന്
രണ്ടാം ക്ലാസ്‌. ഏഴുവയസ്സുകാരനായ ഒരു ആൺകുട്ടിയെ കുറ്റവാളിയെപ്പോലെ നിർത്തിയിരിക്കുന്നു. അവന്റെ  കവിളത്ത് സഹപാഠികളെക്കൊണ്ട് അടിപ്പിക്കുന്ന അധ്യാപിക. അടിക്കുന്നവർ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട കുട്ടികൾ. അടികൊള്ളുന്നത് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട കുട്ടി. ഇവരെയൊന്നും ഇങ്ങനെ അടിച്ചാൽ പോരാ, ശക്തികൂട്ടി അടിക്കൂവെന്ന് ആക്രോശിക്കുന്ന അധ്യാപിക.

ഒന്നും രണ്ടും രംഗങ്ങൾ എൺപത്തിനാലോ എൺപത്തഞ്ചോ വർഷംമുമ്പുള്ളതാണ്. ഒടുവിലത്തേത് യുപിയിലെ മുസഫർ നഗറിൽ ഈയിടെയുണ്ടായതും. ഒന്നാം ക്ലാസിൽനിന്നേ പുറത്താക്കപ്പെട്ട ആ കുട്ടി ടോട്ടോച്ചാനാണ്. ഓർമയില്ലേ ഈയിടെ 90–-ാം പിറന്നാൾ ആഘോഷിച്ച ടോട്ടോച്ചാനെ? യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായ തെത് സുകോ കുറയോനഗി എന്ന ടോട്ടോച്ചാനെ?

ഇത്രയും വലിയ ശിക്ഷ കിട്ടാൻമാത്രം എന്തു വലിയ തെറ്റാണ് ഈ കുട്ടി ചെയ്തതെന്നോ. ഡെസ്ക് പടപടേന്ന് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു, തെരുവുപാട്ടുകാരെ ക്ലാസിലേക്ക് ക്ഷണിക്കുന്നു, ജനലരികിലെ മരക്കൊമ്പിലുള്ള കിളികളോട് വർത്തമാനം പറയുന്നു എന്നതൊക്കെയായിരുന്നു അവൾ ചെയ്തത്. ടീച്ചർ അവളെക്കൊണ്ട് പൊറുതിമുട്ടിയത്രേ. പുറത്താക്കുകയല്ലാതെ മറ്റു മാർഗമില്ലത്രേ.

ഇങ്ങനെയൊരു പ്രൈമറി സ്കൂളിൽനിന്ന് പുറത്താക്കിയ ടോട്ടോച്ചാനെ ഹൃദയപൂർവം സ്വീകരിച്ചത് ടോമോ സ്കൂളിലെ ഹെഡ്മാസ്റ്ററായ കൊബായാഷി മാസ്റ്ററാണ്. അതോടെ ടോട്ടോച്ചാൻ ടോമോ സ്കൂളിലെ കുട്ടിയാകുന്നു. കൊബായാഷി മാസ്റ്ററുടെ സ്വന്തം കുട്ടിയാകുന്നു. "ടോട്ടോ, നേരായിട്ടും നീയൊരു നല്ല കുട്ട്യാ’ എന്ന് അദ്ദേഹം ഇടയ്ക്കിടെ അവളോട് പറയാറുണ്ടായിരുന്നു. ടോട്ടോ ചെയ്യുന്നത് ശരിയല്ലെന്ന് ബോധ്യമുള്ളപ്പോൾപ്പോലും അദ്ദേഹം പറഞ്ഞിരുന്നത് ഇതു തന്നെയാണ്. ഈ വാക്കുകൾ ടോട്ടോച്ചാന് നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല.

ടോമായിലെത്താതിരുന്നെങ്കിൽ, കൊബായാഷി മാസ്റ്ററെ കണ്ടുമുട്ടാതിരുന്നങ്കിൽ മിക്കവാറും, അപകർഷതാബോധവും ആശയക്കുഴപ്പങ്ങളും നിറഞ്ഞ, ഒന്നിനും കൊള്ളാത്ത ഒരുവളായി ഞാൻ മാറിയേനെ എന്ന് തെത് സുകോ തന്നെ പറഞ്ഞിട്ടുണ്ട്.ടോട്ടോക്ക്‌ മാത്രം ലഭിച്ച സൗഭാഗ്യമായിരുന്നില്ല ഇത്. ആ സ്‌കൂളിലെ ഓരോ കുട്ടിയും മാസ്റ്ററുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചിരുന്നു. വലിയ തലയും കുറിയ ശരീരവുമുള്ള തകാഹാഷിയോട് എത്രത്തോളം സ്നേഹവും കരുതലുമായിരുന്നു  അദ്ദേഹത്തിന്. ]


 

സ്വന്തം ശരീരത്തിന്റെ പരിമിതികൾ തകാഹാഷിയിൽ അപകർഷതാബോധം ഉണ്ടാക്കുമെന്നും അതുവഴി അവന്റെ വ്യക്തിത്വംതന്നെ തകർന്നുപോകുമെന്നും അദ്ദേഹം മുൻകൂട്ടി കണ്ടു. "ഉറപ്പായിട്ടും നിനക്കത് കഴിയും’എന്ന് ഓരോ സമയവും അദ്ദേഹം തകാഹാഷിയോട് പറഞ്ഞുകൊണ്ടുമിരുന്നു. മറ്റു കുട്ടികളേക്കാൾ പിന്നിലല്ല അവനെന്ന് സ്വയംബോധ്യമുണ്ടാക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും തകാഹാഷിക്ക് കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്. തകാഹാഷിയുടെ ശാരീരിക പരിമിതികളെ മികവുകളാക്കി മാറ്റുകയായിരുന്നു അദ്ദേഹം. അപകർഷതാബോധത്താൽ ചൂളിയൊതുങ്ങിപ്പോകുമായിരുന്ന തകാഹാഷിയെ ജീവിതവിജയങ്ങൾ എത്തിപ്പിടിക്കാൻ പ്രാപ്തനാക്കിയത് ഇദ്ദേഹമാണെന്ന് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ, തകാഹാഷിയുടെ വിജയം കൊബായാഷി മാസ്റ്റർ എന്ന അധ്യാപകന്റെ വിജയംകൂടിയായിരുന്നു. ഒരു അധ്യാപകദിനംകൂടി ആഗതമാകുന്ന പശ്ചാത്തലത്തിൽ ഈ ചിന്തകൾ പ്രസക്തമാണ്‌.

കുഞ്ഞുങ്ങളുടെ പ്രകൃതമറിഞ്ഞ് അവർക്കൊപ്പം സഞ്ചരിച്ച ഈ അധ്യാപകന്റെ നിഘണ്ടുവിൽ വടിയോ അടിയോ ഉണ്ടായിരുന്നില്ല. പുറത്താക്കലുകൾ ഉണ്ടായിരുന്നില്ല. ചെയ്ത തെറ്റ് എന്തായിരുന്നുവെന്ന് കുട്ടിക്ക്  ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. തെറ്റുചെയ്തത്‌ ആരോടാണോ അവരോട്  മാപ്പുപറയാൻ ആവശ്യപ്പെടുന്നു. ഇതായിരുന്നു ടോമോയിലെ ഏറ്റവും വലിയ ശിക്ഷ. വാക്കുകൾ കൊണ്ടുപോലും കുട്ടികളെ അദ്ദേഹം വേദനിപ്പിച്ചിരുന്നില്ല. മറ്റ്‌ അധ്യാപകരെ അതിന് അനുവദിച്ചിരുന്നതുമില്ല.

ടോമോ സ്കൂളും കൊബായാഷി മാസ്റ്ററും ടോട്ടോച്ചാനുമൊന്നും കഥകളല്ല. ലോകം അംഗീകരിച്ച സത്യങ്ങളാണ്. ലോകമെമ്പാടും ടോട്ടോച്ചാൻ സിൻഡ്രോംതന്നെ ഉണ്ടായിട്ടുണ്ട്. കൊബായാഷി മാസ്റ്ററിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എത്രയോ അധ്യാപകർ സ്വന്തം അധ്യാപനശൈലി തിരുത്തിയിരിക്കുന്നു. കേരളത്തിലാകട്ടെ, എത്രയോ വർഷംമുമ്പുതന്നെ, ക്ലാസ്‌ മുറികൾ ശിശുസൗഹൃദങ്ങളാക്കാനുള്ള ആലോചനകൾ നടന്നു. കുട്ടിയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള ഒരു പാഠ്യപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ യാഥാർഥ്യമാക്കുന്നതിന് ഡിപിഇപി പദ്ധതി ഒരു അവസരമായി. അധ്യാപക പരിശീലനങ്ങൾ കൂടുതൽ സജീവമായി. ക്ലാസ്‌ മുറികൾ പതുക്കെ മാറാൻ തുടങ്ങി. ഇതിന്റെ തുടർച്ചയായാണ് പുതിയ പാഠ്യപദ്ധതി നടപ്പായത്. അധ്യാപകർ കുട്ടികളുടെ മെന്റർമാരായി മാറണമെന്ന കാഴ്ചപ്പാടിലേക്കുകൂടി കേരളം വളർന്നു.

പുതിയ പാഠ്യപദ്ധതി നിലവിൽവന്ന് വർഷങ്ങൾ കഴിഞ്ഞു. പാഠപുസ്തകങ്ങൾ പലതവണ മാറി. പക്ഷേ, പാഠ്യപദ്ധതി വിഭാവനം ചെയ്തതുപ്രകാരം നമ്മുടെ മുഴുവൻ ക്ലാസ്‌ മുറികളും ശിശുസൗഹൃദങ്ങളായി മാറാൻ ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. നമ്മുടെ ക്ലാസ്‌ മുറികളിൽ ആഹ്ലാദം  ഇനിയുമുണ്ടാകണം. കുട്ടികളോളം ഉയരാൻ എല്ലാ അധ്യാപകർക്കും കഴിയണം. നല്ലൊരു ശതമാനം ക്ലാസ്‌ മുറികളും ഇത്തരത്തിലേക്ക് ഇനിയും വളരാനുണ്ട്. പരീക്ഷാകേന്ദ്രിതമായ പഠനസമ്പ്രദായത്തിലും മാറ്റംവേണം.  ഹൈസ്കൂളുകളിൽ എ പ്ലസുകളുടെ എണ്ണവും നൂറുശതമാനം വിജയവുമാണ് ലക്ഷ്യംവയ്ക്കുന്നതെങ്കിൽ പ്രൈമറി സ്കൂളുകളിൽ അത് എൽഎസ്‌എസ്‌ / യുഎസ്‌എസ്‌ വിജയികളുടെ എണ്ണമായി മാറുന്നു. കുഞ്ഞുങ്ങളുടെ പ്രകൃതമറിഞ്ഞ് ഇടപെടുന്ന അധ്യാപകർ പോലും മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് നിർബന്ധിതരാകുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങൾ മാറി. ഇതിനൊക്കെയിടയിൽ ക്ലാസ്‌ മുറികളിൽനിന്ന് ചോർന്നുപോകുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ സന്തോഷമാണ്. അവരുടെ നൈസർഗികമായ സ്വഭാവ വൈശിഷ്ട്യങ്ങളാണ്. 

നൈസർഗികമായ സ്വഭാവ വൈശിഷ്ട്യങ്ങളോടെ ജനിക്കുന്ന ഓരോ കുട്ടിയെയും വ്യക്തിത്വമുള്ള മനുഷ്യരാക്കുന്നതിൽ ക്ലാസ്‌ മുറികളുടെ സ്ഥാനം വളരെ വലുതാണ്. അധ്യാപകരുടെ സ്ഥാനമാകട്ടെ, അതിലേറെ വലുതും

നിറയെ നിറയെ സ്വപ്നങ്ങൾ കാണുന്ന, സ്വപ്നങ്ങളൊക്കെയും യാഥാർഥ്യമാകുമെന്ന് വിശ്വസിക്കുന്ന കുഞ്ഞുങ്ങൾക്ക് മനോഹരമായ അനുഭവങ്ങൾ നൽകേണ്ടതുണ്ട്. അവരുടെ സ്വപ്നങ്ങൾ മുതിർന്നവരുടേതിനേക്കാൾ മഹത്തരമാണെന്ന് തിരിച്ചറിഞ്ഞ് ആത്മവിശ്വാസം നൽകുകയും അവസരങ്ങൾ നൽകുകയും ചെയ്യുമ്പോഴാണ് അവർ പുതിയ ലോകങ്ങളിലേക്ക് ചുവടുവയ്ക്കുന്നത്. പ്രതിഭകളാകുന്നത്. അതിലുപരി, നല്ല മനുഷ്യരാകുന്നത്. ഇങ്ങനെ നൈസർഗികമായ സ്വഭാവ വൈശിഷ്ട്യങ്ങളോടെ ജനിക്കുന്ന ഓരോ കുട്ടിയെയും വ്യക്തിത്വമുള്ള മനുഷ്യരാക്കുന്നതിൽ ക്ലാസ്‌ മുറികളുടെ സ്ഥാനം വളരെ വലുതാണ്. അധ്യാപകരുടെ സ്ഥാനമാകട്ടെ, അതിലേറെ വലുതും. അതെ, കുട്ടിയെ രൂപപ്പെടുത്തുന്നത് അധ്യാപകർ തന്നെയാണ്, അധ്യാപകരുടെ ഇടപെടലുകൾ തന്നെയാണ്. മുസഫർ നഗറിൽ നടന്നതും ഒരു രൂപപ്പെടുത്തൽ തന്നെയാണ് എന്നതും ഓർക്കേണ്ടതുണ്ട്. നിക്ഷിപ്ത താൽപ്പര്യങ്ങൾക്കുവേണ്ടിയുള്ള രൂപപ്പെടുത്തൽ.

"കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകണം. സ്വാതന്ത്ര്യം സമ്മാനിക്കൽ സ്നേഹം സമ്മാനിക്കലാണ്. രോഗാതുരമായ ഈ ലോകത്തെ രക്ഷിക്കണമെങ്കിൽ സ്നേഹം, ആർദ്രത, സഹിഷ്ണുത എന്നീ മരുന്നുകൾ തന്നെ പ്രയോഗിക്കണം."ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന എം എസ് നെയിലിന്റെ അഭിപ്രായമാണ്‌ ഇത്. സ്വാതന്ത്ര്യവും സ്നേഹവുമാണ് സന്തുഷ്ടരായ കുട്ടികളെ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. കൊബായാഷി മാസ്റ്റർ കാണിച്ചുതന്നതും ഇതുതന്നെയാണ്.

ആലോചിച്ചുനോക്കൂ, അധ്യാപകരെല്ലാം കൊബായാഷി മാസ്റ്ററെപ്പോലെ ആയിരുന്നെങ്കിൽ, നമ്മുടെ സ്കൂളുകളെല്ലാം ടോമോ പോലെ ആയിരുന്നെങ്കിൽ നമുക്കു ചുറ്റും നടക്കുന്ന അതിക്രമങ്ങൾ വലിയതോതിൽ കുറഞ്ഞേനെ. നമുക്ക് പ്രതീക്ഷിക്കാം, അങ്ങനെയൊരു കാലം അധികം വൈകാതെ കടന്നെത്തുമെന്ന്. എല്ലാ ക്ലാസ്‌ മുറികളും ജനാധിപത്യകേന്ദ്രങ്ങളാകട്ടെ.

മുൻവിധികളും തിരസ്കാരങ്ങളുമില്ലാത്ത, ശരീര നിന്ദകളില്ലാത്ത ക്ലാസ്‌ അന്തരീക്ഷം എല്ലാ കുഞ്ഞുങ്ങൾക്കും സ്വന്തമാകട്ടെ. ഇനി വരുന്ന അധ്യാപകദിനങ്ങളിൽ പുറത്താക്കലുകളുടെ കഥകളില്ലാത്ത, പരിഹാസത്തിന്റെയും അപഹാസത്തിന്റെയും കഥകളില്ലാത്ത, പക്ഷഭേദത്തിന്റെ കഥകളില്ലാത്ത, ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ട കഥകളില്ലാത്ത സ്കൂളനുഭവങ്ങൾ കടന്നുവരട്ടെ.

(ഇരുമ്പുഴി ഗവ.ഹൈസ്കൂൾ അധ്യാപികയാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top