20 September Monday

വിശ്വ കായികമേളയ്‌ക്കുമേൽ കാലത്തിന്റെ തേങ്ങലുകൾ

എ എൻ രവീന്ദ്രദാസ്Updated: Friday Jul 23, 2021

image credit ioc media official twitter , miraitowa logo olympics.com

വിശ്വസാഹോദര്യം പുലർത്താൻ താണ്ടേണ്ട ദൂരം ഏറെയാണെന്ന് ഏറ്റവും തീവ്രമായി ഓർമിപ്പിക്കുന്ന, മനുഷ്യ സംസ്കാരത്തിന് ഏറ്റവും പ്രത്യാശ പകരുന്ന മഹത്തായ മാനവ സംഗമമാണ്‌ ഒളിമ്പിക്സ് ഗെയിംസ്. കായികരംഗത്ത് മേധാവിത്വം ഉറപ്പിക്കാനും ഗെയിംസ് സാമ്രാജ്യം വെട്ടിപ്പിടിക്കാനുമുള്ള പോരാട്ടവേദി മാത്രമല്ല ഒളിമ്പിക്സ്. സംഘർഷത്തിന്റെ കാർപടലം മൂടിയ അന്തരീക്ഷത്തിൽ മാനവ സാഹോദര്യത്തിന്റെയും അന്താരാഷ്ട്ര സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഒളിമ്പിക്സ് നൽകുന്നത്. പരസ്പര സ്നേഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ആവശ്യകതകളത്രയും വ്യക്തമാക്കുന്ന മറ്റൊരു മേളയ്ക്കും ലോകം ജന്മം കൊടുത്തിട്ടില്ല.

തലമുറകളെയും ഭൂഖണ്ഡങ്ങളെയും സംസ്കാരങ്ങളെയും ഒക്കെ തഴുകി നാല്‌ വർഷത്തെ ഇടവേളയിൽ മാനവികതയുടെ മഹാപ്രവാഹമായി, ഈ മഹാമാരിക്കിടയിൽ ഏഷ്യയിൽ നാലാം വിരുന്നായി ഒളിമ്പിക്സ് ടോക്യോയിൽ എത്തുമ്പോൾ നമ്മെ ആ സത്യം വീണ്ടും ഓർമിപ്പിക്കുന്നു. ലോകത്തെ ഒന്നിപ്പിക്കാൻ ഒളിമ്പിക്സിനേ കഴിയൂ. രാഷ്ട്രീയവും ഒളിമ്പിക്‌സും തമ്മിലുള്ള ബന്ധം വളരെ ലോലമാണെന്നിരിക്കുമ്പോഴും മനുഷ്യരാശിയെ ഒന്നിപ്പിക്കാൻ മറ്റൊരു വേദിയില്ല എന്ന് അംഗീകരിക്കപ്പെടുന്നു. ഒളിമ്പിക്സിലെ ഓരോ നിമിഷവും സംസ്കാരത്തിന്റെ ഓരോ പടവുകളാണ്. ഓരോ വിജയവും മനുഷ്യരാശിയുടെ മഹനീയ ഇതിഹാസങ്ങളുമാണ് . ഹോമോസാപിയൻസ് എന്ന മനുഷ്യജീവിയുടെ കഴിവുകൾക്ക് അതിർവരമ്പുകൾ പ്രഖ്യാപിച്ചതിനെ തട്ടിത്തകർക്കാനും വീണ്ടും വെട്ടിപ്പിടിക്കാനുമുള്ള അടങ്ങാത്ത മോഹത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ദീപ്തിമത്തായ സ്മരണകളുണർത്തിയാണ് ഓരോ വിശ്വ കായികമേളയും കടന്നുവരുന്നത്. എത്രയോ മാറ്റങ്ങളിലൂടെ, വെല്ലുവിളികളിലൂടെ ഒളിമ്പിക്സ് പ്രസ്ഥാനം കടന്നുപോയി. യുദ്ധങ്ങളെ അതിജീവിച്ചു. ബഹിഷ്‌കരണങ്ങളെ വെല്ലുവിളിച്ചു. സാധാരണ മനുഷ്യരെ ഒളിമ്പിക്സ് അസാധാരണ വീരന്മാരും വിശ്വവിജയികളുമാക്കി. വർണവും വർഗവും ഭാഷയും ദേശവും വേർതിരിക്കാത്ത കൂട്ടായ്മയുടെ വിജയഗാഥയായി ചരിത്രത്തിൽ നിറയുന്നു.

വിശ്വകായികമേളയുടെ അതിദീർഘമായ വഴിത്താരയിലും കാലത്തിന്റെ കരിപ്പാടുകൾ വീണിട്ടുണ്ട്. സാഹോദര്യത്തിന്റെ വേദിയിൽ രക്തപങ്കിലമായ എടുകൾ കുറിച്ചിടേണ്ടിവന്നു. സഹവർത്തിത്വത്തിന്റെ സന്ദേശവാഹകർ രാഷ്ട്രീയ ഭീഷണികൾകൊണ്ട് ശ്വാസംമുട്ടിയിട്ടുണ്ട്. സൗഹൃദത്തിന്റെ ആ ദീപശിഖ നൂറ്റാണ്ടുകളോളം അണഞ്ഞു പോയിട്ടുണ്ട്. കളിക്കളത്തിൽ മത്സരബുദ്ധിയോടെ ഏറ്റുമുട്ടുക എന്ന സുന്ദരമായ സങ്കൽപ്പമാണ് ഒളിമ്പിക്സ് മത്സരങ്ങളുടെ പിറവിക്ക്‌ നിദാനം. പക്ഷേ അതിന്റെ പിന്നിലുള്ള ഐതീഹ്യങ്ങളൊക്കെയും കറുത്ത ഫലിതമാണെന്ന് പറയാതെവയ്യ. ഒളിമ്പിക്സിന് ആധാരമായ അത്തരം നിരവധി കഥകളിലൊന്ന് ഗ്രീക്ക് ദേവനായ സ്യൂസ് പിതാവായ ക്രോണസിനെ ഒളിമ്പസ് പർവത ശിഖരങ്ങളിൽ കീഴ്പ്പെടുത്തിയതാണ്. ഊതിവീർപ്പിക്കപ്പെട്ട ഇത്തരം ഗ്രീക്ക് കഥകളിലൊക്കെ രക്തച്ചൊരിച്ചിലുണ്ട്. നന്മയും തിന്മയുമുണ്ട്. അന്ന് പുരോഹിതന്മാർക്ക് മാത്രം പ്രവേശനമുള്ള, സ്ത്രീകളെ പങ്കെടുപ്പിക്കാത്ത മത്സരമായിരുന്നു ഒളിമ്പിക്സ്‌. അതായിരുന്നു വിശുദ്ധിയെക്കുറിച്ചുള്ള സങ്കൽപ്പം. ആദിമ വിശുദ്ധിയുടെ കാലത്തുപോലും ഒളിമ്പിക്സ് രാഷ്ട്രീയത്തിന്‌ കീഴ്പ്പെട്ടിരുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. എന്നാൽ പിൽക്കാലത്ത് ആധുനിക ഒളിമ്പിക്സിൽ രാഷ്ടീയം നഗ്നമായി കൂട്ടിക്കലർത്തി വിരൂപമാക്കുന്നതുവരെ പുരാതന ഗ്രീസിന്റെ ഹൃദയഹാരിയായ എല്ലാ ലാവണ്യവും ഉൾക്കൊണ്ട മുഖമായിരുന്നു ഒളിമ്പിക്സിന്റേത്.

image credit olympics.com

image credit olympics.com


 

125 –-ാം വർഷത്തിലേക്ക് കടന്ന ആധുനിക ഒളിമ്പിക്സിന്റെ വിവിധ ഘട്ടങ്ങളിൽ അതിന്റെ സുഗമമായ പുരോഗതിക്കും വികാസത്തിനും അത് ഉയർത്തിപ്പിടിക്കുന്ന മഹത്തായ മാനവിക മൂല്യങ്ങൾക്കും പലതവണ കോട്ടം തട്ടിയിട്ടുണ്ട് . 1972 സെപ്തംബർ അഞ്ച്: വിധികളെ മാറ്റിമറിച്ച്‌ ഒളിമ്പിക്സിന് മുഖാമുഖം രാഷ്ട്രീയം നിറതോക്കുകൾ ഉതിർത്ത്‌ വന്നുനിന്നത് ആ വർഷമാണ്. യാസർ അറാഫത്തിന്റെ പിഎൽഒയിൽനിന്നും വിട്ടുപോയ ബ്ലാക്ക് സെപ്തംബർ എന്ന സംഘടനയിലെ അംഗങ്ങളായ എട്ട്‌ പലസ്തീൻകാർ കായികതാരങ്ങളുടെ ട്രാക്ക് സ്യൂട്ടണിഞ്ഞ്, ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ മ്യൂണിക്കിലെ ഒളിമ്പിക്സ് ഗ്രാമത്തിലെത്തി. പിന്നീട് 23 മണിക്കൂർ നീണ്ട ഭീകര നാടകം ആടിത്തീർന്നപ്പോൾ കൂട്ടമരണമായിരുന്നു. ഇസ്രയേലിന്റെ എട്ട്‌ കായികതാരങ്ങൾ, രണ്ട് പരിശീലകർ, മൂന്ന് ഭീകരർ, രണ്ട് ജർമൻ പൊലീസുകാർ -മൊത്തം 15 മനുഷ്യർ. രാഷ്ട്രതന്ത്രത്തിന്റെ ചൂതാട്ടങ്ങൾക്കും വംശഭ്രാന്തിന്റെ ദിഗ്‌വിജയങ്ങൾക്കും മുന്നിലെ ബലിമൃഗങ്ങൾ. ഒളിമ്പിക്സിലെ ഒരിക്കലും നിറവേറ്റാത്ത മഹാസങ്കൽപ്പങ്ങളുടെ സ്വർഗത്തിലിരുന്ന് അന്ന് ഒലിവിലകൾ കണ്ണീർ പൊഴിച്ചു. പിന്നീട് 34 മണിക്കൂറിനുശേഷം മത്സരങ്ങൾ പുനരാരംഭിച്ചുവെങ്കിലും പക്ഷേ , ജയിക്കാനുള്ള കായികതാരങ്ങളുടെ അഭിവാഞ്‌ഛ അതിനിടയിലെപ്പോഴോ കെട്ടുപോയിരുന്നു. വംശീയതയിൽ അധിഷ്ഠിതമായ രാഷ്ട്രീയവൈരം ഇത്രയും കരാളമായ രൂപത്തിൽ ഒളിമ്പിക്സ്‌ വേദിയിൽ പ്രത്യക്ഷപ്പെട്ടത് ഇത് ആദ്യമായിരുന്നു.

1936-ലെ ബെർലിൻ ഒളിമ്പിക്സിനെ ഹിറ്റ്‌ലർ രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കിയിരുന്നു. ആ കറ കഴുകിക്കളഞ്ഞ് പുതിയ പ്രതിച്ഛായ സൃഷ്ടിക്കണമെന്ന കരുതലോടെയായിരുന്നു 36 വർഷത്തിനുശേഷം മ്യൂണിക്കിൽ ജർമനി ഗെയിംസിനെ വരവേറ്റത്. എന്നാൽ ഹിറ്റ്‌ലർ കാട്ടിയ അനാദരവിന് ജർമൻകാർ പരോക്ഷമായെങ്കിലും മ്യൂണിക് ഗെയിംസിലൂടെ പിഴ മൂളേണ്ടി വന്നു. അതൊരു ദുര്യോഗമായി ആ ജനത കരുതുന്നു.

പിന്നെ രണ്ട് ലോകയുദ്ധം കാരണം 1916,1940, 1944 എന്നീ വർഷങ്ങളിലെ ഒളിമ്പിക്സ് നടന്നില്ല. 1972 മ്യൂണിക് കൂട്ടക്കൊലപോലെ ഒളിമ്പിക്സിൽ രാഷ്ട്രീയം കടന്നുവന്ന നാല് അവസരങ്ങൾ അതായിരുന്നു. രാഷ്ട്രീയ കാര്യങ്ങളെ മുൻനിർത്തി ഉണ്ടായ തടസ്സങ്ങളിൽ ഏറ്റവും വൃത്തികെട്ട ഉദാഹരണങ്ങൾ ലോകയുദ്ധങ്ങൾ ആണെങ്കിലും ഗവൺമെന്റുകൾ തമ്മിലുള്ള സംഘർഷങ്ങളും സ്വാർഥതാൽപ്പര്യങ്ങളും കാരണം പലപ്പോഴും ഒളിമ്പിക്സിനെ പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞിട്ടുണ്ട്.

1896 ഏതൻസിലെ ആധുനിക ഒളിമ്പിക്സ് മുതൽ ഉദാഹരണങ്ങൾ നിരവധിയാണ്. ലോകത്തിലെ വിവിധ നഗരങ്ങളിൽ ഗെയിംസ് നടത്താനുള്ള ഒളിമ്പിക്സ് സമിതിയുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് ഏതൻസ് സ്ഥിരം വേദിയാക്കാൻ പ്രഥമ ഒളിമ്പിക്സിൽ ഗ്രീസ് നടത്തിയ ശ്രമംമുതൽ സങ്കുചിത താൽപ്പര്യങ്ങൾ നടമാടിയ ചരിത്രം ആരംഭിക്കുകയാണ്. ലോകവ്യാപാര മേളകളുടെ ഉപപ്രദർശനങ്ങളിൽ ഒന്നായി ഒളിമ്പിക്സിനെ ചിത്രീകരിക്കാൻ പാരീസിലും (1900 ) സെന്റ് ലൂയീസിലും(1904 )ശ്രമം നടന്നു. ഈഫൽ ഗോപുരംപോലുള്ള ലോകാത്ഭുതങ്ങൾ നിരത്തിയ പാരീസ് ഇന്റർനാഷണൽ പ്രദർശനത്തിന് ഇടയിൽ ഒളിമ്പിക്സ് പ്രഹസനമായി മാറി. തങ്ങളുടെ ബദ്ധവൈരികളായ അമേരിക്കയേക്കാൾ ബ്രിട്ടനെ ഒരുപടി മുന്നിൽ എത്തിക്കാൻ 1908ൽ ലണ്ടനിൽ കണ്ട പക്ഷപാതപരമായ മത്സര വിധികൾ, 1912 ൽ സ്റ്റോക്ക്ഹോം ഗെയിംസിൽ അമച്വർ ചട്ടം ലംഘിച്ചുവെന്ന് ഫിൻലൻഡിലെ ഓട്ടക്കാർക്കെതിരെ തൊടുത്ത ആരോപണങ്ങൾ, 1920 ൽ ആന്റ് വെർപ്പിലും 1948,1956 വർഷങ്ങളിൽ ലണ്ടനിലും ഹെൽസിങ്കിയിലും യുദ്ധങ്ങളിൽ പരാജിതരായവർ എന്ന നിലയിൽ ജർമനിക്കും രണ്ട്‌ സന്ദർഭത്തിൽ ജപ്പാനും ഏർപ്പെടുത്തിയ വിലക്ക്, 1956ലെ മെൽബൺ ഒളിമ്പിക്സിന് ഒരുമാസംമുമ്പ് ഹംഗറിയിൽ സോവിയറ്റ് സൈന്യത്തിന്റെ ഇടപെടൽ , 1960 റോം ഗെയിംസിൽ ഉയർന്ന ചൈന പ്രശ്നം, 1968 മെക്സിക്കൻ ഗെയിംസിന് മുമ്പായി നടന്ന മുന്നൂറോളം ഇടതുപക്ഷ വിദ്യാർഥികളുടെ കൂട്ടക്കൊല, അവിടെത്തന്നെ അമേരിക്കയിലെ കറുത്ത വംശജരുടെ പ്രതിനിധികളായ ടോമി സ്മിത്തും ജോൺ കാർലോസും കറുത്ത കെെയുറകൾ ധരിച്ച മുഷ്ടികൾ ഉയർത്തി നടത്തിയ ‘കറുത്ത ശക്തിയുടെ’ (ബ്ലാക്ക് സല്യൂട്ട്‌) പ്രകടനം, തെക്കേ ആഫ്രിക്കയിൽ ന്യൂസിലൻഡിന്റെ റഗ്ബി ടീം പര്യടനം നടത്തിയതിൽ പ്രതിഷേധിച്ച്‌ 1976ലെ മോൺട്രിയൽ ഗെയിംസിൽ ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ ബഹിഷ്‌കരണം, 1980 ൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് സൈന്യം കടന്നതിൽ പ്രതിഷേധിച്ച് അമേരിക്കൻ ചേരിരാഷ്ട്രങ്ങളുടെ മോസ്കോ ഗെയിംസ് ബഹിഷ്കരണം, അതിന് തിരിച്ചടിയെന്നോണം 1984-ലെ മേളയിൽ സോവിയറ്റ് യൂണിയന്റെ വിട്ടുനിൽക്കൽ, ഉത്തരകൊറിയ, ക്യൂബ, അൽബേനിയ ഉൾപ്പെടെ ഏഴ് രാജ്യം 1988 ൽ സോളിലേക്ക് വരാതിരുന്നത് .....അങ്ങനെ രാഷ്ട്രീയക്കാറ്റുവീശലിൽ ശോഭപോയ എത്രയോ വിശ്വ കായികമേളകൾ.


 

മുമ്പ് ഒളിമ്പിക്സിൽ കണ്ടത് നിർദോഷമായ ദേശീയതയുടെ വികാരപ്രകടനമായിരുന്നെങ്കിൽ പിൽക്കാലത്ത് ദേശീയതയ്‌ക്കുതന്നെ മാറ്റമുണ്ടായി. ഒരുവശത്ത് സാമ്രാജ്യത്വമായി അത് മാറി. മറുഭാഗത്ത് പീഡിത ദേശീയതയായും. വെട്ടിപ്പിടിക്കലും യുദ്ധആസക്തിയും സമാധാന മോഹവുമായി ദേശീയതകൾ മുഖാമുഖം നിന്നു. ഒളിമ്പിക്സ് മുതലാളിത്തത്തിനും കമ്യൂണിസത്തിനും പരസ്പരം മത്സരിക്കാനുള്ള ആഗോള വേദിയായി തുടങ്ങിയത് രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്. യുദ്ധത്തിനുശേഷം സാമ്രാജ്യങ്ങൾ ദുർബലമാകുകയും നവജാത രാഷ്ട്രങ്ങൾ ഉയർന്നുവരികയും ചെയ്തപ്പോൾ ലോക രാഷ്ട്രീയം വഴിത്തിരിവുകളിൽ എത്തുകയായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു 1948–-ൽ ഇസ്രയേലിനെതിരെ അറബ്‌നാടുകൾ കൂട്ടായി പ്രതിഷേധിച്ചതും 1952 ൽ ചൈനയെ ക്ഷണിച്ചതിനെ എതിർത്ത്‌ തായ്‌വാൻ ഗെയിംസ് ബഹിഷ്‌കരിച്ചതുമെല്ലാം.

കായികരംഗത്ത് അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും നേർക്കുയർന്ന കമ്യൂണിസ്റ്റ് വെല്ലുവിളിയുടെ മുന്നണിയിൽ അണിനിരന്നത് ചെക്കോസ്ലോവാക്യ, ഹംഗറി, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളായിരുന്നു. പഴയ ചെക്കോസ്ലോവാക്യയുടെയും സോവിയറ്റ് യൂണിയന്റെയും സ്ഥാനത്ത് പിന്നീട് ഒരുപിടി സ്വതന്ത്ര രാഷ്ട്രങ്ങൾ നിന്നപ്പോൾ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ കായികരംഗത്തെ പുരോഗതിയുടെ കൊടിക്കൂറയായി ചൈന മാറി. അതിൽ വിറളിപൂണ്ട പാശ്ചാത്യശക്തികളും അമേരിക്കയും 2008 ബീജിങ് വേദിക്കെതിരെ അന്തരീക്ഷമലിനീകരണം, പാരിസ്ഥിതികപ്രശ്നങ്ങൾവരെ ആയുധമാക്കി കുപ്രചാരണങ്ങളും അപവാദങ്ങളും അഴിച്ചുവിട്ടതും ദലൈലാമയെ മുന്നിൽനിർത്തി തിബറ്റിലെ ആഭ്യന്തരപ്രശ്നങ്ങൾവരെ ചൈനയുടെ ഒളിമ്പിക്സ് സംഘാടനവുമായി കൂട്ടിക്കുഴയ്ക്കാൻ ശ്രമിച്ചതുമെല്ലാം ലോകം കണ്ടതാണല്ലോ.

പ്രവചനങ്ങളും മുൻവിധികളും വെല്ലുവിളികളായി സ്വീകരിച്ച കായികലോകത്തിന്റെ പ്രഫുല്ലതയ്ക്കുമേൽ കാലത്തിന്റെ തേങ്ങലുകൾ കേൾക്കാമെങ്കിലും മനുഷ്യകുലത്തിന്റെ മഹോത്സവമായി ഒളിമ്പിക്സ് മുന്നോട്ടുതന്നെയാണ്. കായിക ചോദനകളുടെ സഫല വിഭാതങ്ങൾ ഈ മഹാമാരിക്കാലത്തും ടോക്യോയിലെ കളിമേടുകളിൽ ഉണരട്ടെയെന്ന്‌ നമുക്ക് ആശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top