19 April Friday

‘കരിപുരണ്ട ഭൂമി’യാകരുത്‌ - ടി കെ എ നായർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 2, 2021

videograbbed image

അടുത്തിടെ പുറത്തിറക്കിയ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമാറ്റ്‌ ചേഞ്ചിന്റെ (ഐപിസിസി) ആറാമത്തെ അവലോകന റിപ്പോർട്ടിന്റെ ആദ്യഭാഗം ഗ്ലാസ്‌ഗോയിൽ ആരംഭിച്ച ലോക നേതാക്കളുടെ സമ്മേളനത്തിൽ ചർച്ചയാവുകയാണ്‌. ആഗോളതാപന വർധനയുടെ തോത്‌ രണ്ടു ശതമാനത്തിൽ താഴെയാക്കുക, പറ്റുമെങ്കിൽ ഒന്നരശതമാനത്തിൽ പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തിനായി പാരീസ്‌ ഉടമ്പടിപ്രകാരം ഓരോ രാജ്യത്തിനും നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ (NDCs) എത്രമാത്രം കൈവരിക്കാനായിയെന്ന്‌ വിലയിരുത്തുന്നതിനാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉപഘടനാ സമ്മേളനം ( CoP26-)ഗ്ലാസ്‌ഗോയിൽ ചേരുന്നത്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള രാജ്യങ്ങളുടെ കഴിവ് ശക്തമാക്കാനും അവരുടെ എല്ലാ പരിശ്രമത്തെയും പിന്തുണയ്ക്കുകയും ചെയ്യും. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളൽ പൂജ്യത്തിൽ എത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായി പാരീസ്‌ ഉടമ്പടിയുടെ ചട്ടക്കൂട്‌ എത്രമാത്രം പുതുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന്‌ ഓരോ രാജ്യവും പുനരവലോകനം ചെയ്യും.

ജൂലൈ മധ്യത്തോടെ തന്നെ നൂറിലധികം രാജ്യം അവരുടെ ദേശീയ സംഭാവന എത്രയാണെന്ന്‌ കണ്ടെത്തി പുതുക്കിയ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്‌. ഈ രാജ്യങ്ങളുടെ സംഭാവന ലോകത്താകെയുള്ള കാർബൺ പുറന്തള്ളലിന്റെ 49 ശതമാനം വരും. അമേരിക്കയടക്കമുള്ള വൻകിട രാജ്യങ്ങളാണ്‌ മുന്നിൽ.  ലോകത്ത്‌ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയുടെ കാർബൺ പുറന്തള്ളലുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിശീർഷ കാർബൺ പുറന്തള്ളലിൽ അമേരിക്കയാണ്‌ മുന്നിൽ. അടുത്തകാലത്തായി ചൈന സാങ്കേതികമേഖലയിൽ കൈവരിച്ച വൻനേട്ടങ്ങളിലൂടെ അതിന്റെ ഊർജനയത്തിൽ കാതലായ വ്യതിയാനം വരുത്തിയിരുന്നു. 2060ൽ കാർബൺ പുറന്തള്ളൽ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയിൽ എത്താൻ കഴിയുമെന്നാണ്‌ ചൈന ഉറപ്പുനൽകിയിരിക്കുന്നത്‌. സൂപ്പർ പവർ ആകാനുള്ള ഉൽക്കടമായ അഭിലാഷത്തിലൂടെ കടന്നുപോകുന്ന ചൈന കാർബൺ പുറന്തള്ളൽ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥ കൈവരിക്കാനുള്ള ശ്രമത്തിലാണെന്ന്‌ പറയാനാകുമെങ്കിലും ഈ ലക്ഷ്യം എങ്ങനെ കൈവരിക്കാനാകുമെന്ന്‌ വ്യക്തമായ പോംവഴിയൊന്നും മുന്നോട്ടുവയ്‌ക്കുന്നില്ല.  പ്രതിശീർഷ കാർബൺ ബഹിർഗമനത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്ന അമേരിക്ക ഊർജമേഖലയിൽ 2035ൽ കാർബൺ ബഹിർഗമനം പൂജ്യമാക്കുമെന്നാണ്‌ ഉറപ്പുനൽകിയിരുന്നത്‌. മാത്രമല്ല, 2050ൽ കാർബൺ പുറന്തള്ളൽ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയിൽ എത്തുമെന്നും വാഗ്‌ദാനം നൽകിയിരുന്നു.  ഈ ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളിലാണ്‌ അമേരിക്ക.


 

മൂന്നാമത്തെ പ്രധാന കാർബൺ പുറന്തള്ളുന്ന രാജ്യമായ ഇന്ത്യ ഇതുവരെ ദേശീയ കാർബൺ ബഹിർഗമന സംഭാവനാ പുനർനിർണയം നടത്തി റിപ്പോർട്ട്‌ നൽകിയിട്ടില്ല. മാത്രമല്ല, കാർബൺ ബഹിർഗമനം ഇല്ലാത്ത സമ്പദ്‌വ്യവസ്ഥ എന്ന്‌ കൈവരിക്കാനാകുമെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കാർബൺ പുറന്തള്ളൽ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയ്ക്കായി ഏതു സമയത്തും സ്വയം പ്രതിജ്ഞാബദ്ധമാണെന്ന്‌ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്‌. അതിന്റെ സുസ്ഥിര വികസനലക്ഷ്യങ്ങൾ ആവർത്തിക്കുകയും ദാരിദ്ര്യ നിർമാർജനത്തിന്‌ സമഗ്രമായ ഊന്നൽ നൽകുകയും ചെയ്യുന്നു. ഈ ലക്ഷ്യത്തോടെയുള്ള പുരോഗതി കൈവരിക്കുകയും ഒപ്പം കുറഞ്ഞ കാർബൺ പാതയും പ്രധാന ലക്ഷ്യമാണ്‌. കാർബൺ തീവ്രത 2005ലെ നിലയിൽനിന്ന്‌ 2030 ഓടെ 33 മുതൽ 35 ശതമാനംവരെ കുറയ്‌ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്‌. 2006ലെ ദേശീയ പരിസ്ഥിതിനയം പ്രകാരം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതിയിൽ എട്ട് ദേശീയ ദൗത്യങ്ങൾക്ക്‌ രൂപംനൽകിയിട്ടുണ്ട്‌. വികസനലക്ഷ്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെ ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കാൻ ശ്രമിക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. തന്ത്രങ്ങൾ ഉൾക്കൊള്ളുന്ന നയചട്ടക്കൂട്‌ സ്വീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനും വിപുലമായ നിയമനിർമാണങ്ങളുടെയും സ്ഥാപന സംവിധാനങ്ങളുടെയും ധനസ്ഥാപനങ്ങളുടെയും പിന്തുണയുണ്ട്‌. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളുമെന്ന ഇന്ത്യയുടെ ഫെഡറൽ സ്വഭാവം കണക്കിലെടുക്കുമ്പോൾ ദേശീയ പദ്ധതിയുടെ ചുവടുപിടിച്ച്‌ സംസ്ഥാനങ്ങളും കർമപദ്ധതി തയ്യാറാക്കി നടപ്പാക്കേണ്ടതുണ്ട്‌.

ഊർജമേഖലയിൽ ബദൽ ഊർജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിന്  നിരവധി നടപടി നടപ്പാക്കുന്നുണ്ട്‌. ഇത്‌ നമ്മുടെ ഊർജമേഖലയുടെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്‌. അതേസമയം, ശുദ്ധമായ ഹൈഡ്രജൻ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ ഊന്നൽ *നൽകുന്നത്‌ ഊർജമേഖലയിൽ പുതിയ വിപ്ലവത്തിനും *സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനത്തിനുമുള്ള വലിയ സാധ്യത സൃഷ്ടിക്കും. വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഇ-–മൊബിലിറ്റിക്ക് ആക്കംകൂട്ടുന്നത്‌ ഗതാഗതമേഖലയെ പൂർണമായും കാർബൺ ബഹിർഗമന മുക്തമാക്കാൻ വഴിയൊരുക്കും. സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലയിൽ നിരവധി നൂതനമായ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചുകൊണ്ട്‌ കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാം. മനുഷ്യ ഇടപെടലുകൾ ഉൾപ്പെടെയുള്ള ഘടകങ്ങളാണ്‌ കാലാവസ്ഥാ വ്യതിയാനത്തിനു കാരണം. ഐപിസിസിയുടെ മുന്നറിയിപ്പുകൾ പരിഗണിച്ചും ദാരിദ്ര്യ നിർമാർജനത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും ഫലപ്രദമായ പദ്ധതികൾ നടപ്പാക്കി ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ കാർബൺ പിന്തള്ളൽ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യക്ക്‌ സാധിക്കും.

(കേന്ദ്ര പരിസ്ഥിതി–-വനം  സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേശകനുമായിരുന്ന ലേഖകൻ സിറ്റിസൻസ് ഇന്ത്യാ ഫൗണ്ടേഷന്റെ മാനേജിങ്‌ ട്രസ്റ്റിയാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top