09 May Thursday

കടുവ ചാടിവീഴുമോ; വയനാടിന്‌ ഉറക്കമില്ല

സി എ പ്രേമചന്ദ്രന്‍/ തൃശൂര്‍ ബ്യൂറോUpdated: Tuesday Nov 9, 2021

റോസ്ലി ആശുപത്രിയില്‍, അട്ടപ്പാടി ഊരിലെ രേശന്‍

വയനാട് ജില്ലയിൽ കടുവയും മനുഷ്യനും നേർക്കുനേരാണ്‌. ഏതു നിമിഷം, എവിടെനിന്നാണ്‌ കടുവ ചാടി വീഴുകയെന്ന്‌ അറിയില്ല. വീടിന്‌ സമീപം വനത്തിൽ വിറക് ശേഖരിക്കാൻ പോയ പുൽപ്പള്ളി കതവാക്കുന്ന് ബസവൻകൊല്ലി കോളനിയിലെ മാധവദാസിന്റെ മകൻ ശിവകുമാറിനെ   കടുവ കൊന്നുതിന്നു. 2020 ജൂണിലാണിത്‌. 2021 ജനുവരിയിൽ ചെതലത്ത്‌ റെയിഞ്ച്‌ ഓഫീസർ ടി ശശികുമാറിനുനേരെ കടുവ പാഞ്ഞടുത്തു. ആറു മാസത്തിനിടെ രണ്ടു തവണ ഇദ്ദേഹം കടുവയുടെ ആക്രമണത്തിനിരയായി. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്താനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്‌. ശശികുമാറിന്റെ ചുമലിലാണ്‌ പിടികിട്ടിയത്‌.  സാധാരണ കടുവ പിടിച്ചാൽ മാംസമടക്കം പറിച്ചെടുക്കും‌.   ജീവൻ രക്ഷപ്പെട്ടുവെങ്കിലും കൈയുടെ ശേഷി ഇപ്പോഴും തിരിച്ചുകിട്ടിയില്ല.

വയനാട്‌ വന്യജീവി സങ്കേതത്തിൽനിന്നും കർണാടക വനമേഖലകളിൽനിന്നും കടുവകളും ആനകളും വയനാടൻ ഗ്രാമങ്ങളിലേക്ക്‌ ഇറങ്ങുന്നുണ്ട്‌. 150 ഓളം കടുവകളെ വയനാട്ടിൽ കണ്ടെത്തിയിട്ടുണ്ട്‌. ഓരോ കടുവയ്‌ക്കും സ്വന്തം ഇടങ്ങളുണ്ട്‌. മറ്റു കടുവകളുമായി യുദ്ധത്തിൽ ഏർപ്പെട്ട്‌ ഇടം നഷ്ടപ്പെടുന്നവയും ഇരപിടിക്കാൻ കഴിയാത്ത വയസ്സൻ കടുവകളുമാണ്‌ ജനവാസകേന്ദ്രത്തിലേക്ക്‌ എത്തുന്നത്‌. കാട്ടാനശല്യം അതിരൂക്ഷമാണ്‌. നഗരങ്ങളിൽവരെ കാട്ടാനകൾ എത്തുകയാണ്‌. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും വന്യമൃഗശല്യത്തിന്റെ പിടിയിലാണ്‌.

പുലിപ്പേടിയിൽ കോതമംഗലം

കോതമംഗലത്തെ കോട്ടപ്പടിയിൽ കഴിഞ്ഞ ആഴ്‌ചയാണ്‌ പുലിയുടെ ആക്രമണത്തിനിരയായ വീട്ടമ്മ കഷ്ടിച്ച്‌ രക്ഷപ്പെട്ടത്‌. വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിലായിരുന്നു ആക്രമണം. ഗുരുതരപരിക്കേറ്റ പ്ലാമുടി ചെറ്റൂർ മാത്യുവിന്റെ ഭാര്യ റോസിലി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുലി സാന്നിധ്യമറിഞ്ഞ്‌ കെണിവച്ചിട്ടും വീണ്ടും പുലിയുടെ ആക്രമണം നടന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഇവിടെ ഒക്ടോബർ ആറിനും  പുലിയാക്രമണം   നടന്നു. കാട്ടാന, പുലി എന്നിവയുടെ ഭീതിയിലാണ് കോട്ടപ്പടി നിവാസികൾ. മലപ്പുറം കരുവാരകുണ്ട് പഞ്ചായത്തിലെ കുണ്ടോട -കൽക്കുണ്ടിൽ കഴിഞ്ഞ 31ന് പെൺകടുവ കുഞ്ഞുമായാണ്‌ നാട്ടിലിറങ്ങിയത്‌‌. അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയിൽ നാലിന്‌ രാത്രി പുലിയിറിങ്ങി വളർത്തുനായയെ കടിച്ചു പരിക്കേൽപ്പിച്ചു.

തുമ്പിക്കൈ ദൂരെ മരണം


എവിടെയും ആന, കൺമുന്നിൽ മരണഭീതി. ഇതാണ്‌ മലയോരത്തെ സ്ഥിതി. ആനയുടെ തുമ്പിക്കൈയിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതാണ് അട്ടപ്പാടി വെച്ചപതി ഊരിലെ രേശൻ. കൃഷിയിടത്തിൽനിന്ന് വരുമ്പോൾ വൈകിട്ട് ആറിന്‌ തുമ്പിക്കൈകൊണ്ട് ചുറ്റിയടിച്ചു. തലയ്‌ക്കും കാലിനും പരിക്കേറ്റു. തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചാണ്‌ ജീവൻ രക്ഷിച്ചത്‌. സമീപത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ട മുരുകനെയും ആന ആക്രമിച്ചു. റോഡിലുടെ നടന്ന്‌ നീങ്ങവെയാണ്‌ തൃശൂർ ശാസ്‌താംപൂവം കോളനിയിൽ നടരാജന്റെ മകൻ സുബ്രഹ്‌മണ്യനെ ആന ഓടിച്ചത്‌.
ചിലർക്ക്‌ ‘സ്വാമി’

ആന ആദിവാസി മേഖലയിലെ ചിലർക്ക്‌ ‘സ്വാമി’യാണെന്നാണ്‌ വിശ്വാസം. ആനയുടെ മുന്നിലെത്തി തൊഴുന്നവരുണ്ട്‌. ഇത്‌ അപകടം വരുത്താറുണ്ട്‌. എന്നാൽ മറ്റു ചിലർ ആനകളെ ശത്രുവായി കാണുന്നു. ആവശ്യമില്ലാതെ ഉപദ്രവിക്കും, പ്രകോപിപ്പിക്കും. ഇത്‌ ആനകളിലെ വന്യത പുറത്തുവരാൻ ഇടയാക്കാറുണ്ട്‌.

(‘നെഞ്ചു പൊട്ടുന്ന കർഷകർ’...
നാളെ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top