26 April Friday

തൃക്കാക്കരയിലെ ബാന്ധവം - ഡോ. ഷിജൂഖാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

തൃക്കാക്കര മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ യുഡിഎഫ് പതിവ് രീതി പുറത്തെടുത്തിരിക്കുന്നു. കോൺഗ്രസും ബിജെപിയും തമ്മിലുണ്ടാക്കിയ അവിശുദ്ധ ബാന്ധവത്തിന്റെ തെളിവാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ബിജെപി ഓഫീസ് സന്ദർശനം. ബിജെപി നേതാവ്‌ കുമ്മനം രാജശേഖരൻ ഓഫീസിലുള്ള സമയത്തുതന്നെ ഇപ്രകാരമൊരു സന്ദർശനം ഒരുക്കിയത്‌ ബിജെപി പ്രവർത്തകരുടെ പിന്തുണ ഉറപ്പുവരുത്താനും ഉന്നതതല നേതൃത്വത്തിന്റെ അറിവോടെയാണ് ധാരണയെന്ന് വ്യക്തമാക്കാനുമാണ്. യുഡിഎഫ് സ്ഥാനാർഥി നിർണയത്തോടെ എറണാകുളത്തെ  കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ശക്തമായ ഭിന്നത ചെറുതല്ലാത്ത ഭയം അവരിൽ ജനിപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിക്ക്‌ ലഭിച്ച വമ്പിച്ച  ജനപിന്തുണയും ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും കേരളത്തിന്റെ വികസനപദ്ധതികളും തൃക്കാക്കരയിലെ സജീവ ചർച്ചാവിഷയമാണ്. പരമ്പരാഗതമായി എൽഡിഎഫിനൊപ്പം നിൽക്കുന്നവരും തൃക്കാക്കരയിൽ മാറ്റം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും പുതുതലമുറയും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഡോ. ജോ ജോസഫിനെ സ്വീകരിച്ചുകഴിഞ്ഞു. കോന്നിയും വട്ടിയൂർക്കാവും നേമവും പിടിച്ചതുപോലെ  ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ മണ്ഡലവും പിടിച്ചെടുക്കുമെന്ന് യുഡിഎഫിന് മനസ്സിലായിത്തുടങ്ങി.

കെ വി തോമസിനെപ്പോലെ തലമുതിർന്ന കോൺഗ്രസ് നേതാവിനെ ക്രൂരമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവിന്റെ ശൈലിയെ സാധാരണ കോൺഗ്രസ് പ്രവർത്തകർപോലും ഇഷ്ടപ്പെടുന്നില്ല. കോൺഗ്രസിനോട് ആശയപരമായി വിയോജിച്ചുകൊണ്ട് ഒട്ടനേകം നേതാക്കൾ ഇടതുപക്ഷത്ത് എത്തുകയുണ്ടായി. ബിജെപിയുമായി രഹസ്യമായും പരസ്യമായും കൂട്ടുചേരുന്ന കോൺഗ്രസ് നയങ്ങളെ എതിർത്തും വികസനവിരുദ്ധമായ കോൺഗ്രസ് സമീപനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചും വന്നവർ അക്കൂട്ടത്തിലുണ്ട്. കെ വി തോമസും പി സി ചാക്കോയും അടക്കമുള്ള  നേതാക്കൾമുതൽ  അനിൽകുമാറും പ്രശാന്തും ഉൾപ്പെടെ യുവനേതാക്കൾവരെ ഇടതുപക്ഷത്തെത്തി. കോൺഗ്രസ് വിട്ടവരെ അടച്ചാക്ഷേപിക്കുന്ന രീതി വി ഡി സതീശൻ സ്വീകരിച്ചത് അപക്വവും മര്യാദക്കേടുമാണ്. എന്നാൽ, കോൺഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ചിരിക്കുന്ന ബിജെപിയോട് കൂട്ടുചേരുന്ന കോൺഗ്രസ് നേതാക്കളെപ്പറ്റി ഒരാക്ഷേപം ഉന്നയിക്കാനും വി ഡി സതീശൻ തയ്യാറല്ല. ശശി തരൂരിനെയും കെ വി തോമസിനെയും  സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കുന്നത്  കെപിസിസി വിലക്കി. എന്നാൽ,  തൃക്കാക്കരയിലെ ബിജെപി ഓഫീസിൽ കോൺഗ്രസിന്  വോട്ടുപിടിക്കാനും അവരുമായി കൈകോർക്കാനും പ്രത്യേക പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ഇതിനെ ഇരട്ടത്താപ്പ് എന്നല്ല വിളിക്കേണ്ടത്. മതനിരപേക്ഷ രാഷ്ട്രീയ പാരമ്പര്യത്തിൽനിന്ന് കോൺഗ്രസ് എത്തിയ ദുർഗതിയെന്നാണ് വിളിക്കേണ്ടത്. ഒരവസരം ലഭിച്ചാൽ താൻ ബിജെപിയിൽ പോകുമെന്ന് പ്രഖ്യാപിച്ച കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ് ഇങ്ങനെയായില്ലെങ്കിലേ അദ്ഭുതമുള്ളൂ.

മതനിരപേക്ഷ മൂല്യങ്ങളിൽ അടിയുറച്ച നെഹ്റുവിയൻ–-ഗാന്ധിയൻ ചിന്തകളെ കോൺഗ്രസ് കൈയൊഴിഞ്ഞിരിക്കുന്നു.  ചിന്തൻ ശിബിരംപോലുള്ള നാടകങ്ങൾ നടത്തുന്ന കോൺഗ്രസ്, രാജ്യത്തിന്റെ ഭാവിയെക്കുറിച്ച്മാത്രം  ചിന്തിക്കുന്നില്ല. ദേശീയതലത്തിൽ  കോൺഗ്രസിനെ വിഴുങ്ങുകയാണ് ബിജെപി. സ്വന്തമായി ഒരു അധ്യക്ഷനോ ഉത്തരവാദപ്പെട്ട അഖിലേന്ത്യ നേതൃത്വമോ ഇല്ലാതായ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയോട് ഗുലാം നബി ആസാദിനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചു. ജി 23  സഖ്യത്തിന്റെ രൂപീകരണം ഇന്നത്തെ കോൺഗ്രസിലുള്ള അവിശ്വാസമാണ് വ്യക്തമാക്കുന്നത്.  കോൺഗ്രസിൽനിന്ന് വൻതോതിൽ കൊഴിഞ്ഞുപോക്കുണ്ടായിരിക്കുന്നു. അധികാരത്തിനും പണത്തിനും സ്ഥാനമാനങ്ങൾക്കുമായി മതരാഷ്ട്രവാദികളുടെ  ചേരിയിലേക്ക് നിർലജ്ജം പോയ അനേകം കോൺഗ്രസുകാരുണ്ട്. അപ്രകാരം ബിജെപിയിലെത്തിയ മുൻകാല കോൺഗ്രസ് നേതാക്കളെപ്പറ്റി വി ഡി സതീശനോ കെ സുധാകരനോ ഒരു വാക്ക് മിണ്ടുന്നില്ല. രാഷ്ട്രീയപരമായ കാരണങ്ങളാൽ കോൺഗ്രസിൽനിന്ന് വിട്ട്,  ഇടതുപക്ഷത്ത് എത്തിയവരെ കടന്നാക്രമിക്കുന്ന കോൺഗ്രസുകാർ ജനങ്ങളിൽനിന്ന് ഒറ്റപ്പെടും.


 

അഖിലേന്ത്യ തലത്തിൽ ബിജെപിയിലേക്ക് എന്തുകൊണ്ടാണ് കോൺഗ്രസിൽനിന്ന് നേതാക്കൾ പോകുന്നതെന്ന ചോദ്യത്തിന് കെ സുധാകരനോ വി ഡി സതീശനോ മറുപടി പറയുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൊട്ടിഘോഷിച്ച യുപിയിലും മണിപ്പുരിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും തോറ്റു തുന്നംപാടിയതിന്റെ കാരണങ്ങൾ അവർ ശരിക്ക്‌ പഠിച്ചിട്ടുമില്ല. മതന്യൂനപക്ഷങ്ങൾ, ദളിതർ തുടങ്ങി കോൺഗ്രസിനൊപ്പം പതിറ്റാണ്ടുകളോളം നിലയുറപ്പിച്ചവരെ വഞ്ചിച്ചതിന്റെ ഫലമാണ് പലയിടത്തും കോൺഗ്രസ് ഇതര, മതനിരപേക്ഷ- പ്രാദേശിക പാർടികളിലേക്ക് ഈ വിഭാഗങ്ങൾ വിശ്വാസമർപ്പിച്ചത്. യുപി അതിന്റെ ഉദാഹരണമാണ്.

കോൺഗ്രസ് നേതാവായിരുന്ന മണിക്‌ സാഹയാണ് ത്രിപുരയിൽ പുതിയ ബിജെപി മുഖ്യമന്ത്രി. ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഹരിയാന, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് കോൺഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയത്. എഐസിസി, പിസിസി ഭാരവാഹികൾ, കോൺഗ്രസ് മുഖ്യമന്ത്രിമുതൽ എംഎൽഎമാർവരെ ഈ ലിസ്റ്റിലുണ്ട്. മണിപ്പുരിലെ ബിരേൻ സിങ്‌, അരുണാചൽ പ്രദേശിലെ പേമ ഖണ്ഡു, അസമിലെ ഹിമന്ത്‌ ബിശ്വ ശർമ, നാഗാലാൻഡിലെ നെയ്ഫിയു റിയോ തുടങ്ങിയവർ ബിജെപി ചേരിയിലെത്തിയ മുഖ്യമന്ത്രിമാരാണ്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, റാവു ഇന്ദ്രജിത്ത് സിങ് എന്നിവർ കോൺഗ്രസിന്റെ സമുന്നത നേതാക്കളായിരുന്നു.

കോൺഗ്രസ് ദേശീയ വക്താവ് ടോം വടക്കനും  കെപിസിസി ഭാരവാഹി രാമൻനായരും കോൺഗ്രസ് വളർത്തിയ മുൻ പിഎസ്‌സി ചെയർമാൻ കെ എസ് രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവർ ബിജെപിയിലെത്തി. ഇടതുപക്ഷ സർക്കാരിനെതിരായ നിരവധി സമരങ്ങളിൽ  ബിജെപി, കോൺഗ്രസ് കൊടികൾ ഒരുമിച്ചുയർത്തി തങ്ങളുടെ ബന്ധം ഊട്ടിയുറപ്പിച്ചു. സിൽവർ ലൈനിനെതിരായ  പ്രക്ഷോഭങ്ങളുടെ പേരിൽ കലാപം സംഘടിപ്പിക്കാനും  ബിജെപിയും കോൺഗ്രസും ഒരുമിച്ചു. എന്നാൽ, ബിജെപിയുടെ രാഷ്ട്രീയത്തെ തുറന്നെതിർക്കുന്ന ഇടതുപക്ഷത്തിന്റെ  നയങ്ങളെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണച്ചു. രാജ്യത്ത് വളർന്നുവരുന്ന ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന ഉത്തമവിശ്വാസത്തിൽ അനേകം പേർ ഇടതുപക്ഷത്തിന്റെ പതാക ഏറ്റെടുക്കാൻ തയ്യാറായി. സംസ്ഥാനത്തിന്റെ വികസനത്തെ തുരങ്കംവയ്ക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടുകളെ സാധാരണ കോൺഗ്രസുകാർ തള്ളിക്കളഞ്ഞു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനും നാടിന്റെ വികസനത്തിനും  ഇടതുപക്ഷമാണ് ബദലെന്ന് തിരിച്ചറിഞ്ഞ്, കോൺഗ്രസ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

തൃക്കാക്കര മണ്ഡലം സ്ഥിതിചെയ്യുന്ന എറണാകുളം ഡിസിസി ഭാരവാഹി ഉൾപ്പെടെ ഇടതുപക്ഷത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തെ ഭയ ചകിതരാക്കിയിരിക്കുന്നു. തീവ്ര മതരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ യുഡിഎഫ് ബന്ധം പരസ്യമായിട്ടായിരുന്നു. സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ജമാഅത്തെ ഇസ്ലാമി പ്രവർത്തിച്ചത്. വികസനവിരുദ്ധതയും കപടപരിസ്ഥിതിവാദവും മതമൗലികവാദപരമായ സമീപനവും സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയോട് മുസ്ലിം സമൂഹത്തിലെ മറ്റ് സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും അവരുമായി കൂട്ടുചേരാൻ കോൺഗ്രസ് തയ്യാറായത് നാല്‌ വോട്ടിനുവേണ്ടിയാണ്. എസ്ഡിപിഐയും ആർഎസ്എസും കലാപശ്രമം നടത്തുമ്പോൾ അതിനെതിരെ ഒരു വാക്ക് മിണ്ടാൻ കോൺഗ്രസ് തയ്യാറാകാത്തത് രണ്ടു വർഗീയതയോടും അവർക്കുള്ള അകൈതവമായ നന്ദിയുടെ ഭാഗമാണ്.

ഇന്ത്യയിൽ ക്രിസ്ത്യൻ ജനവിഭാഗത്തിനെതിരെ ആർഎസ്എസ് ക്രൂരമായ അതിക്രമം അഴിച്ചുവിടുകയും ആരാധനാലയങ്ങളെയും സുവിശേഷ സംഘങ്ങളെയും വേട്ടയാടുകയും ചെയ്യുന്ന കാലമാണിത്. ആർഎസ്എസ് പ്രത്യയശാസ്ത്രത്തോടുള്ള കോൺഗ്രസിന്റെ മൃദുസമീപനം കാണുമ്പോൾ രാജ്യം കത്തുമ്പോൾ വീണ വായിച്ച ചക്രവർത്തിയെയല്ലാതെ ആരെയാണ് നമ്മളോർമിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top