26 April Friday

തൃക്കാക്കര പറയുന്നു
, ഡോക്‌ടർതന്നെ

ടി ആർ അനിൽകുമാർUpdated: Tuesday May 31, 2022

രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയുടെ ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്‌ മാറുന്ന തൃക്കാക്കരയുടെ വിധിയെഴുത്താകും. നവകേരളത്തിനൊപ്പം തൃക്കാക്കരയുടെ വികസന സ്വപ്‌നങ്ങൾക്ക്‌ പുതിയ രൂപവും ഭാവവും നൽകുന്ന ജനവിധിയുടെ അലയൊലികൾ തൃക്കാക്കരയ്‌ക്കുമപ്പുറം മുഴങ്ങും. ഡോ. ജോ ജോസഫിന്റെ സ്ഥാനാർഥിത്വവും വികസനവും രാഷ്‌ട്രീയവും ചർച്ചയാക്കിയുള്ള ചിട്ടയായ പ്രവർത്തനവും എൽഡിഎഫിന്‌ പ്രചാരണത്തിലുടനീളം മേൽക്കൈ നേടിക്കൊടുത്തു.
പാളയത്തിലെ പടയ്‌ക്കു തടയിടാൻ വിവാദങ്ങളെയും അപവാദങ്ങളെയും കൂട്ടുപിടിച്ച്‌ കരകയറാമെന്ന  യുഡിഎഫ്‌  കണക്കുകൂട്ടലുകൾ പാളുന്നതാണ്‌ തൃക്കാക്കരയുടെ അവസാന ലാപിൽ കണ്ടത്‌. പ്രതിപക്ഷ നേതാവിന്റെ ഏകാധിപത്യശൈലിയോട്‌ മനംമടുത്ത മണ്ഡലത്തിലെ കോൺഗ്രസ്‌ നേതാക്കളുടെയും പ്രവർത്തകരുടെയും അമർഷവും പ്രതിഷേധവും പ്രചാരണത്തിലുടനീളം പ്രകടമാകുകയും ചെയ്‌തു.

തൃക്കാക്കരയുടെ വികസനത്തിന്‌ നേതൃത്വം നൽകുന്ന ജനപ്രതിനിധിയെ തെരഞ്ഞെടുക്കാമെന്ന സന്ദേശവുമായി  വികസനവും രാഷ്‌ട്രീയവും ചർച്ച ചെയ്യാൻ  ആഹ്വാനം ചെയ്‌തായിരുന്നു എൽഡിഎഫ്‌ തുടക്കംമുതലേ പ്രചാരണം നയിച്ചത്‌. തൃക്കാക്കരയുടെ സമഗ്രവികസനത്തിനുള്ള പ്രകടപത്രികയും മുന്നോട്ടുവച്ചാണ്‌ എൽഡിഎഫ്‌ വോട്ട്‌ തേടിയതും.  മുകളിൽ കെ–-റെയിലും താഴെ മെട്രോ റെയിലും തൊട്ടരുകിൽ വാട്ടർമെട്രോയും കാക്കനാടുനിന്ന്‌ കിഴക്കോട്ടും പടിഞ്ഞാറ്‌ നഗരത്തിലേക്ക്‌ വീതിയേറിയ റോഡുകളും ഉൾപ്പെടുന്ന ട്രാവൽ ഹബ്ബ്‌ പ്രധാന പദ്ധതിയാണ്‌. വീടില്ലാത്തവർക്ക്‌ വീടും പട്ടയമില്ലാത്ത അർഹർക്ക്‌ പട്ടയവും എൽഡിഎഫ്‌ ഉറപ്പു നൽകുന്നു. കിഴക്കൻമേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കാക്കനാട്ട്‌ പ്രധാന സ്‌റ്റേഡിയവും എല്ലാ വില്ലേജിലും ഒരു കളിസ്ഥലവും പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നു. കേരളത്തിന്റെ സിലിക്കൺവാലിയായ കാക്കനാട്‌ ഇൻഫോപാർക്ക്‌ അടിസ്ഥാനമാക്കി മണ്ഡലത്തിലെ തൊഴിൽരഹിതർക്കായി നൈപുണ്യപരിശീലന പദ്ധതികളും സ്‌റ്റാർട്ടപ് സംരംഭങ്ങളും എൽഡിഎഫ്‌ പ്രകടനപത്രികയിലുണ്ട്‌.

തൃക്കാക്കരയുടെ വികസനം ആഗ്രഹിക്കുന്നവരും വികസനം മുടക്കികളും തമ്മിലുള്ള മൽസരത്തിൽ  നിങ്ങൾ ഏതുപക്ഷത്തെന്ന്‌ നിർണയിക്കുന്ന തെരഞ്ഞെടുപ്പ്‌ എന്ന പ്രാധാന്യം ഓർമിപ്പിച്ചാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനംചെയ്‌തത്‌. അത്‌ അഴിച്ചുവിട്ട അലയൊലികൾ തൃക്കാക്കരയിലും നിന്നില്ല. കൺവൻഷൻ വേദിയിൽ വന്ന്‌ മുൻ കേന്ദ്രമന്ത്രിയും എഐസിസി അംഗവുമായ കെ വി തോമസ്‌ എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ്‌ ക്യാമ്പ്‌ വീണ്ടും ഞെട്ടി.


 

പാർടിയിൽ ചർച്ച ചെയ്യാതെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുംകൂടി യുഡിഎഫ്‌ സ്ഥാനാർഥിയായി  ഉമ തോമസിനെ  തീരുമാനിച്ചതിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനും ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരനും പരസ്യമായി പ്രതിഷേധിച്ചതാണ്‌ യുഡിഎഫ്‌ ക്യാമ്പിലെ ആദ്യ പൊട്ടിത്തെറി. അഭിപ്രായം പറഞ്ഞതിന്‌ പ്രതിപക്ഷ നേതാവ്‌ ഏകാധിപത്യ ശൈലിയിൽ അധിക്ഷേപിച്ചതായി ആരോപിച്ച്‌ ഡിസിസി ജനറൽ സെക്രട്ടറി പാർടി വിട്ട്‌ എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസിന്‌ വീണ്ടും അടിതെറ്റുകയായിരുന്നു. ഐ ഗ്രൂപ്പിനെ പല തട്ടിലാക്കിയും എ ഗ്രൂപ്പിനെ നിശ്ശബ്‌ദമാക്കിയും പ്രതിപക്ഷ നേതാവ്‌ സ്വന്തം ജില്ലയിൽ നടപ്പാക്കുന്ന ഏകാധിപത്യ പ്രവർത്തനശൈലിക്കെതിരായ പ്രവർത്തകരുടെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുമാണ്‌ പാർടിവിട്ട ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ പറഞ്ഞത്‌. മണ്ഡലത്തിലെ  കോൺഗ്രസ്‌ നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുവികാരമാണിതെന്ന്‌ അദ്ദേഹം പറയുമ്പോൾ അതും തെരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾക്കു കാരണമാകുമെന്നും യുഡിഎഫ്‌ ക്യാമ്പ്‌ ഭയക്കുന്നു. വിവാദങ്ങളും അപവാദങ്ങളും പടച്ചുവിടാൻ തുനിഞ്ഞതിനു പിന്നിലും കാൽചുവട്ടിലെ ഈ മണ്ണൊലിപ്പുതന്നെ.

മണ്ഡല രൂപീകരണശേഷം ആകെ മൂന്ന്‌ തെരഞ്ഞെടുപ്പുമാത്രം നടന്ന തൃക്കാക്കരയെ സ്വന്തം പൊന്നാപുരംകോട്ടയെന്നു വിശേഷിപ്പിച്ച കെപിസിസി പ്രസിഡന്റിനും മുൻ പ്രതിപക്ഷ നേതാവിനും തൃക്കാക്കരയിൽ പ്രചാരണത്തിൽ കാര്യമായ പങ്കില്ലാതായതും  കോൺഗ്രസിലെ പടലപ്പിണക്കത്തിന്റെ പ്രകടമായ തെളിവായി.  കെ സുധാകരൻ മണ്ഡലത്തിൽ വന്നപ്പോഴാകട്ടെ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയത്‌ തിരിച്ചടിയായതോടെ തുടർപരിപാടികളിൽനിന്ന്‌ തഴയുകയും ചെയ്‌തു.

വികസന അജൻഡയോ പ്രകടനപത്രികയോ ഇല്ലെങ്കിലും വിവാദവും അപവാദവും കൊഴുപ്പിക്കാൻ യുഡിഎഫ്‌ ക്യാമ്പ്‌ ഏറെ പണിയെടുത്തു.   സഭയുടെ നോമിനിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയെന്നു പറഞ്ഞായിരുന്നു ആദ്യ ആരോപണം. സ്ഥാനാർഥി പ്രഖ്യാപനമറിഞ്ഞ്‌ ആശുപത്രിയിൽ എത്തിയ വാർത്താലേഖകരോട്‌ ആശുപത്രിയിൽ സംസാരിച്ചതിനും ആശുപത്രിയിലെ സഹപ്രവർത്തകർ അഭിനന്ദിച്ചതിനും ലിസി ആശുപത്രിയെ അവഹേളിക്കാനും ശ്രമമുണ്ടായി. അവിടംകൊണ്ടും അടങ്ങിയിരുന്നില്ല. കൂടുതൽ വോട്ട്‌ ലഭിക്കുന്ന ബൂത്തിന്‌ 25,000 രൂപ ഇനാം പ്രഖ്യാപിച്ച്‌ വീണ്ടും വെട്ടിലായി. ജനവികാരം എതിരാകുന്നതുകണ്ടപ്പോൾ ബിജെപിയുമായുള്ള മുൻധാരണപ്രകാരം യുഡിഎഫ്‌ സ്ഥാനാർഥി ബിജെപി  തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ആസ്ഥാനം സന്ദർശിച്ച്‌ സഹായം തേടിയതും വലിയ വിവാദമായി. 

എൽഡിഎഫ്‌ സ്ഥാനാർഥിയുടേതെന്നപേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിക്കുകയും അതു പ്രചരിപ്പിച്ചതിന്‌ കോൺഗ്രസ്‌, മുസ്ലിംലീഗ്‌ നേതാക്കൾ പിടിയിലാകുകയും ചെയ്‌തതാണ്‌ അവസാന റൗണ്ടിൽ തൃക്കാക്കര കണ്ട അധമവേല.  ഇത്തരം ദൃശ്യങ്ങൾ കിട്ടിയാൽ ആരാണ്‌ പ്രചരിപ്പിക്കാത്തതെന്ന്‌ പറഞ്ഞ്‌ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവുതന്നെ ഈ അധമവേലയെ ന്യായീകരിച്ചതോടെ  യുഡിഎഫ്‌ ക്യാമ്പിന്‌ കനത്ത പ്രഹരമായി. തെരഞ്ഞെടുപ്പ്‌ ഇന്നു കഴിയില്ലേ; ഞങ്ങൾക്കും കുടുംബമില്ലേ, മക്കളില്ലേ, അവർക്കും പുറത്തിറങ്ങണ്ടേ എന്ന എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്‌കലിന്റെ വാക്കുകൾ തൃക്കാക്കര ഏറ്റെടുത്തതോടെ കോൺഗ്രസിലെ മഹിളാ നേതാക്കൾപോലും വി ഡി സതീശന്‌ എതിരായി. കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ, എഐസിസി അംഗവും മഹിളാ കോൺഗ്രസ്‌ മുൻ അഖിലേന്ത്യ സെക്രട്ടറിയുമായ സിമ്മി റോസ്‌ബെൽ ജോൺ എന്നിവർ പരസ്യമായിത്തന്നെ  പ്രതികരിച്ചു. കാര്യങ്ങൾ കൈവിട്ടുപോയെന്നു മനസ്സിലായ പ്രതിപക്ഷ നേതാവ്‌ വീണ്ടും മലക്കം മറിഞ്ഞെങ്കിലും തൃക്കാക്കരയുടെ മനസ്സ്‌ ഡോക്ടറുടെ കുടുംബത്തോടൊപ്പമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top