19 April Friday

തിരുത്തും; തൃക്കാക്കരയും

കെ ശ്രീകണ്‌ഠൻUpdated: Saturday May 7, 2022

വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ രംഗത്തിറക്കുകയെന്നത്‌ തെരഞ്ഞെടുപ്പുതന്ത്രങ്ങളിൽ സുപ്രധാനമാണ്‌. എല്ലാ രാഷ്‌ട്രീയ കക്ഷികളും കാലങ്ങളായി ഇതുതന്നെയാണ്‌ അവലംബിക്കുന്നത്‌. പല പേരും മുന്നിൽ എത്തുമെങ്കിലും വിജയസാധ്യതയേറിയ ആളെ സ്ഥാനാർഥിയാക്കും. സ്ഥാനാർഥി നിർണയത്തിൽ പുലർത്തുന്ന സൂക്ഷ്‌മതയും രഹസ്യാത്മകതയുമാണ്‌ ഏറെ പ്രധാനം. തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി നിർണയത്തിലും ഈ ഘടകങ്ങളാണ്‌ മുന്നിട്ടുനിന്നത്‌. സ്ഥാനാർഥിയുടെ പേര്‌ അവസാന നിമിഷംവരെ രഹസ്യമാക്കിവച്ചതാണ്‌ ഏറെ ശ്രദ്ധേയം. ഹൃദ്‌രോഗ ചികിത്സകനും സാമൂഹ്യപ്രവർത്തകനുമായ ഡോ. ജോ ജോസഫിന്റെ സ്ഥാനാർഥിത്വം യുഡിഎഫിനെ മാത്രമല്ല, കേരളത്തിലെ മാധ്യമങ്ങളെയും ഞെട്ടിച്ചു. അവരുടെ അസ്വസ്ഥതയാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ അടക്കമുള്ളവരുടെ പ്രതികരണങ്ങളിൽ തെളിയുന്നത്‌. എൽഡിഎഫ്‌ സ്ഥാനാർഥി ആരെന്ന്‌ അവസാന നിമിഷംവരെയും തങ്ങൾക്ക്‌ മണത്തറിയാൻ കഴിയാത്തതിലുള്ള നിരാശയിൽനിന്ന്‌ മാധ്യമപ്രവർത്തകർ ഇനിയും മോചിതരായിട്ടില്ല.

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ യോഗം ചേർന്നയുടനെ തന്നെ ദൃശ്യമാധ്യമങ്ങൾ ഒരു പേര്‌ ബ്രേക്കിങ്ങായി പുറത്തുവിട്ടു. സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചയിലേക്കുപോലും ആ ഘട്ടത്തിൽ കടന്നിരുന്നില്ല. ദൃശ്യമാധ്യമങ്ങൾ നൽകിയ പേര്‌ പിറ്റേന്ന്‌ പത്രങ്ങളും ആവർത്തിച്ചു. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ സ്ഥാനാർഥിയുടെ പേര്‌ പ്രഖ്യാപിക്കുന്നതുവരെ മാധ്യമപ്രവർത്തകർ ഇരുട്ടിൽ തപ്പുകയായിരുന്നു. ചാരക്കണ്ണുമായി ചുറ്റിത്തിരിഞ്ഞ മാധ്യമങ്ങളെ ഇതുപോലെ അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ നിർത്തിയ സ്ഥാനാർഥി നിർണയം ഇതിനുമുമ്പ്‌ നടന്നിട്ടുണ്ടാകില്ല. തങ്ങൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ കലാശിക്കുമെന്ന മാധ്യമ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ്‌ തൃക്കാക്കര സ്ഥാനാർഥി നിർണയം നൽകിയത്‌. അതോടൊപ്പം മാധ്യമങ്ങളുടെ കഴിവുകേടും സമൂഹത്തിനുമുന്നിൽ അനാവൃതമായി.

ശൂന്യതയിൽനിന്ന്‌ ഉരുത്തിരിഞ്ഞുവന്നതോ ആകാശത്തുനിന്ന്‌ പൊട്ടിവീണതോ അല്ല ഡോ. ജോ ജോസഫ്‌ എന്ന്‌ ഇതിനകം വ്യക്തമായിട്ടുണ്ട്‌. എന്നും ഇടതുപക്ഷത്തോടൊപ്പം ഹൃദയംചേർത്ത്‌ രാഷ്‌ട്രീയം പറഞ്ഞും പ്രളയത്തിലും കോവിഡ്‌ കാലത്തും ജനങ്ങൾക്ക്‌ ഇടയിലേക്കിറങ്ങി ആശ്വാസംപകർന്ന്‌ അവരിലൊരാളായി മാറിയ വ്യക്തിത്വം. രോഗികളെ ചികിത്സിച്ചും തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു വേണ്ടി പ്രവർത്തിച്ചും സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുഴുകിയും പുസ്‌തകമെഴുതിയും അദ്ദേഹം നമുക്ക്‌ ഒപ്പമുണ്ടായിരുന്നു. തൃക്കാക്കരയിൽ മത്സരക്കളത്തിലിറക്കാൻ സിപിഐ എമ്മിന്‌ മറ്റൊരു പേര്‌ തെരയേണ്ടിവന്നില്ല. പക്ഷേ, ഡോ. ജോ ജോസഫ്‌ എന്ന വൈവിധ്യമാർന്ന വ്യക്തിത്വം മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടില്ല. അല്ലെങ്കിൽ കൺവെട്ടത്തുണ്ടായിരുന്നിട്ടും അവഗണിച്ചിരിക്കണം. പ്രഖ്യാപനം വന്നപ്പോഴുള്ള അമ്പരപ്പിനു കാരണവും അതാണ്‌. അതിൽനിന്ന്‌ കരകയറാനുള്ള തത്രപ്പാടിലാണ്‌ മാധ്യമങ്ങളെങ്കിൽ യുഡിഎഫ്‌ നേതാക്കളുടെ അവസ്ഥ ഹൃദയഭേദകമാണ്‌. ‘സഭയിലും ബാഹ്യശക്തിയിലും’ ഉത്തരവാദിത്വം ചാരുന്നത്‌ ആ വെപ്രാളംമൂലമാണ്‌.

രാഷ്‌ട്രീയ കേരളത്തിന്റെ 
ചൂണ്ടുപലക
രാഷ്‌ട്രീയ കേരളത്തിന്റെ ചൂണ്ടുപലകയാകുമോ തൃക്കാക്കര എന്നതാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. വികസനം, മതനിരപേക്ഷ രാഷ്‌ട്രീയം എന്നിവയാണ്‌ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം. നിർദിഷ്ട സിൽവർ ലൈൻ അടക്കം വികസനക്കുതിപ്പിനുള്ള അംഗീകാരം എൽഡിഎഫും അതിന്‌ തടയിടാനുള്ള ജനവിധി യുഡിഎഫും തേടുന്നു. അതിലുപരി രാഷ്‌ട്രീയക്കളത്തിലെ നിർണായക വഴിത്തിരിവുകൾക്ക്‌ തൃക്കാക്കരയിലെ ജനവിധി തുടക്കമാകുമോ എന്നത്‌ ഉപതെരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ്‌ വ്യത്യാസത്തിൽ കൈവിട്ടുപോയ സെഞ്ച്വറിത്തിളക്കം തിരിച്ചുപിടിക്കുകയാണ്‌ എൽഡിഎഫ്‌ ലക്ഷ്യം. തൃക്കാക്കര കൂടി പിടിച്ച്‌ 100 സീറ്റ്‌ തികയ്‌ക്കുമെന്ന പ്രഖ്യാപനം ഇതിനകം എൽഡിഎഫ്‌ ഉയർത്തിക്കഴിഞ്ഞു.

ഉറച്ച കോട്ടയെന്ന്‌ കരുതിയ തൃക്കാക്കര യുഡിഎഫിന്റെ ഉറക്കംകെടുത്താൻ തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകളും മണ്ഡലത്തിന്റെ ചരിത്രവുമാണ്‌ കോൺഗ്രസിന്‌ ഇതുവരെ ആശ്വാസം പകർന്നിരുന്നത്‌. എന്നാൽ, എൽഡിഎഫ്‌ സ്ഥാനാർഥി ഉയർത്തുന്ന വെല്ലുവിളിയും മത്സരം പ്രതീക്ഷിച്ചതിനേക്കാൾ കടുക്കുമെന്ന്‌ ഉറപ്പായതും കോൺഗ്രസ്‌ ക്യാമ്പുകളെ അന്ധാളിപ്പിക്കുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ആദ്യ ഉപതെരഞ്ഞെടുപ്പിനാണ്‌ തൃക്കാക്കരയിൽ കളമൊരുങ്ങുന്നത്‌. 2011 ലാണ്‌ തൃക്കാക്കര മണ്ഡലം നിലവിൽവന്നത്‌. എറണാകുളം, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ മുറിച്ചാണ്‌ തൃക്കാക്കരയ്‌ക്ക്‌ രൂപംനൽകിയത്‌. ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബെന്നി ബഹനാനാണ്‌ വിജയിച്ചത്‌. 2016ൽ ബെന്നി ബഹനാനെ മാറ്റിയാണ്‌ പി ടി തോമസിനെ പകരം രംഗത്തിറക്കിയത്‌. 2011ൽ നിന്ന്‌ 2021ലേക്ക്‌ എത്തുമ്പോൾ കോൺഗ്രസിന്റെ വോട്ടു ഗ്രാഫ്‌ താഴോട്ടാണ്‌. 2011ൽ ബെന്നി ബഹനാന്‌ 22,406 വോട്ട്‌ ഭൂരിപക്ഷം കിട്ടി. 2016ൽ ഭൂരിപക്ഷം 11,996 ആയി താഴ്‌ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്വതന്ത്രനെ 14,329 വോട്ടിനാണ്‌ പി ടി തോമസ്‌ തോൽപ്പിച്ചത്‌. ഉപതെരഞ്ഞെടുപ്പിലെ തീപാറുന്ന മത്സര ചിത്രം മാറ്റിമറിക്കുമോ എന്നതാണ്‌ കോൺഗ്രസിന്‌ മുന്നിലെ വെല്ലുവിളി.

പടലപ്പിണക്കത്തിൽ നീറി കോൺഗ്രസ്‌
സ്ഥാനാർഥി മോഹികളുടെ തള്ളിക്കയറ്റത്തെ തുടർന്നാണ്‌ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തിരക്കിട്ട്‌ കോൺഗ്രസ്‌ സ്ഥാനാർഥിയാക്കിയത്‌. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച കോട്ടയാണെന്ന ധാരണയിലാണ്‌ പലരും സ്ഥാനാർഥിയാകാൻ കുപ്പായം തുന്നിയത്‌. പരമ്പരാഗതമായി എ ഗ്രൂപ്പ്‌ പ്രതിനിധി മത്സരിക്കുന്ന സീറ്റാണ്‌ തൃക്കാക്കര. ബെന്നി ബഹനാനെ മാറ്റി പി ടി തോമസിനെ ഇറക്കിയതും ഗ്രൂപ്പ്‌ പരിഗണനയിലാണ്‌. ഉമ തോമസിനെ സ്ഥാനാർഥിയാക്കിയത്‌  വി ഡി സതീശന്റെമാത്രം തീരുമാനമാണെന്ന ആരോപണം ശക്തമാണ്‌. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഗത്യന്തരമില്ലാതെ ഒപ്പം നിന്നുവെന്നുമാത്രം.

സിറ്റിങ്‌ സീറ്റ്‌ നഷ്‌ടമായാൽ സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിന്റെ മാത്രമല്ല, വി ഡി സതീശന്റെയും നിലനിൽപ്പ്‌ ഭീഷണിയിലാകും. 2021ലെ   തോൽവിയുടെ ഉത്തരവാദിത്വം പേറിയാണ്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെയും സ്ഥാനം തെറിച്ചത്‌. ഒരു വർഷം തികയുംമുമ്പ്‌ തങ്ങളും അതേ പാതയിലാകുമോയെന്ന വി ഡി സതീശന്റെയും കെ സുധാകരന്റെയും ചോദ്യത്തിന്‌ തൃക്കാക്കര ഉത്തരം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top