10 June Saturday

തോൾശീലൈ പോരാട്ടത്തിന്‌ 200

ബാബു കെ പന്മനUpdated: Monday Mar 6, 2023

മനുഷ്യാവകാശ പോരാട്ടങ്ങളുടെയും സ്‌ത്രീമുന്നേറ്റത്തിന്റെയും ചരിത്രത്തിൽ ജ്വലിക്കുന്ന അധ്യായമാണ് രണ്ട്‌ നൂറ്റാണ്ടിനുമുമ്പ് (1822)  കന്യാകുമാരി ജില്ലയിൽ കൽക്കുളത്ത് ആരംഭിക്കുകയും മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിൽക്കുകയും ചെയ്ത പോരാട്ട പരമ്പര.

നമ്മുടെ ജനാധിപത്യ സംവിധാനവും ഭരണഘടനയും അത് മുന്നോട്ടുവയ്‌ക്കുന്ന ധാർമികതയും  കൊടിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ്  ‘തോൾശീലൈ  ഉരിമൈ’ (മാറുമറയ്ക്കൽ അവകാശം)  "ഊഴിയ വേലയ്ക്ക് വിടുതലൈ’ (കൂലിയില്ലാ വേലയിൽനിന്ന്‌ മോചനം)  എന്നീ   ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന പോരാട്ടത്തിന്റെ സ്മരണ പുതുക്കുന്നത്.  ജാതി, ജന്മി നാടുവാഴിത്തത്തിന്റെ തീട്ടൂരങ്ങളുടെയും ആചാര അനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും പേരിൽ നൂറ്റാണ്ടുകളോളം അവഗണനയുടെയും അടിച്ചമർത്തലിന്റെയും ചൂഷണത്തിന്റെയും കയ്‌പുനീർ രുചിച്ചുകൊണ്ടാണ് സവർണാവർണ വ്യത്യാസമില്ലാതെ സ്‌ത്രീകൾ തങ്ങളുടെ ജീവിതം തള്ളിനീക്കിയിരുന്നത്. ഇതിനെതിരെ അവർണ ജാതിയിൽപ്പെട്ട സ്‌ത്രീകളാണ് ആദ്യമായി രംഗത്തെത്തിയത്. തങ്ങളുടെ ആത്മാഭിമാനവും അന്തസ്സും വീണ്ടെടുക്കാൻ സ്‌ത്രീകൾ മുന്നിട്ടിറങ്ങിയ മറ്റൊരു പോരാട്ടം കൊല്ലത്തെ കല്ലമാല പൊട്ടിച്ചെറിയൽ (1915) സമരമായിരുന്നു.

മേൽമുണ്ട് കലാപം, തോൽശീല  സമരം, മുല മാറാപ്പുവഴക്ക്, റവുക്ക സമരം, ചാന്നാർ ലഹള എന്നിങ്ങനെയാണ് സമാനതകളില്ലാത്ത ഈ പോരാട്ടത്തെ ചരിത്രകാരന്മാർ വിശേഷിപ്പിച്ചിട്ടുള്ളത്. എങ്ങനെയൊക്കെ രേഖപ്പെടുത്തിയാലും രാജശാസനകൾക്കും ജാതിവഴക്കങ്ങൾക്കുമെതിരെ സ്‌ത്രീകൾ ഉയർത്തിയ ചരിത്രത്തിലെ ഒരു തീക്കാറ്റ് തന്നെയായിരുന്നു മാറുമറയ്ക്കൽ സമരം. ഈ സമരം  സ്‌ത്രീയുടെ ശരീരത്തിന് / ലൈംഗികതയ്ക്കുമേൽ ഭരണകൂടം / അധികാരസ്ഥാനങ്ങൾ നടത്തുന്ന അധികാരപ്രയോഗങ്ങൾക്കും ആൺകോയ്മാ സങ്കൽപ്പത്തിനും എതിരായ ജൈവപ്രതിരോധം തന്നെയായിരുന്നു. സ്‌ത്രീശരീര കേന്ദ്രിതമായി നടന്ന അനേകം സമരങ്ങൾ നവോത്ഥാനചരിത്രത്തിലുണ്ട്. ഘോഷ ബഹിഷ്കരണം, കല്ലമാല പൊട്ടിച്ചെറിയൽ സമരം, മൂക്കുത്തി സമരം, കമ്മൽ ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരം, മുട്ടിനുതാഴെ വസ്ത്രം ഇറക്കി ഉടുക്കാൻവേണ്ടി നടന്ന സമരം, അച്ചിപ്പുടവ സമരം എന്നിവ ഉദാഹരണങ്ങളാണ്.

പുലപ്പേടി, മണ്ണാപ്പേടി, പറപ്പേടി എന്നീ അന്ധവിശ്വാസങ്ങളും ദേവദാസി സമ്പ്രദായം, താലികെട്ട്, സംബന്ധം, പുളികൂടി, മാറിടം പ്രദർശനം, പാണ്ഡവ വിവാഹം, സ്മാർത്തവിചാരം എന്നീ ആചാരങ്ങളും സ്‌ത്രീകളെ വീട്ടകങ്ങളിൽ തളച്ചിടുന്നതിന് സവർണ പുരുഷാധിപത്യ വ്യവസ്ഥ കണ്ടെത്തിയിരുന്ന ഉപായങ്ങളായിരുന്നു.

ജാതീയതയും ജന്മിത്തവും തൊട്ടുകൂടായ്മയും സൃഷ്ടിച്ച നരകയാതനകളിൽനിന്ന് രക്ഷനേടാൻ അവർണരും ജാതിക്കാരും മതപരിവർത്തനത്തിൽ അഭയം തേടിക്കൊണ്ടിരുന്ന സമയമായിരുന്നു 19–-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. ബ്രിട്ടീഷ് അധിനിവേശത്തെ തുടർന്നുണ്ടായ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റവും മിഷണറിമാരുടെ സാമൂഹ്യ ഇടപെടലുകളും കൊളോണിയൽ വിദ്യാഭ്യാസത്തിലൂടെ നേടിയ ഉണർവും അവർണ വിഭാഗമായ ചാന്നാർ വിഭാഗങ്ങൾക്കിടയിൽ മാറ്റത്തിന്റെ കാറ്റ് വിതച്ചിരുന്നു.

മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന തിരുനെൽവേലി ജില്ലയിലും സമീപസ്ഥലങ്ങളിലും ക്രിസ്തുമതം സ്വീകരിച്ച നാടാർ വിഭാഗം സ്‌ത്രീകൾ 1812ൽ തന്നെ കേണൽ മൺട്രോയുടെ ഉത്തരവിന്റെ പിൻബലത്തിൽ ഒരു ജാക്കറ്റ് ഉപയോഗിച്ച് മാറ് മറച്ചുകൊണ്ട്  പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കന്യാകുമാരി ജില്ലയിലെ  സ്‌ത്രീകളും മതഭേദമന്യേ മാറുമറച്ച് പുറത്തിറങ്ങാൻ തീരുമാനിച്ചു.   സവർണ വിഭാഗത്തിൽപ്പെട്ടവർ ജാത്യാചാരം ഒഴിവാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കുകയും ഇതിനെതിരെ രംഗത്തുവരികയുംചെയ്തു ക്രിസ്തുമതം സ്വീകരിച്ച ഭൂതത്താൻ കുട്ടിയും ഭാര്യ ഇശക്കിയും മാറുമറച്ച് ജന്മിയായ മാടൻ പിള്ളയുമായി  നടന്ന തർക്കമാണ് പൊടുന്നനെ കലാപത്തിലേക്ക് നീങ്ങിയതും 1822ൽ കൽക്കുളത്ത് വലിയ സംഘർഷത്തിൽ കലാശിച്ചതും. 

മാറുമറച്ചാൽ, പുതിയ വേഷമിട്ടാൽ ജാതി തിരിച്ചറിയാൻ കഴിയില്ലെന്ന ന്യായം പറഞ്ഞാണ് ഇരണിയൽ, കൽക്കുളം വിളവൻകോട്, അഗസ്തീശ്വരം, തോവാള തുടങ്ങിയ സ്ഥലങ്ങളിൽ മേൽമുണ്ട് ധരിച്ചുവന്ന സ്‌ത്രീകളെ പൊതുവഴികളിലും ചന്തകളിലുംവച്ച് സവർണ വിഭാഗത്തിൽപ്പെട്ടവർ ക്രൂരമായി മർദിച്ചത്.  ഇതേ സമയത്താണ് വൈകുണ്ഠ സ്വാമികളുടെ പ്രബോധനങ്ങളും സമത്വ സമാജത്തിന്റെ (1836) നേതൃത്വത്തിൽ ഊഴിയം വേലയ്ക്കെതിരെയും വസ്ത്രധാരണത്തിനുവേണ്ടിയുള്ള ആഹ്വാനവും പുറത്തുവരുന്നത്.  വൈകുണ്ഠ സ്വാമിയുടെ പ്രബോധനങ്ങൾ നാടാർ ജനവിഭാഗത്തിനിടയിൽ വലിയ സ്വീകാര്യത സൃഷ്ടിച്ചു. നവോത്ഥാനത്തിന്റെ പെരുന്തച്ചൻ എന്ന വിശേഷണത്തിന് ഉടമയായ വൈകുണ്ഠ സ്വാമികൾ രാജാധികാരത്തിന്റെ നിർദാക്ഷിണ്യത്തെ  കടന്നാക്രമിച്ചതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടു. ബ്രിട്ടീഷുകാരെ വെൺനീചനെന്നും രാജാവിനെ അനന്തപുരി നീചനെന്നും സവർണ ബ്രാഹ്മണ്യത്തെ കരിനീചൻ എന്നും വിശേഷിപ്പിച്ച വൈകുണ്ഠ സ്വാമികളാണ്  കേരളീയ നവോത്ഥാനത്തിന്റെ ദിശാബോധത്തിന് അടിത്തറയിട്ടത്.

1823നും 1859നും ഇടയിൽ  നിരവധി കോടതിവിധികളും രാജശാസനങ്ങളും സമരങ്ങളും സംഘർഷങ്ങളും  മേൽമുണ്ട് ധരിക്കാൻ വേണ്ടിയുള്ള അവകാശ സമരവുമായി ബന്ധപ്പെട്ട്  അരങ്ങേറി. 1859 ജൂലൈ 28ന് ഉത്രം തിരുനാൾ മാർത്താണ്ഡവർമയുടെ "മേൽജാതി സ്‌ത്രീകളുടെ വസ്ത്രധാരണ രീതിയെ അനുകരിക്കാതെ ചാന്നാർ സ്‌ത്രീകൾക്ക് മതഭേദമന്യേ മേൽശീല ധരിക്കാമെന്ന’ വിളംബരത്തോടെയാണ് "തോൾ ശീലൈഉരുമൈ’ സമരത്തിന് തിരശ്ശീല വീണത്.

(പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top