29 March Friday

കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം; കാലവർഷം കടുക്കും

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കുസാറ്റിലെ അഡ്വാൻസ്‌ഡ്‌ സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക്‌ റഡാർ റിസർച്ച്‌ ഡയറക്ടർ ഡോ. എസ്‌ അഭിലാഷിന്റെ മേൽനോട്ടത്തിൽ കുസാറ്റിലെ ഗവേഷക വിദ്യാർഥിയായ ശ്രീനാഥ്‌ നടത്തിയ പഠനത്തിൽനിന്ന്‌

മൺസൂൺ കാലയളവിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്‌ ലഭിക്കുന്ന മഴപെയ്ത്തിന്റെ സ്വഭാവത്തിൽ വ്യതിയാനം വന്നതായി നേച്ചർ മാഗസിനിൽ  പ്രസിദ്ധീകരിക്കപ്പെട്ട പഠനം. മൺസൂൺ സീസണിലെ രണ്ട്‌ കാലയളവിലായി (1980-–-1999, 2000–-2019) നടത്തിയ പഠനത്തിൽ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിൽ (2000-–-2019) മേഘങ്ങളുടെ ഘടനയിലും സ്വഭാവത്തിലും വലിയ വ്യത്യാസമാണ് കാണപ്പെടുന്നത്. ഈ സമയത്തുണ്ടായ മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരുന്നതായും തൽഫലം ഉയർന്ന മേഘപാളികളിൽമാത്രം സാധാരണ രൂപപ്പെടുന്ന ഐസിന്റെ സാന്നിധ്യത്തിൽ മഴ രൂപീകരണ പ്രക്രിയ ത്വരിതപ്പെടുകയും മഴ വെള്ളത്തിന്റെ അളവ് വർധിക്കുന്നതായുമാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

1980 മുതൽ 2019 വരെയുള്ള കാലയളവിൽ മഴ പെയ്ത്തിന്റെ തോതും ക്രമാനുഗതമായുള്ള മേഘങ്ങളുടെ കുത്തനെയുള്ള വളർച്ചയും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നതായും പഠനം രേഖപ്പെടുത്തുന്നു. ഉയരത്തിൽ വളരുന്ന ഇത്തരത്തിലുള്ള മേഘങ്ങളുടെ (കൂമ്പാര മേഘങ്ങൾ, ഉയർന്ന സംവഹനശേഷിയുള്ള മേഘങ്ങൾ) ക്രമാനുഗതമായ മാറ്റം ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് കേരളത്തോടു ചേർന്നുള്ള കടൽത്തീരത്താണ്. 2019 ആഗസ്‌തിൽ കേരളം കടന്നുപോയ പ്രളയത്തിന് കാരണമായി ആ സമയത്തുണ്ടായ കൂമ്പാര മേഘങ്ങളും തുടർന്നുണ്ടായ ലഘു മേഘവിസ്‌ഫോടനവും ആണെന്നാണ് മുൻ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ മേഘവിസ്‌ഫോടനങ്ങൾക്ക് കാരണമായിത്തീരുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമതീരത്ത്‌ സംജാതമായിക്കൊണ്ടിരിക്കുന്നത്. മഴ പെയ്ത്തിന്റെ തീവ്രത കൂടുന്നതും അന്തരീക്ഷ അസ്ഥിരത വർധിക്കുന്നതും ഇത്തരം മാറ്റത്തെ സാധൂകരിക്കുന്ന സൂചകങ്ങളായാണ് പഠനം വിലയിരുത്തുന്നത്.

മഴയുടെ കാലാന്തരത്തിലുള്ള ഇത്തരം മാറ്റത്തിലേക്ക് നയിക്കുന്ന പ്രധാനമായ ചില കാരണങ്ങൾ പഠനം മുന്നോട്ട് വയ്ക്കുന്നു. അതിൽ ഒന്നാമത്തേത് ആശങ്കാവഹമായി വർധിക്കുന്ന പടിഞ്ഞാറൻ തീരത്തോടുചേർന്ന അറബിക്കടലിന്റെ ഉപരിതല താപനിലയാണ്. തീരത്തോടു ചേർന്നുള്ള സൗത്ത് ഏഷ്യൻ സമ്മർ മൺസൂൺ വിതരണത്തിന്റെയും അതിനോടനുബന്ധിച്ച തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗതയിലുള്ള വർധനയും  മഴപെയ്ത്തിലെ സ്വഭാവത്തിലുണ്ടായ ഈ മാറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

മുകളിൽ സൂചിപ്പിച്ച പ്രവണതകൾ തുടരുകയാണെങ്കിൽ കൂമ്പാര മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരുകയും അത് ചിലപ്പോൾ ലഘു മേഘവിസ്‌ഫോടനംപോലുള്ള പ്രതിഭാസങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടാനും കാരണമായേക്കാം. അതിനാൽതന്നെ ജലസ്രോതസ്സുകളാലും ഭൂപ്രകൃതിയാലും വ്യത്യസ്തമായ കേരളംപോലൊരു പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഇത്തരം മാറ്റങ്ങൾ ചിലപ്പോൾ അപ്രവചനീയമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാമെന്ന പ്രാധാന്യമേറിയ വസ്തുതയും പഠനം മുന്നോട്ടുവയ്ക്കുന്നു. മലേഷ്യൻ സർവകലാശാലയിലെ പി വിജയകുമാറും മിയാമി സർവകലാശാലയിലെ ബ്രിയാൻ മാപെസും ഈ പഠനത്തിൽ സഹകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top