25 April Thursday

കേരള വികസനവും കെഎസ്എഫ്ഇയും - ജി തോമസ് പണിക്കർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021

ഇ എം എസ്‌ മന്ത്രിസഭയുടെ കാലത്ത്‌ 1967ൽ രൂപീകരിച്ച സ്ഥാപനമാണ് കെഎസ്എഫ്ഇ. 1969 നവംബർ ആറിന് കേവലം രണ്ട്‌ ലക്ഷം രൂപ മുതൽമുടക്കിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ തൃശൂർ ആസ്ഥാനമായി പത്ത്‌ ശാഖയും 40 ജീവനക്കാരുമായി ഒരു മിസല്ലേനിയസ് നോൺ ബാങ്കിങ്‌ കമ്പനിയായി രജിസ്റ്റർ ചെയ്തു. ആരംഭിച്ച വർഷംമുതൽ ലാഭത്തിലാണ്. സാധാരണ ചിട്ടികളിൽ കണ്ടുവന്ന അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കുന്നതിനാണ് ഇത്തരം സ്ഥാപനം സർക്കാർ ആരംഭിച്ചത്. രൂപീകരണ ലക്ഷ്യം യാഥാർഥ്യമാക്കി സുവർണ ജൂബിലി പിന്നിട്ട് സ്ഥാപനം മുന്നോട്ട് പോകുകയാണ്. ഇപ്പോൾ 100 കോടി അടച്ചുതീർത്ത മൂലധനവും 626 ശാഖയും 13 മേഖലാ ഓഫീസും പത്ത്‌ റിക്കവറി ഓഫീസും ഒരു ഡിജിറ്റൽ ബിസിനസ്‌ സെന്ററും ഹെഡ് ഓഫീസിന് പുറമെയുണ്ട്. 7441 സ്ഥിരം ജീവനക്കാരും 4500 കലക്‌ഷൻ ഏജന്റുമാരും 600 അപ്രൈസർമാരും ജോലി നോക്കിവരുന്നു. തൃശൂരിലെ ആസ്ഥാന മന്ദിരത്തോടൊപ്പം തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ മേഖലാ ഓഫീസുകളും സ്വന്തമായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

പ്രതിമാസം 2421 കോടി ചിട്ടി സലയും 18498.96 കോടി നിക്ഷേപവും 8418.51 കോടി വായ്പയും നിലവിലുണ്ട്. സർക്കാർ ട്രഷറികളിൽ 5009 കോടി രൂപയുടെ അധികനിക്ഷേപമുണ്ട്. നിക്ഷേപത്തിന്റെ ധനവിനിമയ നിരക്ക് 73 ശതമാനമാണ്. 2020–-21 വർഷം 114 കോടി രൂപ അറ്റാദായം നേടി ഇപ്പോൾ വാർഷിക വിറ്റുവരവ് 60,000 കോടി രൂപയിലെത്തിയിരിക്കുന്നു. ചിട്ടി വരിക്കാരും നിക്ഷേപകരും വായ്പയെടുത്തവരുമായി ആകെ 43 ലക്ഷം ഇടപാടുകാർ സ്ഥാപനത്തിലുണ്ട്. അധികധനമായ ട്രഷറി നിക്ഷേപത്തിന് പുറമെ ചിട്ടി സെക്യൂരിറ്റി നിക്ഷേപമായി 7548.34 കോടിയും കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ഫണ്ടിൽ 670.69 കോടി രൂപയുമടക്കം 8219.03 കോടി രൂപ സർക്കാരിന്റെ ദൈനംദിന സാമ്പത്തിക സഹായമായി ട്രഷറിയിലുണ്ട്. ഇങ്ങനെ നേരിട്ട് 13,000 കോടി രൂപ ധനസമാഹരണം നടത്തി നൽകിയതിന് പുറമെ സാമൂഹ്യസുരക്ഷാ പെൻഷൻ ഫണ്ടിനുവേണ്ടി സ്ഥാപനം 2250 കോടി വായ്പയെടുത്ത് നൽകിയിട്ടുണ്ട്. കേരള സർക്കാരിന്റെ അടിസ്ഥാനമേഖല വികസന ഫണ്ടായ കിഫ്‌ബിയിൽ 501.26 കോടി നിക്ഷേപവുമുണ്ട്‌. ചുരുക്കത്തിൽ സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കും വികസനത്തിനും വലിയൊരു പങ്കാണ് കെഎസ്എഫ്ഇ വഹിക്കുന്നത്. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കെഎസ്എഫ്ഇ ശാഖകളുടെ സാന്നിദ്ധ്യം ഉറപ്പാക്കിയും 1000 ശാഖയാക്കി ഉയർത്തുന്നതിനുള്ള നിർദ്ദേശവും കെഎസ്എഫ്ഇഒയു സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്ന നിരവധി പദ്ധതികളും സംഘടനയുടെ എറണാകുളത്തു ചേരുന്ന സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.

(കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ  ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top