29 March Friday

ജനവിശ്വാസ് ഭേദഗതി ബിൽ 2022: ‘മുതലാളിക്ക്‌ ജയിൽ വേണ്ട;പിഴ മതി’

എ കെ രമേശ്‌Updated: Friday Apr 21, 2023

എ കെ രമേശ്‌

എ കെ രമേശ്‌

രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ എത്രമാത്രം മുതലാളി വിരുദ്ധമാണ് എന്ന കാര്യത്തിൽ വേണ്ടത്ര ഗവേഷണങ്ങൾ നടന്നിട്ടില്ലെന്ന് തോന്നൽ  ശക്തിപ്രാപിച്ചു തുടങ്ങിയിട്ട് പത്ത് പന്ത്രണ്ട് വർഷമായി.

മോദി അധികാരത്തിൽ വന്നതോടെയാണ് അക്കാര്യത്തിൽ ഗൗരവപൂർവമായ ഇടപെടൽ നടന്നത് എന്നത് നേരാണ്. എത്രമാത്രം രേഖകളാണ് മുതലാളിമാർ ഫാക്ടറികളിൽ സൂക്ഷിക്കേണ്ടത് ? അതൊക്കെ ഒപ്പിട്ടൊപ്പിട്ട് തളരാനുള്ളതല്ല മുതലാളിമാരുടെ കൈകൾ എന്ന് കണ്ടെത്താൻ മോദി വരേണ്ടി വന്നു. രേഖാ സൂക്ഷിപ്പും സമർപ്പണവും സിമ്പിളാക്കി. ഉദ്യോഗസ്ഥ രാജ് അതോടെ കുറഞ്ഞുവെന്ന് മുതലാളിമാർക്കും തോന്നിത്തുടങ്ങി.

ഇന്ത്യൻ ഫാക്ടറീസ് ആക്ട്, പെയ്മെന്റ് ഓഫ് വേജസ് ആക്ട്, ഇന്റസ്ട്രിയൽ ഡിസ്പ്യൂട്സ് ആക്ട്, തുടങ്ങി ഒട്ടനവധി നിയമങ്ങളായിരുന്നു മുതലാളിമാർക്ക് എടങ്ങേറുണ്ടാക്കി ക്കൊണ്ട് നിയമ പുസ്തകങ്ങളിൽ പുല്ല് തിന്നാതെയും പാതി തിന്നും പാൽ ചുരത്താതെ നിറഞ്ഞു നിന്ന് മുതലാളിമാരെ ഭയപ്പെടുത്തിക്കൊണ്ടിരുന്നത്. ചില കോടതികളെങ്കിലും ആ നിയമങ്ങൾ ഉദ്ധരിച്ച് മുതലാളിമാരെ വല്ലാതെ വിഷമിപ്പിച്ചി ട്ടുമുണ്ട്. അതൊക്കെ ഒറ്റയടിക്ക് റദ്ദാക്കിക്കളയാനാണ് 44 നിയമങ്ങൾ ഒറ്റക്കെട്ടാക്കി കൂട്ടിക്കെട്ടി അവയെ 4 കോഡുക ളാക്കി മാറ്റി പാസ്സാക്കിയെടുത്തത്. എതിർ ശബ്ദങ്ങളൊന്നു മില്ലെന്ന് ഉറപ്പ് വരുത്താനായി തലേന്ന് ഇടതുപക്ഷ എം പിമാരെ സഭയിൽ നിന്ന് പുറത്താക്കിയതിന്റെ പേരിൽ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ച് സഭ വിട്ടിറങ്ങിയ തഞ്ചം നോക്കിയാണ് അവ നിയമങ്ങളാക്കി മാറ്റിയത്.

അതിനൊക്കെ ബി ജെ പി യും ആർ.എസ്.എസ്സും എത്ര പാട് പെട്ടിരിക്കണം എന്ന് എന്നിട്ടും എല്ലാ മുതലാളിമാർക്കും മനസ്സിലായിട്ടില്ല എന്നതാണ് കഷ്ടം. പക്ഷേ അതുകൊണ്ടും തളരില്ല ആർ.എസ്.എസ്.   മുതലാളിമാരോടുള്ള അതിന്റെ നാഭീനാള ബന്ധം അത്രക്ക് അച്ഛേദ്യമാണല്ലോ.അതുകൊണ്ടു തന്നെയാണ് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന എൻ ഡി എ ഗവൺമെന്റ് ജനവിശ്വാസ് ഭേദഗതി ബില്ല് അവതരിപ്പി ക്കാൻ തീരുമാനിച്ചത്. ഈ മൺസൂൺ സെഷനിൽ അത് പാസ്സാക്കിയെടുക്കാനാണ് നീക്കം.

മുതലാളിമാർ നടപ്പാക്കി എന്ന് ഉറപ്പാക്കേണ്ടതായി ഈ മഹാരാജ്യത്ത് പല പല നിയമങ്ങളിലായി 69 233 വകുപ്പുകളു ണ്ടത്രെ. അവയിൽ 26,134 എണ്ണത്തിന്റെ നിർവഹണം പിഴച്ചാൽ മുതലാളിമാർ ജെയിലിൽ കിടക്കേണ്ടി വരുമത്രെ. ഏട്ടിലെ പശുവാണെ ങ്കിലും ഇടക്ക് കയർ പൊട്ടിച്ച് കോടതിയിലെത്തിയാൽ ജെയിലിലാവുക മുതലാളിമാരല്ലെ ?
ആർഎസ്എസ് നേതൃത്വം നൽകുന്ന ഒരു സർക്കാർ ഭരിക്കുമ്പോൾ അത് നടക്കാമോ? അതുകൊണ്ടാണ് ബി ജെ പിക്ക് മഹാഭൂരിപക്ഷമുള്ള ജോയന്റ് പാർലമെന്ററി കമ്മിറ്റി അതിന്റെ റിപ്പോർട്ടിൽ മുതലാളിമാർക്കുള്ള കടുത്ത ശിക്ഷകൾ ഒഴിവാക്കണം എന്ന് ശുപാർശ ചെയ്തത്. പല നിയമങ്ങളിലായി ചിതറിക്കിടക്കുന്ന 3400 വ്യവസ്ഥകൾ മുതലാളിമാർക്കെതിരെ ക്രിമിനൽ നടപടികൾ കൈക്കൊള്ളാൻ അവസരം നൽകുന്നുണ്ട്. ചില്ലറ പിഴയടച്ച് തടി കയ്ച്ചലാക്കാൻ മുതലാളിമാർക്ക് അവസരം നൽകണ മെന്നാണ് ജെ പി സിയുടെ ശുപാർശ.

ഉദാഹരണത്തിന് ട്രെയ്ഡ് മാർക്സ് ആക്ട് വ്യവസ്ഥകൾ ലംഘിച്ചാൽ മുതലാളിയെ 3 വർഷം വരെ തടവിലാക്കാം. എന്നാൽ ഒരു ലക്ഷം രൂപ അടച്ച് ഇല്ലാത്ത ട്രെയ്ഡ് മാർക്ക് ഉണ്ടെന്ന് പരസ്യം ചെയ്യാൻ മുതലാളിക്ക് അവസരം കിട്ടിയാലോ? അതിന് വേണ്ടി ഉണ്ടാക്കിയ നിയമത്തിന്റെ പേരാണ് ജനവിശ്വാസ് ഭേദഗതി നിയമം 2022.
അതേ പോലെ 1986 ൽ പാസ്സാക്കിയ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ജെയിൽ കയറേണ്ട മുതലാളി പിഴയടച്ചാൽ മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ പേരാണ് ജനവിശ്വാസ് ഭേദഗതി നിയമം 2022.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹാനികരമായ ഭക്ഷണം വിറ്റാൽ നൽകാവുന്ന ശിക്ഷ ഈ വിശ്വാസ ഭേദഗതി നിയമപ്രകാരം 3 ലക്ഷം രൂപ പിഴയും 3 മാസം തടവുമാക്കി മാറ്റി.
ജനവിശ്വാസ് അമെന്റ്മെന്റ് ഓഫ് പ്രൊവിഷൻസ് ബിൽ 2022 എന്നാണ് നിയമത്തിന്റെ മുഴുപ്പേര്. ജന വിശ്വാസ ഭേദഗതി എന്ന് പറഞ്ഞാൽ കാര്യം കൃത്യമാവും. ജനവിശ്വാസത്തെ ത്തന്നെ ഭേദഗതി ചെയ്യുകയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യത്തെ നിയമ നിർമ്മാണ സഭകൾ എന്ന വിശ്വാസമാണ് മാറ്റിമറിക്കപ്പെടു ന്നത്. മുതലാളിമാർക്ക് വേണ്ടി നിയമ നിർമ്മാണം നടത്തേണ്ട സഭകളാണ് പാർലമെന്റ് എന്നു തന്നെയാണ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top