03 December Sunday
വൈദ്യുതി ‘പരിഷ്കാരങ്ങൾ’

ഊർജഭീമന്മാർക്ക് കൊള്ളലാഭം

വിജൂ കൃഷ്ണൻUpdated: Saturday Sep 16, 2023

നരേന്ദ്രമോദി സർക്കാർ വൈദ്യുതി മേഖലയിൽ ‘പരിഷ്കാരങ്ങൾ' അതിവേഗത്തിൽ നടപ്പാക്കുകയാണ്‌. കർഷകസമരത്തെ തുടർന്ന്‌ 2021ൽ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായപ്പോൾ, കർഷകരുടെ ആശങ്കകൾ കണക്കിലെടുക്കാതെ വൈദ്യുതി നിയമ (ഭേദഗതി) ബില്ലുമായി മുന്നോട്ടുപോകില്ലെന്ന്‌ ഉറപ്പ്‌ നൽകിയിരുന്നു. ഇത്‌ ലംഘിച്ചിരിക്കയാണ്‌. മോദിയുടെ മുൻഗാമിയായ വാജ്‌പേയി അമേരിക്കൻ മൂലധനം ആകർഷിക്കാനായി 2001-ൽ ഊർജമേഖലയുടെ നിയന്ത്രണം എടുത്തുകളഞ്ഞ്‌ ഉൽപ്പാദന, പ്രസരണ, വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് യഥേഷ്ടം സ്വാതന്ത്ര്യം നൽകുന്ന വൈദ്യുതി ബില്ലിന്‌ രൂപം നൽകി. 1948ലെ വൈദ്യുതി (വിതരണ) നിയമത്തിലും സംസ്ഥാന വൈദ്യുതി ബോർഡുകളെ നിയന്ത്രിക്കുന്ന നിയമങ്ങളിലും സാമൂഹ്യ,- സാമ്പത്തിക വികസനത്തിനും സമൂഹത്തിന്‌ താങ്ങാവുന്ന താരിഫ് എന്നതിനുമായിരുന്നു ഊന്നൽ നൽകിയത്‌. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും കാർഷിക വികസനത്തിനും ദരിദ്രർക്കും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വൈദ്യുതി സബ്‌സിഡി നൽകിയിരുന്നത്‌. ഇത്‌ ഉപയോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കി. അധിക ചെലവ് സർക്കാർ ബജറ്റ്‌ വിഹിതത്തിലൂടെയും മറ്റും കണ്ടെത്തി. എന്നാൽ നവലിബറൽ നയങ്ങളും കോർപറേറ്റുകളുടെ കുത്തകവൽക്കരണവും ഈ വ്യവസ്ഥിതിയെ അട്ടിമറിക്കാൻ ശ്രമിച്ചു. വൈദ്യുതി ജീവനക്കാരുടെയും കർഷകരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ദൃഢമായ ചെറുത്തുനിൽപ്പ് അത്തരം ശ്രമങ്ങളെ തടസ്സപ്പെടുത്തി.

2001-ൽ വാജ്‌പേയി സർക്കാർ കൊണ്ടുവന്ന വൈദ്യുതി ബിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമാക്കിയാണ്‌ 2003ൽ പാർലമെന്റ്‌ പാസാക്കിയത്‌. താരിഫ് നിയന്ത്രണങ്ങളിൽ 2003ലെ നിയമത്തിലെ സെക്‌ഷൻ 61ൽ വൈദ്യുതിയുടെ ഉൽപ്പാദനം, പ്രസരണം, വിതരണം എന്നിവ വാണിജ്യാടിസ്ഥാനത്തിലായിരിക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു. വൈദ്യുതി വിതരണ ചെലവിനെ പ്രതിഫലിപ്പിക്കുന്നതായിരിക്കും താരിഫെന്നും ഒപ്പം ക്രോസ് സബ്സിഡി കുറച്ചുകൊണ്ടുവരുമെന്നുമായിരുന്നു നിയമത്തിന്റെ അടിസ്ഥാനം. ക്രോസ് സബ്‌സിഡി ഇല്ലാതാക്കാൻ വ്യവസ്ഥചെയ്യുന്ന മേൽപ്പറഞ്ഞ നിയമത്തിലെ വകുപ്പ്‌ ഭേദഗതിചെയ്‌തുകൊണ്ട്‌ 2007-ലെ ഇലക്‌ട്രിസിറ്റി (ഭേദഗതി) ആക്‌ട് പാസാക്കി. ഇടതുപക്ഷ പാർടികളുടെ ഇടപെടലിനെ തുടർന്ന്‌ ഒന്നാം യുപിഎ സർക്കാരിനായി തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. എന്നാൽ 2014-ൽ മോദി അധികാരത്തിൽ വന്ന് ആറ്‌ മാസത്തിനുള്ളിൽ മേഖലയിലെ നിലവിലുള്ള സാഹചര്യം സമഗ്രമായി പഠിക്കാതെ മറ്റൊരു കരട് ബിൽ കൊണ്ടുവന്നു. മഹാമാരിയിലും അടച്ചിടലിലും ജനങ്ങൾ വലയുമ്പോഴും കുത്തക മൂലധനത്തിന്റെ കൽപ്പനയനുസരിച്ച്‌ കൊണ്ടുവന്ന മൂന്ന്‌ കാർഷിക നിയമവും ലേബർ കോഡുകളും ഉൾപ്പെടെയുള്ള നിയമങ്ങൾ പോലെയാണ്‌, വൈദ്യുതി മേഖലയെ മൊത്തം തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള വൈദ്യുതി (ഭേദഗതി) ബിൽ 2020 ഏപ്രിൽ 17നും തുടർന്ന്‌ 2022 ആഗസ്‌ത്‌ എട്ടിനും പാർലമെന്റിൽ അവതരിപ്പിച്ചത്‌.


 

കലിഫോർണിയയിലെ വൈദ്യുതി പ്രതിസന്ധി ഇന്ത്യക്കും പാഠമാണ്‌. പ്രത്യേകിച്ചും വൈദ്യുതി നിയമ ഭേദഗതിയും സ്മാർട്ട് മീറ്ററുകളുമായി മോദി സർക്കാർ മുന്നോട്ട് പോകുമ്പോൾ. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾക്കെതിരെ ചെറുത്തുനിൽപ്പുയർന്നപ്പോൾ, ഇന്ത്യയിലെ കുതന്ത്രശാലികളായ ഭരണവർഗം അത് ആദ്യം കേന്ദ്രഭരണപ്രദേശങ്ങളിൽ നടപ്പാക്കാൻ ശ്രമിച്ചു. ദാദർ ആൻഡ്‌ നഗർ ഹവേലിയിലെ എല്ലാ ആസ്‌തികളും ഗുജറാത്ത് ആസ്ഥാനമായുള്ള ടോറന്റ്‌ എന്ന കമ്പനിയിലേക്ക് മാറ്റി. ഈ കമ്പനിയുടെ അറ്റാദായം 2022-–-23 സാമ്പത്തിക വർഷം 371 ശതമാനം വർധിച്ച് 458.7 കോടിയിൽനിന്ന് 2164.6 കോടി രൂപയായി, വരുമാനം ഏകദേശം 80 ശതമാനം ഉയർന്നു. കാലക്രമേണ ഗ്രിഡ് സാങ്കേതികവിദ്യയുടെ ആധുനികവൽക്കരണത്തിലും മറ്റും വലിയ ചെലവുകൾ ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്കുമേൽ വലിയ ഭാരം അടിച്ചേൽപ്പിച്ചു.

മോദിഭരണത്തിന് കീഴിൽ അദാനിയും അംബാനിയും ടാറ്റയും വൈദ്യുതി മേഖലയിൽ പിടിമുറുക്കുകയാണ്‌. 13,650 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള എൻ‌ടി‌പി‌സിക്ക്‌ പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉൽ‌പ്പാദകരാണ് തങ്ങളെന്നാണ്‌ അദാനി പവർ ലിമിറ്റഡ് അവകാശപ്പെടുന്നത്‌. പുനരുപയോഗ ഊർജ മേഖലയിലാകട്ടെ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) ഏറ്റവും വലിയ നിക്ഷേപകനാണ്‌. സ്വകാര്യ താപവൈദ്യുതി ശേഷിയുടെ 22 ശതമാനവും ഏറ്റവും കൂടുതൽ സോളാർ, വിൻഡ്‌ പ്ലാന്റുകളും ഇന്ത്യയിലെ സ്വകാര്യ വൈദ്യുതി പ്രസരണത്തിന്റെ 51 ശതമാനവും അദാനി നിയന്ത്രിക്കുന്നു. അനിൽ അംബാനിയുടെ റിലയൻസ് പവർ ലിമിറ്റഡും ടാറ്റ പവർ ലിമിറ്റഡുമാണ്‌ ഊർജമേഖലയിലെ മറ്റ് ചില പ്രധാനികൾ.


 

തൊഴിലാളികളുടെയും കർഷകരുടെയും യോജിച്ച പോരാട്ടം വഴി പരിഷ്‌കരണത്തിന്‌ തിരിച്ചടി നേരിട്ട സർക്കാർ ഇപ്പോൾ തങ്ങളുടെ ഏറ്റവും മികച്ച നീക്കമായ "സ്മാർട്ട് മീറ്ററുകൾ" നടപ്പാക്കുകയാണ്‌. മുൻകൂട്ടി പൈസ നൽകിയാൽ മാത്രം വൈദ്യുതി ലഭിക്കുന്ന പ്രീ-പെയ്ഡ് മീറ്ററുകൾക്കുള്ള തുടക്കമാണിത്‌. പ്രീ-പെയ്ഡ് മീറ്ററുകൾ പൂജ്യത്തിൽ എത്തിയാൽ ഉടൻ തന്നെ കണക്ഷൻ വിച്ഛേദിക്കും. പുനഃസ്ഥാപിക്കാൻ 500 രൂപ പിഴയീടാക്കും.  2025 ഏപ്രിലോടെ എല്ലാ കാർഷിക വൈദ്യുതി കണക്ഷനുകളെയും വേർതിരിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം എല്ലാ കുഴൽക്കിണറുകളും ജലസേചന മോട്ടോറുകളും സ്മാർട്ട് മീറ്ററുകൾ ഉപയോഗിച്ച് ബന്ധിപ്പിക്കും. യൂണിറ്റിന്‌ 10 രൂപ നിരക്കിൽ 7.5 കുതിരശക്തിയുള്ള പമ്പിന് പ്രതിദിനം 6 മണിക്കൂറിൽ 34 യൂണിറ്റ് ഉപയോഗിച്ചാൽ 340 രൂപ ചാർജാകും. അതായത്‌ മാസം 10,200 രൂപ. ആറ്‌ വർഷത്തിലൊരിക്കൽ മീറ്ററുകൾ മാറ്റിസ്ഥാപിക്കാൻ ഏകദേശം 15,000- രൂപ ആവർത്തന ചെലവും  വരും.

ക്രോസ്‌ സബ്‌സിഡിയും കർഷകർക്കും പാവപ്പെട്ടവർക്കും സൗജന്യനിരക്കിൽ വൈദ്യുതിയും ഇ
തോടെ ഇല്ലാതാകും. ഉത്തർപ്രദേശിലും ആന്ധ്രയിലും കർഷകർ സ്മാർട്ട് മീറ്ററുകൾ പിഴുതെറിയാൻ കാരണവും ഇതാണ്‌. നിലവിൽ ആന്ധ്ര സർക്കാർ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പോലെയുള്ള വ്യത്യസ്ത പ്രലോഭനങ്ങൾ വയ്‌ക്കുന്നു. ഇത്തരം പ്രലോഭനങ്ങളിൽ വീഴുന്നത് കർഷകർക്കും കൃഷിക്കും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും മരണമണിയാകും. എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി ചെറുത്തുനിൽക്കേണ്ടത്‌ അനിവാര്യമാണ്‌. കർഷകരെയും ഉപയോക്താക്കളെയും ദോഷകരമായി ബാധിക്കുന്നതൊന്നും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കേരളത്തിൽ എൽഡിഎഫ് സർക്കാർ ടോട്ടക്‌സ്‌ മോഡൽ (ടോട്ടൽ എക്സ്പെൻഡിച്ചർ മോഡൽ) സ്മാർട്ട് മീറ്ററുകൾ ചെറുക്കാനുള്ള വഴി കാണിച്ചു തന്നു. കേന്ദ്രസർക്കാർ നിശ്ചയിച്ച വഴികളിലുടെ ഗൂഢമായി മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ നിർദാക്ഷിണ്യം എതിർത്തുകൊണ്ടുള്ള സിഐടിയുവിന്റെയും ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സമയോചിതമായ ഇടപെടലിന്റെ ഫലവും കൂടിയാണിത്. ഇനിയും ഇത്തരം ശക്തമായ പ്രതിരോധങ്ങൾ ഉണ്ടാകട്ടെ. ഇരുട്ടിനും നാശത്തിനും എതിരെ; വഞ്ചനയ്ക്കും കോർപറേറ്റ് കൊള്ളയ്ക്കും എതിരെ നമുക്ക് ഒന്നിക്കാം. (അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top