04 December Monday

വ്യക്തിവിവര സംരക്ഷണബിൽ എന്ന മാരകായുധം

സാജൻ എവുജിൻUpdated: Thursday Aug 10, 2023

ഡാറ്റ അഥവാ അടിസ്ഥാനവിവരങ്ങൾ ഏറ്റവും തന്ത്രപ്രധാനവും അമൂല്യവുമായി മാറിയ കാലഘട്ടമാണ്‌ ഇത്‌.  സർക്കാരുകൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡാറ്റ നിർണായകമായി മാറിയിരിക്കുന്നു. അധികാരം പിടിക്കാനും പിടിച്ചെടുത്ത അധികാരം നിലനിർത്താനും ഡാറ്റ ഏറ്റവും ശക്തമായ ആയുധമാണ്‌. കോർപറേറ്റുകൾക്ക്‌ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനും കഴുത്തറുപ്പൻ കൊള്ള നടത്താനും ഡാറ്റ ഒഴിച്ചുകൂടാൻ കഴിയാത്ത ഉപകരണമായി.

ബില്ലിലെ വ്യവസ്ഥകൾ
മോദിസർക്കാർ കൊണ്ടുവന്ന ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണബിൽ ഉയർത്തുന്ന ഭീഷണി ഈ പശ്ചാത്തലത്തിലാണ്‌ കാണേണ്ടത്‌. വ്യക്തിവിവരങ്ങളുടെ ദുരുപയോഗം തടയാനാണ്‌ ഈ നിയമനിർമാണമെന്ന്‌ സർക്കാർ അവകാശപ്പെടുന്നു. പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സംരക്ഷിക്കാനും നിയമപരമായ ആവശ്യങ്ങൾക്കായി ഇത്‌ ഉപയോഗിക്കാനുള്ള അവകാശം ഉറപ്പാക്കാനുമെന്ന വാദത്തോടെ ഇലക്‌ട്രോണിക്‌സ്‌, ഐടി മന്ത്രാലയമാണ്‌ ബിൽ കൊണ്ടുവന്നത്‌. രാജ്യത്തിനകത്തെ ഡിജിറ്റൽ രൂപത്തിലുള്ള വ്യക്തിവിവരങ്ങളാണ്‌ ബില്ലിന്റെ പരിധിയിലുള്ളത്. ഈ വിവരങ്ങൾ ക്രമീകരിക്കാനും ചിട്ടപ്പെടുത്താനും വിദേശത്തേക്ക്‌ അയക്കാം. വിവരങ്ങൾ കൈമാറ്റം ചെയ്യാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക കേന്ദ്രം വിജ്ഞാപനംചെയ്യും. വിവര കൈമാറ്റത്തിന്‌ വ്യവസ്ഥകൾ കൊണ്ടുവരും. അതേസമയം രാജ്യസുരക്ഷ, ക്രമസമാധാനം, ഗവേഷണം, ആർക്കൈവ്‌സ്‌, സ്ഥിതിവിവരക്കണക്ക്‌ എന്നീ മേഖലയിലെ പ്രവർത്തനങ്ങളെ ബില്ലിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കി.

ഡാറ്റ പ്രൊട്ടക്‌ഷൻ ബോർഡ്‌ ഓഫ്‌ ഇന്ത്യ രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. നിരീക്ഷണം, പിഴ ചുമത്തൽ, നിയമലംഘനം ഉണ്ടായാൽ നടപടി സ്വീകരിക്കാൻ വിവരങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക്‌ നിർദേശം നൽകൽ, ഇരകളുടെ പരാതി കേൾക്കൽ എന്നിവയാണ്‌ ബോർഡിന്റെ ചുമതലകൾ. കുട്ടികളെ സംബന്ധിച്ച വ്യവസ്ഥകളുടെ ലംഘനത്തിന്‌ 200 കോടിയും വിവര ചോർച്ച ഉണ്ടായാൽ 250 കോടി രൂപയുമാണ്‌ പിഴ.
സർക്കാരിൽ പ്രവർത്തിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ പങ്കിടുന്നത്‌ നിരോധിക്കാൻ വിവരാവകാശനിയമം ഭേദഗതി ചെയ്യാൻ ഈ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. വിവരങ്ങൾ ദുരുപയോഗം ചെയ്യുന്ന കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന ഐടി നിയമം–-2000ല 43എ വകുപ്പ്‌ ഭേദഗതി ചെയ്യാൻ ബില്ലിൽ വ്യവസ്ഥയുണ്ട്‌.

ആശങ്ക, ഭീഷണി
വ്യക്തിവിവരങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ പൗരന്മാരുടെ സ്വകാര്യതയും  ജനാധിപത്യപ്രക്രിയയും  മാധ്യമസ്വാതന്ത്ര്യവും അപകടത്തിലാകുന്ന  വ്യവസ്ഥകളാണ്‌  ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. പൗരന്മാരെ നിരീക്ഷിക്കാൻ കേന്ദ്രത്തിനും വിവിധ സർക്കാർ ഏജൻസികൾക്കും വിപുലമായ അധികാരം നൽകുന്നു. ഇസ്രയേലിൽനിന്ന്‌ വാങ്ങിയ ചാര സോഫ്‌റ്റ്‌വെയർ പെഗാസസ്‌ ഉപയോഗിച്ച്‌ രാജ്യത്തെ പൗരന്മാരെ കേന്ദ്രം നിരീക്ഷിച്ചത്‌ ഈ സാഹചര്യത്തിൽ ഓർക്കണം.

‘പൊതുതാൽപ്പര്യം മുൻനിർത്തി’ ഏതു ഡിജിറ്റൽ ഉള്ളടക്കവും സെൻസർ ചെയ്യാനും ബിൽ നിയമമാകുന്നതോടെ  സർക്കാരിനു കഴിയും. മാധ്യമസ്വാതന്ത്ര്യം കടുത്ത പ്രതിസന്ധിയിലാകും. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ പ്രകടനസ്വാതന്ത്ര്യം അട്ടിമറിക്കുന്ന നീക്കമാണ്‌ ഇത്‌. ജസ്റ്റിസ്‌ ബി എൻ ശ്രീകൃഷ്‌ണ വിദഗ്‌ധസമിതി റിപ്പോർട്ടും പുട്ടസ്വാമി കേസിൽ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിന്യായത്തിലെ നിർദേശങ്ങളും മാനിക്കാതെയാണ്‌ കേന്ദ്രം ഈ ബിൽ തയ്യാറാക്കിയത്‌.

പൗരന്മാരുടെ വ്യക്തിവിവരങ്ങൾ അനുമതി കൂടാതെ ശേഖരിക്കാനും കൈവശം വയ്‌ക്കാനും സർക്കാരിന്‌  അധികാരമുണ്ടാകും. വിവരശേഖരം ചില രാജ്യങ്ങളിലേക്ക്‌ അയക്കുന്നത്‌ നിരോധിക്കുമെന്ന്‌ സർക്കാർ പറയുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളിൽനിന്ന്‌ ഈ ‘നിരോധിത രാജ്യങ്ങളിൽ’എത്തുന്നത്‌ തടയാൻ കഴിയുമെന്ന്‌ ഉറപ്പില്ല. സബ്‌സിഡി, ആനുകൂല്യങ്ങൾ, സർട്ടിഫിക്കറ്റ്‌ എന്നിവ വാഗ്‌ദാനംചെയ്‌ത്‌ വിവരങ്ങൾ ശേഖരിക്കാം. കോർപറേറ്റ്‌ ചാരവൃത്തിക്കും ഇത്‌ വഴിയൊരുക്കും. അതേസമയം,  പൗരന്മാർക്ക്‌ കേന്ദ്രത്തിന്‌ എതിരെയോ ഡാറ്റ പ്രൊട്ടക്‌ഷൻ ബോർഡിന്‌ എതിരെയോ കോടതിയെ സമീപിക്കാനാകില്ല.

സർക്കാർ പദവികളിൽ പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്നത്‌ വിവരാവകാശ നിയമം ദുർബലപ്പെടുത്തുന്ന നീക്കമാണ്‌. അഴിമതിക്ക്‌ പ്രോത്സാഹനം നൽകുന്ന നടപടിയായും ഇത്‌ വിലയിരുത്തപ്പെടുന്നു.  വിവര ചോർച്ചയ്‌ക്ക്‌  വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ ചുമത്താവുന്ന പരമാവധി പിഴ 500 കോടിയിൽനിന്ന്‌ 250 കോടിയായി കുറച്ചു. ബിൽ കൂടുതൽ പരിശോധനയ്‌ക്ക്‌ സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിടണമെന്ന പ്രതിപക്ഷ ആവശ്യം ഐടി മന്ത്രി അശ്വനി വൈഷ്‌ണവ്‌ അംഗീകരിച്ചില്ല.  പാർലമെൻറിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെ പാസാക്കി.  കഴിഞ്ഞവർഷം അവതരിപ്പിച്ച ഡാറ്റ സംരക്ഷണ ബിൽ  പ്രതിഷേധത്തെത്തുടർന്ന്‌ പിൻവലിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top