30 May Tuesday

വർഗീയത മുളയ്‌ക്കാത്ത തലശേരി

ഡോ. എ വത്സലൻUpdated: Wednesday Dec 15, 2021

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊന്ന്‌ ഡിസംബർ 28നു തുടങ്ങിയ തലശേരി കലാപം കേരളത്തിൽ നടന്ന ഏറ്റവും രൂക്ഷമായ വർഗീയ കലാപങ്ങളിൽ ഒന്നാണ്.  ഉത്തരേന്ത്യയിലേതുപോലെ വർഗീയ കലാപത്തിലൂടെ സ്വാധീനമുറപ്പിക്കാനുള്ള സംഘപരിവാർ സംഘടനകളുടെ നീക്കമാണ് തലശേരി  കലാപത്തിലേക്ക് നയിച്ചത്. ചരിത്രം വളച്ചൊടിക്കുന്നതിലും ദുർവ്യാഖ്യാനിക്കുന്നതിലും ഏതറ്റംവരെയും പോകുന്ന സംഘപരിവാറിന്റെ കുത്സിത നീക്കങ്ങൾ തിരിച്ചറിയുന്നതിന് കലാപത്തിന്റെ പശ്ചാത്തലവും നാൾവഴികളും പരിശോധിക്കുന്നത് പ്രസക്തമാണ്. തലശേരി  വർഗീയലഹള നടന്നിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്.

ന്യായമായ ഒരു തൊഴിൽസമരത്തെ പൊളിക്കാൻ ആർഎസ്എസ് രംഗത്തിറങ്ങിയതാണ് വിദ്വേഷവിത്ത് വിതച്ചത്. 1966ൽ കേന്ദ്ര സർക്കാർ പാസാക്കിയ ബീഡി ആൻഡ്‌ സിഗാർ വർക്കേഴ്സ് കണ്ടീഷൻ ഓഫ് എംപ്ലോയ്മെന്റ് ആക്ട് 1968 നവംബർ മുതൽ പ്രാബല്യത്തിൽ വരുത്തുന്നതാണെന്ന് ഇ എം എസ് സർക്കാർ പ്രഖ്യാപിച്ചു. നിയമമനുസരിച്ചുള്ള ആനുകൂല്യം തൊഴിലാളികൾക്ക് നൽകാൻ തയ്യാറല്ലാത്ത ബീഡി മുതലാളിമാർ സർക്കാരിനെതിരെ തിരിഞ്ഞു. മാംഗ്ലൂർ ഗണേശ് ബീഡിയും ഭാരത് ബീഡിയും  പ്രവർത്തനം കർണാടകത്തിലേക്ക് മാറ്റി. ബീഡിത്തൊഴിലാളികൾ സമരമാരംഭിച്ചു. സമരത്തെ പരാജയപ്പെടുത്താൻ ‘ഔട്ട് വർക്ക്’ സമ്പ്രദായം തുടങ്ങി. ഗണേശ് ബീഡിയുടെ പേര് മാറ്റി ‘ഗുരുപ്രഭ’, ‘മഹാലക്ഷ്മി’ എന്നീ പേരുകളിൽ കുറഞ്ഞകൂലി കൊടുത്ത് തൊഴിലാളികളെ ചൂഷണം ചെയ്യാനാണ് മുതലാളിമാർ ശ്രമിച്ചത്. ഇതിനുള്ള ഏജന്റുമാരായി പ്രവർത്തിക്കാനും തൊഴിലാളി സമരങ്ങൾ അടിച്ചമർത്താനുമായി ആർഎസ്എസ്, ജനസംഘം പ്രവർത്തകരെയാണ് മുതലാളിമാർ നിയോഗിച്ചത്. തൊഴിലാളികളെ സംരക്ഷിക്കാൻ സിപിഐ എം മുന്നോട്ടുവന്നു.

തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സിപിഐ എം നേതൃത്വത്തിലുള്ള സർക്കാരിന്റെ പരിശ്രമമാണ് കേരള ദിനേശ് ബീഡി സഹകരണസംഘം ആരംഭിക്കാനിടയായത്. അതോടെ ആർഎസ്എസിന്റെ ശത്രുത   ദിനേശ് കമ്പനികളുടെ നേരെയായി.  ആ സാഹചര്യത്തിലാണ് പാർടി തലശേരി മണ്ഡലം സെക്രട്ടറിയായി പിണറായി വിജയൻ ചുമതലയേൽക്കുന്നത്. സിപിഐ എം പ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിച്ച സംഭവത്തിൽ അന്ന് ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‌ ഉൾപ്പെടെ പരിക്കേറ്റു.

കലാപമേഖലയിൽ എ കെ ജി സന്ദർശിച്ചപ്പോൾ (ഫയൽചിത്രം)

കലാപമേഖലയിൽ എ കെ ജി സന്ദർശിച്ചപ്പോൾ (ഫയൽചിത്രം)

മതവിദ്വേഷമുണ്ടാക്കി ഹിന്ദു–-മുസ്ലിം സംഘർഷം വളർത്താനുള്ള പരിപാടികളാണ് ആർഎസ്എസ്  ആവിഷ്കരിച്ചത്. ഇടതുപക്ഷത്തെയും ട്രേഡ് യൂണിയനുകളെയും തകർക്കുന്നതിന് ഹിന്ദു അനുകൂല വികാരമുണർത്തിവിടാൻ അവർ സന്ദർഭം കാത്തിരിക്കുകയായിരുന്നു. മേലൂട്ട് മുത്തപ്പൻ മടപ്പുരയിലെ ഉത്സവത്തിന്‌  കലശ ഘോഷയാത്ര നടത്താറുണ്ടായിരുന്നു. അത്തവണ പതിവിൽനിന്ന് വ്യത്യസ്തമായി രാത്രി വളരെ വൈകി പുറപ്പെട്ട ഘോഷയാത്രയിൽ സ്ത്രീകളോ കുട്ടികളോ ഉണ്ടായിരുന്നില്ല.

കലശ ഘോഷയാത്രയിലേക്ക്  ഒ വി റോഡിലുള്ള നൂർജഹാൻ ഹോട്ടലിൽനിന്ന് ചെരിപ്പേറുണ്ടായി എന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. അക്രമികൾ ഹോട്ടൽ അടിച്ചുതകർക്കുകയും ഹോട്ടലുടമയുടെ മകനെയും സഹായികളെയും മർദിക്കുകയും ചെയ്തു. ഘോഷയാത്രയിൽ ഉണ്ടായിരുന്നവർ നാരങ്ങാപ്പുറം പള്ളിയും മദ്രസയും അയ്യലത്ത് പള്ളിയും പാരഡൈസ് ഹോട്ടലും ആക്രമിച്ചു. പള്ളിയിലെ കാവൽക്കാരനും വഴിയാത്രക്കാരായ മുസ്ലിങ്ങൾക്കും പരിക്കേറ്റു.  പുലരുമ്പോഴേക്കും പ്രത്യാക്രമണമുണ്ടായി.  ഹിന്ദുക്കളുടെ കടകൾ ആക്രമിക്കപ്പെട്ടു. 29നു രാവിലെമുതൽ കിംവദന്തികൾ പ്രചരിച്ചു. ഹിന്ദുക്കളിൽ വലിയൊരു വിഭാഗത്തെ ഇളക്കിവിടുകയെന്ന ലക്ഷ്യത്തോടെ പരത്തിയ നുണക്കഥകൾ ഫലം കണ്ടു. പരക്കെ കൊള്ളയും കൊള്ളിവയ്‌പും തുടങ്ങി.

അന്ന് കൂത്തുപറമ്പ് എംഎൽഎയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ പാർടി പ്രവർത്തകർ കലാപമേഖലയിൽ നിർഭയമായി കടന്നുചെന്നു. പാർടി കൊടികെട്ടിയ കാറിൽ  മുക്കിലും മൂലയിലുമെത്തി. എം വി രാജഗോപാലന്റെ (രാജു മാസ്റ്റർ) നേതൃത്വത്തിൽ പ്രവർത്തകർ മുന്നിട്ടിറങ്ങി. തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി  യോഗം നിർത്തിവച്ച് അഴീക്കോടൻ രാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾ ആഭ്യന്തരമന്ത്രി കെ കരുണാകരനെ കണ്ട്  അദ്ദേഹം ഉടൻ തലശേരിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കെ കരുണാകരൻ എത്തിയില്ല. സിപിഐ എം നേതാക്കൾ കലാപപ്രദേശങ്ങൾ സന്ദർശിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി ‘ആത്മത്യാഗം ചെയ്തുപോലും സാമുദായിക സൗഹാർദം സ്ഥാപിക്കുക’ എന്ന പ്രസ്താവനയിറക്കി.  ജനുവരി ഒന്നിന്‌ ഇ എം എസ് തലശേരിയിൽ എത്തി. ചികിത്സയിലായിരുന്ന എ കെ ജിയും ലഹളബാധിതസ്ഥലങ്ങൾ സന്ദർശിച്ചു.  പ്രാദേശികതലത്തിൽ  സിപിഐ എം സ്ക്വാഡുകൾ, ആർ എസ്എസുകാർ പ്രചരിപ്പിച്ച നുണകൾ തുറന്നുകാട്ടി. മുസ്ലിം പള്ളികളും വീടുകളും സംരക്ഷിക്കാൻ കാവൽനിന്നു. മെരുവമ്പായി–-നീർവേലി സ്ക്വാഡിന്റെ തലവനായിരുന്നു  മാങ്ങാട്ടിടം ലോക്കൽ കമ്മിറ്റിയംഗവും കർഷകസംഘം നേതാവുമായിരുന്ന യു കെ കുഞ്ഞിരാമൻ. കലാപത്തിന്റെ അന്ത്യഘട്ടത്തിലാണ് യു കെ കുഞ്ഞിരാമന്‌ ഹിന്ദുവർഗീയവാദികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.  ജനുവരി നാലിന് യു കെ രക്‌തസാക്ഷിയായി.

സർക്കാർ സംവിധാനം നിഷ്ക്രിയമാക്കി കലാപകാരികൾക്ക് അവസരം നൽകിയെന്ന വിമർശം നേരിടാൻ മാർക്സിസ്റ്റ് പാർടിയാണ് കലാപത്തിന്റെ പിന്നിലെന്ന് ഭരണനേതൃത്വം പ്രചരിപ്പിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോസഫ് വിതയത്തിലിനെ   അന്വേഷണ കമീഷനായി സർക്കാർ നിയമിച്ചു. 1972 മെയ് 31ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ ജ. വിതയത്തിൽ തലശേരിയുടെ സാമൂഹ്യപശ്ചാത്തലം വിലയിരുത്തിക്കൊണ്ട് നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ‘തലശേരിയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും നൂറ്റാണ്ടുകളായി സഹോദരങ്ങളെപ്പോലെ ജീവിച്ചുവരികയായിരുന്നു. ആർഎസ്എസും ജനസംഘവും അവരുടെ ഘടകങ്ങൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെയാണ് സ്ഥിതിഗതികളിൽ മാറ്റമുണ്ടായത്. അവരുടെ മുസ്ലിംവിദ്വേഷ പ്രചാരണം, അതിനോട് മുസ്ലിംലീഗ്‌ എന്ന വർഗീയസംഘടനയുടെ പ്രതികരണങ്ങൾ, ഇതിനെ തുടർന്നുണ്ടായ വർഗീയ സംഘർഷങ്ങൾ എല്ലാമാണ് അസ്വസ്ഥതകൾക്ക് പശ്ചാത്തലമൊരുക്കിയത്’. (വിതയത്തിൽ റിപ്പോർട്ട് ഖണ്ഡിക 249).

കലശ ഘോഷയാത്രയ്ക്ക് നേരെ മുസ്ലിങ്ങൾ ചെരിപ്പെറിഞ്ഞു എന്നത് കെട്ടിച്ചമച്ച കഥയാണെന്ന് കമീഷൻ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തുകയുണ്ടായി. സിപിഐ എമ്മിനെതിരെ അപവാദപ്രചാരണം നടത്തിയവർക്കുള്ള ആധികാരിക മറുപടികൂടിയായിരുന്നു കമീഷൻ റിപ്പോർട്ട്. ഭരണകക്ഷികളായ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതൃത്വത്തിലുള്ള സർക്കാർ നിയോഗിച്ച കമീഷൻ സിപിഐ എമ്മിന്റെ നിലപാടുകളെയും പ്രവർത്തനങ്ങളെയും ശരിവയ്‌ക്കുകയായിരുന്നു. ഹിന്ദുവർഗീയത അക്രമാസക്തമായതിന്റെ അടയാളങ്ങളാണ് തലശേരി കലാപത്തിൽ കണ്ടത്. സിപിഐ എം ഉയർത്തിയ ധീരമായ ചെറുത്തുനിൽപ്പ് കാരണം ഉത്തരേന്ത്യൻ മാതൃകയിൽ വർഗീയവിഭജനമുണ്ടാക്കാൻ സംഘപരിവാറിന്‌ സാധിച്ചില്ല. കലാപത്തിനുശേഷം പ്രദേശത്ത് സംഘപരിവാർ ആസൂത്രണംചെയ്ത നിരവധി ആക്രമണം നടന്നു. അതിനെല്ലാം വിധേയരായത് സിപിഐ എം പ്രവർത്തകരാണ്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ ഭൂരിപക്ഷവും സിപിഐ എമ്മിനൊപ്പം അണിനിരക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യുന്ന പ്രദേശമാണ് തലശേരി.  വേട്ടയാടപ്പെടുമ്പോൾ സംരക്ഷണത്തിന്‌ എത്തുന്നത് സിപിഐ എമ്മാണെന്ന് അവർക്ക്  ബോധ്യപ്പെട്ടത് തലശേരി കലാപത്തോടെയാണ്. അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ തിരിച്ചറിവ്  രാഷ്ട്രീയബോധത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. കലാപത്തിനുശേഷമുള്ള ജനവിധികളിൽ അത് വ്യക്തമായി പ്രതിഫലിക്കുന്നു.

(ചരിത്രഗവേഷകനും ഗ്രന്ഥകാരനുമായ ലേഖകൻ തലശേരി ഗവ. ബ്രണ്ണൻ കോളേജ്‌ റിട്ട. പ്രിൻസിപ്പലാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top