27 January Thursday

കാലം തകർത്ത മതിൽക്കെട്ടുകൾ - മന്ത്രി കെ രാധാകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 12, 2021

തിരുവിതാംകൂറിലെ ക്ഷേത്രവാതിലുകൾ പൊതുസമൂഹത്തിനായി വിളംബരം ചെയ്യപ്പെട്ടതിന്റെ  85–-ാം വാർഷികദിനമാണ്‌ ഇന്ന്. പൗരോഹിത്യവും അധികാരവും ചേർന്ന് ഇഴപിരിച്ചു മുറുക്കിയ അടിമത്വത്തിന്റെയും അവഗണനകളുടെയും ചങ്ങലകളാണ് 1936 നവംബർ 12നു തിരുവിതാംകൂറിൽ പൊട്ടിച്ചെറിഞ്ഞത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ  സുപ്രധാന അടയാളമാണ് ക്ഷേത്രപ്രവേശന വിളംബരം.

ഗാന്ധിജിയുടെയും രാമസ്വാമി നായ്ക്കരുടെയും സാന്നിധ്യംകൊണ്ട് സമരാവേശമുയർന്ന 1924ലെ വൈക്കം സത്യഗ്രഹത്തിന്റെയും 1931ലെ ഗുരുവായൂർ സത്യഗ്രഹത്തിന്റെയും തുടർച്ചയാണ് ക്ഷേത്രപ്രവേശന വിളംബരവും. കേരള സമൂഹത്തിൽ നിലനിന്ന ജാതി വിവേചനത്തിന്  മാറ്റമുണ്ടാക്കാൻ ഈ നവോത്ഥാന സമരപരമ്പരകൾക്കായി. ജാതി അയിത്തത്തിന്റെ ഈറ്റില്ലങ്ങളായ ക്ഷേത്രപരിസരങ്ങളിൽ നിന്നുതന്നെ സമരജ്വാലകൾ പലയിടത്തും ഉയർന്നു. ഈ ജ്വാലകൾ അധികാരത്തിനുതന്നെ പൊള്ളലേൽപ്പിക്കുന്ന നിലയിലേക്ക്‌ മാറിയപ്പോഴാണ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത്. 1829ല്‍ സതി നിരോധിച്ചുള്ള വില്യം ബെന്റിക് പ്രഭുവിന്റെ പ്രഖ്യാപനത്തിനുശേഷം ബ്രിട്ടീഷ് ഇന്ത്യയിലാകെ പ്രചാരണം ലഭിച്ചൊരു പ്രഖ്യാപനമായിരുന്നു ആ വിളംബരം.

പതിറ്റാണ്ടുകൾ പഴക്കമുള്ള അയിത്ത സമ്പ്രദായത്തിനെതിരെ നടന്ന ചെറുതും വലുതുമായ ചെറുത്തുനിൽപ്പുകളുടെ ഫലമാണ് ഈ പ്രഖ്യാപനം. ഇതോടൊപ്പം അക്കാലത്ത് നാട്ടിലെങ്ങും കത്തിപ്പടർന്ന ദേശീയ സ്വാതന്ത്ര്യസമരവും സാമൂഹ്യ കൂട്ടായ്മകളും നവോത്ഥാന മുന്നേറ്റത്തിന് ആക്കംകൂട്ടി. വൈകുണ്ഠ സ്വാമികൾ കൊളുത്തിയ ദീപശിഖയിൽ നിന്നുയർന്ന നവോത്ഥാന നാളങ്ങളാണ് നാടാകെ പരന്നത്. കുമാരനാശാൻ ‘ചണ്ഡാലഭിക്ഷു'കിയിൽ പാടിയ ‘നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയൻ’ എന്ന ഈരടികളും ‘സംഘടിച്ച് ശക്തരാകുവിൻ’ എന്ന ഗുരുദേവന്റെ ആഹ്വാനവും ദുരിതമനുഭവിച്ച ജനത നെഞ്ചേറ്റി. പട്ടിക്കും പൂച്ചയ്ക്കും സഞ്ചാരസ്വാതന്ത്ര്യമുള്ള പൊതുവഴികൾ തീണ്ടലിൽപ്പെടുത്തി മനുഷ്യനു നിഷിദ്ധമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളെയും ജാത്യാചാരങ്ങളെയുമാണ് നവോത്ഥാനമൂല്യമുള്ള സമരപരമ്പരകളിലൂടെ കേരളം തൂത്തെറിഞ്ഞത്. ജാതി ദുരാചാരങ്ങൾക്കെതിരായി തുടങ്ങിയ പോരാട്ടം ഒരേസമയം സ്വാതന്ത്ര്യസമരത്തിന്റെയും മറുവശമായി. ഇതിനൊപ്പം അക്കാലത്തെ കലാ-സാഹിത്യ ലോകവും അനാചാരങ്ങൾക്കെതിരായ പടവാളുകളായിരുന്നു.

സാഹിത്യ-, സാമൂഹ്യ രംഗങ്ങളിൽ വൈകുണ്ഠ സ്വാമികൾ,  ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, ഡോ. പൽപ്പു, കുമാരനാശാൻ, ടി കെ  മാധവൻ, അയ്യൻകാളി, ഉള്ളൂർ, സി വി  കുഞ്ഞിരാമൻ, വി ആർ ബി, ടി എസ് തിരുമുമ്പ് തുടങ്ങിയവർ കടിഞ്ഞാണേന്തിയപ്പോൾ കെ കേളപ്പനും കെ പി കേശവമേനോനും എ കെ ജിയും ഇ എം എസും മന്നത്ത് പത്മനാഭനുമൊക്കെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പതാകവാഹകരായി. ഗുരുവായൂർ സത്യഗ്രഹത്തിന്റെ 90-–-ാം വാർഷികവും കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു. ക്ഷേത്രപ്രവേശനമടക്കമുള്ള സാമൂഹ്യനവോത്ഥാന വിളംബരങ്ങളുടെ ഭൂമികയിലാണ് നമ്മളുടെ സാമൂഹ്യമുന്നേറ്റം. മതനിരപേക്ഷതയിലൂന്നിയ സാമൂഹ്യ ഐക്യത്തിന്റെ പിന്തുണയും അന്നത്തെ സമരങ്ങൾക്ക് ലഭ്യമായിരുന്നു. എന്നാൽ, സമകാലിക സംഭവങ്ങൾ, കേരളത്തിന്റെ സാമൂഹ്യ മതേതരത്വ അടിത്തറകളിൽ വിള്ളലുകൾ വീഴ്ത്തുന്നത് കാണാതിരുന്നുകൂടാ. ഇതിനെ ചെറുക്കാൻ ശക്തമായ മതേതര നിലപാടുകളിലൂന്നിയ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ഇന്ന് ആവശ്യമാണ്.

കേരളത്തിലെ ക്ഷേത്ര-ദേവസ്വം ഭരണമേഖലകളിൽ നവോത്ഥാനത്തിന്റെ മണിമുഴക്കങ്ങൾ ഉയർന്നുകഴിഞ്ഞു. കോവി‍ഡ് പ്രതിസന്ധിയിൽ നിത്യനിദാനത്തിനുപോലും വകയില്ലാതായ ക്ഷേത്രങ്ങളെ സർക്കാർ സംരക്ഷിക്കുകയാണ്.  പൊതുസമൂഹത്തിന്റെ പൈതൃകസമ്പത്തും കേരളത്തിന്റെ സാംസ്കാരിക ബിംബങ്ങളുമായ ക്ഷേത്രങ്ങളിലെ നിയമനങ്ങളിൽ കണ്ടുവന്നിരുന്ന തെറ്റായ പ്രവണതകൾ ഒഴിവാക്കി. കഴിവും സംവരണതത്ത്വങ്ങളും പാലിച്ച് മിടുക്കരായ ഉദ്യോഗാർഥികൾക്ക് റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം നൽകിവരുന്നു.

ഒരുകാലത്ത് ക്ഷേത്ര പരിസരത്തുനിന്ന് ആട്ടിയോടിക്കപ്പെട്ടവർ ജാതിഭേദത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച് ക്ഷേത്ര ശ്രീകോവിലുകളിലേക്കുവരെ  പ്രവേശിച്ചുകഴിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പട്ടികജാതിയിൽപ്പെട്ട 29 പേരും പട്ടികവർഗത്തിൽനിന്ന് ഒരാളും കൊച്ചിൻ ദേവസ്വം ബോർഡിൽ 14 പട്ടികജാതിക്കാരും  ശാന്തിക്കാരായി. നമ്മുടെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന അടയാളപ്പെടുത്തലായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. വൈക്കം, -ഗുരുവായൂർ സത്യഗ്രഹങ്ങൾ അടക്കമുള്ള സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ കൈമോശം വരാതിരിക്കാനാണ് നമ്മൾ ജാഗരൂകരായിരിക്കേണ്ടത്. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്ന മനുഷ്യരെയെല്ലാം ഒന്നിച്ചു ചേർത്തുനിർത്തുന്ന സമത്വ സ്വപ്നങ്ങൾ ഉള്ളിൽ നിറച്ച് വരുംതലമുറയ്ക്കായി നമുക്ക് കൈകോർത്തു മുന്നേറാം. അപ്പോൾ മാത്രമേ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സന്ദേശം അർഥപൂർണമാകുകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top