20 May Friday

ടെലിപ്രോംപ്റ്റർ ചതിയും മറ്റൊരു തീവെട്ടിക്കൊള്ളയും

എസ് എസ് അനിൽUpdated: Thursday Jan 20, 2022

കേന്ദ്ര സർക്കാരിൻ്റെ സയൻ്റിഫിക്ക് ആൻ്റ് ഇൻഡസ്ട്രിയൽ ഡിപാർട്ട്മെൻ്റിൻ്റെ (DSIR) കീഴിൽ, തന്ത്രപ്രധാനവും ഏറെ പ്രാധാന്യമുള്ളതുമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ, അതും ദേശീയ പരിശോധനാ ലബോറട്ടറികളിലൂടെ കണ്ടെത്തുന്ന ഉൽപന്നങ്ങൾ, സോളാർ ഫോട്ടോവാൽടിക് (SPV) ഉൽപന്നങ്ങൾ ഉൾപ്പടെ, നിർമ്മിക്കുന്നതിനായി രൂപീകരിച്ചതാണ് സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്.അതാണ്‌ കേവലം 210 കോടി രൂപക്ക്  വിറ്റുതുലയ്‌ക്കുന്നത്‌. 

കൊച്ചി> കഴിഞ്ഞ ദിവസമാണ്, നമ്മുടെ പ്രധാനമന്ത്രിജിക്ക് അങ്ങനെ ഒരു പറ്റ് പറ്റിയത്. ലോക സാമ്പത്തിക ഫോറത്തിൻ്റെ മീറ്റിംഗായിരുന്നു വേദി. കോവിഡ് സാഹചര്യത്തിൽ യോഗം ഓൺലൈനായാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി  കോവിഡിൻ്റെ കാഠിന്യം മൂലം ഓൺലൈനിലാണ് യോഗങ്ങൾ ചേരാറ്. അല്ലെങ്കിൽ സ്വിറ്റ്സർലെണ്ടിലെ തണുത്ത കാറ്റേറ്റ് ദാവോസിലെ വിശാലമായ വേദിയിൽ, അൻപത്താറ് ഇഞ്ച് നെഞ്ച് വിരിച്ച്, ഒഴുകി വരുന്ന ഹിന്ദിയിൽ, വച്ചൊരു കാച്ച് കാച്ചാമായിരുന്നു. അതിന് ശേഷം ലോകനേതാക്കളോടൊത്ത് ഒരു സ്നാപ്പും.

ഒരു തവണ അങ്ങനെ പിടിച്ച സ്നാപ്പിൽ ബാങ്ക് തട്ടിപ്പ് വീരൻ നീരവ് മോദി കൂടെയുണ്ടായിരുന്നു എന്ന് കാട്ടി ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. അതൊക്കെ ഒരു കാലം. ഇപ്പോൾ യാത്ര മുടങ്ങിയത് മാത്രമല്ല, 'ഭാരതീയോം കാ ടെംപ്രാമെൻ്റും ഭാരതീയോം കാ ടാലൻ്റും' അങ്ങനെ നല്ല ഒഴുക്കോടെയുള്ള പ്രസംഗമായിരുന്നു, അതാണ് ടെലിപ്രോംപ്റ്റർ കയറി ചതിച്ചു കളഞ്ഞത്. പിന്നെ ആകെ ഓർമ്മയുണ്ടായിരുന്നത് ഒരു 'ജിസ്' മാത്രം. ലോക ഫോറയോഗത്തിലെ അധ്യക്ഷൻ പ്രശ്നം മനസ്സിലാക്കി സഹായിക്കും എന്ന് കരുതിയാണ് ഒരു നമ്പറിറക്കിയത്. എന്തെല്ലാമൊക്കെയോ മുൻപിൽ ചേർത്ത് 'സുനാ രഹാ ഹേ' എന്ന് ഒരു ചോദ്യമിട്ടു. ഹിന്ദിയിലെ ചോദ്യത്തിന് നോ എന്ന ഒരുത്തരമാണ് പ്രതീക്ഷിച്ചത്. 'ഉവ്വ് പ്രധാനമന്ത്രി വ്യക്തമായി കേൾക്കാ'മെന്നായി ഉത്തരം. വല്ലാത്ത ചതിയായിപ്പോയി. ഇനി ഈ ടെലിപ്രോംപ്റ്റർ കണ്ടു പിടിച്ചതും നെഹ്രുവോ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുമായിരുന്നോ എന്ന് പരിശോധിക്കുകയാണ് ഇപ്പോൾ, എന്നാണ് കേൾക്കുന്നത്.

ടെലിപ്രോംപ്റ്റർ എന്നത് ഒരു ഇലക്ട്രാണിക് ഉൽപ്പന്നമൊന്നുമല്ല.പണ്ട് നാടകങ്ങളിൽ സ്ക്രീനിൻ്റെ പുറകിൽ നിന്ന് പ്രോംപ്റ്റ് ചെയ്യുന്ന ഒരേർപ്പാട് ഉണ്ടായിരുന്നു. അതിൻ്റെ ആധുനിക രൂപമാണ് ടെലിപ്രോംപ്റ്റർ. മോദിജിയുടെ ടെലിപ്രോംപ്റ്റർ വിഷയം കൂടുതൽ ചികയാനാണ് ഗൂഗിൾ തപ്പിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു തീവെട്ടി കൊള്ളയുടെ വാർത്ത ശ്രദ്ധയിൽ പെട്ടത്. നമ്മുടെ മലയാളം പത്രങ്ങളിലൊന്നും അത്തരം വാർത്ത കണ്ടതേയില്ല. ഇംഗ്ലീഷ് പത്രങ്ങളിലെ ഉൾപ്പേജിൽ അധികം ശ്രദ്ധിക്കാത്ത വാർത്ത എന്ന് വേണമെങ്കിൽ പറയാം. സി.ഇ.എൽ എന്ന തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനത്തിൻ്റെ വില്പനക്കൊള്ള വാർത്തയാക്കിയത് മലയാളികളായ രണ്ട് എം.പിമാരായിരുന്നു. തെറ്റിദ്ധരിക്കണ്ട, ജനങ്ങൾ വോട്ടുകുത്തി ജയിപ്പിച്ച ആ പത്തൊൻപത് പേരല്ല കേട്ടോ. ഡോ.വി.ശിവദാസനും, ജോൺ ബ്രിട്ടാസും. ഇപ്പോൾ മറ്റ് സംസ്ഥാനക്കാരായ ചില എം.പി.മാരും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

ചെറിയ കൈത്തെറ്റ്, വലിയ തിരുത്തൽ

പണ്ട് പറ്റിയ കൈത്തെറ്റുകൾ ഒന്നൊന്നായി തിരുത്തിക്കൊണ്ടിരിക്കുകയാണല്ലൊ നമ്മുടെ മോദിജിയും കൂട്ടരും. മൂന്ന് മാസങ്ങൾക്ക് മുൻപാണ് നെഹ്രുവിന് പറ്റിയ എയർ ഇന്ത്യയിലെ കൈത്തെറ്റ് ഒരു വിധത്തിൽ തിരുത്തിയത്. 1953 ൽ, പലരാജ്യങ്ങൾക്കും സ്വന്തമായി വിമാനക്കമ്പനികൾ ഉണ്ട് എന്ന് മനസ്സിലാക്കിയാണ് നെഹ്രു, ടാറ്റയുടെ കൈയിലായിരുന്ന എയർ ഇന്ത്യയെ ദേശസാൽക്കരിച്ചത്. സർക്കാരുമായി സഹകരിച്ച ടാറ്റയെ തന്നെ കമ്പനിയുടെ ഉയർന്ന സ്ഥാനത്ത് ഏറെ നാളുകൾ തുടരാൻ അന്ന് അനുവദിക്കുകയും ചെയ്തു. ദേശസാൽക്കരണത്തിന് ശേഷം എയർ ഇന്ത്യ വളർന്നു. 45000 കോടിയുടെ ആസ്തി, ഇന്ത്യയിൽ 4400 ലാൻഡിംഗ് സ്ലോട്ട്, അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 1800 ലാൻഡിംഗ് സ്ലോട്ട്, വിമാന അറ്റകുറ്റപണിക്ക് 31കേന്ദ്രം, മുംബൈ വിമാനത്താവളത്തിനടുത്ത് 100 ഏക്കർ ഭൂമി, ഡൽഹിയിൽ 80 ഏക്കർ ഭൂമി, 8084 സ്ഥിരം ജീവനക്കാർ, 4001 താത്കാലികക്കാർ; പിന്നെ 125 ബോയിംഗ് വിമാനങ്ങൾ വേറെയും. അതെ, എയർ ഇന്ത്യ വളർന്ന് വലിയ വടു വൃക്ഷമായി.

സർക്കാരിൻ്റെ സ്വന്തം കമ്പനിയായതോടെ ലാഭവും നഷ്ടവുമൊന്നും നോക്കാതെയായി പറക്കൽ. ഏറ്റവും ഒടുവിൽ അമേരിക്ക കൈവിട്ട അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചതും ഇതേ എയർ ഇന്ത്യയിലായിരുന്നല്ലൊ? അതൊക്കെകൊണ്ട് കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലായി. 61562 കോടിയുടെ കടം. നെഹ്രു ഉണ്ടാക്കി വച്ച ഈ കൂറ്റൻ കടവുമായി മുന്നോട്ട് പോകുന്നതെങ്ങനെ? കുറ്റം പറയുരുത്, ആ ഒരു ചിന്തയിലാണ് എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറണമെന്ന ആശയം മോദിജിയിൽ ഉണ്ടായത്. ടാറ്റ ഇപ്പോൾ അംബാനി അദാനിമാരെപ്പോലെ അത്ര വലിയ മുതലാളി അല്ലെങ്കിലും ആളൊരു മുതലാളി തന്നെയല്ലെ? അത് കൊണ്ട് ആകെ കടത്തിൽ 46262 കോടി സർക്കാർ തന്നെ വീട്ടും. ടാറ്റ മുതലാളി ബാക്കിയുള്ള 15300 കോടി ബാങ്കുകൾക്ക് കൊടുത്താൽ മതി. പിന്നെ ഒരു കച്ചവടമല്ലെ, അത് കൊണ്ട് 2700 കോടി സർക്കാരിന് നൽകണം. ചുരുക്കത്തിൽ ലക്ഷം കോടിയുടെ ആസ്തിയുള്ള, ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ സമ്പത്തായ എയർ ഇന്ത്യയെ കേവലം 2700 കോടിക്ക് ടാറ്റ മുതലാളിക്ക് കൈമാറി എന്ന് മാത്രം .ഇതിനൊക്കെ ഇടയാക്കിയതാകട്ടെ കുഴപ്പക്കാരനായ നെഹ്രുവും!

പുതിയ തിരുത്തൽ.


ഗൂഗിളിൽ ഇപ്പോൾ കണ്ട വാർത്ത അതല്ല. ഡൽഹിയിൽ ആസ്ഥാനമന്ദിരമുള്ള ഒരു സുപ്രധാന പൊതുമേഖലാ കമ്പനി. പേര് സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് (CEL). നെഹ്രുവിൻ്റെ കാലം കഴിഞ്ഞ് 10 കൊല്ലത്തിന് ശേഷം, കൃത്യമായി പറഞ്ഞാൽ 1974 ൽ, പൊതുമേഖലയിൽ തുടങ്ങിയ കമ്പനി. പിന്നെ നെഹ്രുവിൻ്റെ പാർട്ടിയുടെ തലപ്പത്ത് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ തന്നെയാണ് നാളിതുവരെയും ഇരുത്തിയത് എന്നതിനാൽ ഇപ്പോഴത്തെ തിരുത്തൽ പുതിയ തിരുത്തൽ എന്ന് പറഞ്ഞാൽ മതിയാകും.

കേന്ദ്ര സർക്കാരിൻ്റെ സയൻ്റിഫിക്ക് ആൻ്റ് ഇൻഡസ്ട്രിയൽ ഡിപാർട്ട്മെൻ്റിൻ്റെ (DSIR) കീഴിൽ, തന്ത്രപ്രധാനവും ഏറെ പ്രാധാന്യമുള്ളതുമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ, അതും ദേശീയ പരിശോധനാ ലബോറട്ടറികളിലൂടെ കണ്ടെത്തുന്ന ഉൽപന്നങ്ങൾ, സോളാർ ഫോട്ടോവാൽടിക് (SPV) ഉൽപന്നങ്ങൾ ഉൾപ്പടെ, നിർമ്മിക്കുന്നതിനായി രൂപീകരിച്ചതാണ് സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്. ആയുധ നിർമ്മാണ കമ്പനികൾക്കും റെയിൽവേ ഉൾപ്പടെയുള്ള പൊതുമേഖലാ കമ്പനികൾക്കുമുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഇവിടെയാണ് നിർമ്മിക്കുന്നത്.

പ്രവർത്തന മികവ് കണക്കാക്കി രാജ്യത്തെ പരമോന്നത അവാർഡുകൾ പലതും കരസ്ഥമാക്കിയ കമ്പനിയാണ്. രാജ്യത്ത് ആദ്യമായി സൗരോർജ ഉൽപ്പന്നങ്ങൾ നിർമ്മിച്ച സ്ഥാപനം. ആദ്യ സൗരോർജ കമ്പനി സ്ഥാപിക്കുന്നതിന് സാങ്കേതികവും അല്ലാത്തതുമായ എല്ലാ സഹായവും നൽകിയ സ്ഥാപനം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് നിർമ്മാണ യൂണിറ്റ്. അവിടെ 2,21,000 സ്ക്വയർ മീറ്റർ സ്ഥലമാണ് കമ്പനിക്ക് സ്വന്തമായുള്ളത്. ന്യൂഡൽഹിയിലെ ആസ്ഥാന മന്ദിരവും മറ്റ് സ്ഥാവരജംഗമ വസ്തുക്കളും വേറെ. ഗാസിയാബാദിലെ സ്ഥലത്തിന് സ്ക്വയർഫീറ്റിന് 21800/ രൂപയാണ് റെജിസ്ട്രേഷൻ വില. അതായത് സ്ഥലത്തിൻ്റെ റെജിസ്ട്രേഷൻ വില മാത്രം 440 കോടി രൂപ! യഥാർത്ഥ വില അതിലും എത്രയോ ഇരട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ വിറ്റ് വരവ് 337 കോടി രൂപയായിരുന്നു. കോവിഡ് അടച്ചുപൂട്ടലിൻ്റെ പ്രതിസന്ധിക്കിടയിലായിരുന്നു ഇത് എന്നത് ഓർക്കണം. കഴിഞ്ഞ ഒക്ടോബർ വരെയുള്ള കണക്കു പ്രകാരം 1592 കോടിയുടെ നിർമ്മാണ കരാർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ് സി.ഇ.എൽ. കമ്പനി. അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന പ്രവർത്തന ലാഭം 700 കോടി മുതൽ 1600 കോടി വരെ എന്നതാണ് കമ്പനിയുടെ കണക്ക്.

തീവെട്ടിക്കൊള്ള


ഈ കമ്പനിയെയാണ് പുതിയ തിരുത്തലിലൂടെ വിറ്റ് തുലക്കുന്നത്. 1974 ൽ നെഹ്രുവിൻ്റെ പുത്രിക്ക് പറ്റിയ കൈത്തെറ്റ് ഇതാതിരുത്തപ്പെട്ടിരിക്കുന്നു. കേവലം 210 കോടി രൂപക്ക്. വിറ്റത് ആർക്കെന്നല്ലെ? നന്ദൽ ലീസിംഗ് ആൻ്റ് ഫിനാൻസ് കമ്പനിക്ക്. പ്രീമിയർ ഫർണീച്ചർ ആൻ്റ് ഇൻ്റീരിയേഴ്സ് എന്ന കമ്പനിയാണ് നന്ദൽ കമ്പനിയുടെ ഉടമസ്ഥർ. രാജ്യത്തെ തന്ത്രപ്രധാനമായ ഒരു പൊതുമേഖലാ സ്ഥാപനത്തെ അത്തരം ഒരു ബിസിനസും നാളിതുവരെ നടത്താത്ത ഒരു ഫർണിച്ചർ മുതലാളിക്ക് ചുളുവിലക്ക്, രാജ്യസ്നേഹികളായ ഒരു കൂട്ടർ എന്ന് അവകാശപ്പെടുന്നവർ, വിറ്റുതുലച്ചു എന്ന് ചുരുക്കം. രാജ്യത്തെ അനവധി ശാസ്ത്രജ്ഞർ പടുത്തുയർത്തിയ മഹത്തായ ഈ സ്ഥാപനത്തിൻ്റെ ഭാവിയോർത്ത് ശാസ്ത ലോകം അന്ധാളിച്ചിരിക്കുകയാണ്. തീവെട്ടിക്കൊള്ള എന്ന് പറഞ്ഞാൽ അത് ലഘു പദപ്രയോഗമാകും. കെ റെയിലുൾപ്പടെ എല്ലാം വിവാദമാക്കുന്ന നമ്മുടെ മാധ്യമങ്ങളാകട്ടെ ഇത്തരം വില്പനക്കഥകളൊന്നും അറിഞ്ഞിട്ടേയില്ല.

ഇനി നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്ന ഓമന പദ്ധതിയിലൂടെ ആറ് ലക്ഷം കോടി രൂപ കൂടി കണ്ടെത്താനുള്ള തത്രപ്പാടിലാണ് രാജ്യസ്നേഹഭരണകൂടം. നാം നമ്മുടേതെന്ന് കരുതിയ നമ്മുടെ മണ്ണും വിണ്ണും എല്ലാം വിറ്റ് തുലക്കുകയാണ്. പ്രതിഷേധവും പ്രക്ഷോഭവും ഉയർന്ന് വരികയാണ്. തൊഴിലാളികളും കർഷകരും തൊഴിലില്ലാത്ത ചെറുപ്പക്കാരും കൈകോർക്കുകയാണ്. അതെ, ഫെബ്രുവരി 23, 24 തീയ്യതികളിലെ പണിമുടക്ക് ഇത്തരം തീവെട്ടിക്കൊള്ളക്കെതിരാണ്, ഈ കപടരാജ്യസ്നേഹികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top