27 April Saturday
അധ്യാപക ദിനം നാളെ

അധ്യാപകർ വഴികാട്ടികൾ - പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എഴുതുന്നു

വി ശിവൻകുട്ടിUpdated: Saturday Sep 4, 2021

ഇന്ത്യ കണ്ട പ്രതിഭാധനനായ അധ്യാപകശ്രേഷ്‌ഠനും മുൻ രാഷ്‌ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം–-സെപ്തംബർ അഞ്ച്‌ നമുക്ക് അധ്യാപകദിനമാണ്. ദരിദ്രകുടുംബത്തിൽ പിറന്ന ഡോ. എസ് രാധാകൃഷ്ണൻ പഠനത്തിൽ വളരെ മികവ് കാട്ടിയിരുന്നു. പഠനത്തിനുശേഷം അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി കോളേജ്, കൽക്കത്ത യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി. തുടർന്ന് ആന്ധ്ര യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലറായി. അധ്യാപനത്തിൽ പ്രതിഭ തെളിയിച്ചതോടൊപ്പം മികച്ച രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ. വലിയ ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്‌ട്രപതിയായപ്പോൾ അവർ ഒത്തുചേർന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചു. അക്കാര്യം അറിയിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് തികച്ചും ഭിന്നമായ രീതിയിലായിരുന്നു. വ്യക്തിയെന്നനിലയിൽ ജന്മദിനം കൊണ്ടാടുന്നതിനേക്കാൾ ഉചിതം അത്‌  ഇന്ത്യയിലെ മുഴുവൻ അധ്യാപകരുടെയും ദിനമാക്കി മാറ്റണമെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. അങ്ങനെ 1962 മുതൽ സെപ്തംബർ അഞ്ച്‌ അധ്യാപകദിനമായി.

സ്വാതന്ത്ര്യാനന്തരം ഉത്സാഹത്തിന്റെയും പ്രതീക്ഷയുടെയും നാളുകളിലായിരുന്നു അധ്യാപകദിനത്തിന്റെ തുടക്കം. ഇന്ത്യയിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം അധികം ദൂരെയല്ലാതെ  സാർഥകമാക്കാൻ കഴിയുമെന്നായിരുന്നു അക്കാലത്തെ പ്രതീക്ഷ. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 സംവത്സരം കഴിഞ്ഞ  ഈ ഘട്ടത്തിൽപ്പോലും സ്കൂൾ പ്രായത്തിലുള്ള 22 കോടി കുട്ടികൾ സ്കൂളിന് വെളിയിലാണെന്ന സുഖകരമല്ലാത്ത സത്യം ദേശീയ വിദ്യാഭ്യാസനയം–-2020ൽ തന്നെ പറയേണ്ടിവന്നിരിക്കുന്നു. നിരവധി ചോദ്യം രാജ്യത്ത് ഉയർന്നുനിൽക്കുന്ന  ഘട്ടത്തിലാണ് അതിൽനിന്നെല്ലാം ഭിന്നമായ ഒരവസ്ഥ കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസരംഗത്തുള്ളത്. കേരളത്തിൽ സ്കൂൾ പ്രായത്തിലെത്തിയ ഏതാണ്ടെല്ലാ കുട്ടികളും സ്കൂളിൽ എത്തിച്ചേർന്നു. 12–-ാം ക്ലാസ്‌ വരെ പഠനം തുടരുന്നു. നമ്മുടെ കൊഴിഞ്ഞുപോക്ക് നിരക്ക് രാജ്യത്ത് ഏറ്റവും കുറവാണ്–- 0.1 ശതമാനം. രക്ഷിതാക്കളുടെ പ്രധാനപ്പെട്ട അജൻഡകളിൽ ഒന്നാണ് കുട്ടികളുടെ വിദ്യാഭ്യാസം. അധ്യാപക–-രക്ഷാകർത്തൃ സമിതികൾ സജീവമായ നമ്മുടെ സംസ്ഥാനത്ത് അധ്യാപകരും സക്രിയമായി പ്രവർത്തിക്കുന്നു. ദേശീയ തലത്തിൽ നടത്തിയ പഠനങ്ങളിൽ പ്രഥമ സ്ഥാനത്താണ് നാം. നിതി അയോഗ് പുറത്തിറക്കിയ സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് റിപ്പോർട്ടിലും  യുണൈറ്റഡ് നാഷൻസും നിതി അയോഗും സംയുക്തമായിറക്കിയ എസ്ഡിജി ഇന്ത്യാ റിപ്പോർട്ട് പ്രകാരവും ഏറ്റവും മുന്നിൽ കേരളമാണ്. കേന്ദ്ര വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡ് ഇൻഡക്സിലും ഒന്നാം ശ്രേണിയിൽത്തന്നെയാണ്. ഈ നേട്ടത്തിന്റെയെല്ലാം പിറകിൽ അധ്യാപകർ വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്.

കേരളത്തിലെ മോചനപ്പോരാട്ടങ്ങളുടെ അടയാളങ്ങളായി പൊതുഇടങ്ങളെ പൊതുവേയും പൊതുവിദ്യാലയങ്ങളെ സവിശേഷമായും പരിഗണിക്കുന്നു. ഇന്നത്തെപ്പോലെ വേതനമോ, തൊഴിൽ സുരക്ഷയോ ഇല്ലാത്ത കാലത്ത് സാമൂഹ്യമോചന പോരാട്ടങ്ങളുടെ മുന്നണിയിൽ എന്നും അധ്യാപകർ ഉണ്ടായിരുന്നു. ഇ എം എസിന്റെ നേതൃത്വത്തിൽ ആദ്യ കേരള മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി  അവതരിപ്പിച്ചുനിയമമാക്കിയ വിദ്യാഭ്യാസ ബിൽ വരുന്നതുവരെ സ്ഥിരം ശമ്പളമെന്നത്  അധ്യാപകർക്ക്‌ സങ്കൽപ്പിക്കാൻപോലും കഴിഞ്ഞിരുന്നില്ല.

കൂട്ടായ ശ്രമങ്ങളുടെ ഭാഗമായി എല്ലാവർക്കും സ്കൂൾ പ്രാപ്യത ഉറപ്പാക്കാൻ കഴിഞ്ഞു. പഠനത്തുടർച്ചയും ഉറപ്പാക്കി. വിദ്യാഭ്യാസരംഗം കമ്പോളശക്തികൾക്കായി വിട്ടുകൊടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ ഇതിനെയെല്ലാം ചെറുത്തുനിൽക്കാൻ ഇടതുപക്ഷശക്തികൾ തയ്യാറായി. കമ്പോളശക്തികൾ അവസരങ്ങൾക്കായി പലപ്പോഴും കാത്തുനിന്നു. ചില ഘട്ടത്തിൽ അവർ വിജയത്തോടടുത്തു. വലതുപക്ഷ സർക്കാരുകൾ അവർക്കായി വിട്ടുവീഴ്ച ചെയ്തു. അങ്ങനെയാണ് 2011 മുതൽ 2016 വരെ സർക്കാർ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. എന്നാൽ, ആ തീരുമാനത്തെ  പുരോഗമന മനസ്സുകൾ ചെറുത്തു. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അവയെ മെച്ചപ്പെടുത്തി മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വിളനിലങ്ങളാക്കി മാറ്റുമെന്നും 2016ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ നിലപാട് കൈക്കൊണ്ടു.


 

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകിക്കൊണ്ട് ജനകീയ ബദൽ വിദ്യാഭ്യാസമാതൃക ഇടതുപക്ഷ സർക്കാർ മുന്നോട്ടുവച്ചു. അത് പ്രാവർത്തികമാക്കുന്നതിന്‌ നവകേരളം കർമപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആവിഷ്‌കരിച്ചു. ജനങ്ങൾ സർക്കാരിന്റെ ശ്രമത്തിന് വലിയ പിന്തുണ നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതികസൗകര്യം വർധിച്ചു. കിഫ്ബി ധനസഹായം വലിയതോതിൽ പ്രയോജനകരമായി. മുഴുവൻ എയ്ഡഡ് –-സർക്കാർ വിദ്യാലയങ്ങളും സാങ്കേതിക സൗഹൃദമായി. വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസരംഗത്ത് നടപ്പായത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി. മുഴുവൻ വിദ്യാലയത്തെയും മികവിന്റെ കേന്ദ്രങ്ങളാക്കി. ഈവർഷം ഉൾപ്പെടെ അഞ്ച് അക്കാദമിക വർഷത്തിലായി 9.3 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ എത്തി.

മികവിനായുള്ള പ്രവർത്തനം തുടരുന്നതിനിടെയാണ്  മഹാമാരി ലോകത്തെയാകെ ബാധിച്ചത്.  ഏറെ ബാധിച്ചത് കുട്ടികളെയാണ്. ലോകം മുഴുവൻ എന്തുചെയ്യണമെന്ന്‌ ആലോചിച്ചിരിക്കുന്ന ഘട്ടത്തിൽ നാം 2020 ജൂണിൽത്തന്നെ ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചു.  കുട്ടികൾക്ക് അധ്യാപകർ നേരിട്ടെടുക്കുന്ന ക്ലാസുകളാണ് കൂടുതൽ ഇഷ്ടമെന്നതിനാൽ അത്തരം ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് നാം. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി ഹയർ സെക്കൻഡറിഘട്ടംവരെ 1.80 ലക്ഷം അധ്യാപകരുണ്ട്. അതിൽ 70 ശതമാനത്തിലേറെയും അധ്യാപികമാരാണ്. ദേശീയ തലത്തിൽ ഇത് 50 ശതമാനത്തിനടുത്താണ്. സാമ്പത്തികപ്രയാസം ഉണ്ടെങ്കിൽപ്പോലും കോവിഡ് പശ്ചാത്തലത്തിലും ഒഴിവുള്ള തസ്തികകളിൽ അധ്യാപകനിയമനം നടത്തുകയുണ്ടായി.


 

കോവിഡ് കാലത്ത് അധ്യാപകർ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അൺ എയ്‌ഡഡ് മേഖലയിലെ ചില അനഭിലഷണീയമായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ അധ്യാപകരുടെ സേവന, വേതന വ്യവസ്ഥകൾ പരിഷ്കരിക്കേണ്ടതുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അധ്യാപക സംഘടനകൾക്ക് നിർണായകമായ പങ്കുവഹിക്കാൻ കഴിയണമെന്ന് അധ്യാപകദിനം നമ്മെ ഓർമപ്പെടുത്തുന്നു. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നത് നിസ്തർക്കമാണ്. എന്നാൽ, ഇനിയും മുന്നേറേണ്ടതുണ്ട്.

ചെറിയ ക്ലാസുകളിൽ വച്ചുതന്നെ ശുചിത്വം  കുട്ടികൾക്ക്  സ്വായത്തമാക്കാൻ കഴിയണം. ജീർണിക്കുന്നവയെയും അല്ലാത്തവയെയും വേർതിരിക്കൽ, ജീർണിക്കുന്നവയുടെ കമ്പോസ്റ്റിങ്, സ്കൂളിൽ പാഴായിപ്പോകുന്ന വെള്ളം  പ്രയോജനപ്പെടുത്തൽ തുടങ്ങി പല കാര്യവുമുണ്ട്.  ഇവയെല്ലാം ജീവിതത്തിന്റെ ഭാഗമാക്കാനുള്ള പ്രയോഗശാലയായി വിദ്യാലയങ്ങളെ മാറ്റണം. ഇതെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകണം. കായികക്ഷമത ഉറപ്പാക്കണം.  പഠനവസ്തുതകൾ ഇത്ര മാത്രം കുത്തിനിറച്ച് കുട്ടികളുടെ പഠനഭാരം വല്ലാതെ വർധിപ്പിക്കേണ്ടതുണ്ടോ എന്നും പാഠ്യപദ്ധതി പരിഷ്കരണസമയത്ത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. പുതിയ ധാരണകളുമായി കേരളീയസമൂഹം മുന്നോട്ടുപോകുമ്പോൾ അതിനോടൊപ്പം ചലിക്കാൻ സ്കൂൾ പാഠ്യപദ്ധതിക്ക് കഴിയണം. ഇതെല്ലാം ഉൾക്കൊള്ളുംവിധം അധ്യാപകരുടെ മനോഭാവം മാറേണ്ടതുണ്ട്. എല്ലാ കാര്യത്തിലും മികച്ചതാകണം നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യ സാക്ഷാൽക്കാരത്തിനുള്ള എല്ലാ ശ്രമത്തിനും മുമ്പെന്നപോലെ ഇപ്പോഴും വഴികാട്ടികളാകാൻ അധ്യാപകർക്ക് കഴിയണം. അതിന് സ്വയംസജ്ജമാകാനുള്ള പ്രേരകമാകട്ടെ ഈവർഷത്തെ അധ്യാപകദിനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top