17 April Wednesday

സഖാവേ,
 റെഡ് സല്യൂട്ട് - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

ഓർമകൾ അലകടൽപോലെ  ഉള്ളിൽ നിറഞ്ഞുനിൽക്കുമ്പോൾ ഏതിനെക്കുറിച്ചാണ് പറയേണ്ടത്, ഏതാണ് മാറ്റിനിർത്തേണ്ടത് എന്ന് തിരിച്ചറിയാനാകുന്നില്ല. എ കെ ജി സെന്ററിൽ പ്രവർത്തിച്ച 15 വർഷത്തിനിടയിൽ ഓഫീസിന്റെ ചുമതല വഹിച്ച സഖാവ്  ശിവദാസമേനോനുമായി ഏറെ അടുത്ത് ഇടപഴകിയിരുന്നു. പ്രത്യയശാസ്‌ത്രപരമായ കാര്യങ്ങൾതൊട്ട് നുറുങ്ങ് ഫലിതങ്ങൾവരെ അവതരിപ്പിക്കുന്ന ഗൗരവം തുടിക്കുന്ന ആ മുഖം ഇപ്പോഴും ഉള്ളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

ഓരോ പ്രവർത്തകനെയും നന്നായി മനസ്സിലാക്കി, അവരെ വളർത്തിക്കൊണ്ടുവരുന്നതിന് ഏറെ ശ്രദ്ധിച്ചിരുന്ന സഖാവുകൂടിയായിരുന്നു ശിവദാസമേനോൻ. ദീർഘകാലത്തെ അടുത്ത ഇടപെടലുകളിൽ എപ്പോഴും പ്രോത്സാഹനജനകവും ആത്മവിശ്വാസം സൃഷ്ടിക്കുന്നതുമായ വാക്കുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഖാക്കൾ തമ്മിലുള്ള അഗാധമായ ബന്ധത്തിനൊപ്പം പിതൃവാത്സല്യത്തോടെയുള്ള സമീപനമായിരുന്നു എന്നും അദ്ദേഹം കാണിച്ചിരുന്നത്.

ഹൃദയത്തിൽ അഗാധമായി കിടന്ന ആ ബന്ധംകൊണ്ടുകൂടിയാണ് രോഗാവസ്ഥയിൽ കിടക്കുന്ന സഖാവിനെ കാണാൻ കഴിഞ്ഞ ദിവസം പോയത്. ശിവദാസമേനോനെ കാണാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഞാനുംകൂടി വരുന്നു എന്നുപറഞ്ഞ് ഭാര്യ യമുനയും കൂടെ വന്നു.
രോഗാവസ്ഥ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. ശബ്ദത്തിൽ - അൽപ്പം ഇടർച്ചയും. കണ്ടയുടനെതന്നെ നീയങ്ങ് വലുതായിപ്പോയല്ലോ, ചീഫ് എഡിറ്റർ ഇരിക്കൂ എന്നായിരുന്നു പ്രതികരണം. യമുനയെ കണ്ടപ്പോൾ എന്നെയേറെ സഹായിച്ച ഡോക്ടറല്ലേ ഇരിക്കാൻ അവരോട് ആവശ്യപ്പെടുകയും, മകൾക്ക് അവരെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

പിന്നീട് നിർത്താതെയുള്ള സംസാരമായിരുന്നു. അന്തർദേശീയ കാര്യങ്ങൾ, കേരള രാഷ്ട്രീയം, എ കെ ജി സെന്റർ, അതിലെ ജീവനക്കാർ, കുടുംബകാര്യങ്ങൾ അങ്ങനെ പലതും. സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസിൽ എന്തായാലും വരണമെന്നും പറയുകയുണ്ടായി, അതിൽനിന്ന് മാറിനിന്നുകൊണ്ട് എനിക്ക് ജീവിതമില്ലല്ലോ എന്ന് വികാരനിർഭരമായി പറയുകയും ചെയ്‌തു. എല്ലാ സംഭാഷണങ്ങൾക്കും മകൾ  ലക്ഷ്‌മി ദേവിയും അവരുടെ ഭർത്താവായ മുൻ ഡയറക്‌ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷനായിരുന്ന ശ്രീധരൻ നായരും സാക്ഷിയായിരുന്നു. ചില സംഭാഷണങ്ങളിൽ അവരും പങ്കുചേർന്നു.

രോഗാവസ്ഥയിലും പ്രദർശിപ്പിച്ച അത്ഭുതകരമായ ഓർമശക്തി വിസ്മയിപ്പിക്കുന്നതായിരുന്നു. പാർടി അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന അജയഘോഷിന്റെ പ്രസംഗവും, അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവും എന്റെ നാട്ടുകാരനുംകൂടിയായ പി ആർ നമ്പ്യാരുടെ പരിഭാഷയും സഖാവ് ഓർത്തെടുത്തു. 1957ലെ പൊതുയോഗത്തിലെ അജയഘോഷിന്റെ പ്രസംഗവും, അതിന്റെ പി ആറിന്റെ തർജമയും സഖാവ് തുടർച്ചയായി അവതരിപ്പിക്കുകയായിരുന്നു. സഖാവിന്റെ അപാരമായ ഓർമശക്തിക്ക് മുമ്പിൽ തികച്ചും പ്രണാമം അർപ്പിച്ചുപോയി. സംസാരം പലവഴി പിന്നിട്ട് ദേശാഭിമാനിയിലേക്കെത്തി. ദേശാഭിമാനിയുടെ 80–--ാം വാർഷികം ആഘോഷിക്കുന്ന കാര്യം ഓർമപ്പെടുത്തി. സാധ്യമാകുമെങ്കിൽ വരുമെന്ന ഉറപ്പും നൽകി. ദേശാഭിമാനിയുടെ ഉള്ളടക്കത്തിലേക്കാണ് പിന്നീട് സംഭാഷണം നീങ്ങിയത്. മുമ്പ് ദേശാഭിമാനി വായിച്ചാൽ വീണ്ടും മറ്റൊരു പത്രംകൂടി വായിക്കുമ്പോഴേ വാർത്തകൾ പൂർണമായും മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. ഇന്ന് സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. ദേശാഭിമാനി വായിച്ചാൽ ലോക വിവരങ്ങൾ മുഴുവൻ ലഭിക്കുമെന്ന സ്ഥിതിയിലേക്ക് അത് വളർന്നിട്ടുണ്ട്. സമ്പൂർണ വാർത്താപത്രമാക്കുകയെന്ന ഇ എം എസ് എപ്പോഴും അവതരിപ്പിക്കാറുള്ള ആശയത്തിലേക്ക് ദേശാഭിമാനി നടന്നടുക്കുകയാണെന്നും അത് ഇനിയും മുന്നോട്ടു കൊണ്ടുപോകണമെന്നും സഖാവ് ഓർമിപ്പിച്ചു. അന്നത്തെ പരിമിതികളെയും ഇന്നത്തെ സാധ്യതകളെയും കുറിച്ച് ഞാനും സംസാരിക്കുകയുണ്ടായി.

കുടുംബകാര്യങ്ങളിലേക്കും അത്‌ നീണ്ടു. കുട്ടികൾ, അവരുടെ വിശേഷങ്ങൾ, പഠനകാര്യങ്ങൾ അങ്ങനെ പലതും. അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും ഓർമപ്പെടുത്തി. അവർക്ക് ഏറ്റവും ശ്രദ്ധ നൽകേണ്ട സമയമാണെന്നും അതിൽ വീഴ്‌ച വരുത്തരുതെന്നും ഓർമിപ്പിച്ചു. കുട്ടികളെയും കൊണ്ടുവന്ന് സഖാവിന്റെ വീട്ടിൽനിന്ന്  അടുത്തുതന്നെ ഉച്ചഭക്ഷണം കഴിക്കണമെന്ന് പറയുകയും ചെയ്തു. വന്നിരിക്കുമെന്ന് ഉറപ്പ് നൽകിയാണ് ഞാനും യമുനയും മടങ്ങിയത്. കുട്ടികളെ കൊണ്ടുവരേണ്ടത് നിന്റെകൂടി ഉത്തരവാദിത്വമാണെന്ന് യമുനയെ ഓർമിപ്പിക്കുകയും ചെയ്തു.

വീണ്ടും വരാമെന്നുള്ള ഉറപ്പും കുടുംബത്തിനോടൊപ്പം ഉച്ചഭക്ഷണം കഴിക്കണമെന്ന വാത്സല്യത്തോടെയുള്ള ക്ഷണവും സഫലമാക്കാനായില്ല. വ്യക്തിപരമായ ദുഃഖമായി രാഷ്ട്രീയ നഷ്ടത്തോടൊപ്പം അത് ഉള്ളിൽ കിടന്ന് വല്ലാതെ നീറുന്നുണ്ട്. സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രോത്സാഹനത്തിന്റെ, വാക്കുകൾ ഇനി കേൾക്കാനാകില്ലല്ലോ. രാഷ്ട്രീയ കാഴ്ചകൾക്ക് കൂടുതൽ മികവ് നൽകാൻ സഹായിച്ച പ്രിയ സഖാവേ റെഡ് സല്യൂട്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top